വിവാഹമോചനം കഴിഞ്ഞുള്ള ദിവസങ്ങൾ തനിക്കേറെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നുവെന്ന് തുറന്നുപറയുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹൽ. ഒരു പോഡ്കാസ്റ്റിലാണ് ആ ദിവസങ്ങളെക്കുറിച്ച് ചാഹൽ തുറന്നുപറഞ്ഞത്. വിവാഹമോചനത്തിനുശേഷം പലരും ചതിയനെന്നാണ് വിളിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു. ''ഞാൻ ചതിയനാണെന്നും അതാണ് വിവാഹമോചനത്തിനു കാരണമെന്നും അന്ന് പലരും പറഞ്ഞു. ഞാൻ ജീവിതത്തിലൊരിക്കലും ആരെയും ചതിച്ചിട്ടില്ല. ഞാൻ അങ്ങനെയൊരു മനുഷ്യനല്ല. എന്നെക്കുറിച്ച് ഒന്നുമറിയാത്തവർ വരെ എന്നെ കുറ്റപ്പെടുത്തി. എനിക്ക് രണ്ടു സഹോദരിമാരുണ്ട്. അവർക്കൊപ്പമാണ് ഞാൻ വളർന്നുവന്നത്. അതുകൊണ്ട് സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണമെന്ന് എനിക്കറിയാം''. ആർ.ജെ മഹ്‌വാഷുമായുള്ള ചാഹലിന്റെ ബന്ധമാണ് വിവാഹമോചനത്തിലെത്തിയതെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു.

To advertise here,

ആളുകളുടെ നിരന്തരമായ കുറ്റപ്പെടുത്തലുകൾ തന്റെ മാനസികനിലയെ തന്നെ ബാധിച്ചുവെന്ന് ചാഹൽ ഓർക്കുന്നു. ഉറക്കമില്ലാത്ത രാവുകളും കടുത്ത വിഷാദവും അലട്ടി. ''ഞാൻ ആത്മഹത്യയെക്കുറിച്ചുവരെ ചിന്തിച്ചു. എനിക്ക് ജീവിതം മതിയായി. മണിക്കൂറുകളോളം പലപ്പോഴും കരഞ്ഞു. ഉറക്കം വെറും രണ്ടുമണിക്കൂർ മാത്രമായി കുറഞ്ഞു. ഒരുമാസത്തിൽ കൂടുതൽ അങ്ങനെ പോയി. എനിക്ക് ക്രിക്കറ്റിൽ പോലും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. എനിക്ക് പേടിയായിരുന്നു''.

വിവാഹമോചനത്തിനായി കുടുംബകോടതിയിലെത്തിയപ്പോൾ ചാഹൽ ധരിച്ച ടീഷർട്ടും അന്നേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'Be your own sugar daddy' എന്നെഴുതിയ ടീഷർട്ടാണ് അന്ന് ചാഹൽ ധരിച്ചത്. അതിനെക്കുറിച്ചും പോഡ്കാസ്റ്റിൽ അദ്ദേഹം സംസാരിച്ചു. ''ഞാൻ ഒന്നിനെക്കുറിച്ചും സംസാരിക്കില്ലെന്ന് തീരുമാനിച്ചിരുന്നു. പക്ഷേ എതിർവശത്തുനിന്ന് പലതും സംഭവിച്ചു. അതുകൊണ്ട് ഈ മെസേജ് നൽകണമെന്ന് എനിക്കുതോന്നി. ആരെയും ചീത്തപറയാനോ കരിവാരിത്തേക്കാനോ ആയിരുന്നില്ലത്''.

2025 മാർച്ചിലാണ് കോടതി അവർക്ക് വിവാഹമോചനം അനുവദിച്ചത്. ജൂൺ 2022 മുതൽ തങ്ങൾ അകന്നുകഴിയുകയായിരുന്നുവെന്നാണ് വിവാഹമോചനഹർജിയിൽ ഇരുവരും പറഞ്ഞത്. 2020-ലായിരുന്നു ചാഹലിന്റെയും കൊറിയോഗ്രാഫറും ഡെന്റിസ്റ്റുമായ ധനശ്രീ വർമയുടെയും വിവാഹം. ലോക്ഡൗൺ കാലത്താണ് ഇരുവരും പരിചയപ്പെട്ടത്. നൃത്തം പഠിക്കണമെന്ന ആഗ്രഹവുമായി ചാഹൽ, ധനശ്രീക്ക് ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ചു. അങ്ങനെ ഓൺലൈനിലൂടെ നൃത്തപഠനം തുടങ്ങി. അവിടുന്നാണ് ആ ബന്ധത്തിന്റെ തുടക്കവും. മാസങ്ങൾക്കുള്ളിൽ വിവാഹവും.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi