
ഓവനില്‍ ബേക്ക് ചെയ്യാന്‍ വെച്ച കേക്ക് കണക്കെയാണ് ഈ വേനല്‍ച്ചൂടില്‍ നാം ഓരോരുത്തരും വെന്ത് പാകമാകുന്നത്. പൊള്ളുന്ന ചൂടിനും വരണ്ട കാറ്റിനും വിയര്‍പ്പിനുമൊപ്പം ചര്‍മരോഗങ്ങളും തേടിവരുന്നുണ്ട്. മുഖക്കുരുവും ഈര്‍പ്പമില്ലാതെ വരണ്ടുണങ്ങിയ ചര്‍മവും ചൂടുകുരുവും സ്‌കിന്‍ റാഷസും വേനല്‍ക്കാലത്തെ സ്ഥിരം വിരുന്നുകാരാണ്. വേണ്ട രീതിയില്‍ ചര്‍മത്തെ പരിപാലിച്ചെങ്കില്‍ മാത്രമെ ആരോഗ്യമുള്ള ചര്‍മം നിലനിര്‍ത്താനാവൂ...
വേനല്‍ക്കാല ത്വക്ക് രോഗങ്ങളില്‍ പ്രധാനിയാണ് ചൂടുകുരു. ചര്‍മത്തിലെ സുഷിരങ്ങളും രോമകൂപങ്ങളും അടഞ്ഞാണ് ചൂടുകുരു ഉണ്ടാവുന്നത്. പ്രായഭേദമെന്യേ വളരെ സാധാരണമായി കണ്ടുവരുന്നുണ്ടിത്. ചൂടുകുരു വരാതിരിക്കാനായി മുന്‍കരുതലെടുക്കുകയാണ് ആദ്യം വേണ്ടത്.
- കട്ടിയേറിയ വസ്ത്രങ്ങള്‍ക്ക് പകരം കനംകുറഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. ഇളംനിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക. ഇറുകിയതും ശരീരത്തിനോട് പറ്റിച്ചേര്‍ന്നതുമായ വസ്ത്രങ്ങള്‍ വേനല്‍ക്കാലങ്ങളില്‍ ഒഴിവാക്കാം.
- ശരീരം വൃത്തിയായി സൂക്ഷിക്കണം. ഇടയ്ക്കിടയ്ക്ക് കുളിക്കുകയും വിയര്‍പ്പ് തങ്ങി നില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. കുളികഴിഞ്ഞാല്‍ ശരീരത്തിലെ ഈര്‍പ്പം പൂര്‍ണമായും ഒപ്പിയെടുക്കണം.
- ചൂടുകുരു വന്നാല്‍ ഡോക്ടറുടെ സഹായം തേടണം. ശരീരത്തിന് തണുപ്പ് തരുന്ന കലാമിന്‍ പോലുള്ളവയും ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ലേപനങ്ങളും ഉപയോഗിക്കാവുന്നതാണ്.
- ചൂടുകുരുവും പലതരത്തിലുണ്ട്. ഇവ എത്രത്തോളം ബാധിക്കുന്നു, അവയുടെ കട്ടി, ചുവപ്പ് നിറം എന്നതിനെല്ലാമനുസരിച്ച് ഇവ മൂര്‍ച്ഛിച്ച് മറ്റ് അണുബാധകള്‍ക്കും കാരണമാകാം. സെക്കന്‍ഡറി ഇന്‍ഫെക്ഷന്‍ ഉണ്ടായാല്‍ പുറമെയുള്ള ചികിത്സ മാത്രമല്ല. ഉള്ളിലേക്കും മരുന്നുകഴിക്കേണ്ടിവരും.
ഫംഗല്‍ അണുബാധയാണ് വേനല്‍ക്കാലത്തെ മറ്റൊരു ത്വക്ക് രോഗം. ശരീരത്തിന്റെ ഇടുങ്ങിയ ഭാഗങ്ങളില്‍ വിയര്‍പ്പ് തങ്ങി നില്‍ക്കുന്നതാണ് ഇതിന് കാരണം. കക്ഷങ്ങളിലും തുടയിടുക്കിലും മാറിടങ്ങള്‍ക്കിടയിലുമെല്ലാം വിയര്‍പ്പ് തങ്ങിനില്‍ക്കാറുണ്ട്. ഇവിടങ്ങളെല്ലാം ഫംഗസ് പെട്ടെന്ന് പടര്‍ന്നുപിടിക്കും. ഫംഗല്‍ അണുബാധ പകരുന്നവയാണ്. അണുബാധയുള്ള ആളിന്റെ വസ്ത്രങ്ങളും ബെഡ്ഷീറ്റും ടവ്വലും മറ്റും പങ്കിടുന്നത് ഇവ പകരുന്നതിന് കാരണമാകുന്നുണ്ട്. ഇവയ്‌ക്കെതിരെ മരുന്നുകളുടെ സഹായം ആവശ്യമാണ്. എന്നാല്‍ മെഡിക്കല്‍ ഷോപ്പുകളില്‍നിന്നും ലേപനങ്ങളും ക്രീമുകളും വാങ്ങി സ്വയം ചികിത്സ പാടില്ല. തെറ്റായ മരുന്നുകളും ക്രീമുകളും ഉപയോഗിച്ചാല്‍ അണുബാധ കൂടി ഒരുപാടുനാളത്തെ ചികിത്സ വേണ്ടിവരുന്നതാണ്. പകരം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആന്റി ഫംഗല്‍ ക്രീമുകള്‍ പുരട്ടുകയും മരുന്നുകള്‍ കഴിക്കുകയും വേണം.
വേനല്‍ക്കാലത്തെ സ്‌കിന്‍കെയര്‍ ദിനചര്യകളിലും മാറ്റം വരുത്തണം
- ഹെവി മേക്കപ്പുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
- മോയിസ്ചറൈസര്‍ പുരട്ടി ചര്‍മത്തിലെ ഈര്‍പ്പം എപ്പോഴും നിലനിര്‍ത്തുക. കട്ടിയുള്ള മോയിസ്ചറൈസിങ് ക്രീമുകള്‍ ഒഴിവാക്കി മോയിസ്ചറൈസിങ് ലോഷനുകളോ ജെല്ലുകളോ ഉപയോഗിക്കാം. (കട്ടിയുള്ളവ മോയിസ്ചറൈസര്‍ ഉപയോഗിക്കുമ്പോള്‍ മുഖത്തെ സുഷിരങ്ങളെ ബ്ലോക്ക് ചെയ്ത് മുഖക്കുരുകള്‍ ഉണ്ടാവാന്‍ കാരണമായേക്കാം.)
- പകല്‍ സമയങ്ങളില്‍ സണ്‍സ്‌ക്രീന്‍ പുരട്ടുന്നത് ശീലമാക്കുക. മുഖത്തും കഴുത്തിലും കൈകള്‍ക്കുപുറകിലും, അങ്ങനെ വെയിലേല്‍ക്കാനിടയുള്ള ഭാഗത്തെല്ലാം സണ്‍സ്‌ക്രീന്‍ പുരട്ടണം. വീട്ടിനകത്താണെങ്കില്‍പോലും ഈ കാലാവസ്ഥയില്‍ സണ്‍സ്‌ക്രീനിടുന്നത് നല്ലതാണ്.
- നമ്മള്‍ കഴിക്കുന്ന ആഹാരവും കുടിക്കുന്ന വെള്ളവും ചര്‍മത്തിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നവയാണ്. ശരീരം എപ്പോഴും ഹൈഡ്രേറ്റഡ് ആയി വെക്കുന്നതും പോഷകാഹാരങ്ങള്‍ കഴിക്കുന്നതും കൃതൃമായി ആഹാരക്രമങ്ങള്‍ പാലിക്കുന്നതും ആവശ്യത്തിന് ഉറക്കം ലഭിക്കുന്നതും ചര്‍മത്തില്‍ പ്രതിഫലിക്കും.
ചൂടുകാലത്ത് മുടിക്കും വേണം സംരക്ഷണം
- വിയര്‍പ്പടിഞ്ഞ് ശിരോചര്‍മത്തില്‍ കുരുക്കളും ചൊറിച്ചിലും വരികയും അതുവഴി മുടികൊഴിച്ചിലുണ്ടാവാനുള്ള സാധ്യത കൂടുതലാണ്.
- മുടി ഭംഗിയായി നില്‍ക്കാന്‍ വേണ്ടി ആഴ്ചയിലൊരിക്കല്‍ മാത്രം കുളിക്കുന്ന രീതി ഒഴിവാക്കണം. നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് ആ രീതി അനുയോജ്യമല്ല. ദിവസേനയോ അല്ലെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളിലോ തലകുളിക്കണം.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. സൗമ്യ ജഗദീശന്‍, അഡീഷണല്‍ പ്രൊഫസര്‍, ത്വക്ക് രോഗവിഭാഗം, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, കൊച്ചി
Content Highlights: skin and hair care during summer season
Published: 23 Mar 2024, 05:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented