
റിലീസ് ചെയ്ത 29 വര്‍ഷം പിന്നിട്ടിട്ടും ഇന്നും ഹൗസ് ഫുള്‍ ആയി പ്രദര്‍ശനം തുടരുന്ന ബോളിവുഡ് സിനിമ. ആദിത്യ ചോപ്ര സംവിധാനം ചെയ്ത, യഷ് ചോപ്ര നിര്‍മിച്ച ഷാരൂഖ്-കജോള്‍ ചിത്രം 'ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേംഗേ'. മുംബൈയിലെ മറാത്താ മന്ദിര്‍ തിയേറ്ററില്‍ ഇന്നും ഞായറാഴ്ചകളില്‍ ഈ സിനിമ നിറഞ്ഞോടുന്നു. ഇന്ത്യന്‍ സിനിമയുടെ റൊമാന്‍സ് ചക്രവര്‍ത്തിയായി കിങ് ഖാനെ മാറ്റിയെടുത്ത സിനിമ എന്നേക്കുമായി സിനിമാറ്റിക് റൊമാന്‍സിന്റെ തലവരയും തിരുത്തി.
ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും വലിയ റൊമാന്റിക് ഹീറോ ആയി ഷാരൂഖ് മാറിയതിന്റെ കഥ രസകരമാണ്. ഒരു ഇന്തോ-അമേരിക്കന്‍ പ്രണയകഥയായാണ് ആദ്യം സിനിമ ചെയ്യാനിരുന്നത്. നായകനായി സംവിധായകന്‍ ആദിത്യ ചോപ്ര പരിഗണിച്ചിരുന്നത് സാക്ഷാല്‍ ടോം ക്രൂസിനെയാണത്രെ. പിന്നീട് ഇന്ത്യന്‍ പശ്ചാത്തലത്തിലുള്ള സിനിമ മതിയെന്ന അച്ഛനും നിര്‍മാതാവുമായ യഷ് ചോപ്രയുടെ നിര്‍ദേശം അനുസരിച്ച് ആദിത്യ ചോപ്ര അത് വേണ്ടെന്ന് വെക്കുകയായിരുന്നു. പിന്നെ നായകനായി പരിഗണിക്കപ്പെട്ടത് ആമിര്‍ ഖാന്‍. ആമിര്‍ അന്ന് ചോക്ലേറ്റ് നായകനായി തിളങ്ങുന്ന കാലം. പക്ഷേ, എന്തൊക്കെയോ തിരക്കുകള്‍ കാരണം ആമിറിന് ദില്‍വാലെയുടെ ഭാഗമാകാനായില്ല. സെയ്ഫ് അലി ഖാനും മറ്റു സിനിമാത്തിരക്കുകള്‍ കാരണം ആദിത്യയോട് നോ പറയേണ്ടി വന്നു.

നായകനെ തിരഞ്ഞലയുന്ന മകനോട് യഷ് ചോപ്രയാണ് ഷാരൂഖിന്റെ പേര് നിര്‍ദേശിക്കുന്നത്. ഷാരൂഖ് അന്ന് ശ്രദ്ധിക്കപ്പെടുന്ന യുവനടന്‍ മാത്രം. ഇക്കാണുന്ന താരപദവിയിലേക്ക് അദ്ദേഹം ഉയര്‍ന്നിട്ടില്ല. വില്ലന്‍ വേഷങ്ങളാണ് അദ്ദേഹം ചെയ്തുകൊണ്ടിരുന്നത്. മുപ്പതുകാരനായ താനെങ്ങനെ കോളേജ് വിദ്യാര്‍ത്ഥിയായ കാമുകനാകും എന്നായിരുന്നു ഷാരൂഖിന്റെ സംശയം. റൊമാന്‍സൊന്നും തനിക്ക് വഴങ്ങില്ലെന്നും ഷാരൂഖ് പറഞ്ഞു. സ്ത്രീ പ്രേക്ഷകര്‍ക്കിടയില്‍ തിളങ്ങാതെ സൂപ്പര്‍താരമാകാന്‍ പറ്റില്ലെന്ന ആദിത്യ ചോപ്രയുടെ വാക്കുകള്‍ക്ക് മുന്നില്‍ ഒടുവില്‍ ഷാരൂഖ് വഴങ്ങുകയായിരുന്നു.

1995 ഒക്ടോബര്‍ 20-നാണ് സിനിമ റിലീസായത്. രാജ് മല്‍ഹോത്രയായി ഷാരൂഖും സിമ്രാനായി കജോളും തകര്‍ത്തഭിനയിച്ചു. അംരീഷ് പുരിയും ഫരീദ ജലാലും അനുപം ഖേറും മന്ദിര ബേദിയും അടങ്ങുന്ന താരനിര. യൂറോപ്പിന്റെയും പഞ്ചാബിന്റെയും സൗന്ദര്യം ഒരുപോലെ ഒപ്പിയെടുത്ത ഫ്രെയിമുകള്‍. പ്രണയത്തിന്റെയും കുടുംബബന്ധത്തിന്റെയും വൈകാരികതീവ്രത നിറഞ്ഞ കഥാസന്ദര്‍ഭങ്ങള്‍. മേരി ഖ്വാബോം മേ, രുക് ജാ ഓ ദില്‍ ദിവാനി, സരാ സാ ജൂം ലൂമേ, തുജെ ദേഖാ തോ യെ, ഘര്‍ ആയാ പര്‍ദേശി, മെഹന്ദി ലഗാ കെ രഖ്നാ തുടങ്ങി ഏഴ് ഗാനങ്ങള്‍. ഏഴും ഒരുപോലെ ഹിറ്റായി.
ലണ്ടനില്‍ താമസിക്കുന്ന ബല്‍ദേവും(അംരീഷ് പുരി) കുടുംബവും സ്വന്തം മണ്ണായ പഞ്ചാബിലേക്ക് മടങ്ങാന്‍ കൊതിക്കുന്നവരാണ്. കര്‍ക്കശക്കാരനായ ബല്‍ദേവിനെ ഒരുവിധം പറഞ്ഞുസമ്മതിപ്പിച്ചാണ് മകള്‍ സിമ്രാന്‍ കൂട്ടുകാര്‍ക്കൊപ്പം യൂറോപ്പില്‍ ട്രിപ്പിന് പോകുന്നത്. ട്രിപ്പിനിടെ അവള്‍ രാജ് എന്ന ചെറുപ്പക്കാരനെ കണ്ടുമുട്ടുന്നു. താന്തോന്നിയും അലസനും രസികനുമായ രാജ് അച്ഛന്‍ ധരംവീറിന്റെ(അനുപം ഖേര്‍) ഓമനയാണ്. ട്രിപ്പ് അവസാനിച്ച് യാത്ര പറഞ്ഞ് പിരിയുമ്പോഴാണ് അന്യോന്യം പ്രണയിക്കുന്നു എന്ന് ഇരുവരും തിരിച്ചറിയുന്നത്. അച്ഛന്റെ അനുഗ്രഹത്തോടെ സിമ്രാനോട് പ്രണയം പറയാന്‍ പോകുന്ന രാജ് അവളുടെ കുടുംബം പഞ്ചാബിലേക്ക് മടങ്ങിയെന്നും വൈകാതെ അവളുടെ വിവാഹമാണെന്നും അറിയുന്നു. രാജ് പഞ്ചാബിലേക്ക് പുറപ്പെടുന്നു. അവളുടെ പ്രതിശ്രുതവരനുമായി സൗഹൃദം സ്ഥാപിച്ച് ആ വീട്ടില്‍ കയറിപ്പറ്റുകയാണ് രാജ്. അച്ഛന്‍ ഒരിക്കലും തങ്ങളുടെ പ്രണയത്തെ അംഗീകരിക്കില്ലെന്ന് സിമ്രാന്‍ ആവര്‍ത്തിച്ചിട്ടും അവളുടെ അച്ഛനെ സമ്മതിപ്പിച്ചെടുക്കാന്‍ രാജ് കിണഞ്ഞു പരിശ്രമിക്കുന്നു. എല്ലാ പ്രതിസന്ധികള്‍ക്കുമൊടുവില്‍ രാജ്-സിമ്രാന്‍ പ്രണയത്തിന്റെ വിജയമാണ് സിനിമ കാണിക്കുന്നത്.


സിനിമയുടെ വിജയം ഷാരൂഖിനെ വാനോളം വളര്‍ത്തി. അമിതാഭിന് ശേഷം പ്രളയം എന്ന് പറഞ്ഞിരുന്ന ബോളിവുഡിന് ഷാരൂഖ് കിങ് ഓഫ് റൊമാൻസായി. ഇന്ത്യന്‍ സിനിമയിലും ദില്‍വാലെ ഒരു നാഴികക്കല്ലായി. ഇത്രയും വര്‍ഷമായി ഒരു സിനിമ പ്രദര്‍ശനം തുടരുന്നുണ്ടെങ്കില്‍ അതിന്റെ അനശ്വരതയ്ക്ക് വേറെ തെളിവ് ആവശ്യമുണ്ടോ ?
സംവിധായകൻ, നിർമാതാവ്,തിരക്കഥാകൃത്ത് എന്നിങ്ങനെ ആദിത്യചോപ്ര ഇന്നും സിനിമയിൽ നിറഞ്ഞുനിൽക്കുന്നു. 'ദിൽവാലെ ദുൽഹനിയ ലെ ജായേംഗേ'ക്ക് ശേഷം കുച്ച് കുച്ച് ഹോത്താ ഹേ, കഭി ഖുശി കഭി ഗം, മൈ നെയിം ഈസ് ഖാൻ, ദിൽവാലെ എന്നിങ്ങനെ നാല് ചിത്രങ്ങളിൽ കൂടി ഷാരൂഖും കാജോളും നായികാനായകന്മാരായി. നാലും സൂപ്പർ ഹിറ്റുകളായി എന്ന് പ്രത്യേകം പറയണ്ടല്ലോ. പക്ഷേ ഇരുവരെയും ഒരുമിപ്പിച്ചു ഒരു ആദിത്യ ചോപ്ര സിനിമ പിന്നീട് ഉണ്ടായില്ല. ഇന്നും അതിനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
Content Highlights: aditya chopra considered tom cruise for ddlj
Published: 21 May 2025, 11:22 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented