ഇരുപതിനായിരം പേരുടെ അധ്വാനത്തില്‍ പടുത്തുയര്‍ത്തപ്പെട്ട പ്രണയോപഹാരമാണ് താജ്മഹല്‍. വെണ്ണക്കല്‍ക്കവിത എന്ന് ഒറ്റവാക്കില്‍ താജ്മഹലിനെ വിശേഷിപ്പിക്കാം. ലോകത്തെ ഏഴ് അദ്ഭുതങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന താജ്മഹല്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെയും ഭാര്യ മുംതാസിന്റെയും ശവകുടീരമാണ്. ഇന്ത്യയുടെ നാനാഭാഗത്തുനിന്നും തുര്‍ക്കി, സിറിയ, പേര്‍ഷ്യ, ബലൂചിസ്ഥാന്‍ എന്നീ അന്യനാടുകളില്‍ നിന്നും വന്ന കലാകാരന്മാരാണ് താജ്മഹലിനെ അനശ്വരമാക്കിയത്. വര്‍ഷം തോറും താജിന്റെ സൗന്ദര്യം നുകരാന്‍ ഇന്ത്യയിലെത്തുന്നത് 7-8 ദശലക്ഷം പേരാണ്. 

മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിന്റെ പ്രിയപത്‌നി നൂര്‍ജഹാന്റെ മൂത്ത സഹോദരന്‍ അബുല്‍ ഹസന്‍ അസഫ് ഖാന്‍ എന്ന പ്രമാണിക്ക് അര്‍ജുമന്ദ് ബാനു ബീഗം എന്നൊരു മകളുണ്ടായിരുന്നു. അവളുടെ ബുദ്ധിശക്തിയെയും സൗമ്യശീലത്തെയും സൗന്ദര്യത്തെയും സകലരും വാഴ്ത്തി. ആ പെണ്‍കുട്ടിയാണ് പില്‍ക്കാലത്ത് മുംതാസ് എന്ന് ചരിത്രത്തില്‍ ഇടം നേടിയത്.

പതിനാലാം വയസ്സിലാണ് രാജകുമാരനായ ഖുറവുമായി അര്‍ജുമന്ദിന്റെ നിക്കാഹ് നടന്നത്. നാല് വര്‍ഷത്തിന് ശേഷം വിവാഹം. വിവാഹശേഷം അര്‍ജുമന്ദിന് ഷാജഹാന്‍ മുംതാസ് (ശ്രേഷ്ഠ) എന്ന പേരുനല്കി. അപ്പോഴേക്കും ഷാജഹാന് രണ്ട് ഭാര്യമാരുണ്ടായിരുന്നു. ഷാജഹാന്റെ മൂന്നാം ഭാര്യയാണ് മുംതാസ്. അതിനുശേഷവും അദ്ദേഹം വിവാഹങ്ങള്‍ കഴിച്ചു. മുംതാസ് അടക്കം അദ്ദേഹത്തിന് പത്ത് ഭാര്യമാര്‍ ഉണ്ടായിരുന്നു. പക്ഷേ അതെല്ലാം വെറും രാഷ്ട്രീയബന്ധങ്ങള്‍ മാത്രമായിരുന്നു. ചക്രവര്‍ത്തിയുടെ മനസ്സിലിടം നേടിയത് മുംതാസ് മാത്രമെന്ന് ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

മറ്റ് മുഗള്‍ ചക്രവര്‍ത്തിനിമാരേക്കാള്‍ സ്വാധീനം ഭരണകാര്യങ്ങളില്‍ മുംതാസിന് ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഷാജഹാനോടൊപ്പമായിരുന്നു മുംതാസ് എപ്പോഴും. അദ്ദേഹത്തിന്റെ എല്ലാ യാത്രകളിലും സ്ഥിരം സഹചാരി. അനാരോഗ്യത്തിന് പോലും അവരെ പിന്മാറ്റാനായില്ല. രാജസദസ്സിലും അവര്‍ക്ക് സ്ഥാനമുണ്ടായിരുന്നു. ഭരണകാര്യങ്ങളില്‍ മുംതാസിന്റെ അഭിപ്രായത്തിന് ഷാജഹാന്‍ അങ്ങേയറ്റം വില കല്പിച്ചിരുന്നു. എന്തിന്, രാജമുദ്രയുടെ അധികാരം പോലും അവരില്‍ നിക്ഷിപ്തമായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ മുംതാസിന്റെ അനുവാദമില്ലാതെ രാജകല്പനകള്‍ നടക്കില്ലെന്നര്‍ത്ഥം. ഏറ്റവും സുഖസൗകര്യങ്ങളും സമ്മാനങ്ങളും ഷാജഹാന്‍ നല്‍കിയതും മുംതാസിന് തന്നെ.

പത്തൊന്‍പത് വര്‍ഷം നീണ്ട ദാമ്പത്യത്തില്‍ 13 കുട്ടികള്‍. അതില്‍ പലരും ജനനസമയത്തോ ചെറുപ്രായത്തിലോ മരണപ്പെട്ടു. മുംതാസിന്റെ മകന്‍ ദാരാ ഷിക്കോവിനെയാണ് തന്റെ അനന്തരാവകാശിയായി ഷാജഹാന്‍ പരിഗണിച്ചത്. അങ്ങനെ രാജാമാതാവിന്റെ പദവിയും അദ്ദേഹം പ്രിയപത്‌നിക്ക് വാഗ്ദാനം ചെയ്തു.

പതിമൂന്നാം ഗര്‍ഭകാലത്ത് ഷാജഹാനോടൊപ്പം ബര്‍ഹാന്‍പൂരിലേക്ക് പുറപ്പെട്ടതെയായിരുന്നു മുംതാസ്. ഇത്തവണ വിധി ചതിച്ചു. അതിതീവ്രമായ രക്തസ്രാവത്തില്‍ മുംതാസിന് ജീവന്‍ നഷ്ടമായി. ചക്രവര്‍ത്തിക്ക് പ്രിയപ്പെട്ടവളെ ബര്‍ഹാപൂരില്‍ താപ്തി നദിക്കരയില്‍ അടക്കം ചെയ്യേണ്ടിവന്നു. ഷാജഹാന്‍ വിഷാദത്തിലേക്ക് കൂപ്പുകുത്തി. മുംതാസിന്റെ വിയോഗം ഷാഹ്ജഹാനെ വല്ലാതെ തളര്‍ത്തി. അദ്ദേഹത്തിന് പെട്ടെന്ന് ജര ബാധിച്ചു. ശരീരം തളരുകയും മുഖം ചുളിവുകളാല്‍ നിറയുകയും ചെയ്തു. മുംതാസ് മരിച്ചത് ഒരു ബുധനാഴ്ചയായിരുന്നു. അതുകൊണ്ട് അന്നത്തെ ദിവസം ഷാജഹാന്‍ വിനോദങ്ങള്‍ നിരോധിച്ചു. മുംതാസിന്റെ മകള്‍ ജഹനാരയാണ് ഏറെ പണിപ്പെട്ട് പിതാവിനെ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്.

അധികം വൈകാതെ മുംതാസിന്റെ ഭൗതികാവശിഷ്ടങ്ങള്‍ സ്വര്‍ണപ്പേടകത്തിലാക്കി ഡല്‍ഹിയിലെത്തിച്ചു. താപ്തി തീരത്തില്‍ നിന്നും മുംതാസ് യമുനാതീരത്തെത്തി. തന്റെ പ്രണയിനിക്ക് ലോകം ഇന്നോളം കണ്ടിട്ടില്ലാത്തത്ര സുന്ദരമായ കല്ലറ പണിയാന്‍ ഷാജഹാന്‍ തീരുമാനിച്ചു. അങ്ങനെ മുംതാസിന്റെ ഓര്‍മയില്‍ ഇരുപത്തിരണ്ട് കൊല്ലമെടുത്ത് ഷാജഹാന്‍ പടുത്തുയര്‍ത്തിയ പ്രണയോപഹാരമാണ് താജ്മഹല്‍.

പേര്‍ഷ്യക്കാരനായ ഉസ്താദ് ഇസയാണ് താജ്മഹലിന്റെ ഡിസൈന്‍ തയ്യാറാക്കിയത്. മുഖ്യ താഴികക്കുടം ഡിസൈന്‍ ചെയ്തത് ഓട്ടോമന്‍ സാമ്രാജ്യത്തില്‍ നിന്നെത്തിയ ഇസ്മായില്‍ ഖാന്‍. താജ്മഹലിന്റെ വെണ്ണക്കല്‍ ചുമരുകളില്‍ കാണുന്ന അതിസുന്ദരമായ കാലിഗ്രഫി നടന്നത് ഇറാന്‍ സ്വദേശി അമാനത് ഖാന്റെ നേതൃത്വത്തിലാണ്.

താജ്മഹലിനെ ചുറ്റുന്ന ചാര്‍ബാഗ് എന്ന പൂന്തോപ്പ് മുഗള്‍ വാസ്തുവിദ്യയുടെ ഏറ്റവും സുന്ദരമായ ഏടാണ്. ഹുമയൂണ്‍, അക്ബര്‍, ജഹാംഗീര്‍ എന്നീ മുന്‍ മുഗള്‍ ചക്രവര്‍ത്തിമാരുടെ സ്മൃതികുടീരത്തിനു ചുറ്റും ഇതേ മാതൃകയിലുള്ള പൂന്തോട്ടങ്ങള്‍ ഉണ്ടായിരുന്നു. ഇടയിലൂടെ നദി ചാലായി ഒഴുകുമ്പോലെയാണ് ഈ പൂന്തോപ്പ് രൂപപ്പെടുത്തിയിട്ടുള്ളത്.

ഷാജഹാന്റെ പ്രാണനായ മുംതാസിന്റെ മകന്‍ തന്നെയാണ് പിന്നീട് അദ്ദേഹത്തിന്റെ പ്രാണന്‍ പോകാന്‍ കാരണമായത് എന്നതാണ് വിചിത്രം. മുംതാസിന്റെ ആറാമത്തെ മകനായ ഔറംഗസേബ് ഷാജഹാനെ ആഗ്ര കോട്ടയില്‍ തടവിലാക്കി. താജ്മഹല്‍ കണ്ടുകിടക്കാനുള്ള അനുവാദം മാത്രമാണ് മകനോട് ഷാജഹാന്‍ തേടിയത്. ഷാജഹാന്റെ മരണശേഷം ഔറംഗസേബ് അദ്ദേഹത്തെ മുംതാസിന് തൊട്ടടുത്തായി താജ്മഹലിനുള്ളില്‍ തന്നെ അടക്കം ചെയ്തു.

 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi