തെന്നിന്ത്യൻ താരം തൃഷാ കൃഷ്ണന്റെ 43-ാം ജന്മദിനവും തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലവും ഒരേദിവസം എത്തിയത് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ആന്ധ്രാപ്രദേശിലെ തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തിക്കൊണ്ടാണ് താരം തന്റെ ജന്മദിനത്തിന് തുടക്കംകുറിച്ചത്.

To advertise here,

ദർശനം നടത്തുന്ന തൃഷയുടെ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റാഗ്രാമിൽ വൈറലായിരുന്നു. ക്ഷേത്ര സന്ദർശനത്തിനായി താരം തിരഞ്ഞെടുത്ത വസ്ത്രവും ശ്രദ്ധ പിടിച്ചുപറ്റി. അസ ഫാഷൻസിന്റെ (Aza Fashions) കളക്ഷനിൽ നിന്നുള്ള ഏകദേശം 12,000 രൂപ വിലവരുന്ന കോട്ടൺ ഫ്ലോറൽ സ്യൂട്ടാണ് താരം ധരിച്ചിരുന്നത്.

വേനൽചൂടിന് അനുയോജ്യമായ ഐവറി ഹാൻഡ്‌ലൂം പീസ്, വി-നെക്ക് (V-neck), ത്രീ ഫോർത്ത് സ്ലീവ് എന്നിവയാണ് വസ്ത്രത്തിന്റെ പ്രത്യേകതകൾ. സിമ്പിൾ ലുക്കിൽ എത്തിയ താരം ഭക്തിനിർഭരമായാണ് ജന്മദിനം ആഘോഷിച്ചത്.

രാഷ്ട്രീയ സാഹചര്യം

തൃഷയുടെ ക്ഷേത്ര ദർശനം രാഷ്ട്രീയ വൃത്തങ്ങളിലും ചർച്ചയായി. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ്‍യുടെ പാർട്ടിയായ ടിവികെ (TVK) കന്നി പോരാട്ടത്തിൽ തന്നെ വലിയ മുന്നേറ്റം നടത്തുന്ന ദിവസം തന്നെയായിരുന്നു ഇതും. തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ തമിഴ്നാട്ടിലെ 234 സീറ്റുകളിൽ 107-ലധികം സീറ്റുകളിൽ ടിവികെ ലീഡ് ചെയ്യുകയാണ്. ഇത് ദ്രാവിഡ രാഷ്ട്രീയത്തിലെ 49 വർഷത്തെ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ടുള്ള വലിയ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

തൃഷാ വോട്ട് ചെയ്തതിന് ശേഷം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റ് വിജയ്‍ക്കുള്ള പരോക്ഷ പിന്തുണയായിരുന്നുവെന്ന് ആരാധകർ നേരത്തെ തന്നെ വിലയിരുത്തിയിരുന്നു.

വിജയ്‍യുടെ വസതിയിലെ സന്ദർശനം

ക്ഷേത്ര ദർശനത്തിന് ശേഷം ചെന്നൈയിൽ മടങ്ങിയെത്തിയ തൃഷാ, വിജയ്‌യുടെ വസതിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചത് കൂടുതൽ വാർത്തകൾക്ക് വഴിയൊരുക്കി. തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിലും, ഇരുവരെയും കുറിച്ച് നിലനിൽക്കുന്ന അഭ്യൂഹങ്ങൾക്കിടയിലും ഈ സന്ദർശനം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.

ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന വിജയ്‍യുടെ അവസാന ചിത്രമായ 'ജനനായകൻ' മെയ് 8-ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi