
എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പാണ്. കാനഡയിലെ വാന്‍കൂവറില്‍ നിന്നൊരു വീഡിയോ ലോകം മുഴുവന്‍ സഞ്ചരിച്ചു. വാന്‍കൂവറിലെ തെരുവോരങ്ങളില്‍ ജാക്കറ്റണിഞ്ഞ് ചുണ്ടിലൊരു സിഗരറ്റുമായി സ്വതന്ത്രനായി നടക്കുന്ന ബോളിവുഡിന്റെ കിങ് ഖാന്‍ സാക്ഷാല്‍ ഷാരൂഖ് ഖാന്‍. ഇന്ത്യന്‍ തെരുവുകളില്‍ ഒരിക്കലും സാധ്യമല്ലാത്ത ആ സ്വച്ഛന്ദ സഞ്ചാരത്തിനിടെ ഇടയ്‌ക്കൊക്കെ ചിലര്‍ അദ്ദേഹത്തിനടുത്തേക്ക് വരുന്നുണ്ട്. അംഗരക്ഷകര്‍ ഇടപെടേണ്ടതില്ലാത്ത തിരക്ക്.
കിങ് ഖാന്റെ ഉല്ലാസനടത്തമല്ല ആ വീഡിയോയെ ഇത്ര പ്രശസ്തമാക്കിയത്. അംഗരക്ഷകര്‍ക്കും ആരാധകര്‍ക്കുമിടയില്‍ തണുപ്പിനെ ഇലപ്പുക കൊണ്ട് തോല്‍പ്പിച്ച് ഒരു ചെറുപ്പക്കാരി അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ബോളിവുഡിന്റെ അണിയറക്കാഴ്ചകളില്‍ നിന്ന് കണ്ണെടുക്കാത്ത പാപ്പരാസികള്‍ പോലും പരസ്പരം ചോദിച്ചു, ആരാണിവര്‍? ആ ചോദ്യങ്ങള്‍ക്ക് ഉത്തരം പൂജ ഡഡ്‌ലാനി എന്ന പേരാണ്. കഠിനാധ്വാനം കൊണ്ട് ബോളിവുഡിനെ കീഴടക്കിയ സമര്‍ഥയായ ആസൂത്രക. വന്‍നിര താരങ്ങള്‍ക്കൊപ്പം പ്രശസ്തിയുടെ പട്ടികയില്‍ എഴുതപ്പെട്ട പേരാണ് അവരുടേത്. അവര്‍ നടിയോ, നര്‍ത്തകിയോ, സിനിമയിലെ പിന്നണിപ്രവര്‍ത്തകയോ അല്ല. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി ഷാരൂഖ് ഖാന്റെ മാനേജരാണ് അവര്‍.
Also Read
പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക്
2012 മുതല്‍ പൂജ ഡഡ്‌ലാനി ഷാരൂഖിനൊപ്പമുണ്ട്. ചില്ലറ പരാജയങ്ങളിലും വമ്പന്‍ വിജയങ്ങളിലും ഉരുക്കുകോട്ട പോലെ ഷാരൂഖിനൊപ്പം നിന്ന കരുത്ത്. മുംബൈക്കാരിയായ പൂജയുടേത് സ്വപ്‌നതുല്യമായ വളര്‍ച്ചയാണ്. ആ വളര്‍ച്ചയ്ക്ക് കഠിനാധ്വാനം എന്ന ഒരൊറ്റ കാരണമേയുള്ളൂ. വമ്പന്‍ വിജയങ്ങളില്‍ നിന്ന് ബോളിവുഡിന്റെ സൂപ്പര്‍താരം അകന്നുപൊയ്‌ക്കൊണ്ടിരുന്ന കാലത്താണ് പൂജ ഡഡ്‌ലാനി, ഷാരൂഖ് ഖാന്റെ മാനേജരായി എത്തുന്നത്. കിങ് ഖാന്‍ അസ്തമിക്കുകയാണെന്ന ഇകഴ്ത്തലുകള്‍ ഉയര്‍ന്ന കാലം.
പക്ഷേ, അക്കാലം അതിവേഗം കടന്നുപോയി. പത്താനിലൂടെയും ജവാനിലൂടെയും ബാദ്ഷാ ബോളിവുഡിന്റെ വെള്ളിത്തിരയെ സജീവമാക്കി. അസ്തമയമില്ലാത്ത സാമ്രാജ്യമായി കിങ് ഖാന്റെ സിനിമാജീവിതം ജ്വലിച്ചുനിന്നു. വാന്‍കൂവറിലെ ആ തണുത്ത വൈകുന്നേരത്തിലെന്നപോലെ വിജയങ്ങളിലും ആത്മവിശ്വാസത്തെ കരുത്തുള്ള നിസ്സംഗതയായി മുഖത്തിലണിഞ്ഞ് പൂജയുണ്ടായിരുന്നു.

വിജയത്തിലും വേദനയിലും
ബച്ചനും ഖാന്‍മാരും കപൂര്‍മാരും അടക്കിവാഴുന്ന ബോളിവുഡില്‍ മാനേജര്‍ പട്ടം സത്രീകള്‍ക്കത്ര സുലഭമല്ല. അതിന്റെ മൂല്യം അറിയാവുന്നവര്‍ അമ്പരപ്പോടെ പൂജ ഡഡ്‌ലാനിയുടെ പേര് ഗൂഗിളില്‍ തിരഞ്ഞു. ജോര്‍ദി പട്ടേലും പ്രതീക് സൈനിയുമൊക്കെ നിറഞ്ഞുനില്‍ക്കുന്ന മേഖലയില്‍ പൂജ ഡഡ്‌ലാനിയുടെ പേര് അതിനൊത്ത് മുഴങ്ങിക്കേട്ടുകൊണ്ടിരുന്നു.
സിനിമകളുടെ വിജയാഘോഷവേളകളിലും ഐ.പി.എല്‍ മൈതാനങ്ങളില്‍ കൊക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിജയാരവങ്ങളിലും ഷാരൂഖിനൊപ്പം ലോകം പൂജയെ കണ്ടു. വിജയങ്ങളില്‍ മാത്രം ചേര്‍ന്നു നില്‍ക്കുന്ന ബന്ധമായിരുന്നില്ല അത്. ഷാരൂഖിന്റെ മകന്‍ ആര്യന്‍ഖാനുമായി ബന്ധപ്പെട്ട വിവാദങ്ങളിലടക്കം കുടുംബത്തിന്റെ പ്രതിനിധിയായി കോടതി മുറികളിലും ജയില്‍ വളപ്പുകളിലും അവരെ ലോകം കണ്ടു.
ആസൂത്രക
ഷാരൂഖ് ഖാന്റെ സിനിമാജീവിതത്തെയും അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ റെഡ് ചില്ലീസ് ഇന്റര്‍നാഷണലിന്റെ നടത്തിപ്പിനെയും നിയന്ത്രിക്കുന്ന കരങ്ങള്‍ പൂജ ഡഡ്‌ലാനിയുടേതാണ്. മാസ് കമ്യൂണിക്കേഷന്‍ ബിരുദധാരിയായ പൂജയുടെ വളര്‍ച്ചയുടെ ഗ്രാഫ് എന്നും മുകളിലേക്കായിരുന്നു. മികച്ച ആസൂത്രകയായി പേരുകേട്ട പൂജ ബോളിവുഡിലെ ഏറ്റവും വിലപിടിപ്പുള്ള മാനേജര്‍ എന്ന ഖ്യാതിയിലേക്ക് വളര്‍ന്നു. കുറച്ചുകാലം ദീപിക പദുക്കോണിന്റെ മാനേജറായും അവര്‍ ജോലി ചെയ്തു. ഇന്ന് പൂജ ഡഡ്‌ലാനിയുടെ വാര്‍ഷിക വരുമാനം എട്ട്‌കോടിരൂപയാണ്.

കുടുംബാംഗം പോലെ
സിനിമയ്ക്കും കച്ചവടത്തിനും ഇടയില്‍ ഒതുങ്ങുന്നതല്ല ഖാനും പൂജയും തമ്മിലുള്ള ബന്ധം. ഷാരൂഖാന്റെ വിശ്വസ്തയായ ചങ്ങാതിയും ഉപദേശകയുമാണ് അവര്‍. ആ ഇഴയടുപ്പം അവരിരുവര്‍ക്കുമിടയില്‍ ഒതുങ്ങുന്നുമില്ല. കിങ് ഖാന്റെ ഭാര്യ ഗൗരി ഖാന്റെയും മകള്‍ സുഹാനയുടെയും ഉറ്റ ചങ്ങാതികൂടിയാണ് പൂജ. പൂജയുടെ ബാന്ദ്രയിലെ ആഡംബര വസതിയുടെ അകത്തളങ്ങള്‍ ഒരുക്കിയത് ഇന്റീരിയര്‍ ഡിസൈനര്‍ കൂടിയായ ഗൗരി ഖാനാണ്.
പൂജ എന്ന പാലം
സിനിമയ്ക്കും കിങ് ഖാനുമിടയിലെ പാലമാണ് ബോളിവുഡിലെ ഏറ്റവും സമ്പന്നയായ ഈ മാനേജര്‍. ബ്രാന്‍ഡ് കൊളാബറേഷന്‍ മുതല്‍ സിനിമാ ചര്‍ച്ചകള്‍ വരെയുള്ള കാര്യങ്ങളില്‍ ഖാന്റെ തീരുമാനം ഇവരുടെ അഭിപ്രായത്തെ ആശ്രയിച്ചാണ്. തിരക്കഥാ ചര്‍ച്ച മുതല്‍ സിനിമയുടെ കരാര്‍ ഒപ്പിടുന്നതുവരെയുള്ള ഘട്ടങ്ങളില്‍ കിങ് ഖാനൊപ്പം പൂജയുണ്ട്. ഷാരൂഖ് ഖാന്റെ സിനിമാ ജീവിതം വലിയൊരു വ്യവസായ മേഖല കൂടിയാണ്. അതിനെ നിയന്ത്രിക്കുക അത്ര എളുപ്പമുള്ള പണിയല്ല. പൂജ അത് മികവോടെ ചെയ്യുന്നു. വന്‍കിട കമ്പനികളുടെ മേധാവികളേക്കാള്‍ ശമ്പളം അവര്‍ കൈപ്പറ്റുന്നു.

കുടുംബം
മുംബൈയിലെ ആഭരണ ബ്രാന്‍ഡിന്റെ തലവനായ ഹിതേഷ് ഗുര്‍നാനിയാണ് പൂജയുടെ ജീവിതപങ്കാളി. റെനാ ഗുര്‍നാനി മകള്‍. കഠിനാധ്വാനം. സൗഹൃദം, വിശ്വാസം, എന്നീ ഘടകങ്ങളാല്‍ ബോളിവുഡിന്റെ വിജയചേരുവകളിലൊന്നായി വളര്‍ന്ന പ്രതിഭ എന്നാകും കാലം അവരെ ഓര്‍ത്തുവെക്കുക.
Content Highlights: life story of Shahrukh Khan's manager Pooja Dadlani
Published: 10 Aug 2024, 10:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented