മലയാള സിനിമയുടെ സുവര്‍ണ്ണകാലഘട്ടത്തില്‍ ശാലീനതയുടെയും അഭിനയ മികവിന്റെയും പ്രതീകമായി വിളങ്ങിയ നടി ജലജ, ഓണം ആഘോഷിക്കുന്നത് കേരളത്തിന്റെ തനതായ സാംസ്‌കാരിക വേരുകള്‍ മനസില്‍ ചേര്‍ത്തുവെച്ചാണ്. 'എലിപ്പത്തായം', 'യവനിക', 'ശാലിനി എന്റെ കൂട്ടുകാരി' തുടങ്ങിയ ക്ലാസിക് ചിത്രങ്ങളിലെ അവിസ്മരണീയ വേഷങ്ങള്‍ മലയാളികളുടെ മനസ്സില്‍ ജലജയെ എന്നും പ്രിയങ്കരിയാക്കിയിട്ടുണ്ട്. എന്നാല്‍, സിനിമയുടെ തിരക്കുകള്‍ക്കപ്പുറം, ജലജ എന്ന വ്യക്തി ഓണത്തെ സ്വീകരിക്കുന്നത് പ്രീയപ്പെട്ടവരുമായുള്ള ഊഷ്മളതയോടെയാണ്.
പൂവിളി പൂവിളി പൊന്നോണമായി നീ വരൂ നീ വരൂ പൊന്നോണത്തുമ്പീ…
ഓണം എന്നു കേള്‍ക്കുമ്പോള്‍ ജലജയുടെ ചുണ്ടില്‍ തത്തിക്കളിക്കുന്നത് ഈ മനോഹരഗാനമാണ്. പല കാലഘട്ടങ്ങളിലെയും ഗൃഹാതുരത്വം പേറി അതിങ്ങനെ മനസില്‍ മൂളി നടക്കും. കുടുംബത്തോടൊന്നിച്ചുള്ള ആഘോഷമാണ് അവര്‍ക്ക് ഓണം. ജീവിതത്തിന്റെ എല്ലാ കാലഘട്ടങ്ങളിലേക്കും തിരിഞ്ഞുനോക്കുമ്പോഴും അവിടെയും പ്രീയപ്പെട്ടവരോടൊന്നിച്ചുള്ള ഓണഓര്‍മകള്‍ നിറഞ്ഞു നില്‍ക്കുന്നു. എല്ലാവരും ഓണക്കോടി ഉടുത്ത് ഓണസദ്യ കഴിച്ച് ഒരുമിച്ച് കൂടുന്ന ചിത്രമാണ് എന്നും മനസില്‍. പല കാലങ്ങളില്‍ പലയിടങ്ങളില്‍ ചിലവഴിച്ച ഓണാഘോഷത്തിന്റെ വിവിധ നിറങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് അവര്‍.
കുഞ്ഞായിരിക്കുമ്പോള്‍ ഓണക്കോടി കിട്ടുന്നത് എല്ലാവര്‍ക്കും പോലെ തന്നെ വലിയ സന്തോഷമുള്ള കാര്യമായിരുന്നു. ഇന്ന് മകള്‍ക്ക് ഓണക്കോടി നല്‍കുന്നതിലാണ് ആ സംതൃപ്തി കണ്ടെത്തുന്നത്. കുട്ടിക്കാലത്തിന്റെ ആദ്യകാലങ്ങള്‍ മുഴുവന്‍ മലേഷ്യയിലായിരുന്നു. അവിടുത്തെതാണ് ആദ്യ ഓണഓര്‍മ.
മലേഷ്യയിലെ മലയാളികളുടെ ഓണമാണ് കണ്ട് വളര്‍ന്നത്. ഉള്ളതുകൊണ്ട് ഓണം പോലെ എന്ന ചൊല്ലിന്റെ ജീവിതചിത്രമായിരുന്നു അന്നത്തെ പ്രവാസി മലയാളികളുടെ ഓണം. കാലം ഒരുപാട് പുറകിലാണെന്നോര്‍ക്കണം. ഇന്നത്തെ പോലെ ലോകത്തിന്റെ എല്ലാ കോണിലും എല്ലാം കിട്ടുന്ന കാലമല്ല അത്. ഉള്ളതുകൊണ്ട് വളരെ നല്ല രീതിയില്‍ ഓണം ആഘോഷിക്കാറുണ്ടായിരുന്നു.
അച്ഛന്റെയും അമ്മയുടെയും കുടുംബം തകഴിയിലാണ്. ഒരു 10 വയസ്സ് ആകുമ്പോഴേക്കുമാണ് തകഴിയിലേക്ക് എത്തുന്നത്. തകഴിയിലെ രീതികള്‍ വ്യത്യസ്തമായിരുന്നു. ഒരു നാട്ടിന്‍പുറത്തെ ഓണം. അവിടെ കൊയ്ത്തും പാടവും നെല്ലും അരിയും, പാടത്തുണ്ടാകുന്ന പച്ചക്കറികളും ഒക്കെ തന്നെയാണ് ആഘോഷം. ഊഞ്ഞാല്‍ കെട്ടുന്നതും ആടുന്നതും പൂക്കള്‍ പറിക്കാന്‍ പോകുന്നതും അങ്ങനെ ആര്‍ഭാടങ്ങള്‍ കുറഞ്ഞ ഒരു തനതായ നാട്ടുമ്പുറത്തിന്റെ ആഘോഷമായിരുന്നു തകഴിയിലെ ഓണം. വീട്ടില്‍ എല്ലാവരും കൂടിയുള്ള സമയം. ഓണക്കാഴ്ചകള്‍ കാണാന്‍ പോകുന്നതൊക്കെ സന്തോഷമായിരുന്നു.
എന്നാല്‍ ഇന്നത്തെ ആഘോഷങ്ങള്‍ക്ക് ഹൈപ്പ് കൂടുതലാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പണ്ടത്തെ പരിശുദ്ധിയും ആകര്‍ഷണവും ഇപ്പോള്‍ ഓണാഘോഷത്തിനുണ്ടെന്ന് തോന്നുന്നില്ല. തികച്ചും വ്യക്തിപരമായ അഭിപ്രായം മാത്രമാണത്. പട്ടണത്തിലേക്കു താമസം മാറിയപ്പോള്‍ അവിടുത്തെ തിക്കും തിരക്കും ട്രാഫിക്കും ഒക്കെ കാരണം പഴയ ഒരു ശാന്തത ലഭിക്കുന്നില്ല. ഇപ്പോള്‍ എല്ലായിടത്തും ഓണസദ്യയെന്നു പറയുന്നത് ഓണക്കിറ്റ് ആണ്. പെട്ടെന്ന് കഴിക്കാന്‍ പാകത്തിലുള്ള ഇന്‍സ്റ്റന്റ് ഓണക്കിറ്റുകള്‍ക്ക് പ്രചാരമേറുന്നു. എന്നാല്‍ ഞാന്‍ ഇതുവരെ അത് വാങ്ങി ഉപയോഗിച്ചിട്ടില്ല. എല്ലാം കയ്യില്‍ കിട്ടുമ്പോള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കേണ്ട എന്നുള്ള മറ്റുള്ളവരുടെ ചിന്താഗതിയിലും തെറ്റൊന്നും ഞാന്‍ കാണുന്നില്ല, പക്ഷേ എന്റെ രീതി അങ്ങനെയല്ലെന്നു മാത്രം.
ഒരുപാട് കറികള്‍ ഉണ്ടാക്കാനുള്ള മിടുക്കില്ലെങ്കിലും എല്ലാവര്‍ക്കും ഇഷ്ടമുള്ള, എല്ലാവരും ആസ്വദിച്ചു കഴിക്കുന്ന കുറച്ച് വിഭവങ്ങള്‍ ഉണ്ടാക്കി ഓണസദ്യ തയ്യാറാക്കാനാണ് ഇഷ്ടം. ഇപ്പോള്‍ വര്‍ഷംതോറും വിഭവങ്ങളുടെ എണ്ണം സദ്യയില്‍ കൂടിക്കൂടി വരികയാണ്. ബിസിനസ് വളരുന്നത് നല്ല കാര്യമാണ് എങ്കില്‍ കൂടി പണ്ടൊക്കെ ഉത്രാടത്തിന്റെ അന്ന് ഉച്ച മുതല്‍ തുടങ്ങും പിറ്റേന്നത്തേക്കുള്ള സാമ്പാറിന്റെയും അവിയലിന്റെയും ഒക്കെ കഷണങ്ങള്‍ അരിയാന്‍. അതുതന്നെയാണെന്ന് വീട്ടിലെ അന്നത്തെ ഉത്രാടപ്പാച്ചില്‍. കുട്ടികള്‍ തൊട്ട് പ്രായമായവര്‍ വരെ ഉണ്ടാകും ആ കൂട്ടത്തില്‍.
ഉപ്പേരി ഒക്കെ പണ്ട് വാങ്ങുന്നത് ആയിരുന്നില്ല. നമ്മളൊക്കെ തന്നെയാണ് ഉണ്ടാക്കുന്നത്. ഞാന്‍ ഉണ്ടാക്കുന്ന മത്തന്‍ എരിശ്ശേരി എല്ലാവര്‍ക്കും വലിയ ഇഷ്ടമാണ്. ഉണ്ടാക്കി എല്ലാവരെയും കഴിപ്പിക്കുന്നതാണ് എന്റെയും സംതൃപ്തി. എന്തുണ്ടാക്കുന്നു എത്ര ഉണ്ടാക്കുന്നു എന്നതിലല്ല ഉണ്ടാക്കിയ ഭക്ഷണം എല്ലാവരും കൂടി ഇഷ്ടത്തോടെ ഒരുമിച്ചിരുന്ന് കഴിക്കുന്നു എന്നതാണ്. എല്ലാവരും ഒരുമിച്ച് കൂടി ചെയ്യുന്നതാണ് അതിന്റെ സന്തോഷം അതുതന്നെയാണ് ഓണത്തിന്റെ സ്വഭാവവും. അത് ഇന്നത്തെ തലമുറയ്ക്ക് എത്രത്തോളം കിട്ടുന്നുണ്ട് എന്നത് സംശയമാണ്. എല്ലാവര്‍ക്കും രാവിലെ എണീറ്റ് ഭക്ഷണം കഴിച്ച് ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും ഫോട്ടോയെടുത്ത് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചാല്‍ ഇന്നത്തെ ഓണം കഴിഞ്ഞു.
ബഹ്‌റൈനില്‍ ആയിരുന്നപ്പോള്‍ പോലും കേരളത്തില്‍ നിന്ന് വരുന്ന പച്ചക്കറികള്‍ പരമാവധി വാങ്ങി ഉപയോഗിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മാമ്പഴമൊക്കെ സീസണ്‍ സമയത്ത് വാങ്ങി ഓണക്കാലത്തേക്ക് ഫ്രീസ് ചെയ്തു വെക്കാറുണ്ട്. പണ്ടത്തെ ഓര്‍മ്മകളെ പരമാവധി തന്നാലാവും വിധം നിലനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. എന്റെ അച്ഛനും അമ്മയും എന്നെ പഠിപ്പിച്ച രീതികള്‍ ഞാന്‍ എന്റെ മകളെയും പഠിപ്പിക്കുന്നു.
താരമായതിന്റെ പേരില്‍ ജീവിതത്തിലെ ആഘോഷങ്ങളില്‍ മാറ്റം ഉണ്ടായിട്ടില്ല. സാധാരണ വ്യക്തിയായി എല്ലാവരെയും പോലെ പ്രീയപ്പെട്ടവരുടെ ഇടയില്‍ ജീവിക്കാന്‍ തന്നെയാണ് അന്നും ഇന്നും ഇഷ്ടപ്പെടുന്നത്. അച്ഛനും അമ്മയും വളര്‍ത്തിയ അവരുടെ മകള്‍ തന്നെയാണ് ഇന്നും. ഭാഗ്യം കൊണ്ട് കുറച്ച് നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചു അത് ആളുകള്‍ നെഞ്ചിലേറ്റുകയും ചെയ്തു.
മകള്‍ നാലുവര്‍ഷം അമേരിക്കയില്‍ പഠിച്ചിട്ടുണ്ട്. ഒരു ഓണക്കാലത്ത് അവളുടെ കൂടെ അമേരിക്കയില്‍ ഉണ്ടായിരുന്നപ്പോള്‍ ഓണത്തിന് സദ്യ ഒക്കെ വെച്ച് അവളുടെ കൂട്ടുകാരെയൊക്കെ വിളിച്ചു കഴിപ്പിച്ചിട്ടുണ്ട്. അതിനടുത്തവര്‍ഷം ഞാന്‍ ഇല്ലാതിരുന്നിട്ടുംകൂടി മകള്‍ കൂട്ടുകാര്‍ക്കൊക്കെ പായസം ഉണ്ടാക്കിക്കൊടുത്തു എന്ന് വിളിച്ചു പറഞ്ഞപ്പോള്‍ കിട്ടിയ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ല. എന്റെ അച്ഛനും അമ്മയും എന്നെ പഠിപ്പിച്ച പാഠങ്ങള്‍ അവളിലേക്ക് കൂടി മനോഹരമായി പകര്‍ന്നു കൊടുക്കുന്നതിന്റെ ഭംഗി മാത്രമാണ് ഞാന്‍ ആസ്വദിക്കുന്നത്. എന്റെ ഓര്‍മകളുടെ സുഗന്ധവും തനിമയും വരും തലമുറകളിലേക്കു കൂടി പകര്‍ന്നു കൊടുക്കുന്നതാണ് എന്റെ സന്തോഷം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: malayalam actress jalaja shares her cherished onam memories, emphasizing the importance of family, tradition, and simple joys.
Published: 04 Sept 2025, 05:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented