മുടിചീകാനും വസ്ത്രമണിയിക്കാനും മേക്കപ്പിടാനും ടച്ച് അപ്പിനുമെല്ലാം ഒരു സംഘത്തെ തന്നെ ഒപ്പം കൊണ്ടുനടക്കുന്നവരാണ് ഇന്ന് ബോളിവുഡിലെ സെലിബ്രിറ്റികൾ. എന്നാൽ, അധികം സഹായികളില്ലാതെയും സിനിമാചിത്രീകരണം നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു, ഹിന്ദിയിൽ മികച്ച സിനിമകളെന്നു നമ്മൾ വിളിക്കുന്ന പലതും പിറന്നത് അത്തരം പശ്ചാത്തലങ്ങളിലാണ്.
ബോളിവുഡിലെ എക്കാലത്തെയും മികച്ച റൊമാൻ്റിക് സിനിമകളിലൊന്നായ 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ'യും അങ്ങനെയൊന്നുതന്നെ. ആദിത്യ ചോപ്ര സംവിധാനം ചെയ്ത് യഷ് രാജ് ഫിലിംസ് നിർമ്മിച്ച ഈ ചിത്രം 1995-ൽ പുറത്തിറങ്ങി. യൂറോപ്യൻ യാത്രയ്ക്കിടെ പ്രണയത്തിലാകുന്ന രണ്ടുപേരുടെ കഥയാണ് ഷാരൂഖ് ഖാനും കജോളും പ്രധാനവേഷത്തിലെത്തിയ ചിത്രം പറയുന്നത്. സ്വിറ്റ്സർലൻഡിലായിരുന്നു ചിത്രീകരണത്തിന്റെ സിംഹഭാഗവും. അതിനാവട്ടെ, നടീനടൻമാരും അണിയറപ്രവർത്തകരുമടക്കം 21 പേരടങ്ങുന്ന സംഘം മാത്രമേ സ്വിറ്റ്സർലാൻഡിലേക്ക് പോയിരുന്നുള്ളൂ.
ചിത്രത്തിന്റെ സഹസംവിധായകനായിരുന്ന കരൺ ജോഹർ അടുത്തിടെ ഈ സിനിമയുമായി ബന്ധപ്പെട്ട ചില ഓർമകൾ പങ്കുവെച്ചു, ''സ്വിറ്റ്‌സർലൻഡിൽ ഷൂട്ട് ചെയ്യുമ്പോൾ ഞങ്ങൾ 21 പേരുള്ള ഒരു സംഘമായിരുന്നു, ഒറ്റ ബസ്സിൽ സിനിമയെടുക്കുന്ന 21 പേരും ഒന്നിച്ചിരുന്ന് യാത്ര ചെയ്യും, ആദിത്യ ചോപ്ര ലൊക്കേഷനുകൾ നോക്കിപ്പറയും. വണ്ടി നിർത്തൂ, ഇവിടെ മനോഹരമാണ്, നമുക്ക് ഇവിടെ ചിത്രീകരിക്കാം എന്നുപറയും. ഞങ്ങൾ കജോളിനെ ഒരു മരത്തിന് പിന്നിൽ കൊണ്ടുപോയി സാരി ഉടുപ്പിക്കും, ഷാരൂഖ് എവിടെ നിന്നെങ്കിലും വസ്ത്രം മാറി വന്ന് അഭിനയിക്കും, എന്നിട്ട് ഞങ്ങൾ ആ ബസ്സിലേക്ക് തിരികെ കയറും"-കരൺ പറഞ്ഞു.
21 പേർ മാത്രമുണ്ടായിരുന്നതുകൊണ്ട്, താരജാഡകളില്ലാതെ എല്ലാവരും പരസ്പരം സഹായിക്കേണ്ടി വന്നു. ഒരു മലമുകളിൽ ഷൂട്ട് ചെയ്യണമെങ്കിൽ, എല്ലാവരുംകൂടി ഉപകരണങ്ങൾ ചുമന്ന് മുകളിലേക്ക് നടക്കും. ഷാരൂഖ് ഉപകരണങ്ങൾ പിടിച്ചിരുന്നു, കജോളും അതുപോലെതന്നെ, എല്ലാവരും ഒരു ടീമായിരുന്നു. അധിക സഹായത്തിനോ പിന്തുണയ്‌ക്കോ മറ്റാരും ഉണ്ടായിരുന്നില്ല. നടീനടന്മാർക്ക് ചുറ്റും വലിയ സംഘങ്ങളില്ല, സിനിമയുടെ വിവിധ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ വലിയ ഡിപ്പാർട്ട്‌മെൻ്റുകളില്ലായിരുന്നു. ഇന്ന് എല്ലാവരും ഒരുപാട് വഷളായിപ്പോയെന്നും കരൺ പറയുന്നു.
അതേസമയം, ചിത്രീകരണത്തിനു പുറപ്പെടുംമുമ്പ് കജോളിൻ്റെ ഹെയർ, മേക്കപ്പ് ആർട്ടിസ്റ്റിന് വിസ ലഭിച്ചിരുന്നില്ലെന്നും കരൺ ഓർത്തു. “സെറ്റിൽ വെച്ച് ഞാൻ കാജോളിന്റെ മുടി ചീകിക്കൊടുക്കുകയായിരുന്നു, അമ്മയാണ് മേക്കപ്പ് ചെയ്തിരുന്നത്. എൻ്റെ അമ്മ സാരിയുടുക്കുന്നത് കണ്ട ഓർമ്മ വെച്ചാണ് ഞാൻ കജോളിനെ സാരിയുടുപ്പിച്ചത്. ഞങ്ങൾ ആ സാരി ഒരുവിധത്തിൽ ഉടുപ്പിച്ചു, എൻ്റെ അഭിപ്രായത്തിൽ അത് കാണാൻ ഭയങ്കര മോശമായിരുന്നു. സിനിമ കണ്ടാൽ നിങ്ങൾക്കത് മനസ്സിലാകും, 'തുജെ ദേഖാ തോ' എന്ന ഗാനത്തിൽ ഷാരൂഖ് ചുവന്ന ഷർട്ട് ഇടുമ്പോൾ, മഞ്ഞിൽ കജോൾ ധരിക്കുന്ന ഇലക്ട്രിക് ബ്ലൂ സാരിയാണത്. ആ സാരി അവളുടെ ശരീരത്തിൽ ഒരു കാഫ്ത്താൻ പോലെയായിരുന്നു. എന്തുചെയ്യണമെന്ന് അറിയാത്തതായിരുന്നു കാരണം. എങ്കിലും, ഞങ്ങൾക്ക് അക്കാലം നല്ലതായിരുന്നു.”-കരൺ പറഞ്ഞു.
ബോളിവുഡിൽ വഴിത്തിരിവായിരുന്നു ആ സിനിമ. ഷാരൂഖ് ഖാനും കജോളും തമ്മിലുള്ള കെമിസ്ട്രി ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Karan Johar shares behind-the-scenes stories from the making of DDLJ in Switzerland with a 21-member crew, including styling Kajol and Shah Rukh Khan.
Published: 25 Jul 2025, 03:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented