ഒരു സ്വർണമാല, വിവാഹമോതിരം, മതവിശ്വാസത്തിന്റെ പ്രതീകമായ ലോക്കറ്റ്, കഡ... കുറച്ചുകാലം മുമ്പ് വരെ പുരുഷന്മാരുടെ ആഭരണ കളക്ഷൻ ഇത്രമാത്രമായിരുന്നു. ഇന്ന് സ്ഥിതി മാറി. ഒരു ഡയമണ്ട് റിങ്, നേർത്ത ചെയിൻ, ബ്രേസ്ലെറ്റ്, സ്റ്റഡ് കമ്മൽ, മൂക്കുത്തി... തുടങ്ങി അവരുടെ വാർഡ്രോബിൽ സ്‌റ്റൈലിഷ് ആഭരണങ്ങളുടെ നീണ്ടനിരതന്നെയുണ്ട്. പുരുഷന്മാരുടെ ആഭരണങ്ങൾ ഇന്ന് വ്യക്തിത്വം പ്രകടിപ്പിക്കുന്ന ശക്തമായ സ്‌റ്റൈൽ സ്റ്റേറ്റ്‌മെന്റ് കൂടിയാണ്. ബോളിവുഡ് റെഡ് കാർപെറ്റുകളിലും ആഡംബര ഫാഷൻ ക്യാമ്പെയിനുകളിലും സോഷ്യൽ മീഡിയയിലും സ്ട്രീറ്റ് ഫാഷനിലുമെല്ലാം ഈ മാറ്റം വ്യക്തമാണ്. നടന്മാരും കായികതാരങ്ങളും ആത്മവിശ്വാസത്തോടെ ആഭരണങ്ങൾ അണിയുന്നത്, 'പുരുഷന്മാർക്ക് എന്ത് ധരിക്കാം, എന്ത് ധരിക്കരുത്' എന്ന പഴയ ധാരണകളെ പൊളിച്ചെഴുതുകയാണ്.
രൺവീർ സിങ് തന്റെ പരീക്ഷണാത്മക ഫാഷൻ തിരഞ്ഞെടുപ്പുകളിലൂടെ ആഭരണങ്ങളെ കൂടുതൽ ശ്രദ്ധേയമാക്കിയിട്ടുണ്ട്. ദിൽജിത് ദോസാഞ്ച് സ്റ്റേജിലും പുറത്തും ചെയിനുകളും റിങ്ങുകളും ബ്രേസ്ലെറ്റുകളും തന്റെ സിഗ്‌നേച്ചർ സ്‌റ്റൈലിന്റെ ഭാഗമാക്കി. മലയാളത്തിലും ടൊവിനോ തോമസ്, ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ തുടങ്ങിയവർ ലളിതമായ ആഭരണങ്ങൾ ഉപയോഗിച്ച് സ്‌റ്റൈലിന് പുതിയ മാനം നൽകുന്നവരാണ്.
Also Read
സെലിബ്രിറ്റികളുടെ സ്വാധീനം ട്രെൻഡിന് വേഗം കൂട്ടിയെങ്കിലും കഥ അവിടെ അവസാനിക്കുന്നില്ല. യുവതലമുറ ആഭരണങ്ങളെ കാണുന്ന കാഴ്ചപ്പാടാണ് യഥാർഥത്തിൽ മാറിയത്. വിവാഹദിവസത്തിനായി മാത്രം വാങ്ങുന്ന ആഭരണമല്ല ഇന്ന് അത്. ദിവസവും ധരിക്കാവുന്ന ഒരു ഫാഷൻ ആക്‌സസറിയാണ്.
അതുകൊണ്ടുതന്നെ ആഭരണ ബ്രാൻഡുകളും ഇന്ന് പുരുഷന്മാർക്കായി പ്രത്യേക കളക്ഷനുകൾ ഒരുക്കുന്നു. ഓഫീസിലും കാഷ്വൽ ഔട്ടിങ്ങിലും ഒരുപോലെ ഉപയോഗിക്കാനാകുന്ന മിനിമൽ ഡിസൈനുകൾക്കാണ് ആവശ്യക്കാർ കൂടുതലെന്ന് ബ്രാൻഡുകൾ പറയുന്നു. ഫാഷനിൽ ഇനി സ്ത്രീ-പുരുഷ വേർതിരിവുകളേക്കാൾ വ്യക്തിത്വത്തിനാണ് പ്രാധാന്യം.
ഒരു മോതിരമോ ബ്രേസ്ലെറ്റോ ഇന്ന് വെറും അലങ്കാരമല്ല. അത് ഒരാളുടെ സ്‌റ്റൈലും ആത്മവിശ്വാസവും ജീവിതശൈലിയും പറയുന്ന ഘടകമാണ്. അതുകൊണ്ടാണ് ഇപ്പോൾ ചെറുപ്പക്കാർ സ്വന്തം വസ്ത്രധാരണത്തിനൊത്ത് ആഭരണങ്ങളും ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുന്നത്.
ഭാരമേറിയ ആഭരണങ്ങളേക്കാൾ ലളിതവും എല്ലാ ദിവസവും ഉപയോഗിക്കാവുന്നതുമായ ഡിസൈനുകളാണ് മുന്നിൽ. നേർത്ത ഡയമണ്ട് ബാൻഡ്, സ്ലിം ചെയിൻ, ബ്രേസ്ലെറ്റ്, കഡ... ഇവയെല്ലാം ഓഫീസ് ലുക്കിനും വീക്കെന്റ് ഔട്ടിങ്ങിനും ഒരുപോലെ ചേരുന്നു.
കമ്മലുകൾ മുതൽ പിയേഴ്സിങ് വരെ: ഈ ആഭരണ ട്രെൻഡ് മോതിരങ്ങളിലും ചെയിനുകളിലും മാത്രം ഒതുങ്ങുന്നില്ല. ഡയമണ്ട് സ്റ്റഡ് കമ്മലുകൾ, ഹൂപ്പ് ഇയർറിങ്ങുകൾ, ഇയർ കഫുകൾ, കാർട്ടിലേജ്, ഹെലിക്‌സ് പിയേഴ്സിങ്ങുകൾ തുടങ്ങി നിരവധി മോഡലുകൾ ജനപ്രീതി നേടുകയാണ്. രൺവീർ സിങ്, ഹാരി സ്‌റ്റൈൽസ്, ദിൽജിത് ദോസാഞ്ച് തുടങ്ങിയ സെലിബ്രിറ്റികൾ കമ്മലുകളും പിയേഴ്സിങ് ആഭരണങ്ങളും ഫാഷന്റെ ഭാഗമായി അവതരിപ്പിച്ചതോടെ ഈ ട്രെൻഡിന് കൂടുതൽ സ്വീകാര്യത ലഭിച്ചു. മുഖത്തിന്റെ ആകൃതിക്കും വ്യക്തിഗത ശൈലിക്കും അനുസരിച്ച് ആഭരണങ്ങൾ തിരഞ്ഞെടുക്കുന്ന പ്രവണതയും വർധിച്ചിട്ടുണ്ട്. ഒരുകാലത്ത് 'ബോൾഡ്' ഫാഷൻ പ്രസ്താവനയായി മാത്രം കണക്കാക്കിയിരുന്ന പിയേഴ്സിങ് ഇന്ന് ദൈനംദിന സ്‌റ്റൈലിന്റെ ഭാഗമായിക്കൊണ്ടിരിക്കുകയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: mens-jewelry-trends-2026-style-guide
Published: 22 Jun 2026, 12:55 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented