രാജ്യത്തെ നേതാക്കള്‍ മുഴുവന്‍ നാണക്കേടെന്ന് പറഞ്ഞ് മുഖം തിരിക്കുക. ഭരണകക്ഷി അന്വേഷണം പ്രഖ്യാപിക്കുക.... ഞെട്ടിച്ച അഴിമതി കേസോ, കൊലപാതകമോ ഒന്നുമല്ല ആ വ്യക്തി ചെയ്ത കുറ്റം. തന്റെ രാജ്യത്തെ പ്രതിനിധീകരിച്ച് ലോകത്തിന് മുന്നില്‍ വലിയൊരു മത്സരത്തില്‍ പങ്കെടുക്കാനെത്തി എന്നതാണ്, അയാളൊരു സ്ത്രീയാണ് എന്നതാണ്.

ഇത് എറിക്കാ റോബിന്‍. ഇരുപത്തിനാല് വയസ്സ്, മിസ് യൂണിവേഴ്‌സ് സൗന്ദര്യ മത്സരത്തില്‍  പാകിസ്താനില്‍ നിന്നുള്ള ആദ്യത്തെ മത്സരാര്‍ത്ഥി.  പാകിസ്താനിലെ കറാച്ചിയില്‍ ഒരു യാഥാസ്ഥിതിക ക്രൈസ്തവ കുടുംബത്തിലാണ് എറിക്കയുടെ ജനനം. മാലി ദ്വീപില്‍ നടന്ന മത്സരത്തില്‍ നിന്നാണ് എറിക്കയെ മിസ് യൂണിവേഴ്‌സ് പാകിസ്താനായി തിരഞ്ഞെടുത്തത്. 

placeholder

സ്വിംസ്യൂട്ട് സെക്ഷനിലും ഈവനിങ് ഗൗണ്‍ സെക്ഷനിലും എറിക്കയുടെ വസ്ത്രങ്ങള്‍

ദുബായ് ആസ്ഥാനമായുള്ള യൂഗെന്‍ എന്ന കമ്പനിയാണ് മിസ് യൂണിവേഴ്‌സ് പാകിസ്താന്‍ മത്സരം സംഘടിപ്പിച്ചത്. മിസ് യൂണിവേഴ്‌സ് ബഹറിന്‍, ഈജിപ്ത് എന്നീ മത്സരങ്ങളും ഇവരാണ് നടത്തിയത്. മിസ് യൂണിവേഴ്സ് പാകിസ്താന്‍ മത്സരത്തിലേക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ അപേക്ഷകള്‍ എത്തിയപ്പോഴാണ് അവരും ഞെട്ടിയത്. എന്നാല്‍ വിജയിയായ എറിക്കയെ കൈയടികളോടെയല്ല അവളുടെ രാജ്യം സ്വീകരിച്ചത്. 'ആ എതിര്‍പ്പ് എന്തിനായിരുന്നു എന്ന് എനിക്കറിയില്ല, ഒരുപക്ഷേ നിറയെ പുരുഷന്മാരുള്ള ഒരു സദസിന് മുന്നില്‍ സ്വിം സ്യൂട്ടില്‍ നിന്നു എന്നതാവാം...' എറിക്ക ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

എഴുപത്തിരണ്ട് വര്‍ഷത്തെ മിസ് യൂണിവേഴ്‌സ് ചരിത്രത്തില്‍ ആദ്യമായാണ് പാകിസ്താനില്‍ നിന്ന് ഒരു മത്സരാര്‍ഥി എത്തുന്നത്. പാക്കിസ്താൻ ഒരു പിന്നോക്ക രാജ്യമാണ്, ഇടുങ്ങിയ രീതികളുടെ ഇടമാണ് എന്ന ലോകത്തിന്റെ ചിന്താഗതി മാറ്റുകയാണ് തന്റെ ലക്ഷ്യമെന്നാണ് എറിക്ക ഈ മത്സരത്തില്‍ പങ്കെടുത്തതിനെപ്പറ്റി പറയുന്നത്. ' ഞാന്‍ ഒരു നിയമലംഘനവും നടത്തിയിട്ടില്ല. ഒരു ലോകവേദിയില്‍ എന്റെ രാജ്യത്തെ പ്രതിനിധീകരിക്കുക മാത്രമാണ്. അത്തരം വിമര്‍ശനങ്ങളുടെ മുനയൊടിക്കാനാണ് ലക്ഷ്യം.' എറിക്ക തുടരുന്നു. 'ഈ മത്സരത്തില്‍ പങ്കെടുത്തതുകൊണ്ട് നേരിടേണ്ടി വരുന്ന എതിര്‍പ്പുകളെ ഞാന്‍ ഭയക്കുന്നില്ല. എന്റെ രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യവും ലോകത്തിന്റെ നെറുകയിലെത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മാത്രമല്ല പാകിസ്താനിലെ ആധുനിക യുവത്വത്തിന്റെ പ്രതിനിധിയാവാനും. ഒരു സ്ത്രീയുടെ വിജയം പാകിസ്താനും ആഘോഷമാക്കാന്‍ കഴിയും എന്ന് ലോകത്തിന് മുന്നില്‍ കാണിച്ചുകൊടുക്കണം... ' 

placeholder
എറിക്കാ റോബിൻ

2020 മുതലാണ് എറിക്ക മോഡലിങ്ങിലേക്ക് തിരിഞ്ഞത്. ദിവ മാഗസിന്‍ പാകിസ്താനിന്റെ കവര്‍ ഗേളായിരുന്നു എറിക്ക. പാകിസ്താന്‍ ഗവണ്‍മെന്റ് കോളേജ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് എക്കണോമിക്‌സില്‍ നിന്ന് ബിരുദം നേടി. രാജ്യത്തെ ജനസംഖ്യയില്‍ ഒരു ശതമാനം മാത്രമുള്ള ക്രിസ്ത്യന്‍ വിഭാഗത്തിന്റെ പ്രതിനിധിയാണ് എറിക്ക. പാകിസ്താനിലെ ഒരു സന്നദ്ധസംഘടനയായ കറാച്ചി ഡൗണ്‍സിന്‍ഡ്രോം പ്രോഗ്രാമിലെ പ്രവര്‍ത്തകകൂടിയാണ്. ഒപ്പം റെഡ്‌ക്രോസ് യൂത്ത് ഫിലിപ്പൈന്‍സിലെ അംഗവും. 

എല്‍ സാല്‍വദോറില്‍ നടന്ന മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ലോകത്തിലെ പലരാജ്യങ്ങളില്‍ നിന്നായി 80 മത്സരാരഥികള്‍ പങ്കെടുത്തിരുന്നു. ആദ്യ ഇരുപതില്‍ എറിക്കയും ഇടം നേടി. ആദ്യ പത്തില്‍ ഇടം നേടാനാകാതെ പുറത്തായെങ്കിലും ലോകത്തിന് മുന്നില്‍ മാറ്റത്തിന്റെ മറ്റൊരുമുഖം തുറന്നുകാണിക്കാന്‍ എറിക്കയ്ക്കായി. 

മത്സരത്തില്‍ എറിക്കയുടെ വസ്ത്രങ്ങള്‍ ശ്രദ്ധനേടിയിരുന്നു. പാകിസ്താനിലെ ഗോത്രവര്‍ഗ്ഗക്കാരുടെ വസ്ത്രങ്ങളില്‍ നിന്ന് സ്വീകരിച്ച ഡിസൈനും പാകിസ്താനിലെ പാരമ്പര്യവസ്ത്രങ്ങളുടെ ഡിസൈനും ചേര്‍ത്തിണക്കിയ പിങ്ക് ആന്‍ഡ് ബ്ലാക്ക് ഔട്ട്ഫിറ്റായിരുന്നു അതിലൊന്ന്. സ്വിംസ്യൂട്ട് സെക്ഷനില്‍ അണിഞ്ഞ ശരീരം മുഴുവന്‍ മൂടുന്നതുപോലെയുള്ള ബുര്‍ക്കിനിയും ഫാഷന്‍ ആരാധകരുടെ ഇഷ്ടം നേടിയിരുന്നു.  ഈവനിങ് ഗൗണ്‍ കോംപറ്റീഷനില്‍ വൈറ്റില്‍ നിറയെ സീക്വന്‍സുകള്‍ പിടിപ്പിച്ച മെര്‍മെയ്ഡ് ഗൗണായിരുന്നു എറിക്കയുടെ വേഷം. തലയില്‍ വെയിലും നല്‍കിയിരുന്നു. ' രാജ്യത്ത് ഒരു ശതമാനം മാത്രമുള്ള ജനങ്ങളുടെ പ്രതിനിധിയാണ് ഞാന്‍, ഒപ്പം എന്റെ രാജ്യത്തിന്റെ പതാകയിലെ നിറമാണ് വെളുപ്പ്.' തന്റെ വസ്ത്രത്തെ പറ്റി ഇന്‍സ്റ്റഗ്രാമില്‍ എറിക്ക കുറിച്ചത് ഇങ്ങനെയാണ്. പാകിസ്താനിലെ പ്രസിദ്ധരായ താരങ്ങളടക്കമുള്ളവര്‍ എറിക്കയ്ക്ക് അഭിനന്ദനവുമായി എത്തിയിരുന്നു.