മുടി കഴുകാൻ സമയം കിട്ടാത്ത ദിവസങ്ങളിൽ പെട്ടെന്ന് ഫ്രഷ് ലുക്ക് നൽകാൻ ഡ്രൈ ഷാംപൂ സഹായിക്കും. പ്രത്യേകിച്ച് സ്ഥിരമായി ജിമ്മിൽ പോകുന്നവർക്കും തലമുടി എണ്ണമയമുള്ളതായി തോന്നുന്നവർക്കും ഇത് ഏറെ സൗകര്യപ്രദമാണ്. മുടിക്ക് വോളിയവും ടെക്സ്ചറും നൽകാനും ഹെയർസ്റ്റൈൽ കൂടുതൽ നേരം നിലനിർത്താനും ഡ്രൈ ഷാംപൂ ഉപയോഗിക്കാറുണ്ട്. എന്നാൽ പതിവായി ഉപയോഗിക്കുന്നത് മുടിക്കും തലയോട്ടിക്കും ദോഷകരമാണോ? ഡ്രൈ ഷാംപൂ ഇടയ്ക്കിടെ ഉപയോഗിക്കുന്നത് പൊതുവേ പ്രശ്നമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ സാധാരണ ഷാംപൂവിന് പകരമായി ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് തലയോട്ടിക്ക് അത്ര ഗുണകരമല്ല.
റൈസ് സ്റ്റാർച്ച്, കോൺ സ്റ്റാർച്ച്, ആൽക്കഹോൾ തുടങ്ങിയ ഘടകങ്ങളാണ് പല ഡ്രൈ ഷാംപൂകളിലും അടങ്ങിയിരിക്കുന്നത്. ഇവ തലയോട്ടിയിലെ അധിക എണ്ണ ആഗിരണം ചെയ്ത് മുടിയുടെ വേരുകൾക്ക് ഫ്രഷ് ലുക്കും വൃത്തിയുള്ള പ്രതീതിയും നൽകുന്നു. എന്നാൽ പേരിൽ 'ഷാംപൂ' ഉണ്ടെങ്കിലും ഇത് സാധാരണ ഷാംപൂ പോലെ മുടിയും തലയോട്ടിയും വൃത്തിയാക്കുന്നില്ല. ഷാംപൂ, വെള്ളം എന്നിവ ഉപയോഗിച്ചുള്ള മുടി കഴുകലിന് ഡ്രൈ ഷാംപൂ പകരമാകില്ല.
Also Read
ഒന്നോ രണ്ടോ ദിവസം മുടി കഴുകുന്നത് നീട്ടാൻ ഡ്രൈ ഷാംപൂ ഉപയോഗിക്കുന്നത് സാധാരണയായി പ്രശ്നമല്ല. എന്നാൽ ദിവസങ്ങളോളം തുടർച്ചയായി ഉപയോഗിച്ചാൽ ഉൽപ്പന്നത്തിന്റെ അവശിഷ്ടങ്ങൾ, സെബം, മൃതകോശങ്ങൾ എന്നിവ തലയോട്ടിയിൽ അടിഞ്ഞുകൂടാം. ഇത് തലയോട്ടിയിൽ ചൊറിച്ചിൽ, അസ്വസ്ഥത, എന്നിവയ്ക്ക് കാരണമാകാം. രോമകൂപങ്ങൾ അടയാനും ഇടയാക്കാം. ദീർഘകാലം ഇത് തുടരുന്നത് ആരോഗ്യകരമായ മുടിവളർച്ചയെയും ബാധിച്ചേക്കാം.
താരൻ അല്ലെങ്കിൽ സെബോറിയിക് ഡെർമറ്റൈറ്റിസ് പോലുള്ള തലയോട്ടി പ്രശ്നങ്ങളുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. രണ്ട് ദിവസത്തിലധികം മുടി കഴുകാതിരിക്കുമ്പോൾ ഇത്തരം പ്രശ്നങ്ങൾ കൂടുതൽ വഷളാകാൻ സാധ്യതയുണ്ട്. തലയോട്ടിയിൽ മാത്രമല്ല, മുടിയിലും ഡ്രൈ ഷാംപൂവിന്റെ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടാം. ഇതോടെ മുടി കനംകുറഞ്ഞതുപോലെ, മങ്ങിയതും വരണ്ടതുമായി തോന്നാം. മുടിയുടെ സ്വാഭാവിക തിളക്കവും നഷ്ടപ്പെടാം. ഇത് ഒഴിവാക്കാൻ മുടി നന്നായി കഴുകുന്നത് നല്ലതാണ്. ആവശ്യമെങ്കിൽ ഡബിൾ ഷാംപൂ ചെയ്യുകയോ ഇടയ്ക്കിടെ ക്ലാരിഫൈയിങ് ഷാംപൂ ഉപയോഗിക്കുകയോ ചെയ്യാം.
ഉപയോഗം ശ്രദ്ധയോടെ…
വിദഗ്ധരുടെ അഭിപ്രായത്തിൽ, ഡ്രൈ ഷാംപൂ തുടർച്ചയായി രണ്ട് ദിവസത്തിൽ കൂടുതൽ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. മുടി വളരെ നേർത്തതാണെങ്കിൽ ഒരു ദിവസം കഴിഞ്ഞ് തന്നെ ശരിയായി കഴുകുന്നതാണ് ഉചിതം.
ഡ്രൈ ഷാംപൂ ഉപയോഗിച്ച ശേഷം അത് ഉണങ്ങാൻ അനുവദിക്കുകയും പിന്നീട് മുടി നന്നായി ബ്രഷ് ചെയ്യുകയും വേണം. മുടി ചീകുമ്പോൾ ഉൽപ്പന്നം എല്ലായിടത്തും ഒരുപോലെ എത്താനും അധിക എണ്ണയും പൊടിയും നീക്കം ചെയ്യാനും സഹായിക്കും.
മുടി കഴുകിയതിനുശേഷവും ഡ്രൈ ഷാംപൂ ഒരു സ്റ്റൈലിങ് ഉൽപ്പന്നമായി ഉപയോഗിക്കാം. പ്രത്യേകിച്ച് നേർത്തതും ഒട്ടിപ്പിടിക്കുന്നതുമായ മുടിക്ക് കൂടുതൽ വോളിയവും ടെക്സ്ചറും നൽകാൻ ഇത് സഹായിക്കും.
മുടികൊഴിച്ചിലിന് കാരണമാകുമോ?
ഡ്രൈ ഷാംപൂ നേരിട്ട് മുടികൊഴിച്ചിലിന് കാരണമാകുന്നു എന്ന് പറയാനാകില്ല. എന്നാൽ അമിതമായ ഉപയോഗത്തിലൂടെ തലയോട്ടിയിൽ ഉണ്ടാകുന്ന ഇറിറ്റേഷനും മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം.
ഡ്രൈ ഷാംപൂ പ്രധാനമായും മുടിയുടെ വേരുകളിൽ സ്പ്രേ ചെയ്യുക. കുറച്ച് സമയം ഉണങ്ങാൻ അനുവദിച്ച ശേഷം മുടി നന്നായി ബ്രഷ് ചെയ്യുക. ഇതിലൂടെ അധിക എണ്ണ ആഗിരണം ചെയ്യാനും അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും സഹായിക്കും. അലന്റോയിൻ, സിങ്ക് പിസിഎ, നിയാസിനമൈഡ് തുടങ്ങിയ തലയോട്ടിക്ക് ഗുണകരമായ ഘടകങ്ങൾ അടങ്ങിയ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതും നല്ലതാണ്.
ഡ്രൈ ഷാംപൂ മുടിയുടെ ശത്രുവല്ല. എന്നാൽ സാധാരണ ഷാംപൂവിന് പകരവുമല്ല. ഇടയ്ക്കിടെ ഉപയോഗിച്ച് മുടി ഫ്രഷാക്കാം; പക്ഷേ തലയോട്ടിയും മുടിയും വൃത്തിയായി സൂക്ഷിക്കാൻ വെള്ളവും ഷാംപൂവും ഉപയോഗിച്ചുള്ള പതിവ് ക്ലീനിങ് അനിവാര്യമാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: is-dry-shampoo-bad-for-hair-side-effects-usage
Published: 14 Aug 2026, 03:02 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented