ബോളിവുഡിലെ പ്രശസ്ത നടനും നിര്‍മാതാവുമാണ് ആരാധകരേറെയുള്ള നടന്‍ ആമിര്‍ ഖാന്‍. 'ഖയാമത്ത് സേ ഖയാമത്ത് തക്ക്' എന്ന ചിത്രത്തിലൂടെ 1988-ല്‍  അഭിനയത്തിലേക്ക് കടന്നുവന്നതാണ് നടന്‍. 2001-ല്‍ ലഗാന്‍ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് നിര്‍മ്മാതാവെന്ന നിലയിലുള്ള യാത്ര ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ അച്ഛന്‍ താഹിര്‍ ഹുസൈനും പ്രശസ്ത നിര്‍മാതാവും തിരക്കഥാകൃത്തുമായിരുന്നു. അച്ഛന്‍ കാരണം തുടക്കത്തില്‍ ഈ വഴി ഒഴിവാക്കാനാണ് താന്‍ ആഗ്രഹിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടനിപ്പോള്‍.

To advertise here,

കോമള്‍ നഹ്തയുടെ 'ഗെയിം ചേഞ്ചേഴ്സ് പോഡ്കാസ്റ്റ്: ദി പ്രൊഡ്യൂസര്‍ സീരീസില്‍' അടുത്തിടെ പങ്കെടുത്ത ആമിര്‍, അവിടെവെച്ചാണ് ഒരു നിര്‍മ്മാതാവാകുന്നതിലുള്ള തന്റെ ആശങ്കകള്‍ പങ്കുവെച്ചത്. നിര്‍മ്മാണ രംഗത്തെ വലിയ അപകടസാധ്യതകളും വെല്ലുവിളികളും കാരണം ഈ മേഖലയോട് അദ്ദേഹത്തിന് ശക്തമായ വിമുഖതയുണ്ടായിരുന്നു.

'കുട്ടിക്കാലത്ത് അച്ഛന്റെ കരിയര്‍ നേരിട്ട് കണ്ടപ്പോള്‍, ഞാനൊരിക്കലും ഒരു നിര്‍മ്മാതാവാകരുതെന്ന് എനിക്ക് തോന്നി. കാരണം, ഏറ്റവും കൂടുതല്‍ അധ്വാനിക്കുന്നത് നിങ്ങളാണ്. എല്ലാ അപകടസാധ്യതകളും ഏറ്റെടുക്കുന്നതും പണം മുടക്കുന്നതും നിങ്ങളാണ്. അവസാനം ചീത്ത കേള്‍ക്കുന്നതും നിങ്ങള്‍ മാത്രമാണ്. പലപ്പോഴും നിങ്ങളുടെ ടീം നിങ്ങളുമായി സഹകരിക്കില്ല. എന്റെ അച്ഛന്റെ 'ലോക്കറ്റ്' എന്ന സിനിമ പൂര്‍ത്തിയാകാന്‍ 8 വര്‍ഷമെടുത്തു. ഇതെല്ലാം കണ്ടപ്പോള്‍ ഞാന്‍ ചിന്തിച്ചു, ഞാനൊരു നടനായി, എന്റെ കരിയര്‍ നല്ല രീതിയില്‍ പോകുന്നു. 'ഖയാമത്ത് സേ ഖയാമത്ത് തക്ക്' ഒരു ഹിറ്റാണ്. പിന്നെ ഞാനെന്തിനാണ് ഒരു നിര്‍മ്മാതാവാകുന്നത്?' ആമിര്‍ പറയുന്നു.

കരിയറിന്റെ തുടക്കത്തില്‍ ഒരു നിര്‍മ്മാതാവാകാനുള്ള ആശയത്തെ താന്‍ പൂര്‍ണ്ണമായും നിരസിച്ചിരുന്നുവെന്നും താരം വെളിപ്പെടുത്തി. 'എന്റെ ആദ്യകാല അഭിമുഖങ്ങളിൽ, ആളുകള്‍ എന്നോട് നിര്‍മ്മാതാവാകുമോ എന്ന് ചോദിക്കുമായിരുന്നു, ഞാനൊരിക്കലും ചെയ്യില്ലെന്ന് പറയും. മറ്റെന്തും ചെയ്യാം. തീര്‍ച്ചയായും സംവിധാനം ചെയ്യും,  ഇതിനകം തന്നെ അഭിനയിക്കുന്നുമുണ്ട്, പക്ഷേ ഒരിക്കലും നിര്‍മ്മിക്കില്ല.’ ഇതായിരുന്നു എന്റെ ഉറച്ച പ്രസ്താവനകള്‍. ആമിര്‍ ഓര്‍ത്തെടുത്തു. 

ലഗാന്‍ എന്ന ചിത്രത്തിനു ശേഷം 'താരെ സമീന്‍ പര്‍', 'ജാനേ തൂ യാ ജാനേ നാ', 'പീപ്ലി ലൈവ്', 'ധോബി ഘട്ട്', 'ഡല്‍ഹി ബെല്ലി', 'ദംഗല്‍', 'ലാല്‍ സിങ് ഛദ്ദ' തുടങ്ങിയ നിരവധി പ്രൊജക്റ്റുകളും ആമിര്‍ഖാന്‍ പ്രൊഡക്ഷന്‍സിന്റേതായി പുറത്തുവന്നിട്ടുണ്ട്. ഏറ്റവും ഒടുവില്‍ അഭിനയിച്ചത് 'സിതാരെ സമീന്‍ പര്‍' എന്ന ചിത്രത്തിലാണ്. അതില്‍ സഹനിര്‍മാതാവും കൂടിയാണ്. ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍വിജയമായിരുന്നു. ഇതുകൂടാതെ, ലോകേഷ് കനകരാജ് രചനയും സംവിധാനവും നിര്‍വഹിച്ച രജനികാന്ത് ചിത്രം 'കൂലി'യില്‍ ആമിര്‍ ഒരു പ്രത്യേക വേഷത്തില്‍ എത്തിയിരുന്നു.

അടുത്തതായി, ആര്യന്‍ ഖാന്റെ സംവിധാന അരങ്ങേറ്റമായ ചിത്രത്തില്‍ അദ്ദേഹം ഒരു അതിഥി വേഷത്തില്‍ എത്തും. ചിത്രം സെപ്റ്റംബര്‍ 18-ന് നെറ്റ്ഫ്‌ളിക്‌സിൽ റിലീസ് ചെയ്യും.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi