
പേടിപ്പിച്ചോടിക്കാന്‍ നോക്കീ പൂതം
പേടിക്കാതങ്ങനെ നിന്നാളമ്മ.
കാറ്റിന്‍ചുഴലിയായ്‌ച്ചെന്നു പൂതം
കുറ്റികണക്കങ്ങു നിന്നാളമ്മ.
കാട്ടുതീയായിട്ടും ചെന്നു പൂതം
കണ്ണീരാലൊക്കെക്കെടുത്താള്ളമ്മ......
ഇടശ്ശേരിയുടെ പൂതപ്പാട്ടിലെ ഈ വരികള്‍ നമ്മളൊക്കെ പഠിച്ചിട്ടുണ്ട്. ഏതൊരമ്മയ്ക്കും കുഞ്ഞിനേക്കാള്‍ വലുതല്ല മറ്റൊന്നും. സ്വന്തം കണ്ണു പറിച്ചുകൊടുത്ത് 'ഇതിലും വലിയതാണെന്റെ പൊന്നോമന, അതിനെത്തരികെന്റെ പൂതമേ നീ' എന്ന് കരഞ്ഞുപറഞ്ഞ നങ്ങേലി ഒടുവില്‍ ഭൂതത്തെ ശപിക്കാനൊരുങ്ങുന്നു. ഭൂതം ഉണ്ണിയെ വിട്ടുകൊടുക്കുന്നു. മക്കളെ നഷ്ടമാവുന്ന അമ്മയുടെ വേദനയോളം വലുതായോ ആ അമ്മമാരുടെ ശാപത്തേക്കാള്‍ ശക്തിയുള്ളതായോ ഒന്ന് ഈ ലോകത്തില്ലെന്ന് പൂതപ്പാട്ടിലൂടെ നമ്മള്‍ വായിച്ചറിയുന്നു.
പാട്ടിലും കഥയിലും മാത്രമല്ല, മക്കള്‍ക്കുവേണ്ടി അമ്മമാരുടെ പോരാട്ടം കണ്ടിട്ടുള്ളത്. കാണാതായ കുഞ്ഞുങ്ങളെത്തേടി അമ്മമാര്‍ നടത്തിയ സമരം ഒരു രാജ്യത്തിന്റെ ഭരണകൂടത്തെത്തന്നെ മറിച്ച ചരിത്രമുണ്ട്. ലാറ്റിനമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയിലായിരുന്നു അത്. ആ പോരാട്ടം വിജയിച്ചതിന്റെ നാല്പതാം വാര്‍ഷികം കൂടിയാണിത്.
Also Read
ജണ്ടകളുടെ കാലത്തെ ഡേര്‍ട്ടി വാര്‍
അര്‍ജന്റീനയെന്ന രാജ്യത്തെ നമ്മളറിയുന്നത് അത് മെസ്സിയുടേയും മറഡോണയുടെയും നാടായതുകൊണ്ടാണ്. എന്നാല്‍ ആഗോള രാഷ്ട്രീയത്തില്‍ ഈ രാജ്യം അര നൂറ്റാണ്ടുമുമ്പ ശ്രദ്ധനേടിയിരുന്നു. പട്ടാള അട്ടിമറികള്‍ ഒരുപാട് നടന്ന രാജ്യമാണിത്. അട്ടിമറിയിലൂടെ പിടിച്ചെടുത്തുകഴിഞ്ഞാല്‍ പട്ടാളജണ്ടകളാണ് പിന്നീട് ഭരിക്കുക. പട്ടാളജണ്ടയെന്നാല്‍ പട്ടാളമേധാവികളുടെ സമിതി എന്ന് ലളിതമായി പറയാം. അരനൂറ്റാണ്ടില്‍ പല തവണ ഇവിടെ പട്ടാള അട്ടിമറികള്‍ നടന്നു. 1955-ല്‍ ജുവാന്‍ പെറോണ്‍ പ്രസിഡന്റായിരിക്കെ പട്ടാളം സര്‍ക്കാരിനെ അട്ടിമറിച്ചു. പെറോണ്‍ സ്‌പെയിനിലേക്ക് പലായനം ചെയ്തു. മുമ്പും പട്ടാള അട്ടിമറികള്‍ നടന്നിട്ടുള്ള രാജ്യം ഇതോടെ വീണ്ടും അനിശ്ചിതത്വത്തിലായി. തുടര്‍ന്നുള്ള രണ്ടു പതിറ്റാണ്ടോളം പല പട്ടാള മേധാവികളും മാറി മാറി ഭരിച്ചു.
പെറോണിന്റെ പെറോണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ രാജ്യത്ത് ജനാധിപത്യം പുനസ്ഥാപിക്കാനായി പ്രക്ഷോഭങ്ങള്‍ ആരംഭിച്ചു. 1973 ല്‍ പൊതു തിരഞ്ഞെടുപ്പു നടന്നു. പക്ഷെ, പെറോണിന് മത്സരിക്കാന്‍ വിലക്കുണ്ടായിരുന്നു. അതിനാല്‍ പെറോണിന്റെ വിശ്വസ്തനായ ഡോ ഹെക്ടര്‍ കാംപോറ പ്രസിഡന്റായി. രാജ്യത്തേക്ക് തിരിച്ചുവന്ന പെറോണ്‍ 1973 ല്‍ പ്രസിഡന്റായി. അടുത്ത വര്‍ഷം അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന്റെ മൂന്നാം ഭാര്യയായിരുന്ന വൈസ് പ്രസിഡന്റ് ഇസബെല്‍ പെറോണ്‍ പ്രസിഡന്റായി. പക്ഷെ 1976 മാര്‍ച്ച് മാസത്തില്‍ പട്ടാളം അവരെ അട്ടിമറിയിലൂടെ പുറത്താക്കി. തുടര്‍ന്നുള്ള പട്ടാളഭരണകാലത്താണ് (1976 മുതല്‍ 1983 വരെ) ഡേര്‍ട്ടി വാര്‍ അരങ്ങേറുന്നത്. സൈനിക ഭരണത്തെ എതിര്‍ത്തവരെല്ലാം ഇക്കാലത്ത് വേട്ടയാടപ്പെട്ടു. ഒളിപ്പോരാളികളെ നേരിടാനെന്ന പേരിലുള്ള ഈ നടപടികളാണ് ഡേര്‍ട്ടിവാര്‍ എന്ന പേരില്‍ കുപ്രസിദ്ധമായത്.
കാണാതായ മക്കള്‍ക്കു വേണ്ടി
സൈന്യത്തിന് പൗരന്മാര്‍ക്കെതിരെ എന്തും ചെയ്യാമെന്ന അവസ്ഥയായിരുന്നു ഇക്കാലത്ത്. ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ രാജ്യത്ത് നടമാടി. ഭരണകൂടത്തെ എതിര്‍ക്കുന്നവരെന്നു സംശയിക്കപ്പെട്ടവരെല്ലാം വേട്ടയാടലിന് ഇരയായി. ഒളിപ്പോരാളികള്‍ മാത്രമല്ല കലാകാരന്മാരും ബുദ്ധിജീവികളും വിദ്യാര്‍ഥികളുമെല്ലാം വേട്ടയാടപ്പെട്ടു. ആയിരക്കണക്കിന് ആളുകളെ കാണാതായി. യുവാക്കളും യുവതികളും വിദ്യാര്‍ഥികളുമൊക്കെ 'അപ്രത്യക്ഷരാ'യവരുടെ കൂട്ടത്തിലുണ്ടായിരുന്നു. പട്ടാളക്യാമ്പുകളില്‍ കൊടിയ പീഡനത്തിലൂടെ കൊന്നുതള്ളിയതായിരുന്നു ഇവരില്‍ പലരെയും. രാജ്യം വിട്ടുപോയവരും ആയിരക്കണക്കിനു വരും. കാണാതായ മക്കള്‍ക്കു വേണ്ടി അമ്മമാര്‍ നടത്തിയ സമരം ഡേര്‍ട്ടി വാറിനെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നു. അമ്മമാര്‍ മനുഷ്യാവകാശ സംഘടനയ്ക്ക് രൂപം കൊടുത്തു.
സ്‌കാര്‍ഫണിഞ്ഞ് സമരമുഖത്ത്
മക്കളുടെ ഓര്‍മ്മയ്ക്കായി, അമ്മമാര്‍ തലയില്‍ വെളുത്ത സ്‌കാര്‍ഫ് കെട്ടി നിശബ്ദ സമരത്തിനിറങ്ങി. മക്കള്‍ കൊച്ചുകുട്ടികളായിരുന്ന കാലത്ത് ധരിച്ചിരുന്ന ഡയപ്പറുകളെ അനുസ്മരിച്ചായിരുന്നു വെളുത്ത സ്‌കാര്‍ഫ് സമരപ്രതീകമായി അവര്‍ തിരഞ്ഞെടുത്തത്. എല്ലാ വ്യാഴാഴ്ചകളിലും മുടങ്ങാതെ ഉച്ചനേരത്ത് തലയില്‍ വെളുത്ത സ്‌കാര്‍ഫ് കെട്ടി ബ്യൂണസ് ഐറിസിലെ പ്രസിഡന്റിന്റെ വസതിക്കു സമീപമുള്ള പ്ലാസാ ദി മായോയില്‍ ഇവര്‍ ജാഥ നടത്തി. അങ്ങനെ മദേഴ്‌സ് ഓഫ് പ്ലാസാ ഡി മായോ എന്നിത് അറിയപ്പെട്ടു. 1977 ഏപ്രില്‍ 30 നായിരുന്നു ആദ്യത്തെ പ്രകടനം. 14 സ്ത്രീകള്‍ ചേര്‍ന്നാണ് സംഘടനയുണ്ടാക്കിയത്. പട്ടാളം ഇവരില്‍ പലരെയും അറസ്റ്റ് ചെയ്തു. സംഘടനയുടെ സ്ഥാപകാംഗങ്ങളില്‍ പെട്ട മൂന്നു പേരെ കാണാതാവുകയും ചെയ്തു. മക്കളുടെ തിരോധാനത്തിന്റെ പേരില്‍ നിശബ്ദ സമരത്തിനിറങ്ങിയ അമ്മമാര്‍, അക്കാലത്ത് രാജ്യത്ത് പട്ടാളവാഴ്ചക്കെതിരായി നടന്നുവന്ന സമരത്തിന് ഊര്‍ജം പകര്‍ന്നു. അര്‍ജന്റീനയുടെ രാഷ്ട്രീയഗതിയെ തന്നെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളതായിരുന്നു സമരം.
വിജയം വരിച്ച പോരാട്ടം
ജനകീയസമരം ശക്തമായപ്പോള്‍ രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്താന്‍ അധികാരികള്‍ തയ്യാറായി. 1983 ഒക്‌ടോബറില്‍ ജനാധിപത്യം പുനസ്ഥാപിതമായി. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് റാഡിക്കല്‍ സിവില്‍ യൂണിയന്‍ നേതാവ് റൗള്‍ അല്‍ഫോണ്‍സിന്‍ ആയിരുന്നു. അമ്മമാരുടെ ആവശ്യം പരിഗണിച്ച്, 1984 ല്‍ നാഷണല്‍ കമ്മീഷന്‍ ഓണ്‍ ദി ഡിസപ്പിയേര്‍ഡ് നിയമിതമായി. പട്ടാളവാഴ്ചക്കാലത്ത് 11,000 പെര്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ഈ കമ്മീഷന്റെ കണ്ടെത്തല്‍. എന്നാല്‍ ഇതിലും ഏറെപ്പേരുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. ഏണസ്റ്റോ സെബാത്തോ നയിച്ച കമ്മീഷന്‍ കമ്മീഷന്‍, ഡേര്‍ട്ടി വാറിന്റെ കാലത്ത് പട്ടാളം നടത്തിയ ഭീകരതകള്‍ പലതും പുറത്തുകൊണ്ടുവന്നു. താന്‍ അധികാരമേല്‍ക്കുന്നതിനു മുമ്പുണ്ടായ ഭരണകൂടത്തിന്റെ എല്ലാ ക്രൂരതകള്‍ക്കും മാപ്പു കൊടുക്കുന്ന ഫുള്‍സ്റ്റോപ്പ് ലോ പ്രസിഡന്റ് അല്‍ഫോണ്‍സില്‍ 1986-ല്‍ കൊണ്ടുവന്നു. പിന്നീട് 2005ലാണ് സുപ്രീം കോടതി ഈ നിയമം റദ്ദാക്കുകയും അന്വേഷണം തുടരാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തത്. സമരത്തിനായി അമ്മമാരുടെ സംഘടനയുണ്ടാക്കിയ 14 പേരില്‍ കാണാതായ മൂന്ന് പേരുടെ മൃതദേഹം, 27 വര്‍ഷങ്ങള്‍ക്കു ശേഷം, 2005-ല്‍ ഫറോന്‍സിക ടീം കണ്ടെടുക്കുകയുണ്ടായി. അമ്മമാരുടെ സംഘടന പക്ഷെ 1986-ല്‍ രണ്ടായി പിളരുന്ന കാഴ്ചയും കണ്ടു.
Content Highlights: Mothers of the Plaza de Mayo-argentine human rights association
Published: 17 Aug 2023, 12:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented