സൽമാൻ ഖാനും ഐശ്വര്യ റായിയും ഒരിക്കൽ ബോളിവുഡിലെ പേരെടുത്ത ജോഡികളായിരുന്നു. സഞ്ജയ് ലീല ബൻസാലിയുടെ പ്രശസ്തമായ 'ഹം ദിൽ ദേ ചുകേ സനം' എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് സൽമാന്റെയും ഐശ്വര്യയുടെയും ഓൺ-സ്ക്രീൻ പ്രണയം പതിയെ റിയൽ-ലൈഫ് പ്രണയമായി മാറി. പല അഭിമുഖങ്ങളിലും സൽമാൻ മുൻ മിസ് വേൾഡിനോടുള്ള തന്റെ സ്നേഹം തുറന്നുപറഞ്ഞിട്ടുണ്ട്. പക്ഷേ, ആ പ്രണയത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. മാത്രവുമല്ല, വളരെ മോശമായ രീതിയിലായിരുന്നു ഇരുവരുടെയും വേർപിരിയൽ. 

മുതിർന്ന നടിയായ ഹിമാനി ശിവ്പുരി സൽമാൻ ഖാന്റെയും ഐശ്വര്യ റായിയുടെയും ബന്ധം നേരിട്ട് കണ്ടിട്ടുള്ളയാളാണ്. താൻ ഐശ്വര്യയ്ക്കൊപ്പം ജോലി ചെയ്യുന്ന സമയത്ത്, സൽമാൻ സ്ഥിരമായി സെറ്റിൽ വരുമായിരുന്നെന്ന് തുറന്നുപറയുകയാണ് ഹിമാനിയിപ്പോൾ.

"ഐശ്വര്യയും സൽമാനും തമ്മിലുള്ള ബന്ധം വളരെ ശക്തമായിരുന്ന കാലമായിരുന്നു അത്, അതുകൊണ്ട് സൽമാൻ എല്ലാ രാത്രിയിലും വന്ന് രാവിലെയാണ് മടങ്ങിയിരുന്നത്."-ഒരു പോഡ്കാസ്റ്റിൽ അവർ പറഞ്ഞു. ഐശ്വര്യയോട് സൽമാന് അമിതമായ പൊസസീവ്‌നെസ്സ് ഉണ്ടായിരുന്നു, അവളുടെ സെറ്റിലേക്കുള്ള അദ്ദേഹത്തിന്റെ പതിവ് സന്ദർശനങ്ങൾ അത് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ, അവർക്കിടയിലെ കാര്യങ്ങൾ വഷളാകാൻ തുടങ്ങിയപ്പോൾ, സൽമാന് ഐശ്വര്യയോട് ദേഷ്യവും നിരാശയും തോന്നി. താനത് കണ്ടിരുന്നുവെന്നും ഹിമാനി പറഞ്ഞു.

ബന്ധം മോശമായപ്പോൾ സൽമാന്റെ ദേഷ്യവും താൻ കണ്ടിട്ടുണ്ടെന്ന് ഹിമാനി വെളിപ്പെടുത്തി. അഭിഷേക് ബച്ചനൊപ്പം റോഹൻ സിപ്പിയുടെ ഒരു പ്രോജക്റ്റിൽ ഐശ്വര്യ അഭിനയിക്കുമ്പോൾ, സൽമാൻ അപ്രതീക്ഷിതമായി കടന്നുവന്നു, അവളുടെ പെരുമാറ്റത്തിൽ അദ്ദേഹത്തിന് വലിയ നിരാശ തോന്നി, സൽമാൻ ആ ദേഷ്യം തന്നോട് പ്രകടിപ്പിച്ചെന്നും ഹിമാനി പറഞ്ഞു. 

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ പഴയൊരു അഭിമുഖത്തിൽ, ഐശ്വര്യ തന്റെ വേർപിരിയലിനെപ്പറ്റി തുറന്നുപറഞ്ഞതിങ്ങനെയാണ്- "കഴിഞ്ഞ മാർച്ചിലാണ് ഞാനും സൽമാനും പിരിഞ്ഞത് (separation), പക്ഷേ അത് അംഗീകരിക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല. പിരിഞ്ഞതിന് ശേഷവും, അദ്ദേഹം എന്നെ വിളിച്ച് മോശമായ കാര്യങ്ങൾ സംസാരിക്കുമായിരുന്നു. എന്റെ സഹനടനമാരുമായി എനിക്ക് ബന്ധമുണ്ടെന്നും അദ്ദേഹം സംശയിച്ചു. അഭിഷേക് ബച്ചൻ മുതൽ ഷാരൂഖ് ഖാൻ വരെ എല്ലാവരുമായും എന്റെ പേര് ചേർത്തുപറഞ്ഞു. ചില സമയങ്ങളിൽ സൽമാൻ എന്നെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ട്, ഭാഗ്യവശാൽ യാതൊരു പരിക്കുകളും അവശേഷിപ്പിച്ചില്ല എന്ന് മാത്രം. എന്നാൽ ഒന്നും സംഭവിക്കാത്തതുപോലെ ഞാൻ ജോലിക്ക് പോകുമായിരുന്നു."

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi