ആദിത്യചോപ്ര സംവിധാനം ചെയ്ത് ഷാരൂഖ്ഖാനും കജോളും തകര്‍ത്തഭിനയിച്ച ചിത്രമാണ് ‘ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ’. ചിത്രം പുറത്തിറങ്ങി മുപ്പത് വര്‍ഷം തികയുകയാണ്. ചുട്കി എന്ന് ഇപ്പോഴും ആളുകള്‍ വിളിക്കുമ്പോള്‍ തനിക്ക് വലിയ സ്‌നേഹം തോന്നാറുണ്ടെന്ന് നടി പൂജ രൂപറേല്‍ വെളിപ്പെടുത്തി.

സിനിമയില്‍ കജോളിന്റെ കഥാപാത്രമായ സിമ്രന്റെ അനിയത്തിയായ ചുട്കിയായാണ് പൂജ വേഷമിട്ടിരിക്കുന്നത്. ഒരു അഭിമുഖത്തില്‍ 'ഇന്നും ആളുകള്‍ നിങ്ങളെ സ്‌നേഹത്തോടെ ചുട്കി എന്ന് വിളിക്കുന്നു. ആ വിളിപ്പേര് നിങ്ങളെ എപ്പോഴെങ്കിലും അലട്ടാറുണ്ടോ?' എന്ന ചോദ്യത്തിന് 'ഒരിക്കലുമില്ല! സത്യത്തില്‍, ആളുകള്‍ എന്നെ അങ്ങനെ വിളിക്കുമ്പോള്‍ എനിക്ക് വലിയ സ്‌നേഹമാണ് തോന്നുന്നത്.

‘മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷവും എന്റെ അഭിനയത്തിലെ ഒരു ഭാവമോ ഒരു രംഗമോ ഇപ്പോഴും ആളുകളുടെ ഹൃദയത്തില്‍ ജീവിക്കുന്നുണ്ടെങ്കില്‍, അതൊരു വലിയ അനുഗ്രഹമാണ്' എന്നാണ് അവര്‍ മറുപടി പറഞ്ഞത്. താനതിനെ ശുദ്ധമായ സ്‌നേഹത്തിന്റെ അടയാളമായാണ് കാണുന്നതെന്നും പൂജ കൂട്ടിച്ചേര്‍ത്തു.

'ചിലപ്പോള്‍ നമ്മള്‍ അധികം ചിന്തിക്കാതിരിക്കുമ്പോഴാണ് ഏറ്റവും മികച്ച പ്രകടനം പുറത്തുവരുന്നതെന്ന് ഞാന്‍ കരുതുന്നു. ചുട്കിയുടെ സ്വഭാവം എന്റേത് പോലെ തന്നെയാണ്. യഥാര്‍ത്ഥ ജീവിതത്തിലും, എനിക്ക് ഒന്നും അടക്കിവെക്കാന്‍ കഴിയില്ല. എന്തെങ്കിലും കണ്ടാല്‍ ഞാന്‍ ഉടന്‍ തന്നെ സംസാരിക്കും. അപ്പോള്‍ ഒരു 'ചുട്കി മൊമന്റ്' സംഭവിക്കും! എന്റെ പ്രകടനം തികച്ചും സ്വാഭാവികമായിരുന്നുവെന്ന് എനിക്കിപ്പോഴും തോന്നുന്നു' അവര്‍ പറയുന്നു.

'സംവിധായകന്‍ ആദിത്യ ചോപ്ര വളരെ ലളിതവും വ്യക്തമായ കാഴ്ചപ്പാടുമുള്ള ഒരു സംവിധായകനാണ്. എന്തെങ്കിലും മെച്ചപ്പെടുത്താന്‍ ഉണ്ടായിരുന്നെങ്കില്‍, അദ്ദേഹം എന്നോട് പറയുമായിരുന്നു എന്ന് എനിക്ക് ഉറപ്പാണ്. അദ്ദേഹം അങ്ങനെ പറയാത്തതുകൊണ്ട്, ഞാന്‍ ചെയ്തത് അദ്ദേഹത്തിന് ശരിക്കും ഇഷ്ടപ്പെട്ടു എന്ന് ഞാന്‍ കരുതുന്നു.'

ഷാരൂഖിന്റെ കൂടെ പ്രവര്‍ത്തിച്ച അനുഭവവും അവര്‍ പങ്കുവെച്ചു. 'അദ്ദേഹം വളരെ നല്ല സ്വഭാവക്കാരനും പിന്തുണ നല്‍കുന്നയാളുമായിരുന്നു. ഞങ്ങളുടെ ഒരു ഔട്ട്ഡോര്‍ ഷൂട്ടിനിടെ അമ്മ ഭക്ഷണം കൊണ്ടുവന്നിരുന്നു. അത് കഴിക്കാനായി ഷാരൂഖ് പലപ്പോഴും ഞങ്ങളുടെ മുറിയിലേക്ക് വരുമായിരുന്നു. അന്ന് എനിക്ക് വെറും ഒമ്പത് വയസ്സായിരുന്നു പ്രായം’. അവര്‍ ഓര്‍ത്തെടുത്തു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi