നാലുതവണ വിവാഹം കഴിക്കുകയും പിന്നീട് വിവാഹമോചിതയാവുകയും ചെയ്ത തന്റെ ജീവിതാനുഭവം തുറന്നുപറയുകയാണ് പോപ് ഗായിക ജെന്നിഫർ ലോപെസ്.

To advertise here,

SiriusXM Studios-ന് നൽകിയ അഭിമുഖത്തിലാണ് തനിക്കുണ്ടായ ഹൃദയവേദനയെപ്പറ്റി അവർ മനസ്സുതുറന്നത്. സ്നേഹമുള്ളിടത്ത് ഹൃദയവേദന അനിവാര്യമാണെന്ന് ജെന്നിഫർ പറഞ്ഞു. ആളുകൾ തന്നോട് എന്ത് ചെയ്യുന്നു എന്നതിലുപരി താൻ തന്നോടെന്ത് ചെയ്യുന്നു എന്നതാണ് പ്രധാനം. സ്വയം എന്താണ് സംഭവിക്കുന്നതെന്നതെന്ന് കൃത്യമായി മനസ്സിലാക്കാൻ കുറച്ചു സമയമെടുത്തു. പരാജയപ്പെട്ട വിവാഹങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ, അവയിൽ നിന്ന് പഠിച്ച പാഠങ്ങളുണ്ട്. അവസാനത്തെ വിവാഹമോചനത്തിനുശേഷം, അതൊരു വളർച്ചയുടെ ഘട്ടമായി തോന്നി. എല്ലാം വിധിക്ക് വിട്ടുകൊടുക്കാതെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് കണ്ടെത്തണമെന്ന് തീരുമാനിക്കുകയായിരുന്നെന്നും ജെന്നിഫർ പറഞ്ഞു. 

തന്റെ തെറാപ്പിസ്റ്റിനോട് സംസാരിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി "നിങ്ങൾ വളരെ ചെറുപ്പമാണ്. മുന്നോട്ട് പോകൂ. സ്വയം കണ്ടെത്തുന്നത് തുടരൂ, നിങ്ങളിലെ എല്ലാ ഭാഗത്തെയും സ്നേഹിക്കാൻ പഠിക്കൂ. പ്രതീക്ഷയറ്റതും റൊമാന്റിക്കായതുമായ ഭാഗങ്ങളെയടക്കം" എന്നായിരുവെന്നും ജെന്നിഫർ പറഞ്ഞു. 

ജെന്നിഫർ ലോപെസിന്റെ നാല് വിവാഹങ്ങൾ

1997-ൽ മയാമിയിൽ വെയ്റ്ററായി ജോലി ചെയ്യുമ്പോഴാണ് ജെന്നിഫർ ലോപെസ് ഒജാനി നോവയെ കണ്ടുമുട്ടുന്നത്. ഇരുവരും പ്രണയത്തിലാവുകയും 1997-ൽ വിവാഹിതരാവുകയും ചെയ്തു. അധികകാലം നീണ്ടില്ല, 1998-ൽ വെറും 11 മാസത്തിനുള്ളിൽ അവർ വിവാഹമോചനം നേടി. തുടർന്ന് 'ലവ് ഡോണ്ട് കോസ്റ്റ് എ തിംഗ്' എന്ന മ്യൂസിക് വീഡിയോയുടെ ചിത്രീകരണത്തിനിടയിൽ പരിചയപ്പെട്ട പ്രൊഫഷണൽ നർത്തകനായ ക്രിസ് ജഡ്കിലൂടെ അവർ വീണ്ടും പ്രണയം കണ്ടെത്തി. 2001-ൽ വിവാഹവും 2002-ൽ വിവാഹമോചനവും നടന്നു. അതേ വർഷം നവംബറിൽ, നടൻ ബെൻ അഫ്ലെക്ക് ഗായികയോട് വിവാഹാഭ്യർത്ഥന നടത്തി. ക്രിസുമായുള്ള വിവാഹമോചനം 2003-ൽ പൂർത്തിയായശേഷം ജെന്നിഫറും ബെൻ അഫ്ലെക്കും വിവാഹനിശ്ചയം നടത്തിയിരുന്നു. എന്നാൽ വിവാഹം നടന്നില്ല.

അഫ്ലെക്കുമായുള്ള വിവാഹനിശ്ചയം അവസാനിപ്പിച്ച് മാസങ്ങൾക്കകം 2004 ജൂണിൽ നടന്ന സ്വകാര്യചടങ്ങിൽ ജെന്നിഫർ മാർക്ക് ആന്റണിയെ വിവാഹം കഴിച്ചു. 2008-ൽ ദമ്പതികൾക്ക് മാക്, എമ്മ എന്നീ ഇരട്ടക്കുട്ടികൾ ജനിച്ചു. എന്നാൽ പിന്നീട് വേർപിരിഞ്ഞു. ആന്റണി വിമാനജീവനക്കാരിയുമായി ബന്ധം പുലർത്തിയിരുന്നുവെന്നും, ഇത് ഗായികയെ തകർത്തുകളഞ്ഞുവെന്നും നിരവധി ഊഹാപോഹങ്ങളുണ്ടായിരുന്നു.

ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്കും നിരവധി പ്രണയബന്ധങ്ങൾക്കും ശേഷം, ജെന്നിഫറും അഫ്ലെക്കും വീണ്ടുമൊന്നിച്ചു. 2022-ൽ വിവാഹിതരായി. പക്ഷേ, 2024-ൽ ജെന്നിഫർ ബെന്നിൽ നിന്ന് വിവാഹമോചനത്തിന് അപേക്ഷിച്ചു. ബെൻ താമസിയാതെ റോബർട്ട് എഫ്. കെന്നഡി ജൂനിയറുടെ മകളായ കാത്ലീൻ "കിക്ക്" കെന്നഡിയുമായി ഡേറ്റിങ്ങും തുടങ്ങി. അഫ്ലെക് ജെന്നിഫറെ വഞ്ചിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അദ്ദേഹമിത് നിഷേധിക്കുകയായിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi