ഫെബ്രുവരി 26-ന് ഉദയ്പൂരിൽ വെച്ചാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായത്. 'ദ പിരീഡിക് ഇറ' (The Periodic Era) എന്ന തീമിലായിരുന്നു ഇവരുടെ വിവാഹം നടന്നത്. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു ഇതെങ്കിലും, വിവാഹത്തിൽ രശ്മികയും വിജയും അണിഞ്ഞ സ്വർണ്ണാഭരണങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

'ശ്രീ ജ്വല്ലേഴ്സ്' ഒരുക്കിയ  ആഭരണങ്ങളായിരുന്നു ഇത്. ചടങ്ങിനായി തിരഞ്ഞെടുത്ത ആഭരണങ്ങൾ പൂർണ്ണമായും സ്വർണ്ണത്തിന് ഊന്നൽ നൽകുന്നവയായിരുന്നു. ഡയമണ്ടുകളോ മറ്റ് കല്ലുകളോ ഉപയോഗിച്ചിരുന്നില്ല. പരിശുദ്ധി, പ്രതീകാത്മകത, കരകൗശലവിദ്യ എന്നിവയ്ക്ക് പ്രാധാന്യം നൽകി, പരമ്പരാഗത കുന്ദൻ, ഗ്ലാസ് വർക്കുകൾ, സ്വർണ്ണത്തകിടിൽ പതിപ്പിച്ച കല്ലുകൾ എന്നിവയായിരുന്നു ആഭരണങ്ങളിൽ ഉപയോഗിച്ചത്.  

ചോക്കർ, ഹാരങ്ങൾ, ജുംക, ജട ബില്ല, ചമ്പസരലു, ഹത്ഫൂൾ, മാത്തപ്പട്ടി, മൂക്കുത്തി, വളകൾ, ബാജുബന്ദ്, അരപ്പട്ട, പാദസരം തുടങ്ങി രശ്മിക അണിഞ്ഞ എല്ലാ ആഭരണങ്ങളും ശ്രദ്ധേയമായിരുന്നെങ്കിലും, അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയത് അവരുടെ താലിയായിരുന്നു. യാതൊരുവിധ രത്നങ്ങളോ ഡയമണ്ടുകളോ ഉപയോഗിക്കാതെ പൂർണ്ണമായും സ്വർണ്ണത്തിൽ തീർത്തതായിരുന്നു ആ താലി.

കൊടവ, തെലുങ്ക് സംസ്കാരങ്ങളുടെ സംഗമമായാണ് ഈ താലി രൂപകൽപ്പന ചെയ്തിരിക്കുന്നത്. "ലക്ഷ്മി ദേവിയുടെ രൂപമാണ് താലിയുടെ മധ്യഭാഗത്തായി ഉള്ളത്. ഇത് സമ്പൽ സമൃദ്ധിയെയും അനുഗ്രഹത്തെയും സൂചിപ്പിക്കുന്നു. ഇതിനെ ചുറ്റിയുള്ള പാമ്പിന്റെ ആകൃതിയിലുള്ള കൊത്തുപണികൾ സംരക്ഷണത്തെയും ആത്മീയമായ കാവലിനെയും പ്രതിനിധീകരിക്കുന്നു."

തെലുങ്ക് സംസ്കാരത്തിന്റെ ഭാഗമായ 'പുസ്ത ലോക്കറ്റും' കൊടവ പാരമ്പര്യത്തിന്റെ അടയാളമായ 'കൊക്കെത്താതി' (അമ്പിന്റെ ആകൃതിയിലുള്ള ഭാഗം) എന്നിവയും താലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിജയ് ദേവരകൊണ്ടയുടെ വിളിപ്പേരായ 'റൗഡി' (Rowdy) എന്നതിനെ സൂചിപ്പിക്കുന്ന ഒരു ചെറിയ അടയാളവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. വിവാഹച്ചടങ്ങിൽ വെച്ചാണ് ഇത് വിജയിയെ കാണിച്ചത്, ഇതൊരു വലിയ സർപ്രൈസ് ആയിരുന്നു.

കഴിഞ്ഞ ദിവസം ഹൈദരാബാദിൽ വച്ച് നടന്ന ഇവരുടെ വിവാഹ സൽക്കാരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അല്ലു അർജുൻ, ചിരഞ്ജീവി, രാം ചരൺ, നാഗാർജുന, ശ്രീലീല തുടങ്ങിയ തെലുങ്ക് താരങ്ങളും കരൺ ജോഹർ, കൃതി സനോൺ, നീന ഗുപ്ത തുടങ്ങിയ ബോളിവുഡ് താരങ്ങളും ചടങ്ങിൽ പങ്കെടുത്തു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi