മഴക്കാലം രസകരമാണ്. മൂടിപ്പുതച്ച് ഉറങ്ങാന്‍ നല്ല സുഖമുള്ള കാലാവസ്ഥ. എന്നാല്‍ സൗന്ദര്യ സംരക്ഷണത്തിന് വേനല്‍കാലത്തെ പോലെ തന്നെ മഴക്കാലത്തും ശ്രദ്ധ കൊടുക്കണം. അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ കുറവാണെങ്കിലും ഈര്‍പ്പമുള്ളതിനാല്‍ ഫംഗസ്,ബാക്ടീരിയ എന്നിവയുടെ പ്രവര്‍ത്തനം കൂടുതലാണ്. ഇത് പലവിധ ചര്‍മപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. മഴക്കാലത്ത് മുടി മുതല്‍ പാദം വരെ ശ്രദ്ധയോടെ പരിപാലിക്കാം. 

To advertise here,

മുടിയുടെ സംരക്ഷണം

  • മഴക്കാലത്ത് മുടിയില്‍ നനവ് തങ്ങിനില്‍ക്കാനുള്ള സാധ്യതയേറെയാണ്. നനഞ്ഞ മുടി കെട്ടിവെച്ചാല്‍ മുടിക്കായ വരാം. ഒപ്പം താരന്‍, മുടി കൊഴിച്ചില്‍ എന്നിവ അധികരിക്കുന്നതിനും കാരണമാകും.
  • നീണ്ടമുടിയുള്ളവര്‍ ആഴ്ചയില്‍ മൂന്ന് ദിവസം മുടി കഴുകിയാല്‍ മതിയാവും. മഴ നനഞ്ഞാല്‍ ഉടനടി മുടി ഉണക്കുകയോ ശുദ്ധജലത്തില്‍ കഴുകുകയോ വേണം. 
  • മൃദുവായ മൈക്രോ ഫൈബര്‍ ടവല്‍ ഉപയോഗിക്കുന്നത് മുടി കൊഴിച്ചില്‍ കുറയ്ക്കും.
  • ആഴ്ചയില്‍ ഒരിക്കല്‍ ഓയില്‍ മസ്സാജ് ചെയ്തതിന് ശേഷം ആവി കൊള്ളിക്കാം
  • കെമിക്കല്‍ ട്രീറ്റ്‌മെന്റുകള്‍ മഴക്കാലത്ത് കുറക്കുന്നതാണ് ഉത്തമം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മുടി ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് കഴുകിയതിന് ശേഷം നല്ല പോലെ ഉണക്കി കെട്ടിവയ്ക്കാം. മഴക്കാലത്ത് മുടി അഴിച്ചിട്ട് പുറത്തു പോകുന്നത് ഒഴിവാക്കാം
  • നനഞ്ഞ മുടി ഉടന്‍ ചീകരുത്. മുടി ചീകാന്‍ വലിയ വിടവുകളുള്ള ചീര്‍പ്പ് ഉപയോഗിക്കാം. ചീകുമ്പോള്‍ മുടി പൊട്ടിപ്പോകാതിരിക്കാന്‍ ഇത് സഹായിക്കും.

ചര്‍മത്തിന് കരുതല്‍

  • മഴക്കാലം അല്ലേ,  വെയില്‍ ഇല്ലല്ലോ എന്നു കരുതി  സണ്‍ സ്‌ക്രീന്‍ ഉപയോഗിക്കാതിരിക്കരുത്. മഴക്കാലത്ത് പുറത്ത് പോകുമ്പോള്‍ ചൂടിന് കുറച്ചു വ്യതാസം ഉണ്ടാകും എന്നല്ലാതെ അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്നുള്ള ചര്‍മ പ്രശ്‌നങ്ങള്‍ക്ക് മാറ്റമൊന്നും ഉണ്ടാവില്ല. എസ്.പി.എഫ്. 30 ന് മുകളിലുള്ള സണ്‍സ്‌ക്രീന്‍ ലോഷന്‍ പുരട്ടണം.
  • പുറത്ത് പോയി വന്നാല്‍ വീര്യം കുറഞ്ഞ ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകുക. 
  • മഴക്കാലത്ത് ചര്‍മം വരണ്ടതാവും. ഇതൊഴിവാക്കാന്‍ മോയിസ്ചററൈസര്‍  ഉപയോഗിക്കാന്‍ മറക്കേണ്ട. ജെല്‍ ബെയ്‌സ്ഡ് മോയ്‌സ്ചറൈസര്‍ ഉപയോഗിക്കുന്നതാണ് നല്ലത്. എല്ലാ തരം ചര്‍മത്തിനും യോജിക്കും. 
  • വൈറ്റാമിന്‍ ഇ അടങ്ങിയ സിറം മുഖത്ത് പുരട്ടുന്നത് നല്ലതാണ്.
  • തണുപ്പായാല്‍ വെള്ളം കുടിക്കുന്നത് കുറയും. ചര്‍മത്തിലുണ്ടാകുന്ന പല രോഗങ്ങളും തടയാന്‍ നന്നായി വെള്ളം കുടിക്കാം. 
  • കുളിക്കുന്നതിന് മുന്‍പ് ശുദ്ധമായ നല്ലെണ്ണ മുഖത്ത് പുരട്ടി മസ്സാജ് ചെയ്യുന്നത് ഉത്തമമാണ്. ശേഷം ഇളം ചൂടുള്ള വെള്ളം കൊണ്ട് മുഖം കഴുകുക. വീര്യം കുറഞ്ഞ ഫേസ് വാഷോ കടലമാവോ, പയറ് പൊടിയോ ഉപയോഗിച്ച് മെഴുക്ക് കളഞ്ഞതിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. ഇളം ചൂട് വെള്ളത്തില്‍ മുഖം കഴുകുന്നതും നല്ലതാണ്.

പൂപോലെ പാദങ്ങള്‍

  • മഴക്കാലത്ത് പാദങ്ങള്‍ക്ക് ഏറെ ശ്രദ്ധ വേണം. മലിനജലത്തില്‍ ചവിട്ടുന്നത് മൂലം അണുബാധ ഉണ്ടാവാനും നഖങ്ങളുടെ ചുറ്റും നീര്‍വീക്കം ഉണ്ടാകാനും സാധ്യതയുണ്ട്. ഈര്‍പ്പം ഉള്ള സോക്‌സുകളുടെ ഉപയോഗം പാദങ്ങളില്‍ ഫംഗസ് രോഗങ്ങള്‍ക്കും കാരണം ആകാം. 
  • പുറത്ത് പോയി വന്നാല്‍ ഉപ്പിട്ട ചെറുചൂട് വെള്ളത്തില്‍ പാദങ്ങള്‍ കഴുകി ഉണങ്ങിയ ടവ്വല്‍ കൊണ്ട് തുടച്ച് ഫൂട്ട് ക്രീം പുരട്ടുക.
  • കുളിക്കുമ്പോള്‍ പ്യൂമിക് സ്‌റ്റോണ്‍ ഉപയോഗിച്ച് കാലിന്റെ ഉപ്പൂറ്റി വൃത്തിയാക്കുക. 
  • ഇടയ്ക്ക് പെഡിക്യൂര്‍ ചെയ്യുന്നതും നല്ലതാണ്. പെഡിക്യൂര്‍ ചെയ്യുമ്പോള്‍ പാദങ്ങളിലെ പ്രഷര്‍ പോയിന്റുകളില്‍ മസ്സാജ് ചെയ്യുന്നത് ഉപ്പൂറ്റിയിലും കാലുകളിലും ഉണ്ടാകുന്ന വേദനക്ക് ആശ്വാസം നല്‍കും.
  • നഖങ്ങളില്‍ നെയില്‍ പോളിഷ് ഇടുന്നത് കുഴിനഖം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്.

  
മണ്‍സൂണ്‍ മേക്കപ്പ്
 

  • മഴക്കാലത്ത് മേക്കപ്പ് പരമാവധി കുറക്കാം. മഴക്കാല മേക്കപ്പില്‍ ടോണര്‍ മറക്കേണ്ട. ചര്‍മത്തിന്റെ പി.എച്ച് ലെവല്‍ കൂട്ടാനും ചര്‍മത്തിലെ സുഷിരങ്ങളുടെ വലിപ്പം കുറക്കാനും ടോണര്‍ സഹായിക്കും. 
  • മേക്കപ്പ് വളരെയെളുപ്പം ചര്‍മത്തോട് ചേരാനും മേക്കപ്പ് നീണ്ടു നില്‍ക്കാനും പ്രൈമര്‍ സഹായിക്കും. മഴവെള്ളത്തില്‍ നനഞ്ഞ് മേക്കപ്പ് ഒലിച്ച് പോകാതിരിക്കാനും പ്രൈമര്‍ സഹായിക്കും. ഫൗണ്ടേഷന്‍ ബേസ് നിലനിര്‍ത്താനും പ്രൈമര്‍ നല്ലതാണ്. 
  • മഴക്കാലത്ത് മാറ്റ് ലിപ്സ്റ്റിക് ഉപയോഗിക്കുന്നതാണ് നല്ലത്. മാറ്റ് ലിപ്സ്റ്റിക് ദീര്‍ഘനേരം ചുണ്ടില്‍ നിലനില്‍ക്കും. ലിപ് ബാം ഇട്ടതിന് ശേഷം ലിപ്സ്റ്റിക്ക് ഇടുന്നതാണ് നല്ലത്. 
  • ലിക്വിഡ് ഫൗണ്ടേഷന്‍ മഴക്കാലത്ത് കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. പൗഡര്‍ ബേസ്ഡ് ഫൗണ്ടേഷനും കണ്‍സീലറുമെല്ലാം ഉപയോഗിക്കാം. വാട്ടര്‍ പ്രൂഫ് ഫൗണ്ടേഷനാണെന്ന് ഉറപ്പു വരുത്തണം. 
  • മേക്കപ് ചെയ്യുമ്പോള്‍ സ്‌കിന്‍ ടോണിനോട് ചേര്‍ന്ന് നില്‍ക്കുന്ന നിറങ്ങള്‍ തിരഞ്ഞെടുക്കണം. ക്രീം ബെയ്‌സ് ഉള്ള ഐഷാഡോ, ഐ ലൈനര്‍ എന്നിവ ഉപയോഗിക്കാം. അതുപോലെ ലിപ്പിന് ചേര്‍ന്ന ലിപ് പെന്‍സില്‍ കൊണ്ടു വരച്ചതിന് ശേഷം ആ പെന്‍സില്‍ കൊണ്ട് തന്നെ ലിപ്ഫില്‍ ചെയ്ത് ലിപ്സ്റ്റിക് ഇട്ടാല്‍ കൂടുതല്‍ സമയം നില്‍ക്കും. മേക്കപ്പിന് ശേഷം മേക്കപ്പ് ഫിക്‌സര്‍ ഉപയോഗിക്കാം.
  • ഇമിറ്റേഷന്‍ ആഭരണങ്ങള്‍ മഴക്കാലത് ഒഴിവാക്കാന്‍ ശ്രമിക്കുക. സെന്‍സിറ്റീവ് സ്‌കിന്നില്‍ മഴക്കാലത്ത്  ഇമിറ്റേഷന്‍ ആഭരണങ്ങള്‍ അലര്‍ജി ഉണ്ടാക്കാം.

തയ്യാറാക്കിയത്
ഷൈമ റാണി
ലെ കാസ്റ്റിങ് 
യുണിസെക്‌സ് സലൂണ്‍
കൊല്ലം