വ്യവസായത്തിനും മറ്റുമായി ഇറാനിൽ നിന്ന് മുംബൈയിലേക്ക് കുടിയേറിയ ഒട്ടേറെ കുടുംബങ്ങളുണ്ട്. അതിൽ ചിലരൊക്കെ ബോളിവുഡിലും (bollywood) ഒന്ന് പയറ്റിനോക്കിയവരാണ്. വിജയിച്ചവരും പരാജയപ്പെട്ടവരുമായ നടീനടൻമാർ അക്കൂട്ടത്തിലുണ്ട്. ഇറാനിയൻ വേരുകളുള്ള ബോളിവുഡ് താരങ്ങളെ പരിചയപ്പെടാം.

മുൻകാല നടി മുംതാസ്
ഇറാനിലെ മഷ്ഹദിൽ നിന്നുള്ള അബ്ദുൾ സലിം അസ്കരിയുടെയും ഷാദി ഹബീബ് ആഘയുടെയും മകളായാണ് മുൻകാല നടി മുംതാസ് ജനിച്ചത്. പിതാവ് ഇമാം കുടുംബത്തിൽ നിന്നുള്ളയാളും ഡ്രൈ ഫ്രൂട്ട്സ് വ്യാപാരിയുമായിരുന്നു. കുടുംബം ഇന്ത്യയിലേക്ക് കുടിയേറി. മുംതാസ് ജനിച്ച് ഒരു വർഷത്തിനുശേഷം മാതാപിതാക്കൾ വിവാഹമോചനം നേടി.

ഫിറോസ് ഖാൻ
സുൽഫിക്കർ അലി ഷാ ഖാൻ എന്നായിരുന്നു ഫിറോസ് ഖാന്റെ യഥാർഥപേര്. ഇറാനിയൻ വംശജയായ ഫാത്തിമയാണ് അദ്ദേഹത്തിന്റെ അമ്മ. പിതാവ്, സാദിഖ് അലി ഖാൻ തനോലി, അഫ്ഗാനിസ്ഥാനിലെ ഗസ്നി പ്രവിശ്യയിൽ നിന്നുള്ള ഒരു അഫ്ഗാൻ കുടിയേറ്റക്കാരനായിരുന്നു. ഫിറോസ് ഖാന്റെ മകൻ ഫർദീൻ ഖാനും അങ്ങനെ ഇറാനിയൻ വേരുകളുള്ളയാളാണ്. 

ബോമൻ ഇറാനി
മുംബൈയിലെ ഒരു ഇറാനിയൻ സൊരാഷ്ട്രീയൻ കുടുംബത്തിൽ ജനിച്ച ബോമൻ ഇറാനിക്ക് ഇറാനിൽ ആഴത്തിലുള്ള വേരുകളുണ്ട്. അദ്ദേഹത്തിന്റെ പിതാവ്, രുസ്തം ഇറാനി, അദ്ദേഹം ജനിക്കുന്നതിനു ആറുമാസം മുമ്പേ മരിച്ചിരുന്നു. അമ്മ തനിച്ചാണ് മകനെ വളർത്തിയത്. പാഴ്സി ആചാരങ്ങൾ പിന്തുടരുന്ന ആൾ കൂടിയാണ് അദ്ദേഹം

ജോൺ എബ്രഹാം
പ്രശസ്ത ബോളിവുഡ് നടനായ ജോൺ എബ്രഹാം, മതപരമായും വംശീയമായും വ്യത്യസ്തമായ പാരമ്പര്യമുള്ള കുടുംബത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് മലയാളിയായ സിറിയൻ ക്രിസ്ത്യാനിയാണ്, അമ്മ ഒരു ഇറാനിയൻ സൊരാഷ്ട്രിയനും. ഇറാനിൽ, പ്രത്യേകിച്ച് യാസ്ദ്, ഷിറാസ് എന്നിവിടങ്ങളിൽ അദ്ദേഹത്തിന് 21 കസിൻസുണ്ട്. 

എൽനാസ് നൊറൂസി
1990-കളുടെ തുടക്കത്തിൽ ഇറാനിൽ ജനിച്ച എൽനാസ് നൊറൂസി 8 വയസ്സുള്ളപ്പോൾ കുടുംബത്തോടൊപ്പം ജർമ്മനിയിലേക്ക് കുടിയേറിയതാണ്. സേക്രഡ് ഗെയിംസ്, അഭയ്, മേഡ് ഇൻ ഹെവൻ, കാണ്ഡഹാർ തുടങ്ങിയ സിനിമകളിലെ അഭിനയത്തിലൂടെയാണ് അവർ അറിയപ്പെടുന്നത്.

മന്ദാന കരീമി
ടെഹ്‌റാനിലെ ഒരു മുസ്ലീം കുടുംബത്തിലാണ് മന്ദാന കരീമിയുടെ ജനനം. ഇറാനിയൻ-ഇന്ത്യൻ വംശജനാണ് പിതാവ്, മാതാവ് പേർഷ്യൻ വംശജയും. ഒരു ഫ്ലൈറ്റ് അറ്റൻഡന്റായി ജോലി ചെയ്തതിന് ശേഷമാണ് മന്ദാന മോഡലിങ്ങിലേക്ക് കടക്കുന്നത്. മിഡിൽ ഈസ്റ്റിൽ ജോലി ചെയ്തശേഷം ഇന്ത്യയിലേക്ക് വന്നു. ഭാഗ് ജോണി (2015), റോയ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയും ബിഗ് ബോസ് 9 (റണ്ണർ അപ്പ്), ലോക്ക് അപ്പ് റിയാലിറ്റി ഷോകളിലെ സാന്നിധ്യത്തിലൂടെയുമാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.

സജ്ജാദ് ഡെലാഫ്രൂസ്
ഇറാനിൽ (iran) ജനിച്ച്, യുഎഇയിൽ വളർന്ന സജ്ജാദ് ഡെലാഫ്രൂസ്, സ്പെഷ്യൽ ഓപ്‌സ്, ഫ്രെഡ്ഡി എന്നിവയുൾപ്പെടെയുള്ള ബോളിവുഡ് ചിത്രങ്ങളിലൂടെയും വെബ് സീരീസുകളിലും ശ്രദ്ധേയനാണ്. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi