സൗന്ദര്യത്തിനും വീട്ടിലെ ദുര്‍ഗന്ധങ്ങള്‍ അകറ്റാനും കാപ്പിപ്പൊടി സഹായിക്കും. ഫ്രിഡ്ജിനുള്ളിലെ ദുര്‍ഗന്ധം അകറ്റാന്‍ നല്ലൊരു മാര്‍ഗ്ഗമാണ് കാപ്പിപ്പൊടി. ഒരു ബൗളില്‍ കുറച്ച് കാപ്പിപ്പൊടിയിട്ട് ഫ്രിഡ്ജില്‍വെക്കാം. ഒരു ചെറിയ തുണിയില്‍ അല്പം കാപ്പിപ്പൊടിയിട്ട് കിഴികെട്ടി, ഷൂസിനുള്ളില്‍ വെക്കാം. ഷൂസിലെ മണം അകറ്റാന്‍ ഇത് നല്ലതാണ്. 

To advertise here,

എത്രയൊക്കെ വൃത്തിയാക്കിയാലും വീട്ടിലെ അലമാരയില്‍ ഒരു ചെറിയ ദുര്‍ഗന്ധം ഉണ്ടായേക്കാം. അത് അകറ്റാനൊരു വഴിയുണ്ട്. പഴയ സോക്‌സില്‍ അല്പം കാപ്പിപ്പൊടിയിട്ട് അലമാരയ്ക്കുള്ളില്‍ വെച്ചാല്‍ മതി.

സ്‌ക്രബ് ചെയ്യാനും ഫേസ്പാക്കിടാനും കാപ്പിപ്പൊടി ഉപയോഗിക്കാം. കാപ്പിപ്പൊടി അല്പം വെളിച്ചെണ്ണയുമായി ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇത് മുഖത്തുപുരട്ടി ചെറുതായി മസാജ് ചെയ്ത് അല്പനേരം വെക്കുക. എന്നിട്ട് ചെറുചൂടുവെള്ളത്തില്‍ കഴുകിക്കളയാം. പാലും കാപ്പിപ്പൊടിയും ചേര്‍ത്ത് മുഖത്തുപുരട്ടുന്നതും നല്ലതാണ്. മൃതകോശങ്ങള്‍ കളയാനും മുഖത്തിന് തിളക്കം കിട്ടാനും ഇതുപകരിക്കും. കാപ്പിപ്പൊടിയും തേനും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നതും ഉപകാരപ്രദമാണ്. 

കണ്ണിന് ചുറ്റുമുള്ള കറുത്ത അടയാളങ്ങള്‍ കളയാനും കാപ്പിപ്പൊടി ഉപകരിക്കും. പനിനീരില്‍ കാപ്പിപ്പൊടി ചേര്‍ത്ത് കണ്ണിന് താഴെ പുരട്ടാം. ഉണങ്ങിത്തുടങ്ങുമ്പോള്‍ തണുത്തവെള്ളത്തില്‍ കഴുകിക്കളയാം. അതല്ലെങ്കില്‍ തിളപ്പിച്ച കാപ്പി തണുക്കുമ്പോള്‍ ഐസ് ട്രേകളില്‍നിറച്ച് ഐസ് ക്യൂബുകളുണ്ടാക്കുക. ഇതൊരു തുണിയില്‍ പൊതിഞ്ഞ് കണ്ണിന് മുകളിലും കണ്‍തടങ്ങളിലും മസാജ് ചെയ്യുന്നതും നല്ലതാണ്.