
ശ്രീനിഷ് അരവിന്ദിന്റെ ഇത്തവണത്തെ പിറന്നാളിന് വളരെ രസകരമായൊരു കേക്കാണ് ഭാര്യ പേളി മാണി ഓര്‍ഡര്‍ ചെയ്തത്. കിടക്കുന്ന ഒരു പുരുഷന് ചുറ്റും ഒരു സ്ത്രീയും രണ്ട് കുഞ്ഞുങ്ങളും. ''അതുതന്നെയാണ് ഇപ്പോഴത്തെ അവസ്ഥ. മൂന്നുപേരല്ലേ വീട്ടിലുള്ളത്. ഞാന്‍ ശരിക്കും പെട്ടു, നല്ല രസത്തിലുള്ള പെടലാണെന്ന് മാത്രം'', ശ്രീനിഷ് പൊട്ടിച്ചിരിയോടെ സംസാരിച്ചുതുടങ്ങി. പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും മാലാഖക്കുഞ്ഞുങ്ങള്‍ മൂന്നുവയസ്സുള്ള നിലയും നാലുമാസമുള്ള നിറ്റാരയും സോഷ്യല്‍മീഡിയയിലൂടെ ആരാധകര്‍ക്കും ഏറെ സുപരിചിതരാണ്.
''പേളി ചെറുപ്പത്തില്‍ എങ്ങനെയായിരിക്കും, അതുപോലെ തന്നെയാണ് നില. ഇപ്പോള്‍ നിറ്റാര എന്തെങ്കിലും കുറുമ്പ് കാണിക്കുമ്പോ പേളി പറയും, ശ്രീനി അടുത്ത ആളും റെഡിയായി, ശ്രീനി പെട്ടു എന്ന്. പക്ഷേ, എനിക്ക് സന്തോഷമാണ്. ഭയങ്കര രസമല്ലേയിത്''. നില ഇടയ്ക്കിടെ വന്ന് അച്ഛനോട് എന്തൊക്കെയോ വിശേഷങ്ങള്‍ പറയുന്നുണ്ട്. അതിനെല്ലാം ശ്രീനിഷ് ശ്രദ്ധയോടെ ചെവികൊടുക്കുകയും ചെയ്യുന്നു.
''കല്യാണശേഷം രണ്ടുവര്‍ഷത്തോളം ഞങ്ങള്‍ മാത്രമുള്ള ജീവിതമായിരുന്നു. പേളി നല്ല ജോളി ടൈപ്പ് ആയതുകൊണ്ട് അത്രയും ആസ്വദിച്ചാണ് ജീവിച്ചത്. പിന്നെ നില വന്നു. ഇപ്പോള്‍ നിറ്റാരയും. ചിലരൊക്കെ പറയാറില്ല, അച്ഛനായാല്‍ ഉത്തരവാദിത്തം കൂടുമെന്ന്. എനിക്കങ്ങനെയൊന്നും തോന്നുന്നില്ല. മുമ്പ് ജീവിതം എങ്ങനെ ആസ്വദിച്ചോ അതുപോലെ തന്നെ ഇപ്പോഴും. ഇപ്പോള്‍ കുഞ്ഞുങ്ങളും കൂടെയുണ്ടെന്ന വ്യത്യാസം മാത്രം. ജീവിതം കൂടുതല്‍ നിറമുള്ളതായി. നിലു ജനിച്ച് ആദ്യത്തെ രണ്ടുവര്‍ഷം അവള്‍ മുഴുവന്‍ സമയവും പേളിയുടെ പുറകെയായിരുന്നു. ഇപ്പോള്‍ എന്നോട് കൂടുതല്‍ അറ്റാച്ച്ഡ് ആവുന്നു. ഡാഡി എന്നും വിളിച്ച് എന്റെ പുറകെ വരുന്നു. അതൊക്കെ ഒരു പ്രത്യേക അനുഭവമാണ്. ഞാനെപ്പോഴും പേളിയോട് പറയും, 'ഇതാണ് ഞാന്‍ കുറേനാളായി ആഗ്രഹിച്ചത്. ഡാഡി എന്ന വിളി കേള്‍ക്കുമ്പോള്‍ തന്നെ എന്തൊരു സുഖമാണ്.'' ഇടയ്ക്ക് അനിയത്തിക്കുട്ടിയെ ഉറക്കത്തില്‍ നിന്നുണര്‍ത്തിയ നില അച്ഛനടുത്തേക്ക് ഓടിവന്നു. കൈയില്‍ റാഗിയുടെ ഒരു പ്ലേറ്റുമുണ്ട്. അത് നേരെ ശ്രീനിഷിനുനേരെ നീട്ടി, അടുത്തുള്ള കുഞ്ഞുചെയറിലിരിപ്പായി. അത് അല്പാല്പമായി നിലയ്ക്ക് കോരിക്കൊടുത്തു ശ്രീനിഷ്.
അമ്മയില്‍നിന്ന് പഠിച്ച പാഠം
''സ്ത്രീകളെ ബഹുമാനിക്കാനാണ് ചെറുപ്പംമുതലേ എന്നെ പഠിപ്പിച്ചിട്ടുള്ളത്. എനിക്ക് രണ്ട് ചേച്ചിമാരാണുള്ളത്. ചെറുപ്പത്തില്‍ കളിക്കുമ്പോള്‍ ചേച്ചിയും ഞാനും അടിയുണ്ടാക്കും. ഒരുദിവസം അമ്മ പറഞ്ഞു, 'നീ ആണ്‍കുട്ടിയല്ലേ, അടിക്കുമ്പോള്‍ കൂടുതല്‍ ശക്തിയുണ്ടാവും, ചേച്ചിക്ക് അത് വേദനിക്കും' എന്ന്. സ്ത്രീകളെ ബഹുമാനിക്കണമെന്ന കാര്യം അന്നേ മനസ്സില്‍ കയറിയതാണ്. അതിനുശേഷം രണ്ടുതവണയും പേളിയുടെ കൂടെ ഞാനും ലേബര്‍റൂമിലുണ്ടായിരുന്നു. സ്ത്രീകള്‍ എത്ര വേദന സഹിച്ചാണ് പ്രസവിക്കുന്നതെന്ന് അന്ന് മനസ്സിലായി. അതൊന്നും ആണുങ്ങള്‍ക്ക് ചിന്തിക്കാന്‍പോലും പറ്റില്ല. അതുകൊണ്ട്് പേളിയാണെങ്കിലും, നിലയാണെങ്കിലും, നിറ്റാരയാണെങ്കിലും എപ്പോഴും ആ ബഹുമാനവും ഞാന്‍ കൊടുക്കുന്നു. പരസ്പരബഹുമാനവും അഡ്ജസ്റ്റ്‌മെന്റുമുണ്ടെങ്കില്‍ ജീവിതം അടിപൊളിയാവും. നമ്മള്‍ പറയാതെ തന്നെ കുഞ്ഞുങ്ങളും ഇതൊക്കെ മനസ്സിലാക്കും.
നില ഈ പ്രായത്തില്‍ മനസ്സിലാക്കേണ്ട കാര്യങ്ങള്‍ നമ്മള്‍ അവള്‍ക്ക് പറഞ്ഞുകൊടുക്കാറുണ്ട്. പലതും അവള്‍ കണ്ടുപഠിക്കും. ഹോട്ടലുകളില്‍ കഴിക്കാന്‍ പോവുമ്പോള്‍ അവള്‍ കരയാതിരിക്കാന്‍ നിലയുടെ കൈയില്‍ ഫോണ്‍ കൊടുക്കുമായിരുന്നു. പക്ഷേ പേളി അതെടുത്ത് മാറ്റി, നമ്മളെന്താണ് ചെയ്യുന്നത് അതവള്‍ കണ്ടുപഠിക്കട്ടെയെന്ന് പറയും. ഇപ്പോള്‍ ചെയറിലിരുത്തി, ഭക്ഷണം മുന്നില്‍വെച്ചുകൊടുത്താല്‍ നില ഭംഗിയായി കഴിക്കും. അതുകണ്ടപ്പോള്‍ പേളി പറഞ്ഞത് ശരിയായിരുന്നുവെന്ന് എനിക്കും മനസ്സിലായി. ചോക്ലേറ്റോ മറ്റോ കഴിക്കാന്‍ കൊടുത്താല്‍ കവര്‍ ഡസ്റ്റ് ബിന്നില്‍ തന്നെ ഇടാനും പേളി അവളെ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ഇപ്പോ എന്തെങ്കിലും കഴിച്ചുകഴിഞ്ഞാലും, 'ഡാഡി, ഡസ്റ്റ്ബിന്‍' എന്നും പറഞ്ഞ് അതില്‍ കൊണ്ടുപോയിടും. അങ്ങനെ പലതും അങ്ങോട്ടുമിങ്ങോട്ടും അറിഞ്ഞും പറഞ്ഞും ഈ പാരന്റിങ് ആസ്വദിക്കുകയാണ്.
പലപ്പോഴും നിലയുടെയും നിറ്റാരയുടെയും പ്രായത്തിലേക്ക് ഞാനും എത്തിയതുപോലെ തോന്നാറുണ്ട്. കുഞ്ഞുങ്ങളുടെ അടുത്തുനിന്ന് നമുക്ക് കുറേ കാര്യങ്ങള്‍ പഠിക്കാന്‍ പറ്റും. അവരെപ്പോഴും ചിരിച്ചുകളിച്ച് സംസാരിക്കുന്നത്, സ്‌നേഹം കാണിക്കുന്നത്...സ്വാഭാവികമായി നമ്മളും അതുപോലെയാവും. എപ്പോഴും ടെന്‍ഷനാവാതെ, ചിരിച്ച് സന്തോഷിച്ച് ഇരുന്നാല്‍ നമുക്ക് വയസ്സാവുന്നതേ അറിയില്ല...
Content Highlights: srinish aravind on parenting
Published: 07 Jul 2024, 10:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented