
ഇക്കഴിഞ്ഞ ദിവസമാണ് പദ്മ പുരസ്‌കാരങ്ങൾ സമ്മാനിച്ചത്. ജസ്റ്റിസ് കെ.ടി.തോമസ്, പി.നാരായണൻ എന്നിവർക്കാണ് പദ്മവിഭൂഷൺ ലഭിച്ചത്. മമ്മൂട്ടി, വെള്ളാപ്പള്ളി നടേശൻ എന്നിവർ രാഷ്ട്രപതി ദ്രൗപതി മുർമുവിൽനിന്ന് പദ്മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങി. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ, നടൻ ആർ.മാധവൻ എന്നിവരുൾപ്പെടെയുള്ളവർ പത്മശ്രീ ഏറ്റുവാങ്ങി.
കുടുംബത്തോടൊപ്പമാണ് ചടങ്ങിൽ പങ്കെടുക്കാൻ മാധവനെത്തിയത്. ഭാര്യ സരിത, മകൻ വേദാന്ത് മാധവൻ എന്നിവരുൾപ്പെടെ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. നേവി ബ്ലൂ ബാന്ദ്ഗാല സ്റ്റൈൽ എത്ത്‌നിക് വസ്ത്രമണിഞ്ഞാണ് മാധവൻ എത്തിയത്. അതിനൊപ്പം റിംലെസ് ഗ്ലാസും ഗോൾഡ് ചെയിനുമാണ് അദ്ദേഹം ധരിച്ചത്.
Also Read
എന്നാൽ, ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് അദ്ദേഹത്തിന്റെ കൈയിലെ വാച്ചായിരുന്നു. 18 കാരറ്റ് റോസ് ഗോൾഡ് കേസുള്ള വാച്ചാണ് മാധവൻ ധരിച്ചത്. ഏറെ പ്രത്യേകതകളുള്ളതാണ് ഈ വാച്ച്. ഹാൻഡ് പെയിന്റ് ചെയ്ത മാർബിൾ ഡയലാണിതിന്റെ സവിശേഷത. ജയ്പൂരിലെ ഹവാ മഹലിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച മാർബിൾ ഡയലിൽ ഒരു മിനിയേച്ചർ പെയിന്റിങ് കാണാം. യഥാർഥ മാർബിളിലാണ് ഡയൽ നിർമിച്ചിരിക്കുന്നത്.
ഈ വാച്ചിനും ഒരു പത്മശ്രീ പുരസ്‌കാരബന്ധമുണ്ട്. പത്മശ്രീ ജേതാവ് ഷക്കീർ അലിയാണ് ഇതിലെ മിനിയേച്ചർ പെയിന്റിങ് വരച്ചത്. സ്‌ക്വിറൽ ബ്രഷ് ഉപയോഗിച്ച് നിർമിച്ച ഇതിലെ മിനിറ്റ് സൂചിയിൽ ഒരു പ്രത്യേക നീലക്കല്ലുമുണ്ട്.
ടൈറ്റൻ നിർമിച്ച നെബുല ജൽസ ഫ്‌ളൈയിങ് ടർബില്ലൻ വിഭാഗത്തിൽ പെടുന്ന ഈ ലിമിറ്റഡ് എഡിഷൻ വാച്ചിന്, 40 ലക്ഷം രൂപയാണ് വിലവരുന്നത്. ലോകമെമ്പാടുമായി ഈ എഡിഷനിലുള്ള 10 വാച്ചുകൾ മാത്രമേ ഉണ്ടാകൂവെന്നും റിപ്പോർട്ടുകൾ പറയുന്നു. ജയ്പൂരിന്റെ 225 വർഷത്തെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ ആദരിക്കുന്നതിനായാണ് ടൈറ്റൻ 'ജൽസ' എന്ന ഈ വാച്ച് നിർമിച്ചത്.
പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം സോഷ്യൽമീഡിയയിൽ ഒരു കുറിപ്പും പങ്കുവെച്ചു മാധവൻ. കേന്ദ്രസർക്കാരിനും തന്റെ പേര് ശുപാർശ ചെയ്തതിന് മഹാരാഷ്ട്ര സർക്കാരിനും ആ കുറിപ്പിലൂടെ മാധവൻ നന്ദി അറിയിച്ചു. തന്റെ വിജയങ്ങളാഘോഷിച്ച, പോരായ്മകൾ ക്ഷമിച്ച, കഥാപാത്രങ്ങളെ സ്വീകരിച്ച, വർഷങ്ങളായി എന്നോടൊപ്പം നിന്ന ഓരോ വ്യക്തിക്കും ഈ ബഹുമതി അവകാശപ്പെട്ടതാണെന്നും മാധവൻ പറഞ്ഞു.
'ധുരന്ധറി'ലാണ് മാധവൻ അവസാനമായി അഭിനയിച്ചത്. ആലിയ ഭട്ടിന്റെ 'ആൽഫ', ജി.ഡി.എൻ, അധിർഷ്ടശാലി, സർക്കിൾ എന്നീ ചിത്രങ്ങളിലാണിപ്പോൾ അദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: R. Madhavan wore a Rs 40 lakh Titan Nebula Jalsa Flying Tourbillon watch at the Padma Awards. The watch features a hand-painted marble dial inspired by Jaipur's Hawa Mahal.
Published: 25 Jun 2026, 05:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented