ഒരേയൊരു സിനിമയിലേ താരങ്ങളായ കരിഷ്മ കപൂറും മാധുരി ദീക്ഷിത്തും ഒരുമിച്ചിട്ടുള്ളൂ, 1997-ൽ റിലീസായ 'ദിൽ തോ പാഗൽ ഹെ'. ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ എന്നിവരാണ് മറ്റ് പ്രധാനതാരങ്ങൾ. അതിലെ പാട്ടുകളും നൃത്തവുമെല്ലാം അന്നത്തെ യുവത്വം ഏറ്റെടുത്തു. ദിൽ തോ പാഗൽ ഹെ, അരേ രേ അരേ, ഭോലി സീ സൂരത്, ഡോൽനാ, ലേ ഗയീ, പ്യാർ കർ, കോയി ലഡ്കി ഹെ, ഏക് ദൂജെ കെ വാസ്‌തെ, കിത്‌നി ഹെ ബേകരാർ ഹെ...എല്ലാം ഒന്നിനൊന്ന് മനോഹരമായ പാട്ടുകൾ.

To advertise here,

വർഷങ്ങൾക്കുശേഷം മാധുരി ദീക്ഷിത്തും കരിഷ്മ കപൂറും 'ദിൽ തോ പാഗൽ ഹെ'യിലെ നൃത്തരംഗം റീക്രിയേറ്റ് ചെയ്തു. 'ഇന്ത്യാസ് ബെസ്റ്റ് ഡാൻസർ' എന്ന റിയാലിറ്റി ഷോ ആയിരുന്നു വേദി. രണ്ടുവർഷമായി പരിപാടിയിലെ വിധികർത്താവാണ് കരിഷ്മ കപൂർ. മാധുരി ആണെങ്കിൽ തന്റെ പുതിയ സിനിമ 'മാ ബെഹൻ' പ്രൊമോട്ട് ചെയ്യാനെത്തിയതായിരുന്നു. അതിനിടയിലാണ് 'ദിൽ ലേ ഗയി' എന്ന പാട്ടിന് ഇരുവരും ചുവടുവെച്ചത്.

'ദിൽ തോ പാഗൽ ഹെ'യിലേക്ക് അവസാനനിമിഷമാണ് കരിഷ്മ എത്തിയത്. പല താരങ്ങളെയും നോക്കി. ചിലർ താത്പര്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി, മറ്റുചിലർ ഡേറ്റിന്റെ പേരിലും. ഒടുവിലാണ് കരിഷ്മയെത്തേടി അവസരമെത്തുന്നത്. എന്നാൽ കരിഷ്മയും മടിച്ചുനിന്നു. കാരണം രണ്ടുനർത്തകിമാർക്ക് നായകനോട് തോന്നുന്ന പ്രണയമാണ് സിനിമയുടെ ഇതിവൃത്തം. അതുകൊണ്ടുതന്നെ നൃത്തത്തിന് കൂടുതൽ പ്രാധാന്യമുണ്ട് സിനിമയിൽ. മാത്രമല്ല, നന്നായി നൃത്തം ചെയ്യുന്ന താരമാണ് മാധുരി. രണ്ടുനായികമാർ തമ്മിലുള്ള നൃത്തവും സിനിമയിലുണ്ട്. മാധുരിക്കൊപ്പം നൃത്തംചെയ്ത് വിഡ്ഢിയാവാനില്ലെന്ന കാരണത്താലാണ് വേണ്ടെന്ന് കരിഷ്മ ആദ്യം തീരുമാനിച്ചത്.

''മാധുരിക്കൊപ്പം എങ്ങനെ നൃത്തംചെയ്യും എന്നാണ് ഞാൻ പേടിച്ചത്. ഒഴിവായ നായികമാരും ഇതുതന്നെയാവും ചിന്തിച്ചത്. അതുനടക്കില്ലെന്ന് തന്നെ ഞാൻ കരുതി''. ഒടുവിൽ കരിഷ്മയുടെ അമ്മയാണ് സിനിമയിൽ അഭിനയിക്കാൻ അവരെ പ്രേരിപ്പിച്ചത്. ''നീ ഈ ചാലഞ്ച് ഏറ്റെടുക്കണം എന്നാണ് അമ്മ പറഞ്ഞത്'', കരിഷ്മ ഓർക്കുന്നു. ഒടുവിൽ സിനിമയിലെ പ്രകടനത്തിന് മികച്ച സഹതാരത്തിനുള്ള ദേശീയപുരസ്‌കാരവും കരിഷ്മയ്ക്ക് ലഭിച്ചു. കരിഷ്മയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്ന് കൂടിയായിരുന്നു 'ദിൽ തോ പാഗൽ ഹെ'യിലെ നിഷ.

മികച്ച കഥാപാത്രങ്ങളുമായി ഇപ്പോഴും സിനിമയിലും വെബ്‌സീരീസുകളിലും നിറഞ്ഞുനിൽക്കുകയാണ് മാധുരി ഇപ്പോഴും. 'മിസിസ് ദേശ്പാണ്ഡെ' എന്ന ടെലിവിഷൻ ക്രൈം ത്രില്ലറിൽ അവർക്ക് മികച്ച കഥാപാത്രമാണുള്ളത്. അതുകഴിഞ്ഞാണ് 'മാ ബെഹൻ' എന്ന നെറ്റ്ഫ്‌ളിക്‌സ് സിനിമയിൽ അവർ അഭിനയിച്ചത്. ഈ മാസമാണ് സിനിമ റിലീസായത്. കരിഷ്മയാണെങ്കിൽ 'ബ്രൗൺ' എന്ന നെറ്റ്ഫ്‌ളിക്‌സ് സീരീസിലാണ് ഒടുവിലായി അഭിനയിച്ചത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi