മനുഷ്യശിശുവിന് മറ്റു ജീവികളുടെ കുഞ്ഞുങ്ങളെ അപേക്ഷിച്ച് നീണ്ടകാലം പരിരക്ഷ ആവശ്യമുണ്ട്. സാമാന്യം നീണ്ട ഗര്‍ഭകാലവും പ്രസവവും ശിശുപരിചരണവും മനുഷ്യസ്ത്രീയുടെ ജീവിതകാലത്തിന്റെ വലിയൊരുഘട്ടം കൈയടക്കും. അവളുടെ ഏറ്റവും സര്‍ഗാത്മകവും തീക്ഷ്ണവുമായ കാലംകൂടിയാണ് അത്തരത്തില്‍ തേഞ്ഞുപോവുക. അമ്മയുടെ തീരാത്ത ചുമതലകള്‍ ഒരുവിധം നിറവേറ്റി നടുനിവര്‍ത്തുമ്പോഴേക്ക് കാലം അവളെ കാത്തുനില്‍ക്കാതെ കടന്നുപോയിരിക്കും. അമ്മയെന്നത് പരിശുദ്ധപദവിയായി പ്രഖ്യാപിക്കുന്നതുമാത്രമാണ്, അവള്‍ ഈയവസ്ഥയോട് കലഹിക്കുന്നതൊഴിവാക്കാന്‍ സമൂഹത്തിനുമുന്നിലുള്ള പോംവഴി. ത്യാഗമാണ് അമ്മയെന്ന് സ്ഥാപിക്കപ്പെടുന്നതോടെ അവളോടുള്ള സമസ്തനീതിനിഷേധങ്ങളും മറക്കപ്പെടും.

To advertise here,

അമ്മയാവുന്നവള്‍ക്ക് അതല്ലാത്തവളെ അപേക്ഷിച്ച് സമൂഹത്തില്‍ ലഭിക്കുന്ന പദവി പരസ്യമായ രഹസ്യമാണ്. പലപ്പോഴും സ്ത്രീകള്‍ ഗര്‍ഭിണികളാകാന്‍ താത്പര്യപ്പെടുന്നതുപോലും മറ്റുള്ളവര്‍ക്കുവേണ്ടിയാകാം. നാട്ടുകാരോടും വീട്ടുകാരോടും സമാധാനം പറഞ്ഞു മടുത്തിരിക്കുന്ന അവസ്ഥയാണെങ്കില്‍ പ്രത്യേകിച്ചും. അമ്മയാവല്‍ ഒട്ടും എളുപ്പമല്ല. എന്നാലും അത് നിര്‍ബന്ധിതമായി തിരഞ്ഞെടുക്കേണ്ടിവരുന്ന സ്ത്രീകളുണ്ട്. നിലവിലെ സംഘര്‍ഷങ്ങള്‍ക്ക് അയവുവരുമെന്ന പ്രതീക്ഷയാണ് അവരെ അതിന് പ്രേരിപ്പിക്കുക. 2023-ല്‍ സംപ്രേഷണംചെയ്യപ്പെടുന്ന സോപ്പ് പരമ്പരകളിലടക്കം ഗര്‍ഭവും പ്രസവവും മെയിന്‍ റോളുകളിലാണ്. 

എന്തായാലും ഗര്‍ഭധാരണത്തോടെ എന്റെ വലിയൊരു ന്യൂനത ഇല്ലാതായതായി ഞാന്‍ സങ്കല്പിച്ചു. സ്വന്തം വീട് അത്തരം സമയങ്ങളില്‍ പ്രലോഭിപ്പിക്കുന്ന ഒന്നാണെങ്കിലും ശാരീരികമായ കാരണങ്ങളാല്‍ നിലവിലുള്ള വാടകവീട്ടില്‍ തുടരേണ്ടിവന്നുവെന്നു പറഞ്ഞല്ലോ. രാവിലെ അഞ്ചരയ്ക്ക് ഭര്‍ത്താവ് പൊയ്ക്കഴിഞ്ഞാല്‍ ഞാനവിടെ തനിച്ചാണ്. ആദ്യഗര്‍ഭത്തിന്റെ അസ്‌കിതകള്‍ മുഴുവനുമുണ്ട്. ഭക്ഷണം ഉണ്ടാക്കാനോ കഴിക്കാനോ കഴിയാത്ത അവസ്ഥയില്‍ എന്നെ സഹായിച്ചത് അയല്‍പക്കക്കാരിയായ ഉഷച്ചേച്ചിയായിരുന്നു. അവരുടെ ഭര്‍ത്താവ് എന്റെ ഭര്‍ത്താവിന്റെ ബാല്യകാലസുഹൃത്തുമായിരുന്നു. സ്‌നേഹശീലരായ ദമ്പതിമാരായിരുന്നു അവര്‍. പാവപ്പെട്ട കുടുംബമായിട്ടും അനവധി പ്രാരാബ്ധങ്ങള്‍ക്കിടയില്‍ എന്നെക്കൂടി അവര്‍ കൈയേറ്റു. എനിക്കുകൂടി ഭക്ഷണമുണ്ടാക്കി ഇപ്പുറത്തുകൊണ്ടുവന്നുവെച്ചിട്ട്, ഏഴുമണിക്കുമുന്‍പ് ഉഷച്ചേച്ചി, അവര്‍ ജോലിചെയ്യുന്ന കമ്പനിയിലേക്കോടും. ഞാനത് മുഴുവന്‍ കഴിക്കുന്നുണ്ടോ എന്നു നോക്കാന്‍ മക്കളെ ചുമതലപ്പെടുത്തും. വൈകിട്ട് സ്വന്തം വീട്ടില്‍ കയറുംമുന്‍പ് എന്നെ വന്ന് അന്വേഷിക്കും.

എന്തായാലും കാര്യങ്ങള്‍ കുഴപ്പമില്ലാതെ പൊയ്‌ക്കൊണ്ടിരുന്നു. ഉഷച്ചേച്ചിയുടെ സഹായമുള്ളതുകൊണ്ട് എനിക്ക് സ്വന്തം വീട് മിസ്സായില്ല. അങ്ങനെയൊരുദിവസം, ഇടയ്ക്ക് ആശുപത്രിയില്‍ അഡ്മിറ്റാവേണ്ട അവസ്ഥ വന്നു. ഭര്‍ത്താവ് ഇടയ്ക്കിടെ വീട്ടില്‍ പോയിവരും. ആശുപത്രിയില്‍ തുണയ്ക്ക് നാട്ടില്‍നിന്ന് അമ്മയെത്തിയത് ആശ്വാസമായി.



ഡിസ്ചാര്‍ജായി വന്ന എന്നെ സ്വീകരിച്ചത് വരാന്തയിലെ നാല് പാല്‍ക്കുപ്പികളാണ്. എല്ലാത്തിലും ചീത്തയായ പാല്. അത് കൃത്യസമയത്ത് ഉപയോഗിക്കുകയോ ഒഴിവാക്കുകയോ ചെയ്യാന്‍ എന്റെ ഭര്‍ത്താവിന് അറിയില്ലായിരുന്നുവെന്നു പറഞ്ഞു. തിളപ്പിച്ചു കുടിക്കുകയോ പാല്‍ വേണ്ടെന്ന് പറയുകയോ ചെയ്യാമായിരുന്നില്ലേ എന്നു ഞാന്‍ ചോദിച്ചു. അദ്ദേഹമത് ശീലിച്ചിട്ടില്ല. ഗ്യാസ് കത്തിക്കാന്‍ ഭയമാണത്രേ. അത്രയും ദിവസം അദ്ദേഹം ആ പാല്‍ക്കുപ്പികള്‍ വരാന്തയില്‍വെച്ച് ജീവിച്ചുവെന്നത് എനിക്ക് വല്ലാത്ത അമ്പരപ്പുണ്ടാക്കി. ഗ്യാസ് കത്തിക്കാന്‍ എന്റെ അമ്മായിയച്ഛനും ഭയമായിരുന്നു. ഡ്രൈവിങ് അറിയാത്ത, വെട്ടും കിളയും വശമില്ലാത്ത, ഇലക്ട്രിക്കല്‍ പണികളും കെമിസ്ട്രിയും പഠിച്ചിട്ടില്ലാത്ത, പാര്‍ട്ടി മെമ്പര്‍ഷിപ്പില്ലാത്ത, പാമ്പിനെ കൊല്ലാന്‍ പ്രയാസമുള്ള അമ്മായിയമ്മയ്ക്ക് ഗ്യാസ് കത്തിക്കാന്‍ ഭയമുണ്ടായിരുന്നില്ല. ഇതിലൊക്കെ സമര്‍ഥരായ അച്ഛനും മകനും അടുക്കളയിലെ ഗ്യാസടുപ്പ് ഭയമായതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്ന മനോഭാവമെന്താണെന്ന് ഇന്നു നമുക്കറിയാം അവരങ്ങനെ പഠിപ്പിക്കപ്പെട്ടവരാണ്.

സ്ത്രീ അടുക്കളക്കാരിയും രണ്ടാംതരക്കാരിയുമാണെന്ന ബോധം അവര്‍ക്കുണ്ടായിരുന്നു. അക്കാര്യത്തെക്കുറിച്ചു നടന്ന സംസാരം വലിയൊരു വഴക്കില്‍ കലാശിച്ചു. ഭര്‍ത്താവ്, പുരുഷന്‍ എന്നീ നിലകളിലുള്ള സ്വന്തം നിലപാട് എന്റെ ഭര്‍ത്താവ് വ്യക്തമാക്കിയത് അന്നാണ്. വീട്ടുജോലികള്‍ ചെയ്യുന്ന ആണുങ്ങള്‍ മണകുണാഞ്ചന്മാരാണെന്നും പെണ്ണുങ്ങളുടെ പാവാടയ്ക്കകത്തു കയറിയിരിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. വീട്ടുജോലികള്‍ തീര്‍ക്കുന്നത് തന്റെകൂടി ഉത്തരവാദിത്വമാണെന്ന ബോധത്തോടെ പെരുമാറാറുള്ള എന്റെ ഒരമ്മാവനെ അദ്ദേഹം ഒരുതരത്തിലും ആ സന്ദര്‍ഭത്തില്‍ പരാമര്‍ശിക്കേണ്ടതില്ലായിരുന്നു. 
വാഷിങ് മെഷീന്‍ ഇല്ലാത്തതിനാല്‍ തുണികഴുകല്‍ തനിയേതന്നെ ചെയ്യണം. ആശുപത്രിയിലുപയോഗിച്ച തുണികള്‍ ധാരാളമുണ്ട്. അതുകൂടി കഴിഞ്ഞതോടെ ഞാന്‍ തീര്‍ത്തും അവശയായി. ഭക്ഷണം പുറത്തുനിന്നു വാങ്ങാമോ എന്നു ഞാന്‍ ചോദിച്ചു. അത്രയും ദിവസം ഹോട്ടല്‍ഭക്ഷണമായതിനാല്‍ ഇനി വീട്ടിലെ കഞ്ഞി കുടിച്ചേപറ്റൂവെന്ന് അദ്ദേഹത്തിനു നിര്‍ബന്ധം. ചുരുക്കത്തില്‍ ആശുപത്രിയില്‍നിന്നു വന്നതിലും അവശയായി ഞാന്‍.

എല്ലാ ജോലികളും കഴിഞ്ഞതിനുശേഷം മാത്രമാണ് എനിക്ക് വിശ്രമം അനുവദിക്കപ്പെട്ടിരുന്നതെന്ന് പിന്നീടാണ് ഞാന്‍ പോലും മനസ്സിലാക്കുന്നത്. പാത്രങ്ങളും തുണികളും കഴുകാതെ കിടക്കുന്നത് ഭീകരമായ പിഴയാണെന്ന് ഞാന്‍ ധരിച്ചുവശായിരുന്നു. എത്ര അസുഖമായാലും ഒരുത്തമകുടുംബിനി വെറുതേ കിടക്കുന്നത് എങ്ങനെ അംഗീകരിക്കാന്‍ പറ്റും? അത്തരം അവസരങ്ങളില്‍ എന്നെ കുറ്റബോധം പിടികൂടിയിരുന്നു. വീട്ടുജോലികള്‍ തീര്‍ത്തുമാത്രം മരിച്ചുവീഴാന്‍ പാടുള്ള ഒരുവളായി ഞാനെന്നെത്തന്നെ മാറ്റിയെടുക്കുകയായിരുന്നു. അത്തരം വിഡ്ഢിത്തങ്ങള്‍ക്ക് തലവെയ്ക്കരുതെന്ന് ഇന്നു ഞാന്‍ പറയും. പക്ഷേ, നമ്മിലെത്രയോപേര്‍ ഇപ്പോഴും അതേ ചിന്താഗതി പേറുന്നുണ്ട്! അടുക്കള മുടങ്ങുന്നത് രാജ്യദ്രോഹമല്ല എന്നുചിന്തിക്കുന്ന അമ്മമാരുണ്ടെങ്കിലേ രക്ഷയുള്ളൂവെന്ന് ഞാന്‍ കരുതുന്നു.

''പതുക്കെ ഒരു ചായയുണ്ടാക്കിയാല്‍ മതി... നിന്റെ ചായ മതി എനിക്ക്'' എന്നു സ്‌നേഹത്തോടെ പറഞ്ഞ്, മൈഗ്രെയ്ന്‍ ബാധിച്ച് കിടക്കുമ്പോള്‍പ്പോലും എന്നെ ഭര്‍ത്താവ് അടുക്കളയിലേക്ക് ഉന്തിക്കൊണ്ടുപോയിരുന്നു. എനിക്കുമാത്രം സാധിക്കുന്ന ആ ചായനിര്‍മാണകര്‍മം നിര്‍വഹിച്ച് ഞാന്‍ കൃതകൃത്യയായിട്ടുണ്ട്. എന്തായാലും അതടക്കമുള്ള സംഭവങ്ങള്‍ ഞാന്‍ ഓര്‍ത്തെടുത്തത് ചെറിയ സംഘര്‍ഷത്തിനുകാരണമായി. ലോകമെമ്പാടുമുള്ള സ്ത്രീകള്‍ അവരുടെ ഭര്‍ത്താക്കന്മാരുടെ താത്പര്യം സംരക്ഷിക്കുന്നവരാണ്; വിവാഹം കഴിഞ്ഞാല്‍ ഭര്‍ത്താവിന്റെ ഇഷ്ടങ്ങളാണ് പ്രധാനമെന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. പിന്നീട് ആ ആയുധം, അതായത് സ്വന്തം വീട്ടുകാരെ എനിക്കുവേണ്ടി തള്ളിപ്പറഞ്ഞിട്ടുണ്ടെന്നത് പുറത്തെടുക്കപ്പെട്ടു. അദ്ദേഹത്തിനുവേണ്ടി തിരിച്ചും ഞാനത് ചെയ്യേണ്ടിവരുമത്രേ. അതായത്, രണ്ടുവീട്ടുകാരും വേണ്ട, ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഞങ്ങള്‍മാത്രം മതി. എനിക്ക് അദ്ഭുതം തോന്നി. സംഭവിച്ചതില്‍ അദ്ദേഹത്തിന്റെ അച്ഛനാണ് പ്രതിയെന്നിരിക്കെ എന്റെ വീട്ടുകാരെ എന്തിന് ഞാന്‍ തള്ളിപ്പറയണം? ആ നിര്‍ദേശം അനാവശ്യവും അപക്വവുമായി എനിക്ക് തോന്നി. എന്തുകൊണ്ടാവും അദ്ദേഹം ഇങ്ങനെ ചിന്തിച്ചത്?

മനുഷ്യര്‍ അവരവരുടെയും പ്രിയപ്പെട്ടവരുടെയും തെറ്റുകള്‍ ഒരിക്കലും അംഗീകരിക്കില്ല. അതുകൊണ്ടുണ്ടാവുന്ന പ്രതിസന്ധികള്‍ക്ക് അവര്‍ പുറമേ ഉത്തരവാദികളെ തിരയും. ആരെയെങ്കിലും ശത്രുപക്ഷത്ത് നിര്‍ത്താതെ ചിലര്‍ക്ക് ജീവിച്ചിരിക്കാനേ പറ്റില്ല. കല്പിതമായ ഒരു ശത്രുത അവര്‍ പലരോടും കൊണ്ടുനടക്കും. ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ വീട്ടുകാര്‍ക്കാണ് സാധാരണ ഈ നറുക്ക് വീഴാറ്. ഭര്‍തൃപിതാവ് എന്നോടു മോശമായി പെരുമാറിയതാണ് ആ വീടുവിട്ടിറങ്ങാനുള്ള കാരണമെന്നറിഞ്ഞിട്ടും അദ്ദേഹം അത്തരത്തില്‍ സംസാരിച്ചത് എനിക്ക് ആശയക്കുഴപ്പമുണ്ടാക്കി. ഞങ്ങളുടെത് പ്രണയവിവാഹമല്ല; രണ്ടുവീട്ടുകാരും എതിര്‍ത്തിട്ടില്ല. പിന്നെന്തിനാണ് രണ്ടുവീട്ടുകാരുമില്ല എന്നമട്ടില്‍ വാശിപ്പുറത്ത് ജീവിക്കുന്നത്?

ഞാന്‍ വല്ലാതെ സങ്കടത്തിലായി. തര്‍ക്കിക്കാനുള്ള മൂഡിലല്ലായിരുന്നു ഞാന്‍. എന്നിട്ടും ഞാന്‍ അത്രയെങ്കിലും എതിര്‍ത്തുസംസാരിച്ചത് അദ്ദേഹത്തിന് ഒട്ടും ഇഷ്ടമായില്ല. തന്റെ ഒരു സുഹൃത്തിന്റെ കാര്യം അദ്ദേഹം പറഞ്ഞു. ഭാര്യക്ക് അനുസരണയില്ലെന്നുപറഞ്ഞ് അവരെ വീട്ടില്‍ കൊണ്ടുവന്നാക്കുകയാണത്രേ സുഹൃത്ത് ചെയ്തത്. ശമ്പളം മുഴുവന്‍ കൈയിലേല്‍പ്പിക്കാന്‍ പറ്റില്ല, വീട്ടുജോലികളില്‍ സഹായിക്കണം എന്നീ ആവശ്യങ്ങളുന്നയിച്ച ഭാര്യ അനുസരണയില്ലാത്തവളല്ലാതെ പിന്നെ എന്താവാന്‍?

കുട്ടിയുണ്ടായിട്ടും, അവരുടെ ശമ്പളം മുഴുവന്‍ വാങ്ങിയിട്ട്, ചെലവിന് നൂറുരൂപ കൊടുക്കുന്ന ആദര്‍ശഭര്‍ത്താവാണവന്‍ എന്ന അഭിപ്രായമായിരുന്നു എന്റെ ഭര്‍ത്താവിന്. കുടുംബസ്‌നേഹിയായ ഭര്‍ത്താവിനെ മനസ്സിലാക്കാത്ത അവളെ, അഹങ്കാരം തീര്‍ന്നശേഷം വിളിച്ചുകൊണ്ടുവന്നാല്‍മതിയെന്ന്, താനടക്കമുള്ള സുഹൃത്തുക്കള്‍ ഉപദേശിച്ചതായി അദ്ദേഹം പറഞ്ഞു. എന്റെ മനസ്സില്‍ കട്ടിയുള്ള ഇരുട്ടുവീണു. അജ്ഞാതമായ ഒരു ഭീതിയോടൊപ്പം, എനിക്ക് നീതി കിട്ടിയേക്കില്ല എന്ന തോന്നലില്‍ ഞാന്‍ ഉലഞ്ഞുപോയി.

സ്വച്ഛമായി നീങ്ങിക്കൊണ്ടിരുന്ന തോണി ഉലഞ്ഞുതുടങ്ങിയെന്നൊക്കെ സാഹിത്യഭാഷയില്‍ പറയാവുന്ന അവസ്ഥയാണ് പിന്നെയുണ്ടായത്. വഴക്കുകള്‍ക്ക് കാരണം വേണ്ടെന്നായി. അതും നിസ്സാരകാരണങ്ങളെ ചൊല്ലിയുണ്ടാവുന്നവ. മാനസികമായി കടുത്ത ക്ഷീണമുണ്ടാക്കുന്ന ഓരോ വഴക്കിനും ശേഷം ക്ഷമാപണവും കരച്ചിലും നടക്കും. കുറച്ചുദിവസങ്ങള്‍ കുഴപ്പമുണ്ടാവില്ല. പക്ഷേ, അതിനും ചെറിയ ആയുസ്സുമാത്രം. എന്താണു സംഭവിക്കുന്നതെന്നറിയാതെ ഞാന്‍ അങ്കലാപ്പിലായി. ഞാന്‍ എന്റെ വീട്ടുകാരെ ഏതെങ്കിലുംവിധത്തില്‍ ബന്ധപ്പെടുന്നുവെന്ന തോന്നലുണ്ടാകുന്നതോടെയാണ് അദ്ദേഹം അസ്വസ്ഥനാകുന്നതെന്ന് ഞാന്‍ കണ്ടെത്തി. 
 

പത്തുകിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ എന്റെ മൂന്ന് അമ്മാവന്മാര്‍ താമസിക്കുന്നുണ്ടായിരുന്നു. അവരാരെങ്കിലും എന്നെ കാണാനെത്തുന്ന ദിവസങ്ങളില്‍ ഭര്‍ത്താവിന്റെ ഭാഗത്തുനിന്ന് രൂക്ഷമായ പ്രതികരണമുണ്ടാകും. പെണ്‍കുട്ടികളെ കെട്ടിച്ചയച്ചാല്‍ അവരുടെ ബന്ധുക്കള്‍ ഇടയ്ക്കിടെ ആ വീട്ടില്‍ കയറിയിറങ്ങുന്നത് അനുചിതമാണെന്ന് അദ്ദേഹം പറഞ്ഞു. അമ്മയുടെ ബന്ധുക്കള്‍ അവിടെയുണ്ടെന്നതാണ് എന്നെ അങ്ങോട്ടു വിവാഹംചെയ്തയക്കാന്‍ എന്റെ വീട്ടുകാരെ പ്രേരിപ്പിച്ച ഒരു ഘടകമെന്ന് ഞാനോര്‍ത്തു. ഞാന്‍ അവരുമായി നല്ല ബന്ധത്തിലാവണമെന്നത് അമ്മയുടെ ആഗ്രഹംകൂടിയായിരുന്നു. പക്ഷേ, എന്നെ ഇവരുടെ വീടുകളിലേക്കൊന്നും കൊണ്ടുപോകാനോ പറഞ്ഞയക്കാനോ താന്‍ തയ്യാറല്ലെന്ന് അദ്ദേഹം പറഞ്ഞു. യാതൊരു ബന്ധവും വേണ്ട എന്നുതന്നെ. പക്ഷേ, ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഞാനിത് പറഞ്ഞാല്‍ അവര്‍പോലും അത് വിശ്വസിക്കില്ല എന്നതാണ്. അത്രയും ഹൃദ്യമായാണ് അദ്ദേഹം അവരോട് പെരുമാറിയിരുന്നത്. എന്റെ മാതാപിതാക്കളോടും സഹോദരിയോടും അതേ പെരുമാറ്റംതന്നെയായിരുന്നു. പതിയെപ്പതിയെ അവരെ പരാമര്‍ശിച്ചും എന്നോട് മോശമായി സംസാരിച്ചുതുടങ്ങി. ഞാന്‍ കരുതിയിരുന്നത് ഇത് എനിക്കുമാത്രമുള്ള അനുഭവമാണെന്നാണ്.

ഇത്തരത്തില്‍ പെരുമാറുന്ന പലരെയുംകുറിച്ച് പില്‍ക്കാലത്ത് അറിയാനിടവന്നു. പലപ്പോഴും സ്ത്രീകളുടെ കുടുംബക്കാര്‍ മരുമകന്റെ ഹൃദ്യമായ പെരുമാറ്റത്തില്‍ വീണുപോകുന്നവരായിരിക്കും. നാട്ടുകാരോടുള്ള ഇവരുടെ പെരുമാറ്റവും ഏറക്കുറെ അത്തരത്തിലുള്ളതാവും. പക്ഷേ, പങ്കാളിയുടെയും കുട്ടികളുടെയുമടുത്ത് മറ്റൊരുമുഖമായിരിക്കും. കേസ് കൊടുക്കാന്‍ ചെന്നാല്‍ പോലീസ് പോലും അയാള്‍ യോഗ്യനാണെന്ന സര്‍ട്ടിഫിക്കറ്റ് കൊടുത്തെന്നുവരും. ജോലിസ്ഥലത്തും സ്വന്തം കുടുംബക്കാര്‍ക്കും അതേ അഭിപ്രായമായിരിക്കും. ചുരുക്കത്തില്‍ അയാളെക്കുറിച്ചുള്ള പരാതികള്‍ വേണ്ടവിധം കേള്‍ക്കപ്പെടില്ല എന്നുതന്നെ. അനിഷ്ടകരമായ എന്തെങ്കിലും സംഭവിക്കുന്നതുവരെ ഈ ഒളിച്ചുകളി തുടരും.

ഒരിക്കല്‍ വളരെ മടിച്ചാണെങ്കിലും ഞാന്‍ എന്റെ വീട്ടില്‍ വളരെ ചെറിയ ചില സൂചനകള്‍ നല്‍കി. എനിക്ക് പക്വതയില്ലാത്തതിനാലും ഞാന്‍ വിഡ്ഢിയായതിനാലും മറ്റുള്ളവര്‍ കബളിപ്പിക്കാന്‍ സാധ്യത കൂടുതലുണ്ട്, എന്നെ അതില്‍നിന്നു രക്ഷിക്കാനാണ് താന്‍ കര്‍ശനമായ നിലപാടുകള്‍ സ്വീകരിക്കുന്നതെന്ന് ഭര്‍ത്താവ് വിശദീകരിച്ചു. എനിക്കുലഭിച്ച ഭാഗ്യത്തില്‍ ചുറ്റുമുള്ളവര്‍ അസൂയാലുക്കളാണ്. എന്റെ മാതാപിതാക്കള്‍ തൃപ്തരായി. ഞാന്‍ സംസാരിക്കുന്ന രീതി ശരിയല്ലെന്നും അവര്‍ കണ്ടുപിടിച്ചു. ഭര്‍ത്താവിനോട് പ്രിയതരമായി സംസാരിക്കേണ്ടതുണ്ട്. അതിനുകഴിയാത്തത് ഒരുതരം വളര്‍ത്തുദോഷംതന്നെയാണ്. ഒടുവില്‍ ഇതൊക്കെ തന്റെ നേരേ വരുമെന്നറിയാമായിരുന്നുവെന്ന് അമ്മ കണ്ണുനിറച്ചു.

''നിന്റെ വീട്ടുകാരോട് പരാതിപറഞ്ഞിട്ടെന്തായി? അവര്‍ക്കറിയാം, ഞാന്‍ ചെയ്യുന്നതെല്ലാം നല്ലതിനുവേണ്ടിയാണെന്ന്!'', ഒരുദിവസം അദ്ദേഹം പറഞ്ഞു. വിവാഹിതയായ സ്ത്രീക്ക് എങ്ങനെയാണ് ചേക്കേറാനുള്ള ചില്ലകള്‍ നഷ്ടമാകുന്നതെന്ന് ഞാന്‍ പഠിച്ചുതുടങ്ങി. എത്ര വഴുതിയാലും എത്തിപ്പെട്ട ചില്ലയില്‍ തൂങ്ങിയാടണം. അതാണു ജീവിതവിജയം. എന്തായാലും ആ വര്‍ഷത്തെ ട്രാന്‍സ്ഫര്‍ ഓഗസ്റ്റിലാണു നടന്നത്. ഭര്‍ത്താവിന്റെ ജോലിസ്ഥലത്തുള്ള സ്‌കൂളിലേക്ക് മാറ്റം. ഒരര്‍ഥത്തില്‍ അദ്ദേഹത്തിന്റെ ആഗ്രഹംപോലെ, ഞങ്ങള്‍ രണ്ടുപേര്‍ മാത്രമായുള്ള, കുറെക്കൂടി അടുപ്പവും സമയവുമുള്ള ലോകം. ഇനിമുതല്‍ രണ്ടുപേര്‍ക്കും ഒന്നിച്ച് ഒരേസമയത്ത് വീട്ടില്‍നിന്നിറങ്ങാം. പുതിയ വാടകവീട് വേണം, സാധനങ്ങള്‍ വേണം. ഒരതിഥികൂടി വരുന്നതാണ്. പുതിയ വീട് കുറച്ചുകൂടി സൗകര്യമുള്ളതാവണമെന്ന് ഞാനാഗ്രഹിച്ചു.

ഓഗസ്റ്റിലെ ഒരു പുലര്‍ച്ചെ ഒരു അംബാസഡര്‍ കാറില്‍ കൊള്ളാവുന്ന സാധനങ്ങളുമായി ഞങ്ങള്‍ ആലപ്പുഴജില്ലയുടെ വടക്കേയറ്റത്തേക്ക് യാത്രതിരിച്ചു. ഉഷച്ചേച്ചിയും കുടുംബവും കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഞങ്ങളെ യാത്രയയച്ചു. ജീവിതത്തില്‍ ഓരോ ചെറിയ മാറ്റവും ഒരുകെട്ട് പ്രത്യാശകള്‍ കൊണ്ടുവരും. നാമിപ്പോള്‍ തമാശയ്ക്കു പറയുന്നതുപോലെ, 'ചിലര്‍ക്കു ശരിയാവും, ചിലര്‍ക്കു തെറ്റും'. പക്ഷേ, കണ്ണും ബുദ്ധിയുമുപയോഗിക്കേണ്ടിടത്ത് അതുചെയ്യണം, ദാമ്പത്യത്തിലായാലും അതുവേണം. അങ്ങേയറ്റം വിഷമയമായ ഒരു ബന്ധത്തിലാണ് താന്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നു മനസ്സിലായാല്‍, കുറഞ്ഞ പരിക്കുകളോടെ രക്ഷപ്പെടാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ, കൂടുതല്‍ അകത്തേക്കുപോയി വനാന്തരത്തില്‍ കുടുങ്ങുകയല്ല വേണ്ടത്.