അനശ്വരനടൻ എൻ.എഫ്.വർഗീസിന്റെ 24-ാം ചരമവാർഷികമാണിന്ന്. ജീവിതപാഠങ്ങളെല്ലാം പറഞ്ഞുകൊടുത്ത്, ആവോളം സ്നേഹം പകർന്ന, തങ്ങളുടെ സ്വന്തം അപ്പച്ചിയെക്കുറിച്ച് മകൾ സോഫിയ ഓർക്കുന്നു

24 വർഷങ്ങൾക്കുമുമ്പ് ഒരു ജൂൺ 19-നാണ് നടൻ എൻ.എഫ്.വർഗീസ് ജീവിതമെന്ന വേഷം അഴിച്ചുവെച്ച് മറയുന്നത്. സിനിമയിൽ സജീവമായി നിൽക്കുമ്പോൾ തന്നെയായിരുന്നു രംഗബോധമില്ലാതെ മരണം അദ്ദേഹത്തെ കൈപിടിച്ചുകൊണ്ടുപോയത്. അദ്ദേഹത്തിന്റെ മരണശേഷമാണ് 'സഹോദരൻ സഹദേവൻ' എന്ന സിനിമ റിലീസായതും.
1986 ജനുവരിയിൽ റിലീസായ 'പപ്പൻ പ്രിയപ്പെട്ട പപ്പൻ' എന്ന സിനിമയിലൂടെയാണ് എൻ.എഫ്.വർഗീസ് എന്ന നടൻ മലയാളികൾക്ക് പരിചിതനാകുന്നത്. അതിനുശേഷം ആകാശദൂത്, രജപുത്രൻ, ഈ പുഴയും കടന്ന്, ലേലം, മന്ത്രമോതിരം, രാവണപ്രഭു, വല്യേട്ടൻ, നരസിംഹം, ക്രൈംഫയൽ, പത്രം...ഇങ്ങനെ എത്രയെത്ര സിനിമകൾ. വില്ലൻ കഥാപാത്രങ്ങൾക്കൊപ്പം തന്നെ നൻമയുള്ള കഥാപാത്രങ്ങളും തന്റെ കൈകളിൽ ഭദ്രമാക്കി. 24 വർഷങ്ങൾക്കിപ്പുറവും, മലയാളികളുടെ മനസ്സിൽ മായാതെയുണ്ട് എൻ.എഫ്.വർഗീസും അദ്ദേഹം ജീവൻ കൊടുത്ത കഥാപാത്രങ്ങളും. മകൾ സോഫിയ വർഗീസ് അദ്ദേഹത്തെക്കുറിച്ച് ഓർക്കുന്നു.
''52 വയസ്സേ ഉണ്ടായിരുന്നുള്ളൂ അപ്പച്ചി മരിക്കുമ്പോൾ. ഞാനന്ന് വിവാഹം കഴിഞ്ഞ് അമേരിക്കയിലാണ്. സഹോദരൻ ബി.ബി.എ ഒന്നാം വർഷവും രണ്ടാമത്തെയാൾ പന്ത്രണ്ടിലും ഇളയ അനിയത്തി പത്തിലും പഠിക്കുകയാണ്.
ഒരു രൂപ പോലും വെറുതെ കളയാത്ത ആളായിരുന്നു അപ്പച്ചി. പാഴ്‌ച്ചെലവുകളൊന്നുമില്ല. ചെലവ് ചുരുക്കുന്നതെങ്ങനെയെന്ന് ഞങ്ങളെയും ചെറുപ്പംമുതലേ പഠിപ്പിച്ചു. എന്നും കാശുണ്ടാവണമെന്നില്ല, അതുകൊണ്ട് ചുരുങ്ങി ജീവിക്കണം...ഇതായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ. ഈ കരുതൽ കാരണമാവാം അപ്പച്ചി പോയപ്പോഴും സാമ്പത്തികപ്രശ്‌നങ്ങളൊന്നും ഞങ്ങളെ അലട്ടിയില്ല.
ചിലപ്പോഴൊക്കെ തോന്നും, അപ്പച്ചി ഞങ്ങളെ അതിനുവേണ്ടി തയ്യാറാക്കുകയായിരുന്നോ എന്ന്. ചെറുപ്പത്തിൽ എല്ലാ വർഷവും പുതിയ സ്‌കൂൾ യൂണിഫോം വാങ്ങിത്തരുന്ന പതിവൊന്നുമുണ്ടായിരുന്നില്ല. കുട ചെറുതായൊന്ന് കീറിയാലും തുന്നിച്ചേർത്ത് ഉപയോഗിക്കും. നമ്മുടെ കൈയിലുള്ളതിൽനിന്ന് മറ്റുള്ളവരെ സഹായിക്കുക എന്നാണ് അപ്പച്ചി ചിന്തിച്ചിരുന്നത്. മമ്മിയാണ് സത്യത്തിൽ ആ കരുണ, അനുകമ്പ എന്നുള്ളത് ജീവിതത്തിൽ പ്രധാനമാണെന്ന് അപ്പച്ചിക്ക് കാണിച്ചുകൊടുത്തത്. സാമ്പത്തികബുദ്ധിമുട്ടുള്ള കുടുംബങ്ങളിലെ കുട്ടികൾക്കായി എല്ലാ വർഷവും വീട്ടിൽനിന്ന് കിറ്റ് കൊടുക്കും. മരുന്ന് വാങ്ങാൻ പണമില്ലാത്തവർ ചിലപ്പോൾ സഹായം ചോദിച്ചെത്തും. അവർക്കുവേണ്ടി മെഡിക്കൽ ഷോപ്പിൽ പണംകൊടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ പതിവ്. എന്റെ കല്യാണത്തിനോടടുപ്പിച്ച് വേറെ രണ്ട് കുട്ടികളുടെ കൂടി കല്യാണം നടത്തി അപ്പച്ചി. മമ്മിയായിരുന്നു ആ കല്യാണത്തിനൊക്കെ പോയത്. ഇതിനെക്കുറിച്ച് ആരെങ്കിലും അറിയുന്നതൊന്നും അപ്പച്ചിക്ക് ഇഷ്ടമല്ലായിരുന്നു. കല്യാണം കഴിഞ്ഞുപോകുമ്പോൾ അപ്പച്ചി എന്നോട് ഒരേയൊരു കാര്യമാണ് പറഞ്ഞത്, 'നിനക്ക് വിദ്യാഭ്യാസമുണ്ട്. നാളെ നിനക്കൊരു ജോലി കിട്ടും. ഉള്ളതിൽനിന്ന് സഹായിക്കാൻ എപ്പോഴും ശ്രമിക്കണം'.
പഠനമാണ് ജീവിതത്തിൽ ഏറ്റവും പ്രധാനമെന്നാണ് അദ്ദേഹം ചിന്തിച്ചത്. അതുകൊണ്ട് ഞങ്ങളോട് എപ്പോഴും പഠിക്കാൻ പറയുമായിരുന്നു. പത്തുമണി കഴിഞ്ഞാൽ ടിവി വെക്കാൻ പാടില്ല. ഞങ്ങൾ പഠിക്കുന്നുണ്ടോ, നേർവഴിക്കാണോ എന്നായിരുന്നു അപ്പച്ചി നോക്കിയിരുന്നത്. എവിടെയെങ്കിലും പോയാൽ, എവിടുന്നാണെങ്കിലും വിളിച്ചുപറയണം. അന്ന് മൊബൈൽ ഇല്ലല്ലോ, എവിടെയെങ്കിലും പോയിട്ട് വൈകുകയാണെങ്കിൽ എസ്.ടി.ഡി ബൂത്തിൽചെന്ന് വിളിച്ചുപറയും. മമ്മി പ്രാർഥിക്കുമ്പോൾ നമ്മൾ എന്തായാലും ഇരിക്കണമെന്നും അദ്ദേഹം നിർബന്ധിക്കും.
കളങ്കമില്ലാത്ത മനുഷ്യൻ
ഒരു എലിവേറ്റർ കമ്പനിയിൽ മാർക്കറ്റിങ് മാനേജറായിരുന്നു. അതേസമയത്ത് തന്നെ നാടകം എഴുതുകയും നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നു. നാടകത്തിലായിരുന്നു കൂടുതൽ ആക്ടീവ്. അതുകഴിഞ്ഞ് ആദ്യം കലാഭവനിലേക്ക് മാറി. ശേഷം ഹരിശ്രീയിലേക്കും. ഹരിശ്രീ ട്രൂപ്പ് ആ സമയത്ത് കൊണ്ടുനടന്നിരുന്നതൊക്കെ അപ്പച്ചിയായിരുന്നു. അതിനിടയിലും കൃത്യമായി ജോലിക്കുപോവും.
മിക്കവാറും ദൂരസ്ഥലങ്ങളിലായിരിക്കും പരിപാടി. അപ്പച്ചി ജോലികഴിഞ്ഞ് ബസ് പിടിച്ച് വീട്ടിൽവരും. എന്നിട്ട് ട്രൂപ്പിന്റെ യൂണിഫോമുമിട്ടിട്ടാണ് പരിപാടിക്ക് പോകുന്നത്. പരിപാടി അവതരിപ്പിക്കുന്ന സ്ഥലത്തെത്തുന്നതുവരെ വണ്ടിയിൽ കിടന്നുറങ്ങും. സ്ഥലത്തെത്തുമ്പോൾ നേരെ സ്‌റ്റേജിലേക്ക്. പരിപാടി കഴിഞ്ഞാൽ വണ്ടിയിൽ തന്നെ കിടന്നുറങ്ങി, രാവിലെയാകുമ്പോഴേക്കും വീടെത്തും. വേഗം കുളിച്ച് ജോലിക്കുപോവും. ഇതായിരുന്നു ശീലം. അത്രയും കഷ്ടപ്പെട്ടിരുന്നു അപ്പച്ചി.
സിനിമയിലെത്തിയശേഷവും നന്നായി കഠിനാധ്വാനം ചെയ്തു. ഒരു സീൻ എടുക്കുന്നതിന്റെ തലേദിവസം തന്നെ തിരക്കഥ വാങ്ങി, അത് മുഴുവനായി പഠിക്കും. കൂടെ അഭിനയിക്കുന്നയാൾക്ക് താൻ കാരണം ബുദ്ധിമുട്ടുണ്ടാവാൻ പാടില്ലെന്ന് എപ്പോഴും പറഞ്ഞിരുന്നു. എനിക്ക് ഓർമയുണ്ട്, അന്നൊക്കെ മുറ്റത്തുകൂടെ അപ്പച്ചിയും ഞാനും കൂടി നടന്നുപഠിക്കുന്നത്. ഞാൻ പാഠങ്ങൾ പഠിക്കുമ്പോൾ, അപ്പച്ചി തിരക്കഥ പഠിക്കുന്ന തിരക്കിലാവും.
മനസ്സിൽ തോന്നുന്നത് മുഖത്തുനോക്കി പറയാൻ മടിയില്ലാത്ത ആളായിരുന്നു. മറ്റുള്ളവരോട് അങ്ങനെ പറയുന്നതുകേൾക്കുമ്പോൾ ഞങ്ങൾക്ക് ചിലപ്പോൾ ബുദ്ധിമുട്ട് തോന്നും. കേൾക്കുന്നയാൾക്ക് എന്തുതോന്നും? പക്ഷേ അതിനെപ്പറ്റിയൊന്നും അദ്ദേഹം ചിന്തിച്ചതേയില്ല. 'എനിക്കത് പറയണമായിരുന്നു, അതുകൊണ്ട് പറഞ്ഞു' എന്നാണ് പറയുക. അതുകൊണ്ട് ഒത്തിരി ശത്രുക്കളുമുണ്ടായിട്ടുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
അസുഖം വന്ന് കിടന്നുപോവരുതെന്ന് അപ്പച്ചി എപ്പോഴും പറയുമായിരുന്നു. അപ്പച്ചിക്ക് അറിയുന്ന ആരോ വയ്യാതെ കിടക്കുന്നുണ്ടായിരുന്നു. അയാളെ കണ്ടുവന്നശേഷമാണ് ഇങ്ങനെ പറഞ്ഞത്. ഞാനിങ്ങനെയൊന്നും കിടക്കില്ലെന്ന് ഉറപ്പിച്ചുപറയുകയും ചെയ്തു. അതൊക്കെ മരിക്കുന്നതിന് ഒരാഴ്ച മുമ്പായിരുന്നു.
ഏകദേശം അതേസമയത്തുതന്നെ ബോഡി ചെക്കപ്പും ഇ.സി.ജി.യുമെല്ലാം നോക്കിയിരുന്നു. ഇ.സി.ജി. ഒക്കെ നോർമലായിരുന്നു. വീട്ടിലുള്ളപ്പോഴാണ് അദ്ദേഹത്തിന് വേദന വരുന്നത്. പുറംവേദനയായിട്ടാണ് തുടങ്ങിയത്. അതുകൊണ്ട് അപ്പച്ചി കാര്യമായി ശ്രദ്ധിച്ചില്ല. ആസ്പത്രിയിൽ എത്താൻ വൈകുകയും ചെയ്തു. ഒടുവിൽ തീരെ വയ്യാതായപ്പോൾ, ഡോക്ടറെ വിളിച്ചു. അദ്ദേഹം വീട്ടിലേക്ക് വരാമെന്ന് പറഞ്ഞെങ്കിലും, ആസ്പത്രിയിലേക്ക് എത്തിക്കോളാമെന്ന് അപ്പച്ചി മറുപടി കൊടുത്തു. ആസ്പത്രിയിൽ പോവാനായി ആദ്യം ഒരു ഓട്ടോക്കാരനെ വിളിച്ചു. പുള്ളി കുറച്ച് ദൂരെയായതുകൊണ്ട് വൈകുമെന്ന് പറഞ്ഞു. അപ്പച്ചി തന്നെയാണ് കാറോടിച്ച് ആസ്പത്രിയിലേക്ക് പോയത്. അതിനിടയിലാണ് വീണ്ടും വേദന വന്നതും, മരിക്കുന്നതും. നേരെ വണ്ടിയുടെ സ്റ്റിയറിങ്ങിലേക്ക് വീഴുകയായിരുന്നു. കാർ എവിടെയോ പോയി ഇടിക്കുകയും ചെയ്തു. ഓടിക്കൂടിയ ആളുകൾ ആദ്യം കരുതിയത് അപകടമാണെന്നായിരുന്നു. അങ്ങനെ അപ്പച്ചി ആഗ്രഹിച്ചപോലെയുള്ളൊരു മരണവും...
ഡോക്ടറെ കാണാൻ പോയ അപ്പച്ചി, തിരികെ വന്നത് ഇങ്ങനെയും...ഞങ്ങളെല്ലാവരും ആകെ തകർന്നുപോയി. പക്ഷേ, പതുക്കെ ആ ദുഖത്തിലും മമ്മി പിടിച്ചുനിന്നു. മൂന്നുമക്കളെയും പഠിപ്പിച്ചു, വിവാഹം കഴിപ്പിച്ചു. ഇന്നും അപ്പച്ചിയുടെ ആ വിടവ് ഞങ്ങളുടെ ജീവിതത്തിലുണ്ട്...''
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Commemorating the 24th death anniversary of veteran Malayalam actor NF Varghese. Insights into his humble lifestyle and financial discipline. Reflections from his daughter, Sofia Varghese, on his values and parenting style.
Published: 19 Jun 2026, 11:33 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented