ചര്‍മ്മസംരക്ഷണം വളരെ ബുദ്ധിമുട്ടുള്ള കാര്യമാണിന്ന്. അതിനുകാരണം സോഷ്യല്‍ മീഡിയയുടെ അമിതമായ സ്വാധീനവും. 15 വര്‍ഷം മുമ്പ്, ഞാന്‍ ഡെര്‍മറ്റോളജിയില്‍ ബിരുദാനന്തരബിരുദത്തിനായി ചേര്‍ന്നപ്പോള്‍, സ്‌കിന്‍ കെയര്‍ റുട്ടീന്‍ ചോദിച്ച് ഒ.പി.ഡിയിലേക്ക് വരുന്ന രോഗികളുടെ എണ്ണം പൂജ്യമായിരുന്നു. അടുത്ത കുറച്ച് വര്‍ഷങ്ങള്‍, ഞാന്‍ പ്രാക്ടീസ് ആരംഭിച്ചതിനുശേഷവും എന്റെ അവസ്ഥ തീരെ വ്യത്യസ്തമായിരുന്നില്ല. എന്നാല്‍ കോവിഡിനും ലോക്ക്ഡൗണിനും ശേഷം കൗമാരക്കാര്‍ക്കിടയില്‍ ഫോണ്‍ ഉപയോഗം കൂടിയതോടെ സ്ഥിതിഗതികള്‍ ഗണ്യമായി മാറി. 

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ചര്‍മ്മസംരക്ഷണം ഉള്‍പ്പെടെ എല്ലാ കാര്യങ്ങളെക്കുറിച്ചുമുള്ള 'ആധികാരികമായ വിവരങ്ങള്‍' എന്ന് വിളിക്കപ്പെടുന്നവ, സോഷ്യല്‍മീഡിയ വഴി ആളുകളിലേക്കെത്തുന്നു. ഇവ ഓരോന്നും സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്ങില്‍ പരസ്പരം മത്സരിക്കുന്നു. പലതരത്തിലുള്ള ചര്‍മ്മസംരക്ഷണങ്ങള്‍ പ്രലോഭനങ്ങളായി ആളുകളുടെ മുന്നിലെത്തുന്നു. ഇതെല്ലാം ഒന്നും നോക്കാതെ ഉപയോഗിക്കുമ്പോള്‍, പുതിയ ചര്‍മ്മപ്രശ്‌നങ്ങളുമുണ്ടാവുന്നു. 

ഇവയിലേറ്റവും പ്രധാനമായത് സെന്‍സിറ്റീവ് സ്‌കിന്‍ സിന്‍ഡ്രോം ആണ്. ഇടയ്ക്കിടെയുള്ള മുഖക്കുരു, അല്ലെങ്കില്‍ സണ്‍ ടാന്‍ എന്നിവയൊഴികെ മുമ്പ് കൂടുതല്‍ ചര്‍മ്മപ്രശ്‌നങ്ങള്‍ ഇല്ലാത്ത പെണ്‍കുട്ടികളായിരിക്കും. പക്ഷേ, ഇപ്പോള്‍ സ്‌കിന്‍ സെന്‍സിറ്റീവാണ്, അതില്‍ മോയ്‌സ്ചറൈസര്‍ പോലുമിടാന്‍ പറ്റുന്നില്ല എന്നുള്ളതൊക്കെയാണ് പ്രശ്‌നം. അതുമാത്രമല്ല ചര്‍മ്മം വരണ്ട്, പരുപരുപ്പും ചൊറിച്ചിലും അനുഭവപ്പെടുകയും ചെയ്യുന്നു. ചര്‍മ്മത്തിന് അതിന്റെ സ്വാഭാവിക സംരക്ഷണം നഷ്ടപ്പെടുമ്പോഴാണ് ഇത് സംഭവിക്കുന്നത്. 

ഒരു വ്യക്തിയുടെ ചര്‍മ്മത്തില്‍ സാധാരണയായി നിരവധി പ്രകൃതിദത്ത പ്രതിരോധ സംവിധാനങ്ങളുണ്ട്. നേര്‍ത്ത എണ്ണയുടെ പാളിയും നല്ല ബാക്ടീരിയുമെല്ലാം ഉള്‍പ്പെടുന്ന സംരക്ഷണകവചം. അണുബാധയില്‍നിന്നും മറ്റും ചര്‍മ്മത്തെ സംരക്ഷിക്കുന്നതും ഇതുതന്നെ. രൂക്ഷമായ ക്ലെന്‍സറുകള്‍ ഉപയോഗിച്ച് ചര്‍മ്മത്തെ വൃത്തിയാക്കുമ്പോള്‍, ആ എണ്ണപ്പാളിയും ബാക്ടീരിയയുമെല്ലാം നശിക്കുന്നു. ഇത് ദീര്‍ഘകാലത്തേക്ക് തുടരുമ്പോള്‍, ചര്‍മ്മം 'സെന്‍സിറ്റീവ്' ആയി മാറുന്നു.

രണ്ടാമത്തെ പ്രശ്‌നം വര്‍ദ്ധിച്ച സൂര്യ സംവേദനക്ഷമതയാണ്(സണ്‍ സെന്‍സിറ്റിവിറ്റി). പകല്‍ സമയത്ത് കുറച്ച് മിനിറ്റ് പുറത്തേക്ക് പോകുമ്പോള്‍ തന്നെ, ചര്‍മ്മത്തിന് കടുത്ത ചുവപ്പുനിറമാകും. ചര്‍മ്മം വെന്തുരുകുന്നതുപോലെ തോന്നുകയും ചെയ്യും. സ്വാഭാവികമായും ഉയര്‍ന്ന മെലാനിന്‍ അടങ്ങിയിട്ടുള്ള നമ്മുടെ ചര്‍മ്മം, സൂര്യന്റെ ദോഷകരമായ ഫലങ്ങളില്‍നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ജനിതകമായി സജ്ജീകരിച്ചിരിക്കുന്നു. സമീപവര്‍ഷങ്ങളില്‍ സണ്‍സ്‌ക്രീനുകളുടെ കൃത്യമല്ലാത്ത ഉപയോഗം, ചര്‍മ്മത്തിന്റെ സ്വാഭാവിക  സൂര്യസംരക്ഷണശേഷി നഷ്ടപ്പെടാന്‍ കാരണമാകുന്നു. ഇതൊടുവില്‍ അല്പം സൂര്യപ്രകാശം പോലും ചര്‍മ്മത്തിന് സഹിക്കാന്‍ കഴിയില്ലെന്ന അവസ്ഥയിലെത്തിക്കും. 

അവസാനത്തേത് എന്നാല്‍ ഏറ്റവും കുറഞ്ഞത്, 'ടോപ്പിക്കല്‍ സ്റ്റിറോയിഡ് ഡിപെന്‍ഡന്റ് ഫെയ്‌സ്' എന്ന പ്രശ്‌നമാണ്. പലരും സോഷ്യല്‍മീഡിയയില്‍ കാണുന്ന പല ക്രീമുകളും വാങ്ങി പുരട്ടിനോക്കും. പലതിലും സ്റ്റിറോയ്ഡുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍, ഇത് ചര്‍മ്മത്തിന് കൂടുതല്‍ നിറംവന്നതുപോലെ തോന്നിപ്പിക്കും. എന്നാല്‍, ഇവയുടെ ഉപയോഗം നിര്‍ത്തുമ്പോള്‍ ചര്‍മ്മം ഇരുണ്ടനിറമാവുകയും ചെയ്യും. ഇതിന്റെ ഉപയോഗം നിര്‍ത്തണമെന്ന് ചിലപ്പോള്‍ തോന്നിയേക്കാമെങ്കിലും, ചര്‍മ്മത്തിന് ഇരുണ്ടനിറമാകുമെന്ന ഭയത്താല്‍ വീണ്ടും ഉപയോഗിക്കും. ദീര്‍ഘകാലത്തെ ഉപയോഗം, ചര്‍മ്മത്തെ നശിപ്പിക്കുകയും ചെയ്യുന്നു. 

ഇവ ഇന്നത്തെ പൊതുവായ പ്രശ്‌നങ്ങളില്‍ ചിലത് മാത്രമാണ്. നമ്മുടെ ചര്‍മ്മത്തിന് ഒരു നിശ്ചിത അളവിലുള്ള പ്രകൃതിദത്ത സംരക്ഷണ സംവിധാനങ്ങളുണ്ട്. ചര്‍മ്മസംരക്ഷണ ഉത്പന്നങ്ങളുടെയും സൗന്ദര്യവര്‍ദ്ധകവസ്തുക്കളുടെയും അനുചിതമായ ഉപയോഗം ഈ പ്രകൃതിദത്ത പ്രതിരോധത്തെ നശിപ്പിക്കുന്നതില്‍ ഒരു പങ്ക് വഹിക്കുന്നു, അതുവഴി കൂടുതല്‍ ഗുരുതരമായ നാശനഷ്ടങ്ങള്‍ക്ക് വഴിയൊരുക്കുന്നു. ഇന്റര്‍നെറ്റില്‍ ലഭ്യമായ എല്ലാ ചര്‍മ്മസംരക്ഷണ ടിപ്പുകളും കാണുകയും പഠിക്കുകയും ചെയ്യുമ്പോള്‍, അതില്‍ നല്ലതും ചീത്തയും ഏതെന്ന് തിരിച്ചറിയാനും ശ്രമിക്കണം. 

ക്ലെന്‍സര്‍ ഉപയോഗിച്ച് ചര്‍മ്മം വൃത്തിയാക്കുമ്പോള്‍, എന്താണ് തോന്നുന്നതെന്ന് ശ്രദ്ധിക്കുക. ആ ക്ലെന്‍സര്‍ നിങ്ങളുടെ ചര്‍മ്മത്തെ വരണ്ടതാക്കുന്നുവെങ്കില്‍, കൂടുതല്‍ മൃദുവായ ക്ലെന്‍സറിലേക്ക് മാറ്റുക. സാലിസിലിക് ആസിഡ് പോലുള്ളവ അടങ്ങിയിട്ടുള്ള ശക്തമായ ക്ലെന്‍സറുകള്‍ വളരെ എണ്ണമയമുള്ള ചര്‍മ്മത്തില്‍ മാത്രമേ ഉപയോഗിക്കാവൂ. അതും നിങ്ങളുടെ ചര്‍മ്മത്തെ വരണ്ടതാക്കുന്നില്ലെങ്കില്‍ മാത്രം.

ശ്രദ്ധയോടെ പരിപാലനം

  • സണ്‍സ്‌ക്രീനുകള്‍ മിതമായി ഉപയോഗിക്കണം. രാവിലെ പത്തു മണി വരെ സൂര്യപ്രകാശം നല്ലതാണ്. നിങ്ങള്‍ ദീര്‍ഘകാലത്തേക്ക് സൂര്യപ്രകാശത്തില്‍ നില്‍ക്കുകയാണെങ്കില്‍, അല്ലെങ്കില്‍ രാവിലെ പത്തു മണിക്കും നാലു മണിക്കുമിടയില്‍, സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഒരുതവണ ഇട്ടാല്‍ പോര. മൂന്ന്-നാല് മണിക്കൂര്‍ കൂടുമ്പോള്‍, സണ്‍സ്‌ക്രീന്‍ പുരട്ടണം. സണ്‍സ്‌ക്രീനിന് പുറമേ സ്‌കാര്‍ഫുകള്‍, തൊപ്പികള്‍, കുടകള്‍, പൊതിഞ്ഞ വസ്ത്രങ്ങള്‍ തുടങ്ങിയ മറ്റ് സംരക്ഷണവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഉറപ്പാക്കുക. 
  • ഉറങ്ങുന്നതിനുമുമ്പ് മേക്കപ്പുകളും സണ്‍സ്‌ക്രീനുകളും വൃത്തിയായി കഴുകിക്കളയുക. നിങ്ങളുടെ ചര്‍മ്മം വരണ്ടതായി തോന്നുന്നുവെങ്കില്‍ മാത്രം, അധികം രൂക്ഷമല്ലാത്ത മോയ്‌സ്ചറൈസര്‍ ഉപയോഗിക്കാം.
  • പഴങ്ങള്‍, പച്ചക്കറികള്‍, അണ്ടിപ്പരിപ്പ്, മാംസം അല്ലെങ്കില്‍ മറ്റ് പച്ചക്കറി പ്രോട്ടീനുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഭക്ഷണക്രമം, ധാരാളം വെള്ളം, മതിയായ ഉറക്കം എന്നിവ ആരോഗ്യകരവും ഉപയോഗപ്രദവുമായ ചര്‍മ്മം നിലനിര്‍ത്താന്‍ വളരെ പ്രധാനമാണ്.