
ആനപ്പാറ അച്ചമ്മയ്ക്ക് മാത്രമല്ല, പെൺകുലത്തിനാകെ ഭ്രഷ്ട് കല്പിച്ച് 'സ്ത്രീകൾക്ക് പ്രവേശനമില്ല' എന്ന ബോർഡും തൂക്കി ഉമ്മറത്തെ ചാരുകസേരയിൽ ഇരിക്കുന്ന അഞ്ഞൂറാനെ ഓർമ്മിപ്പിക്കുന്നുണ്ട് സ്‌ക്രീനിലെ വിജയരാഘവൻ പലപ്പോഴും. എന്നാൽ നായകനായും സ്വഭാവനടനായും വില്ലനായുമൊക്കെ പ്രേക്ഷകമനസ്സോട് ചേർന്നുനിന്ന നടന്റെ ജീവിതകഥയിൽ, ആ കരുത്തിന് പിന്നിൽ ചില ശക്തമായ സ്ത്രീമുഖങ്ങളുണ്ട്.
അച്ഛൻ എൻ.എൻ.പിള്ള എന്ന മഹാനടനെപ്പോലെതന്നെ, അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെയും അഭിനയജീവിതത്തെയും ആഴത്തിൽ സ്വാധീനിച്ചവർ. അമ്മ ചിന്നമ്മ, ചിറ്റ ഓമന, സഹോദരി സുലോചന, നല്ലപാതി സുമ... തന്റെ ജീവിതത്തെയും മനസ്സിനെയും രൂപപ്പെടുത്തിയ സ്ത്രീരത്നങ്ങളെക്കുറിച്ച് മനസ്സുതുറന്ന് സംസാരിക്കുകയാണ് വിജയരാഘവൻ.
മായില്ല, അമ്മമണം
''1991-ലാണ് എന്റെ അമ്മ മരിക്കുന്നത്. വർഷങ്ങൾ കടന്നുപോയിട്ടും അമ്മയുടെ മണവും സാന്നിധ്യവും ഇന്നും എന്നെ വിട്ടുപോയിട്ടില്ല. അച്ഛനും അമ്മയും എപ്പോഴും എന്റെ കൂടെയുണ്ടെന്ന തോന്നലാണ്. ഞാനൊരു വലിയ ദൈവവിശ്വാസിയല്ല. അമ്മയുടെ മരണംവരെ അമ്പലത്തിൽ പോവുകയോ നാമം ജപിക്കുകയോ ചെയ്തിട്ടില്ല. മരണംവരെ നിരീശ്വരവാദിയായിരുന്നു അച്ഛനും. അമ്മയുടെ മരണശേഷം ഒരിക്കൽ ഞാനും ഭാര്യയും മൂത്തമകനും ചേർന്ന് മൂകാംബികയ്ക്ക് പോയി. അവിടെ ചെന്നതും മനസ്സ് ശാന്തമായതുപോലെ തോന്നി. ഉള്ളിൽ സ്വസ്ഥതയും സമാധാനവും നിറഞ്ഞൊഴുകി. എങ്ങനെ പ്രാർത്ഥിക്കണം, എന്താണ് പ്രാർത്ഥിക്കേണ്ടത് എന്നൊന്നും അറിയാത്ത എനിക്ക്, അവിടെ നിന്ന നിമിഷം മുതൽ തന്നെ ഒരു ആത്മബലം കൈവന്നതായി അനുഭവപ്പെട്ടു. അതൊരുപക്ഷേ എന്റെ ഭീരുത്വത്തിൽനിന്നുണ്ടായതാവാം. അപ്പോൾ അച്ഛന്റെ വാക്കുകളാണ് ഓർമ്മവന്നത്. 'ഭീരുക്കൾ ചാരുന്ന മതിലാണ് ദൈവം. ഞാൻ ഭീരുവല്ല, എനിക്ക് ആ മതിലുംവേണ്ട'. അതെ, ഞാനൊരു ഭീരുവായിരിക്കാം.
ഇന്ന് അമ്പലത്തിൽ പോകുമ്പോഴൊക്കെ മനസ്സിൽ അമ്മയുടെ മുഖം തെളിയും. ദൈവമെന്നാൽ എനിക്ക് അമ്മയാണ്.
ചിറ്റ പഠിപ്പിച്ച പാഠങ്ങൾ…
ഒരു അഭിനേതാവ് എന്ന നിലയിൽ എന്നെ ഏറ്റവുമധികം സ്വാധീനിച്ചത് അച്ഛനാണ്. എന്നാൽ മറ്റൊരു രീതിയിൽ പറഞ്ഞാൽ, സ്വഭാവനടൻ എന്ന നിലയിൽ അഭിനയത്തിലെ നിരവധി സാങ്കേതിക കാര്യങ്ങൾ പഠിക്കാൻ സഹായിച്ചത് എന്റെ ചിറ്റയായ ഓമനയാണ്. ആ അറിവുകൾ അഭിനയകലയിൽ ഇന്നും ഞാൻ ഉപയോഗപ്പെടുത്താറുണ്ട്. ഒരു കഥാപാത്രത്തിന് ജീവൻ നൽകുന്നതുമുതൽ ഒരു നടന്റെ സ്വഭാവവും പാടവവും എങ്ങനെ രൂപപ്പെടണം എന്നതുവരെ എന്നെ പഠിപ്പിച്ചത് ചിറ്റയാണ്.
നാടകവേദികളിൽ ചിറ്റ കഥാപാത്രങ്ങളായി രൂപാന്തരപ്പെടുന്ന അദ്ഭുതം ഞാൻ പലതവണ നേരിട്ട് കണ്ടിട്ടുണ്ട്. അച്ഛൻ രചിച്ച ക്രോസ് ബെൽറ്റ് എന്ന നാടകത്തിൽ പട്ടാളം ഭവാനി എന്ന കഥാപാത്രമായിരുന്നു ചിറ്റയ്ക്ക്. ആദ്യദിവസത്തെ നാടകത്തിൽതന്നെ ചിറ്റ നന്നായി അഭിനയിച്ചു. ഒരുപാട് അഭിനന്ദനങ്ങളും ലഭിച്ചു. എന്നാൽ സ്വന്തം അഭിനയത്തിൽ ചിറ്റയ്ക്ക് തൃപ്തിയുണ്ടായിരുന്നില്ല. അതിനെപ്പറ്റി ഓർത്ത് ചിറ്റയ്ക്ക് വിഷമമായിരുന്നു. ഒരാഴ്ചയോളം കൃത്യമായി ഭക്ഷണംപോലും കഴിക്കാതെ, കരഞ്ഞ് മുഖം വാടിപ്പോയിരുന്നു.
പിന്നീട് രണ്ടാമത്തെ തവണ നാടകം അവതരിപ്പിച്ചപ്പോൾ വേദിയിൽ പട്ടാളം ഭവാനിയെ മാത്രമാണ് ഞങ്ങൾക്ക് കാണാനായത്. കഥാപാത്രത്തിലേക്കുള്ള ചിറ്റയുടെ രൂപാന്തരം അതിഗംഭീരമായിരുന്നു. ഒരു വിപ്ലവകാരിയായ പട്ടാളം ഭവാനിയ്ക്ക് കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ടെന്നാണ് മനോനില തെറ്റുന്നത്. അരയ്ക്ക് താഴെ പാതി തളർന്ന ശേഖരപ്പണിക്കർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അച്ഛനായിരുന്നു. ഭവാനിയുടെ ഭർത്താവിന്റെ വേഷം. ചിറ്റയുടെ പ്രകടനം കണ്ടുനിൽക്കെ ഒരുനിമിഷം അച്ഛൻ ഡയലോഗ് തന്നെ മറന്നുപോയി.
പിന്നീട് ആ നാടകം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചപ്പോൾ അച്ഛൻ അത് സമർപ്പിച്ചത് 'എന്റെ പട്ടാളം ഭവാനി ഓമനയ്ക്ക്' എന്നായിരുന്നു. ഒരു കഥാകൃത്ത് തന്റെ സൃഷ്ടിയായ കഥാപാത്രത്തിന്റെ മുഴുവൻ ക്രെഡിറ്റും ഒരു നടിക്ക് നൽകുന്നത്, ആ കഥാപാത്രം വേദിയിൽ പൂർണ്ണമായി സാക്ഷാത്കരിച്ചുവെന്നതിന്റെ വലിയ അംഗീകാരമാണ്. പതിമൂന്ന് വർഷം മുമ്പാണ് ചിറ്റ മരിക്കുന്നത്. ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണത്.
ചിറ്റയെപോലെ അഭിനയത്തിൽ എന്നെ സ്വാധീനിച്ച മറ്റൊരാൾ സഹോദരി സുലോചനയാണ്. ഈയിടെ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ അവാർഡ് ചേച്ചിക്ക് ലഭിച്ചിരുന്നു. പതിനേഴാമത്തെ വയസ്സിലാണ് സുലു നാടകത്തിൽ അഭിനയിക്കാൻ തുടങ്ങിയത്. അച്ഛന്റെ പ്രധാനപ്പെട്ട നാടകങ്ങളായ ക്രോസ്‌ബെൽറ്റിലും കാപാലികയിലും വൈൻ ഗ്ലാസ്സിലും ഗറില്ലയിലുമൊക്കെ ചേച്ചിയുടെ പ്രകടനം അതിമനോഹരമായിരുന്നു. കാപാലികയിൽ കാപാലികയായും ഗറില്ലയിൽ സംസാരശേഷിയില്ലാത്ത കഥാപാത്രമായും സുലു വേദിയിൽ മികച്ചുനിന്നു. നാടകത്തിൽ ശബ്ദമില്ലാതെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. ശബ്ദവും സംഭാഷണവും കൊണ്ടാണല്ലോ നാടകം പ്രേക്ഷകരിലേക്കെത്തുന്നത്. അങ്ങനെയൊരു വേദിയിൽ ശബ്ദമില്ലാതെ ഒരു ഊമയായ കഥാപാത്രത്തെ ജീവിപ്പിക്കുക എളുപ്പമല്ല. എന്നാൽ അവിസ്മരണീയമായ പ്രകടനത്തിലൂടെ സുലു എല്ലാവരുടെയും കൈയടിനേടി. ചിറ്റയും സുലുവും, എന്റെ അഭിനയജീവിതത്തിൽ ലഭിച്ച അമൂല്യ രത്‌നങ്ങളാണ്. എന്നെ വീണ്ടും വീണ്ടും അദ്ഭുതപ്പെടുത്തിയ നടിമാർ.
അവൾക്ക് ഞാനും എനിക്ക് അവളും
വിവാഹം കഴിക്കുമ്പോൾ എനിക്ക് പ്രായം ഇരുപത്തേഴ്, സുമയ്ക്ക് പതിനെട്ട്. ബന്ധുവായിരുന്നുവെങ്കിലും ഞങ്ങൾ തമ്മിൽ പ്രണയമൊന്നുമില്ലായിരുന്നു. എങ്കിലും അവൾക്ക് എന്നോടൊരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നുവെന്ന് എനിക്കറിയാം. കാലക്രമേണ ഞങ്ങളുടെ സ്‌നേഹം തളിർത്ത്, പൂവിട്ട് വളരുകയായിരുന്നു.
പ്രണയത്തിന്റെ അർഥശൂന്യത എന്നെ പഠിപ്പിച്ചത് എന്റെ സ്വന്തം പ്രണയാനുഭവങ്ങളാണ്. പ്രകൃതിയോടും പുഴയോടും കാറ്റിനോടും മഴയോടുമൊക്കെ മനുഷ്യന് പ്രണയമാണ് എന്നുപറയുന്നത് കാവ്യാത്മകമായ ഒരു ഭാവനയാകാം. പ്രണയം എന്ന വാക്കിനുതന്നെ ഒരഴകുണ്ട്. അതൊരു ഭംഗിയുള്ള വികാരമാണ്. എന്നാൽ ഒരു ഇണയോട് തോന്നുന്ന ആകർഷണത്തിന്റെ അടിസ്ഥാനം സെക്‌സ് തന്നെയാണ്. അടുത്ത തലമുറയെ സൃഷ്ടിക്കുക എന്നതാണ് അതിലെ പൊരുൾ. അതിന്മേൽ നമ്മൾ അണിയിച്ചൊരുക്കുന്ന മനോഹരമായ പരിവേഷമാണ് പ്രണയം. പ്രേമത്തിന് അച്ഛൻ നൽകിയ ഒരു നിർവചനമുണ്ട്; കാമം സാരിയുടുത്തതാണ് പ്രേമം എന്ന്. ദൈവം എന്ന് പറയുന്നതുപോലെയാണ് പ്രണയവും. സുഖകരമായ ഒരു വിശ്വാസമാണത്.
ഇന്ന് പ്രണയത്തിന് എനിക്ക് ഒരു അർഥമുണ്ടെങ്കിൽ അത് സുമയാണ്. ഒരു പങ്കാളിയോടുള്ള ഇഷ്ടവും വിശ്വാസവും എന്റെ കുട്ടികളുടെ അമ്മയോടുള്ള സ്‌നേഹവും കരുതലും ഇതെല്ലാം കൂടിച്ചേർന്നാണ് ഞങ്ങളുടെ ബന്ധം ഇത്രമാത്രം മനോഹരമാക്കിയത്. ഇന്ന് അവൾക്ക് ഈ ലോകത്ത് ഞാൻ മാത്രമേയുള്ളൂ; എനിക്ക് അവളും. അഭിനയത്തിന്റെ തിരക്കിൽ ഞാൻ ഓടിനടക്കുമ്പോൾ, കുടുംബത്തിലെ നൂറുകൂട്ടം കാര്യങ്ങൾ അവൾ ഒറ്റയ്ക്ക് ഭംഗിയായി കൈകാര്യം ചെയ്തു. ഇന്ന് ഞങ്ങൾ അച്ചച്ചനും അച്ചമ്മയുമായി. അഭിനയമേഖലയിൽ ഞാൻ സജീവമായി തുടരുകയാണ്. അപ്പോഴും വീട്ടുകാര്യങ്ങളെല്ലാം അവൾ ശ്രദ്ധയോടെ നോക്കിക്കൊണ്ടിരിക്കുന്നു. സത്യത്തിൽ എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങൾക്കും എനിക്ക് സുമയേയുള്ളൂ.
കുടുംബത്തിൽ എനിക്ക് വളരെ പ്രിയപ്പെട്ട മറ്റുരണ്ട് വനിതാരത്‌നങ്ങൾ കൂടിയുണ്ട്, എന്റെ മരുമക്കൾ. സ്വന്തം അച്ഛനോടെന്നപോലെ എല്ലാ കാര്യങ്ങളും അവർ എന്നോട് തുറന്നു പറയാറുണ്ട്. കരുത്തും ആത്മവിശ്വാസവും നിറഞ്ഞ പെൺകുട്ടികളാണ് അവർ. മൂത്ത മകൻ ജിനദേവനും ഭാര്യ ഡോ. രാഖിയും അവരുടെ രണ്ട് ആൺകുട്ടികളും യുകെയിലാണ്. രണ്ടാമത്തെ മകൻ ദേവദേവൻ സിനിമാമേഖലയിൽ പ്രവർത്തിക്കുന്നു. അവന്റെ ഭാര്യ ശ്രുതി സംരംഭകയാണ്. അവർക്കും രണ്ട് കുട്ടികളുണ്ട്. അവരുടെ മകൾ ചിന്നമ്മുവിനോട് എനിക്ക് ഒരു പ്രത്യേക വാത്സല്യമുണ്ട്. അവൾ അടുത്തുണ്ടാകുമ്പോൾ എന്റെ ലോകം മുഴുവൻ അവളിലേക്ക് ഒതുങ്ങിപ്പോകും. സ്‌നേഹം തുളുമ്പുന്ന കുഞ്ഞുകൈകളാൽ അവൾ എന്നെ ബന്ധിച്ചിടുന്നതുപോലെയാണ് തോന്നുക. അല്ലെങ്കിലും പുരുഷന്റെ ജീവിതം പല വലയങ്ങളിലൂടെയല്ലേ സഞ്ചരിക്കുന്നത്. ആദ്യം അമ്മയെ ചുറ്റിപ്പറ്റിയൊരു ലോകം, പിന്നെ ഭാര്യയ്ക്ക് ചുറ്റിലും, അടുത്തത് മക്കളെ ചുറ്റിപ്പറ്റി...ആഹാ, എത്ര മനോഹരവും സുഖകരവുമാണ് ഈ യാത്ര!
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Insight into the profound influence of mother Chinnamma and aunt Omana on actor vijayaraghavans life. The technical acting lessons learned from his aunt and sister Sulochana. A candid perspective on his marriage and the role of his wife, Suma.
Published: 08 Mar 2026, 12:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented