മുടിയുടെ അറ്റംപിളരുന്നത് പലരുടെയും പ്രശ്‌നമാണ്. കാലാവസ്ഥ മുതൽ ഇടയ്ക്കിടെ ചെയ്യുന്ന സ്‌ട്രെയിറ്റ്‌നിങ് പോലുള്ള ഹെയർ ട്രീറ്റ്‌മെന്റുകൾ വരെ അതിന് കാരണമാവാം. ശരിക്കും ഈ പ്രശ്‌നത്തിന് കാരണമെന്താണ്, എങ്ങനെയത് പരിഹരിക്കാം?

വരണ്ട കാലാവസ്ഥ ഇതിനൊരു കാരണമാണ്. മുടി കഴുകുന്നത് മുതൽ ചീവുന്നത് വരെയുള്ള കാര്യങ്ങൾ മുടിയുടെ ആരോഗ്യത്തിൽ പ്രധാനമാണ്. ചൂടുള്ള വെള്ളത്തിൽ കഴുകുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല. ഒരുപാട് ബലംപ്രയോഗിച്ച് മുടി തുടയ്ക്കരുത്. മൃദുവായ തോർത്ത് അല്ലെങ്കിൽ ടർക്കി ഉപയോഗിച്ച് വെള്ളം തുടച്ചെടുക്കാം.

അതുപോലെ മുടി ബലംകൊടുത്ത് ചീവുന്നതും നന്നല്ല. നഞ്ഞമുടിയിലൂടെ വിരലോടിച്ച് പതുക്കെ ഉടക്കുകളെല്ലാം കളയുക. ഉണങ്ങുമ്പോൾ അധികം ബലം കൊടുക്കാതെ ചീവുകയും ചെയ്യാം. ഒരുപാട് മുറുക്കി മുടി എപ്പോഴും കെട്ടിവെക്കുന്നതും ഒഴിവാക്കാം. ഇടയ്ക്കിടെ മുടിയുടെ അറ്റം വെട്ടിക്കൊടുക്കുന്നത് നല്ലതാണ്. മുടി കൂടുതലായി പിളരാതിരിക്കാൻ ഇത് സഹായിക്കും.

നമ്മൾ കഴിക്കുന്ന ഭക്ഷണവും മുടിയുടെ ആരോഗ്യത്തിൽ വളരെ പ്രധാനമാണ്. പ്രോട്ടീൻ, വിറ്റാമിൻ, ബയോട്ടിൻ, ഫോളിക് ആസിഡ് എന്നിവ മുടി കരുത്തോടെ വളരാൻ അത്യാവശ്യമാണ്. പാൽ, പാൽ ഉത്പന്നങ്ങൾ എന്നിവയും പയർവർഗ്ഗങ്ങളും കഴിക്കുന്നത് ആവശ്യമായ പ്രോട്ടീൻ ലഭിക്കാൻ സഹായിക്കും. ഇലക്കറികളിൽ ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഓറഞ്ച്, അവക്കാഡോ, നട്‌സ് തുടങ്ങിയവയും ഫോളിക് ആസിഡ് ലഭിക്കാനായി കഴിക്കാം. മീൻ, മുട്ട, പാൽ, പാൽ ഉത്പന്നങ്ങൾ എന്നിവയിലൂടെ വിറ്റാമിനും ലഭിക്കും.

ഷാംപൂ, കണ്ടീഷണർ തുടങ്ങിയവ വാങ്ങുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങളുടെ മുടിക്ക് ചേർന്ന ഉത്പന്നമാണ് വാങ്ങുന്നതെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ചില ഷാംപൂ പുരട്ടുമ്പോൾ, മുടിയിലെ സ്വാഭാവിക എണ്ണ നഷ്ടപ്പെട്ട്, കൂടുതൽ വരണ്ടുപോകാനിടയുണ്ട്. എപ്പോഴും ഹെയർ കളർ ചെയ്യുന്നതും മുടി പൊട്ടിപ്പോവാനിടയാക്കും. കൂടുതൽ വരൾച്ചയ്ക്കും ഇത് കാരണമാവും.

ഇടയ്ക്കിടെ ഹെയർമാസ്‌കിടുന്നത് മുടിക്ക് നല്ലതാണ്. പഴുത്ത പഴം ഉടച്ച് മുടിയിൽ ഹെയർമാസ്‌കിടാം. ഒലീവ് ഓയിലും ആൽമണ്ട് ഓയിലും യോജിപ്പിച്ച് മുടിയിൽ പതുക്കെ മസാജ് ചെയ്തുകൊടുക്കാം. അരമണിക്കൂറിനുശേഷം കഴുകിക്കളയാം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi