നടിയും അവതാരകയും കോളമിസ്റ്റുമാണ് പൂജ ബേദി. പ്രശസ്ത നർത്തകിയായിരുന്ന പ്രോതിമ ബേദിയുടെയും നടൻ കബീർ ബേദിയുടെയും മകൾ. വളരെ വ്യത്യസ്തമായ കുടുംബസാഹചര്യങ്ങളിലായിരുന്നു പൂജയുടെയും സഹോദരൻ സിദ്ധാർഥിന്റെയും വളർച്ച. ഒരു 'ബൊഹീമിയൻ' ജീവിതമായിരുന്നുവെന്ന് പിന്നീട് പൂജ തന്നെ പറഞ്ഞിട്ടുണ്ട്.
1991-ൽ പൂജയും ബോളിവുഡിലേക്ക് കടന്നു. അതിനൊപ്പം പരസ്യങ്ങളിലും അഭിനയിച്ചു. ആമിർ ഖാൻ നായകനായ 'ജോ ജീതാ വഹി സിക്കന്ദർ' എന്ന സിനിമയിലൂടെ മികച്ച തുടക്കമാണ് അവർക്ക് ബോളിവുഡിൽ ലഭിച്ചത്. വിഷ്‌കന്യ, ലൂട്ടേറ, ആതങ്ക് ഹി ആതങ്ക് എന്നിവയാണ് അവർ അഭിനയിച്ച സിനിമകൾ. മികച്ച തുടക്കം ലഭിച്ചിട്ടും പൂജ അധികനാൾ സിനിമയിൽ തുടർന്നില്ല. വളരെ കുറച്ച് നാളുകൾക്കുള്ളിൽ അവർ സിനിമയിൽനിന്ന് അകന്നു. പിന്നാലെ പ്രമുഖപത്രങ്ങൾക്കുവേണ്ടി കോളമിസ്റ്റായി.
Also Read
1994-ലാണ് പൂജ വിവാഹിതയാവുന്നത്. ഭർത്താവ് ഗുജറാത്തി മുസ്ലിമായ ഫർഹാൻ ഫർണീച്ചർവാല. ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത് 1990-ലാണ്. പരിചയം പ്രണയത്തിലേക്ക് മാറി. മതംമാറി ഫാത്തിമ എന്ന് പേരുമാറ്റിയാണ് പൂജ വിവാഹിതയായത്. 2003-ൽ ഇരുവരും വിവാഹബന്ധം വേർപ്പെടുത്തുകയും ചെയ്തു.
വിവാഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമെല്ലാം സംസാരിക്കുകയാണ് പൂജ ഇപ്പോൾ. വിവാഹമോചിതരായെങ്കിലും ഇന്നും താനും ഭർത്താവും ഉറ്റസുഹൃത്തുക്കളാണെന്നും പൂജ പറയുന്നു. സുഹാസിനി മണിരത്‌നവുമായുള്ള അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
ഒരു മുസ്ലീം യുവാവിനെയാണ് വിവാഹം കഴിച്ചതെങ്കിലും, അന്ന് ഇന്നത്തെപ്പോലെ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് അവർ പറയുന്നു. ''മുസ്ലീം-ഹിന്ദു വികാരം വളരെ സങ്കടകരമാണ്. കാരണം ഞാൻ വളർന്നുവന്നത് ജനാധിപത്യപരവും മതേതരവുമായ ഒരു അന്തരീക്ഷത്തിലാണ്''. എന്നാൽ, വിവാഹം കഴിച്ചെത്തിയത് ഒരു 'പരമ്പരാഗത' (conservative) കുടുംബത്തിലേക്കായിരുന്നു. ആ കുടുംബത്തോടൊപ്പം താമസിക്കുമ്പോൾ, തന്റെ യഥാർഥ ഐഡന്റിറ്റി വെളിപ്പെടുത്തിയിരുന്നുവെങ്കിൽ, അതവരെ അസ്വസ്ഥരാക്കുമായിരുന്നു. അതുകൊണ്ട് സിനിമ ഉപേക്ഷിക്കാൻ തീരുമാനിച്ചുവെന്നും പൂജ വെളിപ്പെടുത്തുന്നു.
'ജോ ജീത വഹി സിക്കന്ദർ' എന്ന ചിത്രത്തിനുശേഷം നിരവധി ഓഫറുകൾ ലഭിച്ചു. കുറേ കരാറുകളിൽ ഒപ്പിടുകയും അഡ്വാൻസ് വാങ്ങുകയും ചെയ്തു. എന്നാൽ സിനിമ ഉപേക്ഷിക്കാൻ തീരുമാനിച്ചതോടെ, എല്ലാ അഡ്വാൻസും തിരിച്ചുനൽകി. സിനിമയിൽനിന്ന് പൂർണമായും അകന്നു. ''ഒരു ഭാര്യയും മരുമകളും ആകണമെങ്കിൽ, അതിന്റെ ഏറ്റവും മികച്ച പതിപ്പാകാൻ ഞാൻ നന്നായി പരിശ്രമിക്കണമെന്ന് സ്വയം ചിന്തിച്ചു'', അവർ പറഞ്ഞു. ആ കാലത്ത് സ്ത്രീ അഭിനേതാക്കളുടെ കരിയർ വിവാഹിതരായാൽ അവസാനിച്ചുവെന്ന് കണക്കാക്കപ്പെട്ടിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ജീവിതത്തിൽ ഒരുപാട് തെറ്റുകളുണ്ടായിട്ടുണ്ടെങ്കിലും, വിവാഹത്തെ ഒരു തെറ്റായി കാണാൻ കഴിയില്ലെന്നും പൂജ പറയുന്നു. ''വിവാഹം ഒരു അനുഭവമാണ്, അതൊരു യാത്രയാണ്. രണ്ട് സുന്ദരികളായ കുട്ടികളെ നൽകിയതിന് ഞാൻ അദ്ദേഹത്തോട് നന്ദി പറയുന്നു. അവരില്ലായിരുന്നെങ്കിൽ ജീവിതം എങ്ങനെയായിരിക്കുമെന്ന് എനിക്കറിയില്ല. ഞാൻ അവരെ സ്‌നേഹിക്കുന്നു'', പൂജയുടെ വാക്കുകൾ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Pooja Bedi left her acting career to prioritize her role as a wife and daughter-in-law. She married Farhan Furniturewalla in 1994 and converted to Islam, changing her name to Fatima.
Published: 15 May 2026, 11:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented