ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലും സച്ചിൻ ടെണ്ടുൽക്കറുടെ മകളും സംരംഭകയുമായ സാറ ടെണ്ടുൽക്കറും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ കുറച്ചുനാളായി പ്രചരിക്കുന്നുണ്ട്. ചില പൊതുപരിപാടികളിൽ ഇരുവരും ഒരേസമയത്ത് പങ്കെടുത്തപ്പോഴും അവിടെനിന്നുള്ള ചിത്രങ്ങൾ പുറത്തുവന്നപ്പോഴും ഇത്തരം അഭ്യൂഹങ്ങൾക്ക് ഊർജമേകി. പിന്നാലെ ഗിൽ ഇതെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് രംഗത്തെത്തി. തനിക്ക് ഒരു ബന്ധത്തിലും നിക്ഷേപിക്കാൻ സമയമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

To advertise here,

അതോടെ ഗില്ലുമായി ബന്ധപ്പെടുത്തിയുള്ള ഗോസിപ്പുകൾക്ക് അന്ത്യമായി. ബോളിവുഡ് താരം സിദ്ധാന്ത് ചതുർവേദിയും സാറയും തമ്മിൽ പ്രണയത്തിലാണെന്നായിരുന്നു അടുത്ത ഗോസിപ്പ്. ഇരുവരെയും പലയിടങ്ങളിൽ ഒരുമിച്ച് കണ്ടതോടെയാണ് പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹമുണ്ടായത്. എന്നാൽ, വെറും ദിവസങ്ങൾക്കുള്ളിൽ അവർ പിരിഞ്ഞുവെന്നും വാർത്ത വന്നു.

ഏറ്റവുമൊടുവിലായി സാറയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പേര് സണ്ണി ഡിയോളിന്റെ മകൻ രാജ്‌വീർ ഡിയോളിന്റേതാണ്. ഇരുവരും അധികം വൈകാതെ വിവാഹിതരാകുമെന്നും വാർത്തകൾ പുറത്തുവന്നു. ഇതിൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് സാറയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ.

''ഈ അഭ്യൂഹങ്ങളിൽ യാതൊരു സത്യവുമില്ല. സാറയും രാജ്വീറും തമ്മിൽ ഒരിക്കൽ പോലും കണ്ടിട്ടില്ല. സാറ അവിവാഹിതയാണ്, തന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇത്തരം ഊഹാപോഹങ്ങൾ അനാവശ്യവും അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്'', എന്ന് അവരോട് അടുപ്പമുള്ള വൃത്തങ്ങൾ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സാറ ഇപ്പോൾ സിംഗിളാണെന്നും തന്റെ ജോലിയുമായി തിരക്കുകളിലാണെന്നും അവർ വ്യക്തമാക്കുന്നു. ''മാന്യത പുലർത്താനും അന്തസ്സുള്ള നിലപാട് നിലനിർത്താനും ആഗ്രഹിക്കുന്നതിനാൽ, സാറ ഈ അഭ്യൂഹങ്ങളെക്കുറിച്ച് ഒരിക്കലും പ്രതികരിക്കില്ല''.

സണ്ണി ഡിയോളിന്റെയും പൂജ ഡിയോളിന്റെയും ഇളയമകനാണ് രാജ്‌വീർ. 2023-ലാണ് അദ്ദേഹം റൊമാന്റിക് ബോളിവുഡ് ചിത്രമായ 'ദോനോ' എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് കടന്നത്. യുകെയിൽ തിയേറ്റർ ആർട്‌സ് പഠിച്ചശേഷം തിരിച്ചെത്തിയ അദ്ദേഹം, സഹസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.

നേരത്തെ വിവാഹത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പങ്കുവെച്ച സാറ, സഹോദരൻ അർജുൻ ടെണ്ടുൽക്കറുടെ വിവാഹം കണ്ടപ്പോൾ, വിവാഹം എന്ന അനുഭവത്തെക്കുറിച്ച് ഒരു മുൻധാരണ ലഭിച്ചതായി പറഞ്ഞിരുന്നു. അത് തന്റെ ഭാവിയിലെ വിവാഹത്തിനായുള്ള ഒരു 'ട്രയൽ റൗണ്ട്' പോലെ തോന്നിച്ചുവെന്നും അവർ വ്യക്തമാക്കിയിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi