സ്വർണ്ണവില കുത്തനെ ഉയരുന്നു എന്നു പറയുമ്പോഴും ഫാഷൻ ലോകത്ത്, സ്വർണ്ണാഭരണങ്ങൾ വലിയ രീതിയിൽ തിരിച്ചുവരവ് നടത്തിക്കൊണ്ടിരിക്കുകയാണ്. കോവിഡിന് ശേഷം സ്വർണ്ണവിലയിൽ വൻ വർദ്ധനവുണ്ടായിട്ടും, ആളുകൾ വിവാഹങ്ങൾക്കും മറ്റ് വിശേഷ അവസരങ്ങൾക്കുമായി സ്വർണ്ണം വാങ്ങാനും അത് അണിയാനും താല്പര്യപ്പെടുന്നുണ്ട്.

അടുത്തിടെ വിവാഹിതരായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും തങ്ങളുടെ വിവാഹത്തിനും റിസപ്ഷനും സ്വർണ്ണാഭരണങ്ങളാണ് തിരഞ്ഞെടുത്തത്. ഇന്നലെ, ഏക ലഖാനിയുടെയും രവി ഭാഗ്ചന്ദ്ക്കയുടെയും വിവാഹത്തിൽ പങ്കെടുത്ത നടി തൃഷ കൃഷ്ണൻ തന്റെ ഗോൾഡ് ടെമ്പിൾ ജ്വല്ലറി (Gold Temple Jewellery) ശേഖരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

ഏക ലഖാനിയുടെ വിവാഹത്തിനായി തൃഷ തിരഞ്ഞെടുത്തത് സ്വർണ്ണ ബോർഡറുകളും ഡിസൈനുകളുമുള്ള പർപ്പിൾ നിറത്തിലുള്ള സാരിയായിരുന്നു. സാരിക്ക് അനുയോജ്യമായ മനോഹരമായ ടെമ്പിൾ ജ്വല്ലറി സെറ്റാണ് താരം അണിഞ്ഞത്.

കഴുത്തിനോട് ചേർന്നുനിൽക്കുന്ന ഒരു ചോക്കറും അതിനോടൊപ്പം നീളമുള്ള മറ്റൊരു മാലയും തൃഷ ധരിച്ചിരുന്നു. ഇവ രണ്ടിലും ചെറിയ പിങ്ക് മുത്തുകൾ കോർത്തിണക്കിയ അതിമനോഹരമായ കൊത്തുപണികൾ ഉണ്ടായിരുന്നു. മാലകൾക്ക് ചേരുന്ന സ്വർണ്ണ ജിമിക്കി, മോതിരം, കല്ലുകൾ പതിപ്പിച്ച അഞ്ച് സ്വർണ്ണ വളകൾ എന്നിവ തൃഷയുടെ ലുക്കിന് പൂർണ്ണത നൽകി. സാരിയും സ്വർണ്ണാഭരണങ്ങളും എടുത്തുനിൽക്കുന്നതിനായി വളരെ ലളിതമായ മേക്കപ്പാണ് തൃഷ തിരഞ്ഞെടുത്തത്. കണ്ണെഴുതി, മുടി അഴിച്ചിട്ട തൃഷ അതീവ സുന്ദരിയായിരുന്നു.

നടനും രാഷ്ട്രീയനേതാവുമായ വിജയ്‌യുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകൾ കാരണം കുറച്ചുദിവസങ്ങളായി ചർച്ചാവിഷയമാണ് തൃഷയും അവരുടെ സ്വകാര്യജീവിതവും. തമിഴ് സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് ജോഡികളിലൊന്നാണ് വിജയ്‌യും തൃഷ കൃഷ്ണനും. 2004-ൽ പുറത്തിറങ്ങിയ 'ഗില്ലി' എന്ന ചിത്രത്തിലാണ് ആദ്യമായി ഇരുവരും ഒന്നിച്ചഭിനയിച്ചത്. പിന്നീട് 'തിരുപ്പാച്ചി', 'ആദി', 'കുരുവി' എന്നീ ചിത്രങ്ങളിലും അവർ ഒന്നിച്ചിരുന്നു. 2023-ൽ പുറത്തിറങ്ങിയ ലോകേഷ് കനകരാജ് ചിത്രം 'ലിയോ'യിൽ 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം തൃഷയും വിജയ്‌യും വീണ്ടും ഒരുമിച്ച് അഭിനയിച്ചിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi