2003 മുതൽ ചലച്ചിത്രരംഗത്ത് സജീവമാണ് നടൻ ജോൺ എബ്രഹാം. സിനിമയിൽ എത്തിയത് മുതൽ താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ച് പറയുകയാണ് ജോൺ എബ്രഹാം. സിനിമയ്ക്ക് പുറത്തുനിന്നൊരാളായി വന്നതിനെക്കുറിച്ചും, പിന്നീട് നേരിട്ട വിമർശനങ്ങളെക്കുറിച്ചും, 'സ്ക്രീൻ മാസ്റ്റർക്ലാസു'മായുള്ള സംഭാഷണത്തിൽ താരം വെളിപ്പെടുത്തുകയുണ്ടായി.

"ഈ ഇൻഡസ്ട്രിയിൽ ഞാൻ വന്ന കാലം മുതൽ, ഒരുപക്ഷേ ഏറ്റവും കൂടുതൽ വിമർശിക്കപ്പെട്ടത് ഞാനായിരിക്കും. 2003-ൽ ഞാൻ വരുമ്പോൾ പുറത്തുനിന്നുള്ളവർ ആരുംതന്നെ ഇവിടെ ഇല്ലായിരുന്നു. അതിനുമുമ്പ് ഷാരൂഖ് ഖാനും അക്ഷയ് കുമാറും മാത്രമാണ് അങ്ങനെ വന്നിട്ടുള്ളത്. എന്റെ കാലഘട്ടത്തിൽ ഞാൻ അനുഭവിച്ച അത്രയും വിമർശനങ്ങൾ മറ്റാരും നേരിട്ടിട്ടുണ്ടാവില്ല," അദ്ദേഹം പറഞ്ഞു.

തനിക്ക് ചുറ്റുമുള്ള നെഗറ്റീവ് കാര്യങ്ങൾക്കിടയിലും എങ്ങനെയാണ് ലക്ഷ്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
"എന്നെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ ലളിതമായിരുന്നു. കണ്ണുകെട്ടിയ കുതിരയെപ്പോലെയായിരുന്നു ഞാൻ. മുന്നിലുള്ളത് മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ, മറ്റൊന്നും പ്രതീക്ഷിച്ചില്ല. മാധ്യമങ്ങളിൽ ഇടം നേടാൻ പോകാറില്ല; അത് എന്നെ കൂടുതൽ ദുർബലനാക്കിയേക്കാം, എങ്കിലും എന്റെ സത്യസന്ധതയും ഞാൻ എവിടെ നിന്ന് വരുന്നു എന്നതും ആളുകൾക്ക് അറിയാമെന്ന് ഞാൻ കരുതുന്നു."

തന്റെ കാലഘട്ടത്തിലെ കരുത്തരായ സഹപ്രവർത്തകർക്കിടയിൽ എങ്ങനെയാണ് താൻ മുന്നേറിയതെന്നും അദ്ദേഹം ഓർത്തെടുത്തു. തമ്മിൽ മത്സരിക്കുകയല്ല, മറിച്ച് പരസ്പരം പൂരകങ്ങളാവുകയാണെന്നും തന്റെ സഹനടന്മാരുമായി മികച്ച ബന്ധമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“അക്ഷയ് കുമാർ, ഷാരൂഖ് ഖാൻ, വരുൺ ധവാൻ, അഭിഷേക് ബച്ചൻ എന്നിവർക്കൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്, ഞാൻ അഭിഷേക് ബച്ചനെ ഉമ്മ വെച്ചിട്ടുപോലുമുണ്ട്,” തമാശരൂപേണ അദ്ദേഹം കൂട്ടിച്ചേർത്തു. 

"അവരുടെ പ്രവർത്തനങ്ങളെ സഹായിക്കുന്ന ഒരാളായാണ് അവർ എന്നെ കാണുന്നത്, ഞാനും അവരെ അങ്ങനെതന്നെ കാണുന്നു. ആ കാര്യത്തിൽ എനിക്ക് മത്സരബുദ്ധിയില്ല; സഹനടന്മാർക്കൊപ്പം പ്രവർത്തിക്കുമ്പോൾ എനിക്ക് വലിയ ബുദ്ധിമുട്ടുകളില്ല, ആ ഒരു സൗന്ദര്യം സിനിമയിലും കാണാൻ സാധിക്കും."

അരുൺ ഗോപാലൻ സംവിധാനം ചെയ്യുന്ന മഹാഭാരതത്തിന്റെ ആധുനിക ആവിഷ്കാരത്തിൽ ജോൺ എബ്രഹാം 'ദുര്യോധനനായി' എത്തുമെന്നാണ് റിപ്പോർട്ടുകൾ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi