
നാം സംസാരിച്ചുതുടങ്ങിയതിനുശേഷം ഒരുപാടുപേര്‍ എന്നോട് അവരനുഭവിച്ച സംഘര്‍ഷങ്ങളെക്കുറിച്ച് പറയാറുണ്ട്. അനുഭവങ്ങളിലെ സമാനതകള്‍ പലപ്പോഴും അദ്ഭുതപ്പെടുത്തുന്നതായിരുന്നു. ജീവിതത്തിന്റെ പല നിലകളിലെ സ്ത്രീകളുടെ പ്രണയദാമ്പത്യാനുഭവങ്ങള്‍ എന്തുകൊണ്ടാണ് ഇത്രത്തോളം സമാനമായിരിക്കുന്നതെന്ന് ഞാന്‍ വിസ്മയിച്ചു. ഉയര്‍ന്ന വിദ്യാഭ്യാസവും തൊഴിലുമുണ്ടായിട്ടും പഴയ കാലമല്ലാതിരുന്നിട്ടും എന്തിനാണ് ഇത്രയൊക്കെ സഹിച്ചതെന്ന് അന്വേഷിച്ചവരുണ്ട്.
സത്യത്തില്‍ രണ്ട് ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരമില്ല. എങ്കിലും അടുത്തിടെ അതേക്കുറിച്ച് ആലോചിക്കുമ്പോള്‍ എത്തിച്ചേരുന്ന ചില കാര്യങ്ങളുണ്ട്. നാമതാണ് അല്പം മുന്‍പേ പറഞ്ഞത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം നല്ല സുഹൃത്തുക്കളുടെ കുറവ് എക്കാലവുമുണ്ടായിരുന്നു. വിവാഹംവരെമാത്രം നിലനിര്‍ത്തുന്ന താത്കാലിക ബന്ധങ്ങളാണ് പലര്‍ക്കും സൗഹൃദങ്ങള്‍. അതില്‍ത്തന്നെ, ആണ്‍സുഹൃത്തുക്കള്‍ അപൂര്‍വമായിരുന്നു. ഏതെങ്കിലുമൊരു ആണ്‍കുട്ടിയുമായുള്ള സൗഹൃദത്തെ തികഞ്ഞ അവിശ്വാസത്തോടെമാത്രം കാണാന്‍ ശീലിച്ചിരുന്ന സമൂഹത്തിലാണ് ഞങ്ങള്‍ വളര്‍ന്നത്. ഏത് നിമിഷവും പ്രണയമായി മാറിപ്പോകുമെന്ന ഭയത്തോടെയാണ് ആണ്‍-പെണ്‍ സൗഹൃദങ്ങളെ ഞങ്ങളുടെ ലോകം നിരീക്ഷിച്ചിരുന്നത്.
സ്ത്രീകളുമായുള്ള സൗഹൃദങ്ങള്‍ക്കും പരിധികളുണ്ട്. ആദര്‍ശമാതൃകകളായ സ്ത്രീകളുമായുള്ള സൗഹൃദങ്ങള്‍മാത്രമേ, പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നുള്ളൂ എന്നോര്‍ക്കുന്നു. പ്രണയത്തിലായിരിക്കുന്നവള്‍, വിവാഹമോചിതയായവള്‍, കലഹിക്കുന്നവള്‍, ദരിദ്രയായവള്‍, പരീക്ഷകള്‍ വിജയിക്കാത്തവള്‍, ജാതി/കുടുംബമഹിമയില്ലാത്തവള്‍, ചീത്തപ്പേര് കേള്‍പ്പിച്ചവള്‍... ഇത്തരം സ്ത്രീകളൊന്നും സൗഹൃദങ്ങള്‍ക്കായി തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ലെന്ന് ഓര്‍ക്കുന്നു. അവരൊക്കെയും പലതരത്തില്‍ ഒറ്റപ്പെട്ട് ജീവിച്ചു.
ഇപ്പോഴും ചില വാക്കിന്‍വാലുകള്‍ വിഷം കുത്തിവയ്ക്കുമ്പോള്‍ ഇതിലൊന്നും കാലംകൊണ്ടുണ്ടാകേണ്ട മാറ്റംപോലും സംഭവിച്ചിട്ടില്ലല്ലോ എന്ന് ചിന്തിച്ചുപോകും. ചിലപ്പോള്‍ സൗഹൃദങ്ങളെയും രക്ഷിതാക്കള്‍തന്നെ തിരഞ്ഞെടുത്തുതന്നെന്നിരിക്കും. അതിരിക്കട്ടെ, വല്ലവിധേനയും സൗഹൃദങ്ങളുണ്ടാക്കിയാല്‍ത്തന്നെ, വിവാഹത്തോടെ അവസാനിപ്പിക്കേണ്ട ഒന്നായത് മാറുകയും ചെയ്യും. അപ്പോഴാണ് ആണ്‍കുട്ടികളുമായുള്ള സൗഹൃദത്തിന്റെ കാര്യം!
ആണ്‍സൗഹൃദങ്ങളും പെണ്‍സൗഹൃദങ്ങളും പ്രവര്‍ത്തിക്കുന്നത് രണ്ടുതരത്തിലാണ്. ഇരുകൂട്ടരുടെയും ചിന്താമാതൃകകള്‍ വ്യത്യസ്തമാണ്. ഓരോ പ്രശ്‌നത്തിലുമുള്ള നിലപാടുകളും അവയോടുള്ള സമീപനങ്ങളും വ്യത്യസ്തമാണ്. ഒരു പ്രശ്‌നത്തെ നേരിടാനും പരിഹാരം കണ്ടെത്താനും കുറേക്കൂടി സഹായിക്കുന്നത് ആണ്‍സൗഹൃദങ്ങളാണെന്നതാണ് വ്യക്തിപരമായ തോന്നല്‍. നിസ്സാരകാര്യങ്ങള്‍ക്ക് അനാവശ്യഗൗരവം കൊടുക്കുകയും കഴമ്പുള്ളവയെ അവഗണിക്കുകയും ചെയ്യുന്നതിലെ അയുക്തിയെക്കുറിച്ച് അവര്‍ മുന്നറിയിപ്പ് തരും. വ്യക്തിപരവും അല്ലാത്തതുമായ പല കാര്യങ്ങളെയും കുറച്ചുകൂടി വിശാലമായ തലത്തില്‍ ഉള്‍ക്കാഴ്ചയോടെയും സമചിത്തതയോടെയും സമീപിക്കാന്‍ സഹായിക്കുന്നവയാണ് അത്തരം സൗഹൃദങ്ങള്‍. സ്ത്രീയെ അപേക്ഷിച്ച് അനുഭവങ്ങളുടെ തുറസ്സ് പുരുഷന് ധാരാളമുണ്ടെന്നത് അതിനൊരു കാരണമാവാം.
അതേസമയം സ്ത്രീസുഹൃത്തുക്കള്‍ നല്‍കുന്ന വൈകാരികപിന്തുണ പുരുഷന്മാരില്‍നിന്ന് ലഭിക്കണമെന്നില്ല. സ്ത്രീകള്‍ക്കുനേരേ ഏറ്റവും ഏകപക്ഷീയവും അയവില്ലാത്തതുമായ മനോഭാവം വെച്ചുപുലര്‍ത്തുന്ന ഇന്ത്യപോലൊരു സമൂഹത്തില്‍ സ്ത്രീകളനുഭവിക്കുന്ന സമ്മര്‍ദങ്ങളെപ്പറ്റി ധാരണയുള്ളവര്‍ കുറവാണ്. ധാരണയുള്ള പുരുഷന്മാരും സ്ത്രീസുഹൃത്തുക്കള്‍ തങ്ങളിലേല്‍പ്പിക്കുന്ന വൈകാരികഭാരം ഏറ്റെടുക്കാന്‍ വിമുഖരായിരിക്കും. ലിംഗപദവീസംബന്ധമായ വേര്‍തിരിവുകളിലെ ശരികേടുകളെക്കുറിച്ച് ബോധ്യമുണ്ടായിരിക്കെത്തന്നെ, തങ്ങളുടെ കൂട്ടത്തിലെത്തുന്ന ഒരു സ്ത്രീയോടുള്ള സമീപനം പരമ്പരാഗതരീതിയിലായിപ്പോയെന്നും വരാം. പൊളിറ്റിക്കല്‍ കറക്ട്നസനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തല്‍ ബോറാണെന്ന് അഭിപ്രായമുള്ളവരുണ്ടാകാം.
ഉച്ചരിക്കുന്ന വാക്കിനെയും ചെയ്യുന്ന പ്രവൃത്തിയെയും സ്വയം ഓഡിറ്റ് ചെയ്തുകൊണ്ടല്ലാതെ ഒരു ജനാധിപത്യസമൂഹത്തില്‍ പുലരാനാവില്ലെന്നത് വസ്തുതയാണ്. പഴയകാലത്ത് വാത്സല്യസൂചകമായി ഉപയോഗിച്ചിരുന്ന വാക്കുകള്‍പോലും ശരികേടുകള്‍ തിരിച്ചറിഞ്ഞുതുടങ്ങിയപ്പോള്‍ ഭാഷയില്‍നിന്ന് പോയിട്ടുണ്ടല്ലോ. ഭാഷയല്ല, അതിന് പിന്നിലെ മനോഭാവമാണ് എക്കാലവും പ്രശ്‌നമായിരുന്നത്. പ്രവൃത്തികള്‍ക്കും അത് ബാധകമാണ്.
പുരുഷന്മാരും സ്ത്രീകളുമായുള്ള സൗഹൃദത്തെ സംശയത്തോടെ കാണുന്ന സമൂഹം സ്ത്രീകള്‍തമ്മിലുള്ള സൗഹൃദത്തെ അവിശ്വാസത്തോടെയാണ് കാണുക. 'നാല് തലചേര്‍ന്നാലും നാല് മുല ചേരില്ല' എന്ന പഴഞ്ചൊല്ലോര്‍ക്കുക. എത്ര ഹൃദയബന്ധമുണ്ടെങ്കിലും രണ്ട് സ്ത്രീകള്‍തമ്മില്‍ നിരുപാധികമായ സൗഹൃദം സാധ്യമല്ലെന്ന വിശ്വാസമാണ് അതിന് പിന്നില്‍. നമ്മുടെ സമൂഹത്തില്‍ വെല്ലുവിളികള്‍ സധൈര്യം ഏറ്റെടുക്കാനാവുന്ന സ്ത്രീകള്‍ കുറവാണ്. സാമ്പത്തികസ്വാതന്ത്ര്യമില്ലാത്തവരും തീരുമാനമെടുക്കല്‍ ശേഷി കുറഞ്ഞവരുമായ സ്ത്രീകള്‍ക്ക് സൗഹൃദങ്ങള്‍ നിലനിര്‍ത്തുന്നതും ഒരു വെല്ലുവിളിയാണ്. കുടുംബത്തിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ച് അവര്‍ക്ക് സൗഹൃദങ്ങളെ നിലനിര്‍ത്തുകയും ഉപേക്ഷിക്കുകയും ചെയ്യേണ്ടിവരും. 
വിവാഹബന്ധം തകര്‍ന്ന സ്ത്രീകളെ സ്വന്തം ഭാര്യമാര്‍ സുഹൃത്തുക്കളായി കാണുന്നത് ഇഷ്ടപ്പെടാത്ത പുരുഷന്മാരുണ്ട്. അവരുമായുള്ള സൗഹൃദം തങ്ങളുടെ ഭാര്യമാര്‍ക്ക് ചീത്തപ്പേരുണ്ടാക്കുകയും തങ്ങളുടെ കുടുംബസമാധാനം തകര്‍ക്കുകയും ചെയ്യുമെന്ന് അവര്‍ ഭയക്കും. നേരേ തിരിച്ചും സംഭവിക്കാം. തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്ക് അത്തരം സൗഹൃദങ്ങളുണ്ടാകുന്നത് സ്ത്രീകളെയും ഭയപ്പെടുത്തിയേക്കാം. ആ വിധത്തില്‍ ചില സംഭാഷണങ്ങള്‍ കേട്ട് നിര്‍വൃതിയടയാനുള്ള അവസരങ്ങളുണ്ടായ സ്ത്രീയെന്ന നിലയില്‍ എനിക്കത് ഉറപ്പിച്ചുപറയാന്‍ സാധിക്കും. പ്രസ്തുത സൗഹൃദങ്ങള്‍ എത്ര വിലപ്പെട്ടതായാലും അവരുടെ സ്വസ്ഥതയെ മുന്‍നിര്‍ത്തി ഒഴിവാക്കുകമാത്രമേ, ചെയ്യാനുള്ളൂ. ഒറ്റയ്ക്ക് ജീവിക്കാനെടുക്കുന്ന തീരുമാനത്തിന് അങ്ങനെ ചില പാര്‍ശ്വഫലങ്ങള്‍കൂടിയുണ്ട്.
ജീവിതകാലം മുഴുവന്‍ ഒരു രാഷ്ട്രീയപ്രസ്ഥാനത്തില്‍ വിശ്വസിച്ച് പ്രവര്‍ത്തിച്ച ഒരാള്‍ അതില്‍നിന്ന് പുറത്തേക്കുപോവുന്ന സാഹചര്യം ഒന്ന് സങ്കല്പിച്ചുനോക്കൂ. അയാളുടെ പാല്‍ക്കാരന്‍മുതല്‍ തൊഴിലുടമവരെ ആ പ്രസ്ഥാനത്തിന്റെ ഭാഗമായിരിക്കും. പൊതുവിടങ്ങള്‍ മുഴുവന്‍ ആ മേല്‍വിലാസത്തിലാണ് അയാള്‍ ഉപയോഗിച്ചിരിക്കുക. അയാളുടെ ഒരുവിധം എല്ലാ സൗഹൃദങ്ങളും അതിനകത്തായിരിക്കും. ആ രാഷ്ട്രീയം ഉപേക്ഷിക്കുന്നതോടെ അവസാനിക്കുന്നത് അയാളുടെ സാമൂഹികബന്ധങ്ങള്‍കൂടിയാണ്. ഇന്ത്യയില്‍ ദാമ്പത്യം അവസാനിപ്പിക്കുന്ന സ്ത്രീക്ക് നേരിടാനുള്ളതും സമാനമായ അവസ്ഥയാണ്, സംശയിക്കാനൊന്നുമില്ല. അതില്‍നിന്ന് ചിറകുകള്‍ കുടഞ്ഞുനിവര്‍ത്തി പറന്നുയരാന്‍ ഇരട്ടിയിലധികം അധ്വാനം വേണം. അതുകൊണ്ട് ഏതുനിമിഷവും ഒറ്റയ്ക്കാവുക എന്നത് പ്രതീക്ഷിച്ചിരിക്കണം, ഒപ്പം ആള്‍ക്കാരുണ്ടായാല്‍ നന്ന്. അത്രമാത്രം.
തങ്ങളുടെ പ്രശ്‌നങ്ങള്‍ ഇറക്കിവയ്ക്കാനുള്ള വൈകാരികമായ ആശ്രയസ്ഥാനങ്ങളായി പലരും സൗഹൃദങ്ങളെ കാണാറുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ആശ്വാസപ്രദമായേക്കാമെങ്കിലും അതിനൊരു മറുവശംകൂടിയുണ്ട്. സുഹൃത്തുക്കള്‍ പല താത്പര്യമുള്ളവരായിരിക്കാം. ഇതേ സമൂഹത്തില്‍ത്തന്നെ ജീവിക്കുന്നവരാകയാല്‍ നിലവിലെ പൊതുബോധം പങ്കിടുന്നവരാകും അവരും. പലപ്പോഴും നാം അതീവവിശ്വാസത്തോടെ പങ്കുവെച്ച പല കാര്യങ്ങളും തെരുവിലലക്കപ്പെടുന്ന കാഴ്ച കാണേണ്ടിവരും. സങ്കടക്കാലത്ത് ഹൃദയഭാരം കുറയ്ക്കാനായി പറഞ്ഞതാവാം പലതും. അത്തരം അനുഭവങ്ങളുണ്ട്.
ജീവിതത്തിലെ പല സാഹചര്യങ്ങളിലും മുറിവേറ്റവര്‍ തങ്ങള്‍ക്കൊപ്പം ആരെങ്കിലുമുണ്ടാവണമെന്ന് പ്രതീക്ഷിക്കും. ഒപ്പം നില്‍ക്കുന്നവര്‍ എക്കാലവും തങ്ങളുടെ ഭാഗംതന്നെ പറയണമെന്ന് ചിന്തിക്കും. അതിലെ ശരിതെറ്റുകളും ന്യായാന്യായങ്ങളും വിശകലനം ചെയ്യാന്‍ അവര്‍ മെനക്കെട്ടെന്നുവരില്ല. വൈകാരികമായി തങ്ങള്‍ ഏറ്റവും ആശ്രയിച്ച സുഹൃത്തുക്കള്‍ ഒഴിഞ്ഞുപോവുകയോ നിലപാടുമാറ്റുകയോ ചെയ്യുമ്പോള്‍ അവര്‍ തകര്‍ന്നുപോകാനാണിട. നിലവിലുള്ളതിനെക്കാള്‍ മോശമായ സ്ഥിതിയിലേക്ക് വീണുപോയേക്കും.
ഒപ്പം നില്‍ക്കുന്നവരാല്‍ പലതരത്തില്‍ ചൂഷണം ചെയ്യപ്പെടാന്‍ മറ്റൊരു സാധ്യതകൂടിയുണ്ട്. വൈകാരികാശ്രയത്വം കാരണം അത് തത്സമയം തിരിച്ചറിയാന്‍ കഴിയണമെന്നുമില്ല. ഏതെങ്കിലും തരത്തില്‍ അതില്‍നിന്ന് പുറത്തുകടക്കാന്‍ ശ്രമിച്ചാല്‍ അപവാദപ്രചാരണങ്ങള്‍ പിന്നാലെയുണ്ടാവാന്‍ അധികം താമസമില്ല. തലേന്നുവരെ ഒപ്പം നിന്നവര്‍ തികഞ്ഞ ശത്രുക്കളായി മാറിയെന്നുവരും. അതിലൊന്നും ലിംഗവ്യത്യാസമില്ല എന്നത് വേറൊരു കാര്യം. അത്തരം വിശ്വാസത്തകര്‍ച്ചകളുണ്ടാക്കുന്ന പരിക്കുകള്‍ തീവ്രമായിരിക്കും.
ഇക്കാര്യങ്ങളൊന്നും ചുറ്റുമുള്ളവര്‍ക്ക് ബോധ്യപ്പെടണമെന്നില്ല. അഥവാ വിശദീകരിക്കാന്‍ ശ്രമിച്ചാലും, സ്വയംകൃതാനര്‍ഥമല്ലേ, അപ്പോഴേ പറഞ്ഞില്ലേ, അഹങ്കാരത്തിന്റെ ഫലമല്ലേ, എന്ത് പങ്കുവയ്ക്കാനുണ്ടെങ്കിലും സ്വന്തം വീട്ടുകാരോട് പങ്കുവെച്ചാല്‍പ്പോരേ, സ്വന്തം പങ്കാളികളെക്കാള്‍ മികച്ച സുഹൃത്തുക്കളെ എവിടുന്ന് കിട്ടാനാണ്, സൗഹൃദങ്ങളൊക്കെ കുടുംബത്തിന് പുറത്തുനിര്‍ത്തേണ്ടതാണ്, പ്രണയത്തിനും രതിക്കുമുള്ള രഹസ്യമാര്‍ഗമാണ് സൗഹൃദങ്ങള്‍ എന്നൊക്കെയാവും പ്രതികരണങ്ങള്‍.
ഇതൊക്കെക്കൂടി ഉണ്ടാക്കിത്തീര്‍ക്കുന്ന സംഘര്‍ഷങ്ങളെക്കാള്‍ ഭേദമാണ് നിലവിലെ സഹനജീവിതം എന്ന് സ്ത്രീകള്‍ വിചാരിക്കുന്നതില്‍ അദ്ഭുതമൊന്നുമില്ല. അതിനെക്കാള്‍ രസമുള്ള മറ്റൊന്നുകൂടിയുണ്ട്. അത് പറയാതെ ഈ വൃത്തം പൂര്‍ത്തിയാവില്ല. മനുഷ്യര്‍ തങ്ങളുടെ പ്രതിസന്ധികളില്‍ ആദ്യമൊക്കെ പതറിയെന്നുവരാം. ആ സമയത്ത് കാണുന്ന കച്ചിത്തുരുമ്പിലൊക്കെ അവര്‍ പിടികൂടിയെന്നുവരും. അതിജീവനത്തിനായുള്ള പിടച്ചിലാണത്. ഒരുവിധം കരകയറി ജീവിതത്തിനുനേര്‍ക്ക് അവര്‍ പ്രസാദപൂര്‍ണമായി നോക്കിത്തുടങ്ങുന്ന ഒരു ഘട്ടമുണ്ടാകും. മുറിഞ്ഞുപോയ ആത്മവിശ്വാസം തിരിച്ചെടുത്ത് അവര്‍ ജീവിതത്തെ നേരിട്ടുതുടങ്ങും. അപ്പോഴാവും നേരത്തേ ഖേദങ്ങള്‍ കേട്ടിരുന്നവരും ഒപ്പം നിന്നവരുമായ ചിലരെങ്കിലും അതിന്റെ വില ആവശ്യപ്പെടുക.
ഒരിക്കല്‍ നിങ്ങള്‍ അവരോട് നിര്‍ത്താതെ സങ്കടം പറഞ്ഞിരുന്നുവെന്നത് എക്കാലവും നിങ്ങള്‍ അവരുടെ കാലടിയില്‍ കിടക്കണമെന്നതിന്റെ ന്യായമല്ല എന്ന് ഓര്‍മിപ്പിക്കേണ്ടിവന്നേക്കും. തികഞ്ഞ നന്ദികേടായി മാത്രമേ അവരും ലോകവും അതിനെ കാണുകയുള്ളൂ. പക്ഷേ, സാരമില്ല. ഈ ഘട്ടം വളരെ പ്രധാനമാണ്.
സൗഹൃദത്തെക്കുറിച്ച് പ്രാഥമിക ധാരണയില്ലാത്തവരുടെ തലയില്‍ അതിന്റെ ബാധ്യതയേല്പിക്കരുത്. മുറിവുകളുണ്ടായേക്കാമെങ്കിലും അതില്‍ പശ്ചാത്തപിക്കേണ്ടതില്ല. സുഹൃത്താണ് എന്ന അധികാരമുപയോഗിച്ച് പരസ്യമായി അപമാനിക്കുന്നവരെയും വ്യക്തിയുടെ അന്തസ്സെന്താണെന്ന് ബോധ്യമില്ലാത്തവരെയും സ്‌നേഹത്തെയും സൗഹൃദത്തെയും സ്വാര്‍ഥതാത്പര്യങ്ങള്‍ക്കുവേണ്ടിമാത്രം ഉപയോഗിക്കുന്നവരെയും പരിചയക്കാരുടെ പട്ടികയില്‍പ്പോലും നിര്‍ത്തേണ്ട. അത്തരം സൗഹൃദങ്ങള്‍ക്ക് വൈകിയാണെങ്കില്‍പ്പോലും ഒരു തിരഞ്ഞെടുപ്പ് അനിവാര്യമാകാറുണ്ട്. അതിലൊക്കെയും ആത്മാഭിമാനം മാത്രമാണ് മാനദണ്ഡം.
ഏത് ബന്ധത്തിലും കാലാന്തരത്തില്‍ ആഗ്രഹിക്കുന്നതോ അല്ലാത്തതോ ആയ പരിണാമങ്ങളുണ്ടായേക്കാം. ദാമ്പത്യത്തിലും രക്തബന്ധങ്ങളിലും ഉണ്ടാവാം. ആ സ്ഥിതിക്ക് സൗഹൃദങ്ങളെമാത്രം അതില്‍നിന്ന് ഒഴിച്ചുനിര്‍ത്തേണ്ടതില്ല. നഷ്ടമായ സൗഹൃദങ്ങളെയോര്‍ത്ത് പശ്ചാത്തപിക്കേണ്ടതുമില്ല. നിരുപാധികം ഒപ്പം നില്‍ക്കുകയും അന്തസ്സിന് കോട്ടം തട്ടിക്കാതിരിക്കുകയും ചെയ്ത ബന്ധങ്ങളെ തിരിച്ചറിഞ്ഞ് അവയെ നിലനിര്‍ത്താം. പഴയ ഇഴയടുപ്പമില്ലെങ്കില്‍പ്പോലും മാന്യമായി തുടര്‍ന്നുപോകാം. അവരവരുടെ സൗഹൃദങ്ങളുടെയും ബന്ധങ്ങളുടെയും സ്വഭാവമെന്താണെന്ന് സ്വയം തിരിച്ചറിഞ്ഞാല്‍ മതി, അതേപ്പറ്റി മറ്റുള്ളവര്‍ക്ക് വിശദീകരണം നല്‍കുകയോ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയോ വേണ്ട.
പറഞ്ഞുവന്നത് മുഴുമിപ്പിക്കാം. എന്തുകൊണ്ട് ആരോടും പറഞ്ഞില്ല എന്ന ചോദ്യം. മൂന്ന് ചോദ്യങ്ങളാണുത്തരം.
ആരോട് പറയാനാവും?
എപ്പോള്‍ പറയണമായിരുന്നു?
എങ്ങനെ പറയണം?
എല്ലാ ചോദ്യങ്ങളും മനോഹരമായ ഒരുപിടി സൗഹൃദങ്ങളുടെ ആവശ്യകതയിലേക്ക് നിസ്സംശയം വിരല്‍ ചൂണ്ടുന്നത് കാണാം. സുഹൃത്തുക്കളേ, അതാണ് നമുക്ക് ഏറെക്കാലം, ഒരുപക്ഷേ, എക്കാലവും ആവശ്യമായിരുന്നത്.
Content Highlights: writer r rajasree column
Published: 26 Apr 2024, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented