ജഹാംഗീറിന്റെ പ്രിയപത്‌നി നൂര്‍ജഹാന്റെ മൂത്ത സഹോദരന്‍ അബുല്‍ ഹസന്‍ അസഫ് ഖാന്‍ എന്ന പ്രമാണിക്ക് അര്‍ജുമന്ദ് ബാനു ബീഗം എന്നൊരു മകളുണ്ടായിരുന്നു. അവളുടെ ബുദ്ധിശക്തിയെയും സൗമ്യശീലത്തെയും സൗന്ദര്യത്തെയും സകലരും വാഴ്ത്തി. ആ പെണ്‍കുട്ടിയാണ് പില്‍ക്കാലത്ത് മുംതാസ് എന്ന് ചരിത്രത്തില്‍ ഇടം നേടിയത്. 

പതിനാലാം വയസ്സിലാണ് രാജകുമാരനായ ഖുറവുമായി അര്‍ജുമന്ദിന്റെ നിക്കാഹ് നടന്നത്. നാല് വര്‍ഷത്തിന് ശേഷം വിവാഹം. വിവാഹശേഷം അര്‍ജുമന്ദിന് ഷാജഹാന്‍ മുംതാസ് (ശ്രേഷ്ഠ) എന്ന പേരുനല്കി. അപ്പോഴേക്കും ഷാജഹാന് മൂന്ന് ഭാര്യമാരുണ്ടായിരുന്നു. അതിനുശേഷവും അദ്ദേഹം വിവാഹങ്ങള്‍ കഴിച്ചു. പക്ഷേ അതെല്ലാം വെറും രാഷ്ട്രീയബന്ധങ്ങള്‍ മാത്രമായിരുന്നു. ചക്രവര്‍ത്തിയുടെ മനസ്സിലിടം നേടിയത് മുംതാസ് മാത്രമെന്ന് ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

placeholder
ഷാജഹാനോടൊപ്പമായിരുന്നു മുംതാസ് എപ്പോഴും. എല്ലാ യാത്രകളിലും അദ്ദേഹത്തിന്റെ സഹചാരി. അനാരോഗ്യം പോലും അവരെ പിന്മാറ്റിയില്ല. രാജസദസ്സിലും അവര്‍ക്ക് സ്ഥാനമുണ്ടായിരുന്നു. ഭരണകാര്യങ്ങളില്‍ മുംതാസിന്റെ അഭിപ്രായത്തിന് ഷാജഹാന്‍ അങ്ങേയറ്റം വില കല്പിച്ചിരുന്നു. എന്തിന്, രാജമുദ്രയുടെ അധികാരം പോലും അവരില്‍ നിക്ഷിപ്തമായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ മുംതാസിന്റെ അനുവാദമില്ലാതെ രാജകല്പനകള്‍ നടക്കില്ലെന്നര്‍ത്ഥം. ഏറ്റവും കൂടുതല്‍ സുഖസൗകര്യങ്ങളും സമ്മാനങ്ങളും ഷാജഹാന്‍ നല്‍കിയതും മുംതാസിന് തന്നെ. 

പത്തൊന്‍പത് വര്‍ഷം നീണ്ട ദാമ്പത്യത്തില്‍ 8 ആണ്മക്കളും 6 പെണ്മക്കളുമടക്കം 14 കുട്ടികള്‍. അതില്‍ പലരും ജനനസമയത്തോ ചെറുപ്രായത്തിലോ മരണപ്പെട്ടു. മുംതാസിന്റെ മകന്‍ ദാരാ ഷിക്കോവിനെയാണ് തന്റെ അനന്തരാവകാശിയായി ഷാജഹാന്‍ പരിഗണിച്ചത്. അങ്ങ്‌നെ രാജാമാതാവിന്റെ പദവിയും അദ്ദേഹം പ്രിയപത്‌നിക്ക് വാഗ്ദാനം ചെയ്തു. 

പതിനാലാം ഗര്‍ഭകാലത്ത് ഷാജഹാനോടൊപ്പം ബര്‍ഹാന്‍പൂരിലേക്ക് പുറപ്പെട്ടതായിരുന്നു മുംതാസ്. ഇത്തവണ വിധി ചതിച്ചു. അതിതീവ്രമായ രക്തസ്രാവത്തില്‍ മുംതാസിന് ജീവന്‍ നഷ്ടമായി. ചക്രവര്‍ത്തിക്ക് പ്രിയപ്പെട്ടവളെ ബര്‍ഹാപൂരില്‍ താപ്തി നദിക്കരയില്‍ അടക്കം ചെയ്യേണ്ടിവന്നു. ഷാജഹാന്‍ വിഷാദത്തിലേക്ക് കൂപ്പുകുത്തി. മുംതാസിന്റെ മകള്‍ ജഹനാരയാണ് ഏറെ പണിപ്പെട്ട് പിതാവിനെ സാധാരണജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. 

placeholder
താജ് മഹലിനുള്ളിലെ മുംതാസിന്റെയും
ഷാജഹാന്റെയും ഖബറുകള്‍(wikipedia)

അധികം വൈകാതെ മുംതാസിന്റെ ഭൗതികാവശിഷ്ടങ്ങള്‍ സ്വര്‍ണപ്പേടകത്തിലാക്കി ഡല്‍ഹിയിലെത്തിച്ചു. താപ്തി തീരത്തില്‍ നിന്നും മുംതാസ് യമുനാതീരത്തെത്തി. തന്റെ പ്രണയിനിക്ക് ലോകം ഇന്നോളം കണ്ടിട്ടില്ലാത്തത്ര സുന്ദരമായ കല്ലറ പണിയാന്‍ ഷാജഹാന്‍ തീരുമാനിച്ചു. അങ്ങനെ മുംതാസിന്റെ ഓര്‍മയില്‍ ഇരുപത്തിരണ്ട് കൊല്ലമെടുത്ത് ഷാജഹാന്‍ പടുത്തുയര്‍ത്തിയ പ്രണയോപഹാരമാണ് താജ്മഹല്‍.  

മുംതാസിന്റെ ആറാമത്തെ മകന്‍ ഔറംഗസേബ് പില്‍ക്കാലത്ത് ഷാജഹാനെ ആഗ്ര കോട്ടയില്‍ തടവിലാക്കിയിരുന്നു. താജ്മഹല്‍ കണ്ടുകിടക്കാനുള്ള അനുവാദം മാത്രമാണ് മകനോട് ഷാജഹാന്‍ തേടിയത്. ഷാജഹാന്റെ മരണശേഷം ഔറംഗസേബ്‌ അദ്ദേഹത്തെ മുംതാസിന് തൊട്ടടുത്തായി താജ് മഹലിനുള്ളില്‍ തന്നെ അടക്കം ചെയ്തു.