നവദമ്പതികളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും (Virosh wedding) തങ്ങളുടെ വിവാഹാഘോഷങ്ങളുടെ കൂടുതൽ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചുകൊണ്ടേയിരിക്കുകയാണ്. വിവാഹം, റിസപ്ഷൻ, മെഹന്ദി, സംഗീത് എന്നീ ചടങ്ങുകൾക്ക് പിന്നാലെ ഹൽദി ആഘോഷത്തിന്റെ ചിത്രങ്ങളാണ് ദമ്പതികൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

ഒരു സാധാരണ ഹൽദി ചടങ്ങിന് പകരം, അതിഥികൾ പരസ്പരം നിറങ്ങൾ വാരി വിതറിയും, വെള്ളമൊഴിച്ചും ആഘോഷിച്ചതോടെ ഇതൊരു വർണ്ണാഭമായ ഹോളി ആഘോഷം പോലെയായി മാറി.

"ഹൽദി. ഇത് ഹൽദിയേക്കാൾ ഉപരി ഹോളിയായിരുന്നു. ഞങ്ങൾ നിറങ്ങളിൽ അത്രയധികം മുങ്ങിപ്പോയി, ഇപ്പോഴും എന്റെ മുടിയിൽ ചുവപ്പ് നിറം അല്പം ബാക്കിയുണ്ട്. പിന്നെ ഒരു കാര്യം: അന്ന് നടന്ന എല്ലാ കളികളിലും എന്റെ 'ടീം ബ്രൈഡിന്റെ' സഹായത്തോടെ ഞാനാണ് ജയിച്ചത്! വിജു (വിജയ്) പോലും അന്ന് ടീം ബ്രൈഡിനൊപ്പമായിരുന്നു."

ഫെബ്രുവരി 25-നായിരുന്നു രശ്മികയുടെയും വിജയ് ദേവരകൊണ്ടയുടെയും ഹൽദി ചടങ്ങ് നടന്നത്. ഹൽദി ചടങ്ങിനായി ഗ്രീൻ ഓഫ് ഷോൾഡർ ട്രഡീഷണൽ വസ്ത്രവും ഗോൾഡൻ ടെമ്പിൾ ജ്വല്ലറിയുമാണ് രശ്മിക തിരഞ്ഞെടുത്തത്. ക്രീം നിറത്തിലുള്ള ഫ്ലോറൽ കുർത്തയും വെള്ള പൈജാമയുമായിരുന്നു വിജയ്‌യുടെ വേഷം. തലേദിവസം രാത്രി വൈകുവോളം നീണ്ടുനിന്ന സംഗീത് പരിപാടികൾക്ക് ശേഷവും എല്ലാവരും അതിരാവിലെ തന്നെ ഹൽദിക്കായി ആവേശത്തോടെ എത്തിയെന്ന് വിജയ് കുറിച്ചു. "വെള്ളവും നിറങ്ങളും സംഗീതവും ഞങ്ങളെ എല്ലാവരെയും ഉന്മേഷഭരിതരാക്കി," വിജയ് പറഞ്ഞു.

ഉദയ്പൂരിലെ മനോഹരമായ 'മെമെന്റോസ് ബൈ ഐടിസി ഹോട്ടൽസിലായിരുന്നു' ചടങ്ങുകൾ. സ്വന്തം നാട്ടിൽ വെച്ച് വിവാഹം കഴിക്കണമെന്നും പ്രകൃതിയോട് ചേർന്നുള്ള ഒരിടം വേണമെന്നുമുള്ള തന്റെ ആഗ്രഹത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമായിരുന്നു ഇതെന്നും വിജയ് കൂട്ടിച്ചേർത്തു.

"ഹൽദിയിൽ എനിക്കൊരു 'യുദ്ധം' വേണമായിരുന്നു, അവർ അത് എനിക്ക് തന്നു. ഉച്ചഭക്ഷണത്തിന് മുൻപേ തന്നെ എല്ലാവരുടെയും വസ്ത്രങ്ങൾ നശിച്ചു, എനിക്ക് ഏറെ പ്രിയപ്പെട്ട എന്റെ കുർത്തയടക്കം. എങ്കിലും അതൊക്കെ അത്രമേൽ മൂല്യമുള്ള നിമിഷങ്ങളായിരുന്നു," വിജയ് കുറിച്ചു.

ഫെബ്രുവരി 26-ന് ഉദയ്പൂരിൽ വെച്ച് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ആരാധകർ ഏറെ കാത്തിരുന്ന ഇവരുടെ വിവാഹം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi