കുഞ്ഞിന്റെ മാതൃത്വം സംശയിച്ച് ഡി.എന്‍.എ. പരിശോധന നടത്തുന്നത് ലോകത്ത് വളരെ അപൂര്‍വമായിരിക്കും. വാടകഗര്‍ഭധാരണത്തിലൂടെ പിറന്ന രണ്ടുവയസ്സുള്ള മകന്‍ തന്റേതു തന്നെയാണോ എന്നറിയാന്‍ ഒരു വനിത ഡി.എന്‍.എ. പരിശോധന നടത്തിയതും ഒടുവില്‍ മകന്‍ തന്റേതല്ലെന്ന് തിരിച്ചറിയുകയും ചെയ്ത സംഭവം സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുകയാണ്. റെഡ്ഡിറ്റില്‍ പങ്കുവെച്ച അനുഭവക്കുറിപ്പില്‍ വനിത തന്നെയാണ് ഞെട്ടിക്കുന്ന തന്റെ അനുഭവം തുറന്നുപറഞ്ഞത്.    

To advertise here,

അവര്‍ പറഞ്ഞതിങ്ങനെ...
ഞാന്‍ (36 വയസ്സ്) കഴിഞ്ഞ പത്തുവര്‍ഷത്തോളമായി എന്റെ ഭര്‍ത്താവിനൊപ്പമാണ് (35 വയസ്സ്). ഏഴുവര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്. രണ്ടുവര്‍ഷം മുമ്പ് വാടകഗര്‍ഭധാരണത്തിലൂടെ ഞങ്ങള്‍ക്ക് ഒരു മകനുണ്ടായി (അങ്ങനെയാണ് ഞാന്‍ കരുതിയത്). ഗര്‍ഭിണിയാവാന്‍ ഏറെ ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെയാണ് വാടകഗര്‍ഭധാരണത്തെ ആശ്രയിക്കാന്‍ തീരുമാനിച്ചത്. അമ്മയാകാന്‍ കൊതിച്ച എനിക്ക് ഗര്‍ഭം ധരിക്കാന്‍ സാധിക്കാത്ത തരത്തില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. 

അങ്ങനെ, അല്‍പം ചെലവേറിയ വാടകഗര്‍ഭധാരണമെന്ന വഴി സ്വീകരിക്കാന്‍ ഞങ്ങള്‍ തയ്യാറായി. ചെലവു കുറയ്ക്കാനായി എന്റെ അടുത്ത സുഹൃത്ത് ഗര്‍ഭം ധരിക്കാമെന്നു പറഞ്ഞു. കോളേജ് കാലം മുതല്‍ പരിചയക്കാരാണ് ഞങ്ങള്‍, രണ്ടു കുട്ടികളുടെ അമ്മകൂടിയാണ് അവര്‍. അങ്ങനെ ഞങ്ങള്‍ ശ്രമം തുടങ്ങി. തുടര്‍ച്ചയായ രണ്ട് ഐ.വി.എഫ്. സെഷനുകള്‍ പരാജയപ്പെട്ടു. മൂന്നാംതവണ അവള്‍ ഗര്‍ഭിണിയായി. ഒരു ആണ്‍കുഞ്ഞ് ജനിച്ചു. ഞങ്ങള്‍ വളരെ സന്തോഷത്തിലായിരുന്നു. പെട്ടെന്നുതന്നെ ഞാന്‍ കുഞ്ഞിന്റെ തിരക്കുകളിലേക്കുപോയി, ആഴ്ചകള്‍ നീണ്ട അവധികഴിഞ്ഞ് തിരികെ ജോലിയില്‍ പ്രവേശിച്ചു. തിരക്കുപിടിച്ച ജീവിതമായിരുന്നു.

ആദ്യമൊന്നും ഞാനൊന്നും ശ്രദ്ധിച്ചിരുന്നില്ല. നേരത്തെ തന്നെ അപകടസൂചനകള്‍ ശ്രദ്ധിക്കേണ്ടതായിരുന്നു, പക്ഷേ എന്റെ ജോലിയിലെ സമ്മര്‍ദ്ദവും അതിനു പുറമെ രണ്ട് പാര്‍ട്ട് ടൈം ജോലികള്‍ ചെയ്യുന്നതിന്റെ ബുദ്ധിമുട്ടുമെല്ലാം എന്നെ തളര്‍ത്തി. കുഞ്ഞുണ്ടാവാന്‍ ചെലവഴിച്ച തുകയും, ആരോഗ്യകാര്യങ്ങള്‍ക്കും നിയമപരമായ ചെലവുകള്‍ക്കുമായി പണം കണ്ടെത്താന്‍ ഞാന്‍ നെട്ടോട്ടമോടി. 

ഇതിനിടെ, കൂട്ടുകാരിയും എന്റെ ഭര്‍ത്താവും കൂടുതല്‍ സംസാരിക്കാന്‍ തുടങ്ങി. ഞാന്‍ ചിലപ്പോള്‍ വീട്ടില്‍ വരുമ്പോള്‍ എന്റെ ഭര്‍ത്താവിനൊപ്പം അവള്‍ ഞങ്ങളുടെ വീട്ടിലുണ്ടാവും. ഞാന്‍ അത് ഉപദ്രവമായി കരുതിയില്ല. മാത്രമല്ല, എന്റെ ഭര്‍ത്താവിനെ അവള്‍ നന്നായി അറിയുന്നത് നല്ലതാണെന്ന് എനിക്കുതോന്നി. അവള്‍ ഞങ്ങള്‍ക്ക് വേണ്ടി കുഞ്ഞിനെ ഗര്‍ഭത്തില്‍ ചുമന്നതിന്റെ നന്ദിയുണ്ടായിരുന്നു, കുഞ്ഞുണ്ടാകാന്‍ സഹായിച്ചത് വലിയ കാര്യം തന്നെയായിരുന്നു.  

എന്റെയും ഭര്‍ത്താവിന്റെയും കണ്ണിന് നീല നിറമാണ്. പക്ഷേ, മകന് ബ്രൗണ്‍ നിറമുള്ള കണ്ണുള്ളത് വിചിത്രമായി തോന്നി. ഇത് അസാധാരണമാണെങ്കിലും, കണ്ണുകളുടെ നിറം നിയന്ത്രിക്കുന്ന നിരവധി ജീനുകളുള്ളതിനാല്‍ ഇത് സാധ്യമാണെന്ന് ഞാന്‍ മനസ്സിലാക്കി. എന്നാല്‍, ഒരുദിവസം മകനെ ഒരു ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോയി. അവര്‍ രക്തപരിശോധനയടക്കം നടത്തിയിരുന്നു, എന്റെ രക്തഗ്രൂപ്പും മകന്റെ രക്തഗ്രൂപ്പും ചേരുന്നില്ലെന്നും ജൈവശാസ്ത്രപരമായി അവന്‍ എന്റെ മകനാവാന്‍ സാധ്യതയില്ലെന്നും ഡോക്ടര്‍ സൂചിപ്പിച്ചു. ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ വെച്ച് എന്തോ പിഴവു സംഭവിച്ചെന്ന് ഞാന്‍ കരുതി.  

ഞാനൊരു അഭിഭാഷകനെ സമീപിച്ച് ക്ലിനിക്കിനെതിരേ നിയമപരമായി നീങ്ങാനൊരുങ്ങി. ഡി.എന്‍.എ. ടെസ്റ്റ് നടത്തിയപ്പോള്‍ ഞാന്‍ കുഞ്ഞിന്റെ അമ്മയല്ലെന്ന് തിരിച്ചറിഞ്ഞു, അതേസമയം, എന്റെ ഭര്‍ത്താവ് അച്ഛനാണ്. എന്റെ ഹൃദയം തകര്‍ന്നു. ദേഷ്യത്തില്‍ എനിക്ക് സ്ഥലകാലബോധം നഷ്ടമായി. ഫെര്‍ട്ടിലിറ്റി ക്ലിനിക്കിലെ ശ്രദ്ധക്കുറവിനെ പഴിച്ചു, അവര്‍ക്കെതിരേ കേസുനല്‍കാന്‍ അഭിഭാഷകനെ സമീപിച്ചു.

പിന്നീടാണ് എന്റെ ഭര്‍ത്താവിന്റെ കുറ്റസമ്മതം. വാടകഗര്‍ഭം ധരിക്കാമെന്നേറ്റ എന്റെ കൂട്ടുകാരിക്കൊപ്പം പലതവണ ഭര്‍ത്താവ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്നു. ഞങ്ങളുടെ കുഞ്ഞിനെ ഐ.വി.എഫിലൂടെ ജനിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന അതേ സമയത്തുതന്നെ. ഞങ്ങള്‍ക്ക് ഐ.വി.എഫിലൂടെ പിറന്നതെന്ന് ഞാന്‍ കരുതിയ കുഞ്ഞ് എന്റേതല്ലെന്ന സത്യം ഞാന്‍ ഉള്‍ക്കൊണ്ടു, അത് ഭര്‍ത്താവിന് കൂട്ടുകാരിയില്‍ സ്വാഭാവികമായി പിറന്നതാണെന്നും.  

ആ സമയം എങ്ങനെ വിവരിക്കണമെന്നറിയില്ല. കരച്ചിലടക്കാനായില്ല. കൂട്ടുകാരി തന്നില്‍ നിന്ന് ഗര്‍ഭം ധരിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നായിരുന്നു ഭര്‍ത്താവിന്റെ ന്യായീകരണം. എനിക്കും ഐ.വി.എഫിലൂടെയും ഗര്‍ഭം ധരിക്കാനാവാഞ്ഞത് അദ്ദേഹത്തിന്റെ കുഴപ്പമാണെന്നാണ് കരുതിയതെന്നും.  

മൂന്നു ചതിയാണ് ഞാന്‍ നേരിട്ടത്. എന്റെ ഭര്‍ത്താവില്‍ നിന്ന്, കൂട്ടുകാരിയില്‍ നിന്ന്, ഇപ്പോള്‍ എന്റെ കുഞ്ഞ് യഥാര്‍ഥത്തില്‍ എന്റേതല്ലെന്ന് തിരിച്ചറിഞ്ഞതും. ഇതെല്ലാം അറിഞ്ഞയുടനെ ഞാന്‍ വീടുവിട്ട് ഒരാഴ്ചയോളം ഹോട്ടലില്‍ താമസിച്ചു. അതിനുശേഷം വീട്ടില്‍ താമസിച്ചോട്ടെയെന്ന് അമ്മയോടും അച്ഛനോടും ചോദിച്ചു. കുട്ടിയുടെ നിയമപരമായ അവകാശം ഭര്‍ത്താവിന് നല്‍കുകയാണെന്നും പറഞ്ഞു. വിവാഹമോചനത്തിനൊരുങ്ങുകയാണ് ഇപ്പോള്‍. ഏറ്റവും മോശമായ രീതിയില്‍ അദ്ദേഹം എന്നെ ചതിച്ചു. കൂട്ടുകാരിയുമായുള്ള ബന്ധം ഞാന്‍ അവസാനിപ്പിച്ചു. ആരെയെങ്കിലും വിശ്വസിക്കുക ഇപ്പോള്‍ എനിക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഭര്‍ത്താവും സുഹൃത്തും എന്നോട് മാപ്പുപറഞ്ഞു. എന്റെ കുഞ്ഞിനെ ഇങ്ങനെ ഉപേക്ഷിക്കുന്നത് പക്വതയില്ലാത്ത തീരുമാനമാണെന്നാണ് അവരുടെ പക്ഷം. കുഞ്ഞിനെ കിട്ടാന്‍ വേണ്ടി അത്രയും പണം ചെലവിട്ടയാളാണ് താന്‍. അതുകൊണ്ട് അവകാശം വിട്ടുകൊടുക്കരുതെന്നാണ് രക്ഷിതാക്കളടക്കം എന്നോടു പറഞ്ഞത്. പക്ഷേ, എനിക്കതല്ലാതെ വഴിയില്ല.-അവര്‍ പറയുന്നു.