
അമ്മയുടെ കാര്‍ കഴുകാന്‍ അച്ഛന്‍ ഹോസുമായി ഇറങ്ങിയപ്പോള്‍, മൂന്നരവയസ്സുകാരനായ മകന്‍ സമന്യു രുദ്രയും പിന്നാലെയെത്തി. കാറിന്റെ ഓരോ ഭാഗവും തുണികൊണ്ട് വൃത്തിയായി തുടച്ചു. എല്ലാം കഴിഞ്ഞപ്പോള്‍, അച്ഛനവന് പത്തുരൂപ കൊടുത്തു. കുഞ്ഞുരുദ്രന്റെ മുഖം സന്തോഷം കൊണ്ട് തിളങ്ങി. നേരേ ആ പൈസ കൊണ്ടുപോയി പണക്കുടുക്കയിലിട്ടു. ഹൈക്കോടതിയില്‍ അഭിഭാഷകയായ അന്നപൂര്‍ണാ പിള്ളയുടെയും സംഗീതസംവിധായകന്‍ കൈലാസ് മേനോന്റെയും മകനാണ് സമന്യു രുദ്ര.
''നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പല കാര്യങ്ങളും പഠിപ്പിക്കുന്നുണ്ടെങ്കിലും സാമ്പത്തികകാര്യങ്ങളെക്കുറിച്ച് ഒട്ടും അറിവ് കൊടുക്കുന്നില്ല. അതുകൊണ്ട്, പൈസയുടെ മൂല്യം പലപ്പോഴും കുഞ്ഞുങ്ങള്‍ക്കറിയില്ല. ചെറുപ്പത്തില്‍ ജനാല തുടയ്ക്കുമ്പോഴും കാര്‍ കഴുകുമ്പോഴുമൊക്കെ എനിക്കും ഇതുപോലെ പൈസ തരുമായിരുന്നു അച്ഛനും അമ്മയും. അങ്ങനെയാണ് ഞാനതിന്റെ മൂല്യം മനസ്സിലാക്കിയത്. അത് മോനെ പഠിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്,'' കൈലാസ് മേനോന്‍ പറയുന്നു.
എത്ര തിരക്കുണ്ടെങ്കിലും അതിനിടയിലും മകനൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്താറുണ്ട് കൈലാസ് മേനോന്‍. അവന് കഥകള്‍ പറഞ്ഞുകൊടുത്തും കൊച്ചുകൊച്ചുകുസൃതികള്‍ക്ക് കൂട്ടുനിന്നും അങ്ങനെ. ''നമ്മള്‍ കണ്ണടച്ചുതുറക്കുംമുന്‍പ് കുഞ്ഞുങ്ങള്‍ വളര്‍ന്നുവലുതാവും. മോനൊപ്പം സമയം ചെലവഴിക്കാന്‍ കഴിഞ്ഞില്ലെന്ന് പിന്നീടൊരിക്കലും തോന്നാന്‍ പാടില്ലല്ലോ. അതുകൊണ്ട്, കിട്ടുന്ന സമയമെല്ലാം മോന്റെ കൂടെയിരിക്കും. ഞങ്ങള്‍ മാത്രമായിരിക്കില്ല അങ്ങനെയെന്ന് തോന്നുന്നു. ഇപ്പോഴത്തെ മാതാപിതാക്കള്‍ പഴയ തലമുറയെക്കാള്‍ കൂടുതല്‍ സമയം കുട്ടികള്‍ക്കൊപ്പം ചെലവഴിക്കുന്നുവെന്ന് എവിടെയോ വായിച്ചു. അതൊരു നല്ല മാറ്റമായിട്ടാണ് തോന്നുന്നത്. നമ്മള്‍ അവരോടൊപ്പം സമയം ചെലവിടുമ്പോള്‍, എന്തും തുറന്നുസംസാരിക്കാനുള്ള ധൈര്യവും അവസരവും കുഞ്ഞുങ്ങള്‍ക്ക് കിട്ടും. ഇന്നും ഒരത്യാവശ്യം വന്നാല്‍, എന്റെ മാതാപിതാക്കളുടെ അടുത്ത് പോവാന്‍ പറ്റുമെന്ന ധൈര്യമുണ്ടെനിക്ക്. അതുപോലെ, രുദ്രനും തോന്നണം.''
സംസാരത്തിനിടയില്‍ രുദ്രന്‍ ചിണുങ്ങിക്കൊണ്ട് അച്ഛനടുത്തെത്തി. ഉറങ്ങണം, അതിന് കഥകള്‍ കേള്‍ക്കണം. അതാണവന്റെ ആവശ്യം. ''ചെറുപ്പംമുതലേ പാട്ടുകള്‍ ഭയങ്കര ഇഷ്ടമാണവന്. ഇന്ന് കേള്‍ക്കുന്നതായിരിക്കില്ല, നാളെ കേള്‍ക്കുന്നത്. പക്ഷേ, ഉറങ്ങാന്‍നേരത്ത് കഥകള്‍ തന്നെ വേണം. അന്നപൂര്‍ണ നല്ല കഥകള്‍ പറഞ്ഞുകൊടുക്കും, മഹാഭാരതത്തില്‍നിന്നും രാമായണത്തില്‍നിന്നുമൊക്കെയായി. എന്നാല്‍, ഞാനിങ്ങനെ ഓരോ കഥ ഉണ്ടാക്കിപ്പറയുകയാണ്. ഓരോ ദിവസവും ഓരോന്ന്. ഒരു ബന്ധവുമുണ്ടാവില്ല പലപ്പോഴും.

മോന്‍ വന്നശേഷം ജീവിതം കീഴ്മേല്‍ മറിഞ്ഞുവെന്നുതന്നെ പറയാം. ഉള്ളിലെ അനുകമ്പയും സ്‌നേഹവും സഹാനുഭൂതിയുമെല്ലാം നമ്മള്‍ തിരിച്ചറിയുന്നത് കുഞ്ഞുണ്ടാവുമ്പോഴാണ്. അച്ഛനമ്മമാരുടെ മൂല്യമറിയുന്നതും അവര്‍ നമ്മളെ എത്രമാത്രം സ്‌നേഹിച്ചിരുന്നുവെന്ന് മനസ്സിലാക്കുന്നതും അപ്പോഴാണ്. കുട്ടികളുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളും സംഭവങ്ങളും വല്ലാതെ ബാധിക്കാന്‍ തുടങ്ങി.
ട്രാഫിക് സിഗ്‌നലില്‍ വണ്ടിനിര്‍ത്തുമ്പോള്‍ കൊച്ചുകുഞ്ഞുങ്ങളെയുംകൊണ്ട് സാധനങ്ങള്‍ വില്‍ക്കാന്‍ വരുന്നവരെയും ഭിക്ഷ യാചിക്കുന്നവരെയും കാണാറുണ്ട്. മനസ്സ് തകര്‍ന്നുപോവും. കാരണം ആ കുഞ്ഞുങ്ങളുടെ സ്ഥാനത്ത് മോനെയാണ് ഞാന്‍ കാണുന്നത്. യുദ്ധത്തിന്റെ ബാക്കിപത്രമാവുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ കാണുമ്പോഴും ഇതേ അവസ്ഥതന്നെയാണ്.
രുദ്രനെ എങ്ങനെ വളര്‍ത്തണമെന്നതിനെക്കുറിച്ച് വലിയ സ്വപ്‌നങ്ങളൊന്നുമില്ല. സമൂഹത്തിലെ ഒരുപാട് കാര്യങ്ങളോട് എതിര്‍പ്പുണ്ട്. അതിലൊക്കെ മാറ്റങ്ങള്‍ വരണമെന്ന് ആഗ്രഹവുമുണ്ട്. എന്നാല്‍, ഇന്നത്തെ തലമുറയിലോ നമ്മുടെ അച്ഛനമ്മമാരുടെ തലമുറയിലോ അങ്ങനെ മാറ്റങ്ങള്‍ വരുത്താനെളുപ്പമല്ല. അതൊക്കെ ഇനിവരുന്ന തലമുറയിലേ പ്രാവര്‍ത്തികമാക്കാന്‍ പറ്റൂ.
അതവനെ പഠിപ്പിക്കണമെന്ന് ആദ്യമേ ചിന്തിച്ചിരുന്നു. പിന്നെ, ഏറ്റവും വലിയ ആഗ്രഹം നല്ലൊരു മനുഷ്യനായി അവനെ വളര്‍ത്തിക്കൊണ്ടുവരുക എന്നതുതന്നെയാണ്. എന്തെങ്കിലും നേടിയാലും ഇല്ലെങ്കിലും അവനെന്നും സന്തോഷമായിട്ടിരുന്നാല്‍ മതി.''
Content Highlights: kailas menon talks about parenting and fatherhood
Published: 30 Jun 2024, 10:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented