സ്വർണം പാരമ്പര്യത്തിന്റെ പ്രതീകമാണെങ്കിൽ, വെള്ളി ലാളിത്യത്തിന്റെ അടയാളമാണ്. എന്നാൽ ഡയമണ്ടുകളോ? അവയ്ക്ക് ഒരു പ്രത്യേക സ്ഥാനംതന്നെയുണ്ട്. ഒരു ആഭരണം എന്നതിലപ്പുറം അതൊരു വികാരമാണ്. ആഡംബരപ്രിയരായതുകൊണ്ട് മാത്രമല്ല സ്ത്രീകൾ ഡയമണ്ട് തിരഞ്ഞെടുക്കുന്നത്. അതിനേക്കാൾ ആഴത്തിലുള്ള ചില കാരണങ്ങളുണ്ടെന്നാണ് മനഃശാസ്ത്ര പഠനങ്ങൾ പറയുന്നത്.
നമ്മൾ ധരിക്കുന്ന വസ്തുക്കൾ പലപ്പോഴും നമ്മുടെ വ്യക്തിത്വത്തെയും ആത്മവിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്നവയാണ്. ഡയമണ്ടുകൾ സാമൂഹിക പദവിയുടെ സൂചകങ്ങൾ മാത്രമല്ലെന്നും അവ വ്യക്തിയുടെ സ്വത്വബോധത്തോടും ആത്മാഭിമാനത്തോടും ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. 'ഇതാണ് ഞാൻ' എന്ന ഒരു സ്വയം തിരിച്ചറിവിന്റെ പ്രകടനമായിരിക്കാമത്. ജന്മദിനം, വിവാഹം, വാർഷികം, ജോലി പ്രമോഷൻ, കുടുംബത്തിലെ പ്രധാന ആഘോഷങ്ങൾ തുടങ്ങി ജീവിതത്തിലെ വിലപ്പെട്ട നിമിഷങ്ങളുമായി ഡയമണ്ടുകൾ പലപ്പോഴും ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ അവ ഒരു ആഭരണത്തിൽ നിന്ന് ഓർമ്മകളുടെ ശേഖരമായും മാറുന്നു.
Also Read
ഡയമണ്ടുകളുടെ ആകർഷണത്തിന് പിന്നിൽ ജൈവശാസ്ത്രപരമായ ഒരു കാരണവുമുണ്ട്. മനുഷ്യ മസ്തിഷ്‌കം തിളക്കമുള്ളതും മനോഹരവുമായ വസ്തുക്കളെ സ്വാഭാവികമായി ശ്രദ്ധിക്കുമെന്നാണ് സൗന്ദര്യബോധവുമായി ബന്ധപ്പെട്ട പഠനങ്ങൾ പറയുന്നത്.
പ്രകാശത്തിന്റെ പ്രതിഫലനം, കൃത്യതയുള്ള രൂപം, മിന്നുന്ന തിളക്കം എന്നിവ തലച്ചോറിലെ ആനന്ദവും പ്രചോദനവും നിയന്ത്രിക്കുന്ന ഭാഗങ്ങളെ ഉത്തേജിപ്പിക്കുന്നു. അതുകൊണ്ടാണ് ഡയമണ്ടുകൾ ഒരു നിമിഷം കൊണ്ടുതന്നെ കണ്ണുകളെ ആകർഷിക്കുന്നത്. ഇത് വെറും സാമൂഹിക സ്വാധീനം മാത്രമല്ല, നമ്മുടെ മസ്തിഷ്‌കത്തിന്റെ സ്വാഭാവിക പ്രതികരണവുമാണ്.
ഡയമണ്ടും ആത്മവിശ്വാസവും
'ഡയമണ്ട് ധരിക്കുമ്പോൾ എനിക്ക് കൂടുതൽ ആത്മവിശ്വാസം തോന്നുന്നു' എന്ന് പല സ്ത്രീകളും പറയാറുണ്ട്. അതിന് പിന്നിലും മനഃശാസ്ത്ര വിശദീകരണമുണ്ട്. 'Enclothed Cognition' എന്ന ആശയമനുസരിച്ച്, നമ്മൾ ധരിക്കുന്ന വസ്തുക്കൾ നമ്മുടെ ചിന്തകളെയും പെരുമാറ്റത്തെയും സ്വാധീനിക്കാൻ കഴിയും. വസ്ത്രങ്ങൾ മാത്രമല്ല, ആഭരണങ്ങൾക്കും ഇതേ സ്വാധീനമുണ്ട്. ഒരു ചെറിയ ഡയമണ്ട് സ്റ്റഡ് പോലും ചിലപ്പോൾ ഒരാളുടെ ആത്മവിശ്വാസം വർധിപ്പിച്ചേക്കാം. ശരീരഭാഷയിലും സംസാരശൈലിയിലും അത് സൂക്ഷ്മമായ മാറ്റങ്ങൾ ഉണ്ടാക്കും.
ജീവിതത്തിലെ പ്രധാനദിവസങ്ങളിൽ ഡയമണ്ട് ധരിച്ച അനുഭവങ്ങൾ മനസ്സിൽ പതിഞ്ഞുകിടക്കുന്നതിനാൽ പിന്നീട് അത് വീണ്ടും ധരിക്കുമ്പോൾ ആ ആത്മവിശ്വാസവും സന്തോഷവും തിരികെ അനുഭവപ്പെടാം.
മറ്റുള്ളവരുടെ ശ്രദ്ധനേടാനല്ല ഡയമണ്ട് ധരിക്കുന്നത്
ഡയമണ്ട് ധരിക്കുന്നവരെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന ഒരു പൊതുധാരണയാണ് അവർ മറ്റുള്ളവരുടെ ശ്രദ്ധ നേടാൻ ആഗ്രഹിക്കുന്നവരാണെന്നത്. എന്നാൽ മനഃശാസ്ത്രം അതിനോട് പൂർണമായി യോജിക്കുന്നില്ല. പലർക്കും ഡയമണ്ടുകൾ സാമൂഹിക അംഗീകാരത്തേക്കാൾ വ്യക്തിപരമായ സന്തോഷത്തിന്റെയും മാനസികാശ്വാസത്തിന്റെയും ഭാഗമാണ്. തിരക്കേറിയ ജീവിതത്തിനിടയിൽ സ്വയം സന്തോഷിപ്പിക്കാൻ ചെയ്യുന്ന ഒരു ചെറിയ തിരഞ്ഞെടുപ്പായി ചില സ്ത്രീകൾ ഡയമണ്ടുകളെ കാണുന്നു. ഡയമണ്ടുകളുടെ മൂല്യം അവയുടെ വിലയിൽ മാത്രമല്ല. അവ പലപ്പോഴും നേട്ടങ്ങളുടെ ഓർമ്മകളാണ്, ആത്മവിശ്വാസത്തിന്റെ അടയാളമാണ്, സ്വയം ആഘോഷിക്കുന്ന ഒരു വഴിയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: why-women-love-diamond-jewelry-psychology
Published: 24 Jun 2026, 07:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented