
'തുടക്കം' സിനിമ റിലീസായതിനുപിന്നാലെ നടി ചിപ്പി ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പിട്ടു. ''25 വർഷങ്ങൾക്കുശേഷം ഒരു സിനിമ ചെയ്തു''. ആരാധകർ സന്തോഷത്തോടെയാണ് ആ കുറിപ്പ് സ്വീകരിച്ചത്. 'ചേച്ചി വീണ്ടും സിനിമയിൽ വന്നതിൽ ഒരുപാട് സന്തോഷം...ഇനിയും കൂടുതൽ സിനിമകളിൽ കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു, ഒരിക്കലും പ്രായമാകില്ലേ, ചില താരങ്ങൾ ഒരിക്കലും മങ്ങുന്നില്ല...' ആ പോസ്റ്റിനു താഴെ വളരെ പെട്ടെന്നാണ് കമന്റുകൾ നിറഞ്ഞത്.
'കാറ്റു വന്നു വിളിച്ചപ്പോൾ' എന്ന ചിത്രത്തിലാണ് ചിപ്പി അവസാനമായി അഭിനയിച്ചത്. അതിനുശേഷം താരം സീരിയലുകളിൽ സജീവമായി. സീരിയലുകളിൽ മിക്കതും സ്വന്തമായി നിർമ്മിച്ചതുമായിരുന്നു. വർഷങ്ങൾക്കുശേഷം 'തുടക്ക'ത്തിൽ വിസ്മയ മോഹൻലാലിന്റെ അമ്മയായാണ് ചിപ്പി എത്തുന്നത്. 'തളിരോമലേ' എന്ന പാട്ടിൽ മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂവെങ്കിലും, സിനിമയിലുടനീളം അദൃശ്യമായി ചിപ്പിയുടെ സാന്നിധ്യമുണ്ട്. സിനിമയെക്കുറിച്ചും തിരിച്ചുവരവിനെക്കുറിച്ചുമെല്ലാം ചിപ്പി സംസാരിക്കുന്നു.
സത്യത്തിൽ ആ പോസ്റ്റ് കണ്ടപ്പോൾ എല്ലാവരും ഞെട്ടി. 25 വർഷമായെന്ന് അപ്പോഴാണ് പലരും തിരിച്ചറിയുന്നത്…
അതേ. പക്ഷേ, അന്നുമുതൽ ഞാൻ സീരിയലിൽ അഭിനയിക്കുന്നുണ്ട്. തുടർച്ചയായി തന്നെ സീരിയലിലുണ്ടെന്ന് പറയാം. അതുകൊണ്ടാവാം ആ ഗ്യാപ്പ് ആർക്കും തോന്നാതിരുന്നത്. പക്ഷേ, സിനിമ ചെയ്തിട്ട് ഇത്രയും വർഷമായി.
ഇതിനിടയ്ക്ക് ഒരിക്കൽപ്പോലും സിനിമയിൽ വരണമെന്ന് തോന്നിയിട്ടില്ലേ?
എനിക്കങ്ങനെ തോന്നിയിട്ടില്ല. ഒന്നാമത്തെ കാര്യം ഞാൻ പറഞ്ഞില്ലേ, സീരിയലുമായിട്ട് തിരക്കായിരുന്നു. ഒരു സീരിയൽ തീരുമാനിച്ചുകഴിഞ്ഞാൽ രണ്ടുമൂന്ന് വർഷമൊക്കെ അതിന്റെ ഷൂട്ടിങ് നീണ്ടുനിൽക്കും. ഷൂട്ടിങ് തുടങ്ങിക്കഴിഞ്ഞാൽ രണ്ടര വർഷമെങ്കിലും നമ്മൾ മുഴുവനായി അതിൽ എൻഗേജ്ഡാവും. പിന്നെ, അഭിനയിച്ച സീരിയലുകളെല്ലാം പ്രേക്ഷകർ സ്വീകരിച്ചു, അത്യാവശ്യം ഹിറ്റുമായി. അതുകൊണ്ട് സിനിമയിൽ വരണമെന്ന് തോന്നിയതുമില്ല.
അപ്പോഴും സിനിമയിൽനിന്ന് പലരും വിളിച്ചിരുന്നു. പക്ഷേ സീരിയലിൽനിന്ന് മാറാൻ പറ്റുന്ന അവസ്ഥയായിരുന്നില്ല. കാരണം ഞാനഭിനയിച്ച സീരിയലുകളിലേറെയും നിർമിച്ചത് നമ്മുടെ പ്രൊഡക്ഷൻ കമ്പനിയായ രജപുത്രയാണ്. അഭിനയത്തിനൊപ്പം തന്നെ മറ്റുകാര്യങ്ങളിലും ഇൻവോൾവ് ആകേണ്ടിവരും. അതുകൊണ്ട് സിനിമയിൽനിന്ന് വിളിക്കുമ്പോൾ തന്നെ ഇല്ലെന്നുപറയും.
തുടക്കത്തിലെ ആ പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടല്ലോ…
ശരിയാണ്. ചിത്രം റിലീസാവുന്നതിനുമുമ്പ് പുറത്തുപോവുമ്പോൾ പലരും ചോദിക്കും, 'പുതിയ സിനിമ ഇറങ്ങുകയാണല്ലേ, പാട്ടുകണ്ടു' എന്ന്. അപ്പോൾ ഞാൻ പറയും, 'ഇല്ല, ഞാനാ പാട്ടിൽ മാത്രമേയുള്ളൂ, വേറെയില്ല' എന്ന്. പാട്ട് പെട്ടെന്ന് ഹിറ്റായി. ഒരു മില്യൺ അടിച്ചത് വളരെ വേഗത്തിലാണ്. അതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം. മറ്റൊരു വലിയ കാര്യം ചിത്രച്ചേച്ചി പാടിയ പാട്ടിൽ അഭിനയിക്കാൻ കഴിഞ്ഞുവെന്നതാണ്. ഞാൻ ചേച്ചിയെ വിളിച്ചിരുന്നു. 'ചേച്ചിയുടെ ഒരു പാട്ടിലാണ് ഞാനിപ്പോഴും പൊയ്ക്കൊണ്ടിരിക്കുന്നത്. ചേച്ചിയുടെ ഒരു ഹിറ്റ് പാട്ടും കൂടി എനിക്ക് കിട്ടി' എന്ന്. 'കാറ്റു വന്നു വിളിച്ചപ്പോൾ' എന്ന സിനിമയിലെ 'കാറ്റേ നീ വീശരുതിപ്പോൾ' എന്ന പാട്ടിന്റെ കാര്യമാണ് ഞാൻ പറഞ്ഞത്. അതുകേട്ടപ്പോൾ ചേച്ചിക്കും സന്തോഷമായി.
എങ്ങനെയാണ് ഈ സിനിമയിലേക്ക് വരുന്നത്?
എന്റെ കഥാപാത്രം മരിച്ചതായിട്ടാണ് സിനിമയിൽ കാണിക്കുന്നത്. കഥാപാത്രത്തെക്കുറിച്ച് ആദ്യമെന്നോട് പറയുന്നത് ആന്റണിച്ചേട്ടനാണ് (ആന്റണി പെരുമ്പാവൂർ). എന്റെയൊരു ഫോട്ടോ സിനിമയിൽ ഉപയോഗിക്കുന്നുവെന്നാണ് ചേട്ടൻ പറഞ്ഞത്. എനിക്ക് ഷൂട്ടിങ് ഉണ്ടാവുമെന്ന് പറഞ്ഞിരുന്നില്ല. 'നല്ല ഫോട്ടോ ആണോ, മെലിഞ്ഞിരിക്കുന്ന ഫോട്ടോയാണോ' എന്നൊക്കെ ഞാൻ ചോദിച്ചു. അത്രമാത്രം. ഷൂട്ടിങ് തുടങ്ങി പകുതിയായപ്പോഴാണ് 'രണ്ടു ദിവസം വരണം കേട്ടോ' എന്നെന്നോട് പറയുന്നത്. അത് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. 'അയ്യോ പെട്ടല്ലോ' എന്ന് മനസ്സിലായി. അങ്ങനെയാണ് ലൊക്കേഷനിലേക്ക് പോവുന്നത്. അല്ലാതെ നേരത്തെ പ്ലാൻ ചെയ്തതൊന്നുമല്ല.
പാട്ടുസീൻ ആണെന്ന് പിന്നീടാണറിയുന്നത്. ഈ പാട്ടിനെക്കുറിച്ച് ജേക്ക്സ് (സംഗീതസംവിധായകൻ ജേക്ക്സ് ബിജോയ്) ഒക്കെ പറഞ്ഞ് നേരത്തെ അറിഞ്ഞിരുന്നു. നല്ല പാട്ടാണെന്നും അറിയാം. പക്ഷേ കറങ്ങിത്തിരിഞ്ഞ് ഞാനതിൽ എത്തുമെന്ന് ചിന്തിച്ചതേയില്ല. രണ്ടുദിവസത്തെ ഷൂട്ടായിരുന്നു. സായ്ച്ചേട്ടന്റെ കൂടെയുള്ള കോമ്പിനേഷൻ സീനുകൾ. ഷൂട്ടിങ് നല്ല രസമായിരുന്നു.
സിനിമാക്യാമറയ്ക്കുമുന്നിൽ വർഷങ്ങൾക്കുശേഷം വന്നപ്പോൾ എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടായോ?
പാട്ട് മാത്രമായതുകൊണ്ട് ഞാൻ രക്ഷപ്പെട്ടുവെന്ന് പറയാം. കൂടുതൽ സീനുകൾ ഉണ്ടായിരുന്നെങ്കിലും എന്തായേനെ എന്നെനിക്കറിയില്ല. കാരണം, നമ്മുടെ കംഫർട്ട് സോണിൽനിന്ന് വർഷങ്ങൾക്കുശേഷം പുറത്തുകടക്കുകയാണ്. നമ്മുടെ പ്രൊഡക്ഷനാവുമ്പോൾ, ക്രൂ എല്ലാം നമുക്കറിയുന്നവരായിരിക്കും. 'തുടക്ക'ത്തിന്റെ കാര്യം അങ്ങനെയായിരുന്നില്ലല്ലോ. വേറൊരു സംവിധായകൻ, ക്യാമറാമാൻ, ക്രൂ...ഇപ്പോഴത്തെ സംവിധായകരുടെ കൂടെ അതുവരെ വർക്ക് ചെയ്തിട്ടുമില്ലല്ലോ.
ഇത്രയും വർഷത്തിനുള്ളിൽ സിനിമയ്ക്ക് മാറ്റങ്ങൾ വന്നതായി തോന്നിയോ?
ഒരുപാട് വ്യത്യാസമുണ്ട്. ലാലേട്ടന്റെ 'തുടരും' എന്ന സിനിമ രജപുത്രയാണല്ലോ നിർമിച്ചത്. ആ ലൊക്കേഷനിൽ ഞാനിടയ്ക്ക് പോകുമായിരുന്നു. ഷൂട്ടിങ്ങും കണ്ടിരുന്നു. അപ്പോഴൊന്നും വലിയ വ്യത്യാസം തോന്നിയില്ല. പക്ഷേ ക്യാമറയുടെ മുമ്പിലെത്തിയപ്പോഴാണ് ഇത്രയും മാറ്റമുണ്ടായെന്ന് അറിയുന്നത്. ചിത്രീകരിക്കുന്ന രീതിയിലാണെങ്കിലും മാറ്റമുണ്ട്.
ചിപ്പിയുടെ ആദ്യചിത്രമായ 'പാഥേയം' റിലീസായിട്ട് 33 വർഷമായി. അക്കാലം ഓർക്കാറുണ്ടോ?
തീർച്ചയായിട്ടും. എല്ലാ ദിവസവും 'പാഥേയ'വുമായി ബന്ധപ്പെട്ടുള്ള എന്തെങ്കിലും ആരെങ്കിലുമൊക്കെ അയച്ചുതരാറുണ്ട്. ഏതെങ്കിലും സീനോ, പാട്ടോ, അതിലെ കവിതകളോ... അങ്ങനെ എന്തെങ്കിലും. ഇപ്പോഴും എന്നെ കാണുമ്പോൾ പലരും ആദ്യം പറയുന്നത് പാഥേയത്തിന്റെ കാര്യം തന്നെയാണ്. അതുകൊണ്ട് എപ്പോഴും പാഥേയം ഇങ്ങനെ കൂടെത്തന്നെയുണ്ട്.
ആ സിനിമ ചെയ്യുമ്പോൾ അതിന്റെ വലുപ്പമൊന്നും എനിക്കറിയില്ലായിരുന്നു. പിന്നീട് ആലോചിക്കുമ്പോഴാണ്, എത്ര വലിയ അവസരമാണ് എനിക്ക് കിട്ടിയതെന്ന് മനസ്സിലാവുന്നത്. തുടക്കകാലത്ത് അതിനെക്കുറിച്ചൊന്നും ചിന്തിക്കില്ലല്ലോ. കുറേക്കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോഴാണ് ആ പ്രൊജക്ടിന്റെ മൂല്യം മനസ്സിലാവുന്നത്. ഞാൻ ഭയങ്കര ഭാഗ്യവതിയാണെന്നു പറയാം.
രജപുത്രയുടെ ബാനറിലുള്ള സീരിയലുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ചിപ്പി തന്നെയാണല്ലോ നോക്കുന്നത്. ഒരു സീരിയൽ നിർമാണത്തിൽ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കുന്നത്?
പ്രധാനമായും കഥ തന്നെയാണ്. നല്ല കഥ വന്നുകഴിഞ്ഞാലേ ഒരു സീരിയലിനെക്കുറിച്ച് ആലോചിക്കുകയുള്ളൂ. ഒരുപാട് ദീർഘമുള്ളവ നമ്മൾ ഇതുവരെ ചെയ്തിട്ടില്ല. പിന്നെ രജപുത്രയുടെ സീരിയലുകളിലൂടെ ഒട്ടേറെ പുതുമുഖങ്ങളെ കൊണ്ടുവന്നിട്ടുണ്ട്. സ്ഥിരം ആളുകളെ തന്നെ അഭിനയിപ്പിക്കുമ്പോൾ, ഇങ്ങനെയായിരിക്കും ആ കഥാപാത്രമെന്നൊരു ധാരണ പലരുടെയും മനസ്സിലുണ്ടാവാം. അതുകൊണ്ടാണ് പുതിയ ആളുകളെ അവതരിപ്പിക്കുന്നത്. പുതിയ ആളുകളെ കൊണ്ടുവരുമ്പോൾ പ്രേക്ഷകർക്ക് സീരിയൽ കാണാനും കൂടുതൽ താത്പര്യമുണ്ടാവുമെന്ന് തോന്നുന്നു.
ചിപ്പി സിനിമയിലേക്ക് വരുന്നതും പിന്നീട് സീരിയലിലേക്ക് വരുന്നതും കെ.പി.എ.സി.ലളിത വഴിയാണല്ലോ. കരിയറിലെ മറക്കാനാവാത്തൊരാൾ, അല്ലേ?
അതേ, 'പാഥേയ'ത്തിന്റെ സമയത്ത് ലളിതാന്റി പറഞ്ഞിട്ടാണ് ചിത്രങ്ങൾ അയച്ചുകൊടുക്കുന്നത്. ആന്റിയാണ് അത് ഭരതൻ അങ്കിളിനെ കാണിക്കുന്നതും. അതുകഴിഞ്ഞ് സീരിയലിലേക്കുള്ള അവസരം വന്നതും അങ്ങനെത്തന്നെ. ആദ്യസീരിയലിലേക്ക് അവർ വിളിക്കുമ്പോൾ, ഞാൻ ചെയ്യുന്നില്ലെന്നാണ് ആദ്യം പറഞ്ഞത്. പിന്നാലെ ആന്റി എന്റെ വീട്ടിലേക്കുവന്നു, എന്നെ പറഞ്ഞു സമ്മതിപ്പിച്ചു. എനിക്ക് തോന്നുന്നു, വേറെയാരെങ്കിലുമാണ് പറഞ്ഞതെങ്കിൽ ഞാൻ ചെയ്യില്ലായിരുന്നുവെന്ന്.
ചിപ്പി ഇപ്പോഴിട്ട പോസ്റ്റിനു താഴെ പലരും ചോദിക്കുന്നുണ്ട്, പ്രായമാകുന്നില്ലല്ലോ എന്ന്…
അയ്യോ, അങ്ങനെയല്ല. പ്രായമൊക്കെ ആകുന്നുണ്ട്. നിങ്ങളിങ്ങനെ കണ്ടുകണ്ടിരിക്കുന്നതുകൊണ്ട് തോന്നാത്തതാണ്. ഒരു വലിയ ഗ്യാപ്പിനുശേഷമാണ് ഞാൻ വരുന്നതെങ്കിൽ പറഞ്ഞേനെ, പ്രായമായെന്ന്. ഇതിപ്പോൾ അങ്ങനെയല്ലല്ലോ.
എപ്പോഴും നല്ല ഊർജ്ജസ്വലതയോടെ, സന്തോഷമായിട്ടാണല്ലോ ഇരിക്കുന്നത്. എന്താണിതിനുപിന്നിൽ?
എന്റെ സ്വഭാവം ഏകദേശം അങ്ങനെയാണ്. പിന്നെ വലിയ കാര്യങ്ങളൊന്നും ഞാനങ്ങനെ ചിന്തിക്കാറില്ല. സീരിയസ് കാര്യങ്ങളോ ടെൻഷൻ വരുന്ന കാര്യങ്ങളോ ഓർക്കാറില്ല. 'വരുന്നിടത്ത് വെച്ച് കാണാം, അല്ലെങ്കിൽ എല്ലാം നല്ലതായിട്ട് വരും', അങ്ങനെയൊരു പ്രതീക്ഷയിൽ മുന്നോട്ടുപോകും. വലിയ ശുഭാപ്തിവിശ്വാസമാണ്. ഓരോ കാര്യം ചെയ്യുമ്പോഴും, 'അത് അങ്ങനെ ആവുമോ, ഇങ്ങനെ ആവുമോ' എന്നൊന്നും ആലോചിക്കില്ല. അത് നന്നാവും എന്നുള്ള ഒരു വിശ്വാസത്തിൽ പോകും.
ഇനി സിനിമയിൽ സജീവമാകുമോ?
അറിയില്ല, കുറേ അവസരങ്ങൾ വരുന്നുണ്ട്. നമ്മളെ വിളിക്കുന്നുവെന്നത് തന്നെ വലിയൊരു സന്തോഷമാണ്. ആ കഥാപാത്രം ഞാൻ ചെയ്തില്ലെങ്കിലും നമ്മളെ ഓർത്തുവിളിച്ചല്ലോ എന്നത് തന്നെ വലിയ കാര്യം. പക്ഷേ പല കാര്യങ്ങൾ കൊണ്ടാവാം ചെയ്യാൻ പറ്റാത്തത്. ചിലപ്പോൾ വേറെ കമ്മിറ്റ്മെന്റുണ്ടാവും, അല്ലെങ്കിൽ അത്രയും ദിവസം അഭിനയിക്കാൻ പറ്റാത്തതാവാം കാരണം. ഇനിയെന്താവുമെന്നും അറിയില്ല.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Chippy returns to the silver screen after 25 years with the movie Thudakkam. She plays the role of Vismaya Mohanlal's mother and appears in the hit song 'Thaliromale'
Published: 10 Aug 2026, 07:15 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented