കഴിഞ്ഞ ദിവസമായിരുന്നു ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ 42-ാം ജന്മദിനം. പ്രിയതമയുടെ പിറന്നാൾ ദിനം കൂടുതൽ മനോഹരമാക്കാൻ, ഇരുവരുടെയും പ്രണയനിമിഷങ്ങൾ കോർത്തിണക്കിയ മനോഹരമായൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവൻ.

To advertise here,

ഇരുവരും ഒന്നിച്ചുള്ള യാത്രകളിലെയും കടൽത്തീരത്തെ സായാഹ്നങ്ങളിലെയും ആരാധകർ ഇതുവരെ കാണാത്ത അപൂർവ്വ നിമിഷങ്ങളാണ് വീഡിയോയിലുള്ളത്. വിഘ്നേഷ് സംവിധാനം ചെയ്ത് നയൻതാരയും വിജയ് സേതുപതിയും ഒന്നിച്ച 'നാനും റൗഡി താൻ' എന്ന ചിത്രത്തിലെ 'നീയും ഞാനും...' എന്ന പ്രണയാർദ്രമായ ഗാനമാണ് വീഡിയോയുടെ പശ്ചാത്തലത്തിൽ നൽകിയിരിക്കുന്നത്.

വീഡിയോയ്ക്കൊപ്പം വിഘ്നേഷ് കുറിച്ച വാക്കുകളാണ് ആരാധകരുടെ മനം കവരുന്നത്. "ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്ക് നീ മാത്രം മതി... എന്റെ ജീവിതവും ലോകവുമായ എന്റെ പൊന്ന് നയൻതാരയ്ക്ക് ഒരായിരം സ്നേഹം" എന്നാണ് വിഘ്നേഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

2015-ൽ 'നാനും റൗഡി താൻ' എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നയൻതാരയും വിഘ്നേഷും കണ്ടുമുട്ടുന്നത്. ആ സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറി. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2022-ൽ മഹാബലിപുരത്ത് വെച്ച് നടന്ന ഗംഭീരമായ ചടങ്ങിൽ ഇരുവരും വിവാഹിതരായി. അതേ വർഷം തന്നെ ഉയിർ, ഉലക് എന്നീ ഇരട്ടക്കുട്ടികൾ കൂടി ജീവിതത്തിലേക്ക് എത്തിയതോടെ ഇവരുടെ കുടുംബജീവിതം കൂടുതൽ മനോഹരമായി. മക്കളോടൊപ്പമുള്ള സന്തോഷനിമിഷങ്ങൾ വിഘ്നേഷ് ഇടയ്ക്കിടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

തന്റെ ജീവിതത്തിൽ നയൻതാര ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് വിഘ്നേഷ് എപ്പോഴും വാചാലനാകാറുണ്ട്. 'നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിൽ, തങ്ങളുടെ പ്രണയകാലത്ത് നേരിടേണ്ടി വന്ന കടുത്ത സൈബർ ആക്രമണങ്ങളെക്കുറിച്ചും സ്വകാര്യതയില്ലായ്മയെക്കുറിച്ചും വിഘ്നേഷ് തുറന്നുപറഞ്ഞിരുന്നു.

"ഞങ്ങളുടെ കാര്യത്തിൽ ഒന്നും അത്ര എളുപ്പമായിരുന്നില്ല. പുറത്തുപോയി ഒരുമിച്ച് ഭക്ഷണം കഴിക്കാൻ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു. ഞങ്ങളുടെ പ്രണയം പരസ്യമായപ്പോൾ മോശമായ മീമുകളിലൂടെയാണ് പലരും അതിനെ നേരിട്ടത്. 'ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ്' എന്ന തരത്തിലുള്ള താരതമ്യങ്ങളും, നാഗൂർ ബിരിയാണി ഒരു നായയ്ക്ക് ലഭിച്ചതുപോലെയാണെന്ന തരത്തിലുള്ള അധിക്ഷേപങ്ങളും വരെ നേരിടേണ്ടി വന്നു," വിഘ്നേഷ് അന്ന് വേദനയോടെ ഓർത്തെടുത്തു. എന്നാൽ എല്ലാ പരിഹാസങ്ങളെയും അതിജീവിച്ച് തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച താരദമ്പതികളായി ഇരുവരും മാറി.

സിനിമയിലും ഇരുവരും സജീവമാണ്. സുന്ദർ സി സംവിധാനം ചെയ്ത 'മൂക്കുത്തി അമ്മൻ 2' ആണ് നയൻതാരയുടേതായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. നവംബർ 6-ന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം 24.2 കോടി രൂപ ബോക്സ് ഓഫീസിൽ സ്വന്തമാക്കിക്കഴിഞ്ഞു. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത 'ലവ് ഇൻഷുറൻസ് കമ്പനി' ഏപ്രിലിൽ പ്രദർശനത്തിനെത്തിയിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi