പണ്ടുപണ്ട്... അതായത് ഏതാണ്ട് 350 വർഷം മുമ്പത്തെ കഥയാണ്. പിടിക്കപ്പെട്ടാൽ മരണശിക്ഷ ഉറപ്പാണെന്നറിഞ്ഞിട്ടും കാപ്പിയോട് തോന്നിയ പ്രണയത്താൽ അതിന്റെ വിത്ത് ഇന്ത്യയിൽ എത്തിച്ച ഒരു സൂഫിവര്യന്റെ കഥ. ആഫ്രിക്കയിൽ പിറവിയെടുത്ത കാപ്പി, യെമൻ വഴി ഇന്ത്യയിൽ എത്തിയ കഥ. ഗ്രൂപ്പ് കോർഡിനേറ്റർ കൃഷ്‌ണേന്ദു തൃശൂർ ചുവയിൽ കഥ പറഞ്ഞുതുടങ്ങിയപ്പോൾത്തന്നെ മംഗലാപുരംകാരി ഗ്രേസ് പുറകിൽനിന്ന് ഉടക്കിട്ടു. മലയാളം മാത്രം പോരാ, ഇംഗ്ലീഷിലോ ഹിന്ദിയിലോ കൂടിവേണം. പാവത്തിന് ആകെ അറിയാവുന്നത് ചില മലയാളം വാക്കുകളാണ്. അതാണെങ്കിൽ പൊതുമധ്യത്തിൽ പറയാനും വയ്യ. ആകെ പതിമൂന്നുപേരുടെ പെൺകൂട്ടമായിരുന്നു ഞങ്ങളുടേത്. അതിൽ ബാക്കി പന്ത്രണ്ടുപേരും കേരളത്തിന്റെ വിവിധ ജില്ലകളിൽനിന്നുള്ളവർ. പലവഴിയിൽ മംഗലാപുരത്തെത്തി അവിടെനിന്ന് ഒന്നിച്ചവർ. മലയാളത്തിൽ അല്ലാതെ കഥ പറഞ്ഞാൽ ഒരു 'ഫീൽ' ഉണ്ടാവില്ലെന്ന് ജോയ്‌സി ചേച്ചിയുടെ കമന്റ് വന്ന ഉടനെതന്നെ ഭൂരിപക്ഷം പിൻതാങ്ങി. ഹിന്ദി തർജ്ജമ ഏറ്റെടുത്തുകൊണ്ട് കൽപന അതിനും പരിഹാരം കണ്ടെത്തി. അങ്ങനെ കൃഷ്ണ കഥ തുടർന്നു.

To advertise here,

കൊല്ലം-1670. മുഗൾരാജവംശം ഇന്ത്യ ഭരിക്കുന്ന കാലം. ഡച്ചുകാർ അന്ന് ഇന്ത്യയിൽ എത്തിത്തുടങ്ങുന്നതേയുള്ളൂ. ബാബ ബുദാൻ എന്നപേരിൽ അറിയപ്പെട്ടിരുന്ന ഇന്ത്യയിലെ സൂഫി സന്യാസി ഹജ്ജ് കർമത്തിനായി കടൽ കടന്ന് അറേബ്യയിലേക്ക് പോയി. തിരിച്ചുവരും വഴി അദ്ദേഹം മോച്ച എന്ന തുറമുഖത്തെത്തി. കാപ്പിയുടെ അന്താരാരാഷ്ട്ര വിപണന കേന്ദ്രമായിരുന്നു അന്ന് ചെങ്കടലിലെ മോച്ച തുറമുഖം. തീർഥാടനം കഴിഞ്ഞെത്തുന്നവർക്ക് അവിടെവെച്ച് കാപ്പി ഉപയോഗിച്ചുണ്ടാക്കുന്ന ഖാവ എന്ന പാനീയം നൽകുന്ന പതിവുണ്ട്. ആദ്യമായി ഖാവ കുടിച്ചപ്പോൾത്തന്നെ ബാബ ബുദാൻ കാപ്പിയുമായി പ്രണയത്തിലായി. ഇന്ത്യയിൽ ഇങ്ങനെയൊരു ചെടിയെക്കുറിച്ചോ കായയെക്കുറിച്ചോ ആർക്കും കേട്ടറിവുപോലും ഇല്ലാത്ത കാലമായിരുന്നു. ഈ ചെടിയുടെ വിത്ത് എങ്ങനെയെങ്കിലും നാട്ടിൽ എത്തിക്കണമെന്ന ആഗ്രഹം ബാബയിൽ കലശലായി. കാപ്പിയുടെ പച്ചവിത്തുകൾ നാട്ടിലെത്തിക്കുകയെന്നത്് തലപോകുന്നതിന് തുല്യമായിരുന്നു അന്ന്. കാപ്പിച്ചെടിയുടെ ഉദ്ഭവം ആഫ്രിക്കയിലാണെങ്കിലും അതിന്റെ കൃഷിയും വ്യാപനവും അറബ് രാജ്യങ്ങളിലായിരുന്നു. ഇന്നത്തെ യെമൻ മേഖലയിൽ നിന്നുള്ള അറബ് സൂഫിമാരാണ് ആദ്യമായി കാപ്പിച്ചെടി നട്ടുവളർത്തുന്നതും അതിന്റെ വറുത്ത ബീൻസ് ഉപയോഗിച്ച് പാനീയം ഉണ്ടാക്കിയതും.

വിത്തുകൾ നാട്ടിലേക്ക് എത്തിക്കണമെന്ന് ഉറപ്പിച്ച ബാബ കുറച്ച് പച്ച വിത്തുകൾ ഒപ്പിച്ചെടുത്തു. അതിൽ ഏഴെണ്ണം കടത്തിക്കൊണ്ടുവരാൻ ബാബ തീരുമാനിച്ചു (സൂഫി വിശ്വാസപ്രകാരം ഏഴ് ഭാഗ്യനമ്പറാണ്). എങ്ങനെ കടത്തും എന്നതായി പിന്നത്തെ പ്രശ്‌നം. ഏറെ ആലോചിച്ച ശേഷം ബാബ ഒരു ഉത്തരത്തിലെത്തി- തന്റെ താടി. നീണ്ട് കട്ടിയിൽ ജഡപിടിച്ചു കിടക്കുന്ന സ്വന്തം താടിയ്ക്കിടയിൽ ഏഴുവിത്തുകളും ഒളിപ്പിച്ചുവെച്ച് അദ്ദേഹം കാപ്പിവിത്ത് ഇന്ത്യയിൽ എത്തിച്ചു. കർണാടകയിലെ ചിക്കമംഗലൂരുവിലേക്കായിരുന്നു ബാബ വന്നത്. എത്തിയ ഉടനെ ബാബ കാപ്പി വിത്തുകൾ അവിടുത്തെ മലയിൽ നട്ടു. പതുക്കെ ഏഴ് കാപ്പി മരങ്ങളും മുളച്ചു. വിദേശമണ്ണിലെ ആദ്യത്തെ അറബിക്കാപ്പി മരങ്ങളായിരുന്നു അത്. ബാബ ബുദാൻ പാകിയ വിത്തുകളുടെ പിൻഗാമികൾ പിൽക്കാലത്ത് ഇന്ത്യക്ക് പുറത്തേക്കും പടർന്നു.

സ്ത്രീകൾക്കുമാത്രമുള്ള ചിക്മംഗലൂർ യാത്ര ശ്രദ്ധയിൽപ്പെട്ടപ്പോൾ ആദ്യം വായിച്ചുപഠിച്ചതും ഈ ചരിത്രമായിരുന്നു. യാത്രയിലെ പ്രധാന ആകർഷണവും ബാബ ബുദാൻഗിരി ഉൾപ്പെടെയുള്ള മലനിരകളിലൂടെയുള്ള ട്രക്കിങ് തന്നെ. ചിക്മംഗലൂർ പോകുംവഴിയാണ് ബേലൂരും ഹാലേബേഡും. ഇന്ത്യൻ വാസ്തുവിദ്യയുടെ രത്നമെന്ന് അറിയപ്പെടുന്ന ഇടം. ക്ഷേത്രങ്ങളുടെയും ശിൽപങ്ങളുടെയും മനോഹരമായ ശേഖരം കൊണ്ട് അലങ്കരിച്ച ഒരു നഗരമാണിത്. ആദ്യം അവിടേക്കാണ് പോയത്. കഥകേട്ട് കഴിഞ്ഞ് അതും സ്വപ്‌നം കണ്ട്, സീറ്റിലേക്ക് തല ചായ്ച്ചിരിക്കുമ്പോഴാണ് പൊന്നാനിക്കാരി പ്രീത വിളിച്ചുപറഞ്ഞത്. 'മുന്നിലേക്ക് നോക്കിയേ, ദേ സൂര്യൻ ചുവന്ന് തുടുത്തു നിൽക്കുന്നു'. തിരശ്ശീലയ്ക്ക് പിന്നിൽനിന്നും നാണംകുണുങ്ങി, തല പതിയെ പുറത്തുകാണിക്കുന്ന നായികയെപ്പോലെ ആകാശത്ത് മേഘക്കൂട്ടങ്ങൾക്കിടയിൽനിന്നും സൂര്യൻ പതുക്കെ തെളിഞ്ഞുവരുന്നു. മുന്നിലെ പാത തെളിഞ്ഞുതുടങ്ങിയപ്പോഴാണ് പ്രകൃതിയുടെ ശരിയായ സൗന്ദര്യം കാണുന്നത്. റോഡിന് ഇരുവശവും ഇടതൂർന്നുനിൽക്കുന്ന മരങ്ങളും ദൂരെ തലയുയർത്തി നിൽക്കുന്ന മലനിരകളും. ഒരു വളവ് തിരിഞ്ഞപ്പോൾ മുന്നിൽ ഇലകൾ മൂടിക്കൊണ്ട് വയലറ്റ് ജാക്കരാന്ത പൂവുകൾ മരങ്ങൾക്ക് കിരീടമന്നെപോലെ നിൽക്കുന്നു. ഇടയ്ക്ക് കണ്ണിന് സുഖംനൽകാൻ ഗുൽമോഹർ വസന്തം പൊഴിച്ചുനിൽക്കുന്നു.

ശില്പചാതുര്യത്തിന്റെ വിസ്മയക്കാഴ്ചകൾ

പുറത്തെ കത്തുന്ന വെയിലിലും സഞ്ചാരികൾക്ക് വിസ്മയം തീർത്ത് ഹോയ്‌സാല സാമ്രാജ്യത്തിന്റെ പ്രൗഢി വിളിച്ചോതി ബേലൂർ വിഹരിക്കുന്നു. 1117-ലുണ്ടായ തലക്കാട് യുദ്ധത്തിൽ ചോളന്മാരെ തോൽപ്പിച്ചതിന്റെ സന്തോഷസൂചകമായി ഹൊയ്‌സാല ചക്രവർത്തിയായ വിഷ്ണുവർദ്ധനാണ് ചെന്നകേശവ ക്ഷേത്രം പണികഴിപ്പിച്ചത്. ക്ഷേത്രനിർമാണത്തിൽ ജൈനവാസ്തുവിദ്യയുടെ സ്വാധീനവും കാണാനാകും. നാല് പ്രവേശനകവാടങ്ങളാണ് ഇവിടെയുള്ളത്. ശിൽപഭംഗി നിറഞ്ഞ 48 തൂണുകൾ. ഓരോന്നും ഒന്നിനൊന്ന് വ്യത്യസ്തം. മുകളിൽ നിന്നു നോക്കിയാൽ ഒരു നക്ഷത്രം പോലെയാണ് ക്ഷേത്രത്തിന്റെ ഘടന. എത്ര കണ്ടാലും മതിവരാത്ത കൊത്തുപണികൾ. ഒന്നിനോടൊന്ന് മത്സരിക്കുന്ന ശിൽപസൗന്ദര്യങ്ങൾ. ഈ അദ്ഭതം കണ്ടശേഷം നേരെ ഹാലേബീഡു ക്ഷേത്രത്തിലേക്ക്. ഇവിടെയുണ്ടായിരുന്ന 84 സ്ത്രീ രൂപ ശിൽപങ്ങളിൽ 14 എണ്ണം ഒഴികെ ബാക്കിയെല്ലാം മോഷ്ടിച്ചുവെന്നാണ് ചരിത്രം. ക്ഷേത്രത്തിന്റെ പുറം ചുവരുകളിൽ മഹാഭാരതത്തിന്റെയും രാമായണത്തിന്റെയും കഥകൾ പറയുന്ന നൂറുകണക്കിന് കൊത്തുപണികൾ ആലേഖനം ചെയ്തിട്ടുണ്ട്.

ബേലൂരിലെയും ഹാലേബീഡുവിലെയും മനോഹരമായ ദൃശ്യങ്ങൾ ആസ്വദിച്ച് ചിക്മഗലൂരുവിലേക്ക് യാത്ര തുടർന്നു. ഇരുവശത്തും കാപ്പിത്തോട്ടങ്ങൾനിറഞ്ഞ പാതയിലൂടെയുള്ള യാത്ര. കാപ്പി മരങ്ങൾക്കിടയിൽ, കാപ്പിപ്പൂവുകളുടെ സുഗന്ധവുമായി ഒരു രാത്രി കടന്നുപോവുന്നു.

 

മുല്ലയനഗിരിയുടെ നെറുകയിൽ

പൂലർച്ചെ മുല്ലയനഗിരിയിലേക്കായിരുന്നു യാത്ര. കർണാടകയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി. ദക്ഷിണ കർണാടകയിലെ പ്രകൃതിസ്നേഹികളുടെ പറുദീസയെന്ന് അറിയപ്പെടുന്ന ഇടം. ചന്ദ്രക്കലയുടെ ആകൃതിയുള്ള, ചന്ദ്രദ്രോണ എന്നു വിളിപ്പേരുള്ള പർവതനിരയിലാണ് ഈ കൊടുമുടിയുള്ളത്. മുല്ലയനഗിരിയിൽ ഒരു ചെറിയ ക്ഷേത്രമുണ്ട്്. അവിടെയുള്ള ഗുഹയിൽ ധ്യാനിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്ന മുല്ലപ്പ എന്ന സന്യാസിയുടെ പേരിലാണ് ഈ കൊടുമുടി അറിയപ്പെടുന്നത്. ചിക്കമംഗളൂരിൽ നിന്ന് 30 കിലോമീറ്റർ ദൂരമാണ് മുല്ലയനഗിരിയിലേക്ക്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഇടങ്ങളാണ് പാതയ്ക്ക് ഇരുവശവുമുള്ളത്. പച്ചപ്പ് നിറഞ്ഞ താഴ്‌വരകളും പരുക്കൻ പാറകളും മൂടൽമഞ്ഞുള്ള കാലാവസ്ഥയും ഈ മുല്ലയനഗിരിക്ക് ഭംഗിയേറ്റുന്നു. വഴി അവസാനിക്കുന്നിടത്ത് ഒരു ചെറിയ പാർക്കിങ് ഏരിയയാണ്. അവിടെനിന്ന് കുത്തനെയുള്ള ട്രെക്കിങ് പൂർത്തിയാക്കാൻ ഏകദേശം ഒന്നരമണിക്കൂർ എടുക്കും. അതല്ലാതെ കുറച്ചുകൂടി മുകളിലേക്ക് പോകണമെങ്കിൽ സർവീസ് നടത്തുന്ന ജീപ്പുകളെ അഭയം പ്രാപിക്കാം. ജീപ്പിൽ മുകളിലേക്ക് പോയാലും അവിടെനിന്നും കൊടുമുടിയുടെ അറ്റത്ത് എത്തണമെങ്കിൽ 500 പടികൾ കയറണം. കൊടുമുടിയുടെ നെറുകയിലേക്ക് കുത്തനെ കയറാൻ സഹായിക്കുന്ന പടികളാണിത്.

താഴ്‌വാരം മുതൽ കൊടുമുടിയുടെ അറ്റംവരെ ചോക്കുകൊണ്ടുവരച്ചതെന്നപോൽ വളഞ്ഞുകിടക്കുന്ന പാത. തണുത്ത കാറ്റുംകൊണ്ട് പതിയെ പടികൾ കയറാൻ തുടങ്ങി. ഏതാണ്ട് പകുതി കയറിക്കഴിഞ്ഞപ്പോൾ താഴേക്ക് തിരിഞ്ഞുനോക്കി. പാമ്പുപോലെ വളഞ്ഞുപുളഞ്ഞുകിടക്കുന്ന വെളുത്തനിറമുള്ള പാത ഒരു മലയെ അടുത്ത മലയുമായി ചേർത്തുവെക്കുന്ന മനോഹരമായ കാഴ്ച. അവിടെനിന്നും കുറച്ച് പടികൾ മുകളിലേക്ക് വൃത്തിയായി പണിതുവെച്ചിട്ടുണ്ട്. അങ്ങോട്ട് പ്രവേശിക്കണമെങ്കിൽ ചെരിപ്പ് താഴെ അഴിച്ചുവെക്കണം. മുകളിൽ ചെറിയ അരമതിൽക്കെട്ടിനുള്ളിൽ ശിവക്ഷേത്ര കാണാം. ക്ഷേത്രത്തിനും ഒരു പടി മുകളിലായുള്ള കിണറിനു മുകളിൽ വലിയൊരു മണി തൂക്കിയിട്ടിരിക്കുന്നു. കൊടുമുടിയുടെ ഏറ്റവും മുകളിലത്തെ കാഴ്ച. അവിടെനിന്നും താഴോട്ടുനോക്കുമ്പോൾ കണ്ടത് വാക്കുകളിൽ ഒതുങ്ങില്ല. കൈകൊണ്ട് തൊടാമെന്നതുപോല നിൽക്കുന്ന നീലാകാശവും പഞ്ഞിപോലുള്ള മേഘങ്ങളും താഴെ പച്ച പുതച്ച ഭൂമിയും.

ബാബ ബുദാൻഗിരി ദത്ത പീഠം

'കുട്ടികളെ, നമ്മളിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്് വെറും മലകളല്ല, ഇന്ത്യൻ കാപ്പിയുടെ തറവാടാണ്' -കൊച്ചിയുടെ ഭാഷാച്ചുവയിൽ പ്രിയ ആദ്യ ഗോൾ അടിച്ചതോടെ യാത്രക്കൂട്ടം വീണ്ടും ഉഷാറായി. ബാബ ബുദാന്റെ കഥ കേട്ടതുമുതൽ അവിടം കാണാനുള്ള ആവേശമായിരുന്നു എല്ലാവർക്കും. അദ്ദേഹം കാപ്പി മരങ്ങൾ നട്ടുപിടിപ്പിച്ച കുന്നുകളിലൊന്നിൽത്തന്നെയാണ് അദ്ദേഹം പ്രാർഥിച്ചിരുന്ന ഗുഹയുള്ളത്. അദ്ദേഹത്തിന്റെ ശവകുടീരവും അവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. മുസ്ലീങ്ങൾക്കും ഹിന്ദുക്കൾക്കും ഒരുപോലെ വിശുദ്ധമായ ഇടമാണിത്. സർക്കാർ രേഖകളിൽ ശ്രീ ഗുരു ദത്താത്രേയ ബാബാബുദാൻ സ്വാമി ദർഗ എന്നാണ് വിവാദ സ്ഥലം പരാമർശിച്ചിരിക്കുന്നത്. 1964-ന് മുമ്പ്, ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുപോലെ ആരാധിച്ചിരുന്ന ദേവാലയമായിരുന്നു ഇത്. സൂഫി സംസ്‌കാരത്തിന്റെയും ഹൈന്ദവ-ഇസ്ലാം സംസ്‌കാരങ്ങളുടെയും പ്രതീകമായിരുന്ന ഇടം. സ്വാമി ദത്താത്രേയയുടെ അന്ത്യവിശ്രമസ്ഥലമായി ഹിന്ദുക്കൾ ഈ കുന്നിനെ കണക്കാക്കുന്നു, ദക്ഷിണേന്ത്യയിലെ സൂഫിസത്തിന്റെ ആദ്യകാല കേന്ദ്രങ്ങളിലൊന്നായ ദർഗയെന്നാണ്് മുസ്ലീം വിശ്വാസം. മതേതരത്വത്തിനുമേൽ മതം ശക്തിപ്രാപിച്ചപ്പോൾ വിശ്വാസകേന്ദ്രങ്ങളും വിവാദപ്രദേശങ്ങളായി മാറുന്ന ഇന്ത്യയിലെ പതിവുകാഴ്ച ഇവിടെയും ഇപ്പോൾ അരങ്ങേറുന്നു. ബാബ ബുദാൻഗിരിയിലെ ഇരുവശത്തും ഗ്രാമചന്തകൾ പോലെ നിറയെ കടകൾ. പ്രകൃതിയിൽനിന്നുണ്ടാക്കുന്ന മരുന്നുകൾ, മരുന്നുണ്ടാക്കാനുള്ള കൂട്ടുകൾ എന്നിവയായിരുന്നു പ്രധാനമായും അവിടെ വില്പനയ്ക്കുവെച്ചിരുന്നത്. അവിടംകടന്ന് നേരെ നടന്നപ്പോൾ നടന്നുവന്ന മലയൂടെ അറ്റത്തെത്തി. താഴേക്ക് വലിയ കൊക്കയാണ്. നേരെ നോക്കുമ്പോൾ നിരവധി മലകൾ പച്ചപുതച്ചും വേനൽവെയിലിന്റെ ശക്തിയിൽ ചില ഇടങ്ങൾ ചാരനിറമടിച്ചും കിടക്കുന്നു.

ഈ മലയോടുചേർന്നുതന്നെ മറ്റൊരു മുനമ്പുണ്ട്. അവിടേയ്ക്കുള്ള പാത താൽക്കാലികമായി അടച്ചിരിക്കുകയാണ്. അതിനുമുകളിൽനിന്നുള്ള സൗന്ദര്യം ആസ്വദിച്ചശേഷം വലതുവശത്തുള്ള പടികളിറങ്ങി. അവിടെയാണ് പുണ്യജലമൊഴുകുന്ന മാണിക്യധാരയുള്ളത്. അതിനോടുചേർന്ന്് ഒരു ദർഗയുമുണ്ട്്. ഒരാൾക്ക് അഞ്ചുരൂപവെച്ച് പ്രവേശന ഫീസും കൊടുത്ത് മാണിക്യധാരയുടെ അരികിലേക്കിറങ്ങി. അനങ്ങി നടക്കാൻ ഇടയില്ലാത്ത വിധം ആളുകളുടെ തിരക്കാണിവിടെ. മാണിക്യധാരയിലെ പുണ്യജലത്തിൽ കുളിക്കാനായുള്ള വരവാണ്. കുളിക്കാൻ പോകുന്നവരും കുളി കഴിഞ്ഞുവരുന്നവരും തമ്മിലുള്ള കൈയാങ്കളിയെന്നും പറയാം. ഒരുവിധം നടന്ന് താഴെയെത്തി. കീഴ്ക്കാംതൂക്കായി കിടക്കുന്ന പാറയിലൂടെ, പച്ചപ്പുല്ലുകളിൽ തട്ടിത്തടഞ്ഞ്, നൂലിൽ കോർത്തടുത്തപോലെ തുള്ളികളായി പെയ്തിറങ്ങുന്ന ചെറിയ വെള്ളച്ചാട്ടം. കുത്തനെയുള്ള പാറക്കെട്ടിന്റെ മുകളിൽനിന്നും പേരിന് അനുയോജ്യമായ രീതിയിൽ താഴേക്ക് പതിക്കുന്ന മാണിക്യധാരയെന്ന മനോഹര കാഴ്ച.

ഇനി മലയിറക്കമാണ്്. ബുദാൻഗിരിയുടെ ഏതാണ്ട് അടിവാരം എന്നുതന്നെ പറയാം. അവിടെയാണ് ബാബയുടെ ശവകുടീരവും അദ്ദേഹം പ്രാർത്ഥിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്ന ഗുഹയുമുള്ളത്. അവിടെയും ആളുകളുടെ തിരക്ക് തന്നെയാണ്. ഗുഹയ്ക്കകം പെയിന്റ് ചെയ്ത് സംരക്ഷിച്ചിരിക്കുന്നു. അകത്തേക്ക് കടക്കുമ്പോൾ ചന്ദനത്തിന്റെയും അത്തറിന്റെയും മണം ഒരുപോലെ പരന്നു. നിവർന്നു നിൽക്കാൻ പ്രയാസമുള്ള ഒരു ചെറിയ ഗുഹ. തലതാഴ്ത്തി ഏറെ നേരം നിന്നുവേണം ദർശനം നടത്താൻ. അവിടെനിന്നും പുറത്തിറങ്ങി തിരിച്ചുള്ള യാത്രയിൽ വെള്ളച്ചാട്ടങ്ങളും കാപ്പിത്തോട്ടങ്ങൾ നിറഞ്ഞ മലകളും തന്നെയായിരുന്നു പ്രധാന കാഴ്ച. അരികിലുള്ള മലകളിലെ കാപ്പിത്തോട്ടങ്ങൾ ഞങ്ങളെ നോക്കി തലയാട്ടി. 'നിങ്ങൾ കുടിക്കുന്ന ഓരോ കാപ്പിയിലെയും വിത്തുകൾ, 6,500 കിലോമീറ്ററോളം ദൂരം, ഒരു സൂഫിവര്യൻ താടിയിൽ ഒളിപ്പിച്ചു കൊണ്ടുവന്ന വിത്തിന്റെ വിദൂര സന്തതി'യാണെന്ന് ഓർമിപ്പിക്കുന്നതുപോലെ..!

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi