90-കളിലെ സൂപ്പർമോഡലായിരുന്നു മധു സാപ്രെ. ഫോട്ടോഷൂട്ടുകളിലൂടെയും മറ്റും അവരുണ്ടാക്കിയ ഓളവും വിവാദങ്ങളും തീരെ കുറവല്ല. ഇപ്പോൾ അവരെവിടെയാണെന്നാണ് പലരും ചോദിക്കുന്നത്. ഒരുകാലത്ത് ഇന്ത്യൻ മോഡലിങ് രംഗത്തെ പിടിച്ചുകുലുക്കി, പിന്നീട് ഈ മേഖലയിൽനിന്ന് അകന്നു അവർ.

ഒരു കായികതാരമായാണ് മധു വളർന്നുവന്നത്. ചെറുപ്പം മുതലേ പിതാവിൽ നിന്ന് പരിശീലനം നേടിയ അവർ, സ്‌കൂൾ-കോളേജ് കാലഘട്ടങ്ങളിൽ അത്ലറ്റിക്‌സിൽ മത്സരിക്കുകയും നിരവധി മെഡലുകൾ നേടുകയും ചെയ്തു. ഫാഷൻ ഒരിക്കലും അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നില്ല. എന്നാൽ, ഒരു പാർട്ടിയിൽ വെച്ച് പ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫർ ശാന്തനു ഷിയോറി അവരെ കാണുകയും, മോഡലിങ്ങിനുള്ള ഓഡിഷന് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അതോടെയാണ് കാര്യങ്ങൾ മാറിമറിയുന്നത്.

പിന്നാലെ ചെറുപ്രായത്തിൽ തന്നെ മധു മോഡലിങ് തുടങ്ങി. 1992-ൽ ഫെമിന മിസ് ഇന്ത്യ ജേതാവായി. അതേവർഷം ഇന്ത്യയെ പ്രതിനിധീകരിച്ച് മിസ് യൂണിവേഴ്‌സ് മത്സരത്തിൽ പങ്കെടുത്തെങ്കിലും, സെക്കന്റ് റണ്ണപ്പാവാനേ കഴിഞ്ഞുള്ളൂ. പക്ഷേ അവരുടെ കരിയർ അടിമുടി മാറ്റാൻ മിസ് യൂണിവേഴ്‌സ് മത്സരത്തിനു കഴിഞ്ഞു. അതിനുമുമ്പ് 3000 രൂപ വരെയായിരുന്നു ഒരു ഫാഷൻ ഷോയ്ക്ക് അല്ലെങ്കിൽ മോഡലിങ്ങിന് അവർക്ക് പ്രതിഫലമായി ലഭിച്ചിരുന്നത്. മത്സരശേഷം അവരുടെ പ്രതിഫലം മൂന്നുമടങ്ങായി ഉയർന്നു. അവിടുന്ന് എത്ര പ്രതിഫലം വേണമെങ്കിലും ഈ സൂപ്പർമോഡലിനു നൽകാം എന്ന അവസ്ഥ വരെയെത്തി. ഇന്ത്യൻ മോഡലിങ് രംഗത്ത് മോഡലുകളുടെ മൂല്യം ഉയർത്തുന്നതിലും പ്രൊഫണലിസം കൊണ്ടുവരുന്നതിലും വലിയ പങ്കുവഹിച്ചിട്ടുണ്ട് മധു.

സിനിമയിൽ പിടിച്ചുനിൽക്കാനാവാതെ
2003-ൽ റിലീസായ 'ബൂം' എന്ന ചിത്രത്തിലും മധു അഭിനയിച്ചിരുന്നു. അമിതാഭ് ബച്ചൻ, ജാക്കി ഷ്‌റോഫ്, കത്രീന കൈഫ്, പദ്മാലക്ഷ്മി എന്നിവർക്കൊപ്പം പ്രധാനവേഷത്തിലാണ് മധുവും എത്തിയത്. കത്രീനയുടെ അരങ്ങേറ്റചിത്രം കൂടിയായിരുന്നുവത്. നിർമിച്ചത് അയേഷ ഷ്‌റോഫും. എന്നാൽ സിനിമ ബോക്‌സോഫീസിൽ തകർന്നു. ഇത് ജാക്കി ഷ്‌റോഫ് കുടുംബത്തെ സാമ്പത്തികമായി തകർത്തു. അതിൽനിന്ന് കരകയറാൻ വീടുവിൽക്കേണ്ടിവന്നു. ജാക്കിക്ക് വളരെയധികം കഠിനാധ്വാനം നടത്തേണ്ടിയും വന്നു. അന്ന് വീട്ടിലെ ഫർണീച്ചറുകൾ പോലും വിൽക്കേണ്ടിവന്നതിനെക്കുറിച്ച് പിന്നീട് ടൈഗർ ഷ്‌റോഫ് തുറന്നുപറഞ്ഞിട്ടുണ്ട്. ഈ പരാജയത്തോടെ സിനിമയിൽനിന്നും പൂർണമായും അകന്നുനിന്നു മധു.

മിലിന്ദിന്റെ പ്രണയിനി
അന്നത്തെ മറ്റൊരു സൂപ്പർമോഡലായ മിലിന്ദ് സോമനുമായി പ്രണയത്തിലായിരുന്നു മധു. 90-കളിൽ ഇന്ത്യൻ ഫാഷൻരംഗത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ജോഡികളായിരുന്നു മിലിന്ദും മധുവും. അധികം വൈകാതെ ഇരുവരും ഒരുമിച്ച് താമസിക്കാനും തുടങ്ങി. കുറച്ചുവർഷങ്ങൾക്കുശേഷം ഇരുവരും പിരിഞ്ഞു. പിന്നീട് നടൻ ജീതു വർമയുമായി പ്രണയത്തിലായി മധു. അവരുടെ ബന്ധം വിവാഹം വരെ എത്തിയിരുന്നു. പക്ഷേ, അതും വളരെ പെട്ടെന്ന് അവസാനിക്കുകയായിരുന്നു.

വിവാദമായി ആ ഷൂട്ട്
1995-ൽ പുറത്തുവന്ന, ടഫ് ഷൂസ് എന്ന ബ്രാൻഡിന്റെ പരസ്യമാണ് വിവാദമുണ്ടാക്കിയത്. മിലിന്ദ് സോമനും മധു സാപ്രെയും കൂടിയാണ് ആ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടത്. ഇരുവരും നഗ്നരായി ഒരു പെരുമ്പാമ്പിനെ ദേഹത്ത് ചുറ്റിവെച്ചുകൊണ്ടുള്ള ഫോട്ടോഷൂട്ട് വളരെ പെട്ടെന്ന് തന്നെ ചർച്ചയായി. പിന്നാലെ ഇതിനെതിരെ കേസും വന്നു.

1995 ഓഗസ്റ്റിൽ മുംബൈ പോലീസിന്റെ സോഷ്യൽ സർവീസ് ബ്രാഞ്ച് ഇവർക്കെതിരെ കേസെടുത്തു. പെരുമ്പാമ്പിനെ നിയമവിരുദ്ധമായി ഉപയോഗിച്ചതിന്, പരസ്യ ഏജൻസിക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം മറ്റൊരു കേസും രജിസ്റ്റർ ചെയ്തു. വിവാദമായ ഈ പരസ്യം പ്രസിദ്ധീകരിച്ച രണ്ട് മാസികകളുടെ പ്രസാധകർ, വിതരണക്കാർ, പരസ്യ ഏജൻസി, രണ്ട് മോഡലുകൾ, ഫോട്ടോഗ്രാഫർമാർ എന്നിവരെല്ലാം ഈ കേസിൽ പ്രതികളായിരുന്നു. 14 വർഷത്തോളം ആ നിയമനടപടികൾ നീണ്ടുനിന്നു. ഒടുവിൽ കോടതി പ്രതികളെ കുറ്റവിമുക്തരാക്കുകയായിരുന്നു.

കുടുംബജീവിതത്തിലേക്ക്
ഇറ്റലിയുടെ കിഴക്കൻ തീരത്തുള്ള റിച്ചിയോൺ എന്ന ചെറിയ പട്ടണത്തിലാണ് മധു കുടുംബത്തോടൊപ്പം ഇപ്പോൾ താമസിക്കുന്നത്. വിവാഹശേഷമാണ് ഇറ്റലിയിലേക്ക് മാറുന്നത്. അവധിക്കാലം ആഘോഷിക്കാൻ ഇന്ത്യയിലെത്തിയ ഇറ്റാലിയൻ വ്യവസായിയായ ജിയാൻ മരിയ എമെൻഡറ്റോറിയെ, സുഹൃത്തുക്കൾ വഴിയാണ് മധു പരിചയപ്പെടുന്നത്. ആ കണ്ടുമുട്ടൽ അധികം വൈകാതെ പ്രണയത്തിലെത്തി. 2001-ൽ ഇരുവരും വിവാഹിതരായി.

അതിനുശേഷം ഇറ്റലിയിലേക്ക് താമസം മാറ്റി മധു. തുടക്കത്തിൽ ഇറ്റലിയിൽനിന്നും ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യുകയായിരുന്നു മധു. തൊഴിൽപരമായ ഉത്തരവാദിത്തങ്ങളും കുടുംബജീവിതവും ഒരുമിച്ചുകൊണ്ടുപോവാനുള്ള ശ്രമങ്ങൾ. വർഷങ്ങളോളം അങ്ങനെ തുടർന്നു.

2010 ആയപ്പോഴേക്കും കുഞ്ഞ് വേണമെന്ന ആഗ്രഹത്താൽ, അവർ കരിയറിൽനിന്ന് ബോധപൂർവം മാറിനിൽക്കാനുള്ള തീരുമാനമെടുത്തുവെന്ന് പറയപ്പെടുന്നു. 2012-ൽ കുഞ്ഞ് ജനിച്ചു. പക്ഷേ ആ വിവാഹബന്ധം നീണ്ടുനിന്നില്ല. അവർ വിവാഹമോചിതരായി. ഇപ്പോൾ മകൾ ഇന്ദിരയുടെ സിംഗിൾ മദറായി ജീവിക്കുകയാണ് ആ സൂപ്പർമോഡൽ. അതിനിടെ 2026-ൽ മസാബ ഗുപ്തയ്ക്കുവേണ്ടി അവർ റാമ്പിലെത്തി. നീണ്ട 16 വർഷങ്ങൾക്കുശേഷം റാമ്പിലേക്കുള്ള തിരിച്ചുവരവ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi