കോടീശ്വരൻ അദാർ പൂനവല്ലയുടെ ഭാര്യയും സംരംഭകയുമാണ് നടാഷ പൂനവല്ല. തന്റെ അതിമനോഹരമായ ഫാഷൻ ശൈലി കൊണ്ടും ആഡംബരത്തോടുള്ള താൽപ്പര്യം കൊണ്ടും പ്രശസ്തയാണ് അവർ. ലോകപ്രശസ്തമായ ഡിസൈനർ വസ്ത്രങ്ങൾ മുതൽ വിലപിടിപ്പുള്ള ആഭരണങ്ങൾ വരെ നീളും നടാഷയുടെ ശേഖരം. അടുത്തിടെ, ജ്വല്ലറി വിദഗ്ധനും ഫാഷൻ കണ്ടന്റ് ക്രിയേറ്ററുമായ ധ്രുമിത് മെറൂലിയ, നടാഷയുടെ പക്കലുള്ള അപൂർവ്വമായ ഒരു പിങ്ക് ഡയമണ്ട് മോതിരത്തെക്കുറിച്ച് പറഞ്ഞത് വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. ഫ്രാൻസിലെ അവസാനത്തെ രാജ്ഞിയായിരുന്ന മേരി ആന്റണൈറ്റിന്റേതായിരുന്നു ഈ മോതിരം.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ, ഈ മോതിരം 'മേരി-തെരേസ പിങ്ക് ഡയമണ്ട് റിംങ്' എന്നറിയപ്പെടുന്നതായി ധ്രുമിത് വെളിപ്പെടുത്തി. മേരി ആന്റണൈറ്റ് രാജ്ഞിയുടെ ഉടമസ്ഥതയിലായിരുന്ന ഈ ആഭരണത്തിന് വലിയൊരു ചരിത്രമുണ്ട്. 10.38 കാരറ്റ് വരുന്ന 'ഫാൻസി പർപ്പിൾ ആൻഡ് പിങ്ക് മോഡിഫൈഡ് കൈറ്റ് ബ്രില്യന്റ് കട്ട്' ഡയമണ്ടാണ് ഈ മോതിരത്തിന്റെ പ്രധാന ആകർഷണം. ഇതിനുചുറ്റും ഉരുണ്ട വജ്രങ്ങളും, 17 വജ്രങ്ങൾ പതിപ്പിച്ച കറുത്ത പ്ലാറ്റിനം ബാൻഡും നൽകിയിരിക്കുന്നു.
ക്രിസ്റ്റീസ് ലേല സ്ഥാപനത്തിന്റെ കണക്കനുസരിച്ച്, ഈ വജ്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മേരി ആന്റണൈറ്റ് രാജ്ഞിയുടെ മകളായ ഡച്ചസ് മേരി-തെരേസ ഡി ആംഗുലേമിനാണ് ഇത് പാരമ്പര്യമായി ലഭിച്ചത്. രാജകുടുംബത്തിന്റെ ശേഖരത്തിൽ വർഷങ്ങളോളം നിലനിന്ന ഈ മോതിരം 1996-ലാണ് വിൽക്കപ്പെട്ടത്.
പിന്നീട്, പ്രശസ്ത ജ്വല്ലറി ഡിസൈനറായ ജോയൽ ആർതർ റോസെന്താൾ ഈ വജ്രത്തിനായി പുതിയൊരു ബാൻഡ് നിർമ്മിച്ചു. 2025 ജൂൺ 17-ന് ന്യൂയോർക്കിൽ നടന്ന ക്രിസ്റ്റീസ് ലേലത്തിൽ 13,980,000 ഡോളറിന് (ഏകദേശം 125 കോടി രൂപ) ഈ മോതിരം വിറ്റുപോയി. ഫ്രഞ്ച് ചരിത്രത്തിന്റെ ഭാഗമായ ഈ ആഭരണം പ്രതീക്ഷിച്ച തുകയേക്കാൾ (3 മില്യൺ - 5 മില്യൺ ഡോളർ) ഇരട്ടിയിലധികം വിലയ്ക്കാണ് വിറ്റത്.
കോടീശ്വരനായ അദാർ പൂനവല്ലയുടെ ഭാര്യയായ നടാഷ, ഒരു ബിസിനസ്സ് വുമണും ജീവകാരുണ്യ പ്രവർത്തകയും ഫാഷൻ ഐക്കണുമാണ്. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിൻ നിർമ്മാതാക്കളായ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി അവർ സേവനമനുഷ്ഠിക്കുന്നു. കൂടാതെ, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന വില്ലു പൂനവല്ല ചാരിറ്റബിൾ ഫൗണ്ടേഷന്റെ അധ്യക്ഷയുമാണ് അവർ. നെതർലാൻഡിലെ പൂനവല്ല സയൻസ് പാർക്കിന്റെ ഡയറക്ടറായും ബ്രിട്ടീഷ് ഏഷ്യൻ ചിൽഡ്രൻസ് പ്രൊട്ടക്ഷൻ ഫണ്ടിന്റെ ചെയർപേഴ്‌സണായും നടാഷ പ്രവർത്തിക്കുന്നുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover Natasha Poonawalla`s rare pink diamond ring, once owned by Marie Antoinette. Learn about its history, unique features, and record-breaking auction sale.
Published: 23 Dec 2025, 04:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented