
സുഖജീവനം
നമ്മുടെ ദൈനംദിന ജീവിതത്തില്‍, നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്ന കാര്യമാണ് ഓര്‍മ്മക്കുറവ്. ആദ്യം ചെറിയ ചെറിയ കാര്യങ്ങള്‍ മറക്കാന്‍ തുടങ്ങും. അതിനെ നമ്മള്‍ വലിയ കാര്യമാക്കാറില്ല. എന്നാല്‍, വളരെ വേഗത്തില്‍ത്തന്നെ വലിയ കാര്യങ്ങള്‍ മറക്കാന്‍ തുടങ്ങുമ്പോഴാണ് നമ്മള്‍ ബോധവാന്മാരും ബോധവതികളുമാകുന്നത്.
എന്താണ് ഡിമെൻഷ്യ?
ഓര്‍മ്മ, ചിന്ത, സാമൂഹിക കഴിവുകള്‍ എന്നിവയെ ബാധിക്കുന്ന ഒരു കൂട്ടം ലക്ഷണങ്ങളെയാണ് ഡിമെന്‍ഷ്യ എന്ന് വിളിക്കുന്നത്. ഈ ലക്ഷണങ്ങള്‍ ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുന്നു. ഡിമെന്‍ഷ്യ ഒരു പ്രത്യേക രോഗമല്ല. നിരവധി രോഗങ്ങള്‍ ഡിമെന്‍ഷ്യയ്ക്ക് കാരണമാകാറുണ്ട്. ഓര്‍മക്കുറവ് വെറും തുടക്കം മാത്രമാണ്. മാത്രമല്ല, എല്ലാ മറവിയും ഡിമെന്‍ഷ്യ ആകണമെന്നില്ല. വ്യത്യസ്ത കാരണങ്ങള്‍ കൊണ്ടും ഓർമ്മക്കുറവ് ഉണ്ടാകാം.
കാരണമറിഞ്ഞ് ചികിത്സ
പ്രായമായവരില്‍ ഡിമെന്‍ഷ്യയ്ക്ക് ഏറ്റവും സാധാരണമായ കാരണം അല്‍ഷിമേഴ്‌സ് രോഗമാണ്, പക്ഷേ മറ്റ് കാരണങ്ങളുമുണ്ട്. കാരണത്തെ ആശ്രയിച്ചാകണം ഡിമെന്‍ഷ്യയുടെ ചികിത്സ.
ലക്ഷണങ്ങള്‍
ശാരീരികവും മാനസികവുമായ ലക്ഷണങ്ങള്‍ ഡിമെന്‍ഷ്യക്കുണ്ട്:
- ചിന്താശേഷിയിലെ പ്രശ്‌നങ്ങള്‍
- പ്രശ്‌നപരിഹാരത്തിലും യുക്തിസഹജമായ ചിന്തകളിലും വരുന്ന പ്രശ്‌നങ്ങള്‍.
- പദ്ധതിയൊരുക്കുന്നതിലും (Planning), കാര്യങ്ങള്‍ സംഘടിപ്പിക്കുന്നതിലും ഉള്ള കഴിവുകള്‍ കുറയുന്നു.
- ജോലികള്‍ ഫലപ്രദമായി (Efficiently) ചെയ്യാനുള്ള കഴിവ് കുറയുന്നു.
- സാധാരണയായി മറ്റൊരാള്‍ ശ്രദ്ധിക്കുന്ന തരത്തിലുള്ള ഓര്‍മ്മപ്പിശകുകള്‍.
- ദൂരം, ദിശ എന്നിവയിലുള്ള പ്രശ്‌നങ്ങള്‍.
- ശരീരത്തിന്റെ ചലനങ്ങളിലും ഏകോപനത്തിലും വരുന്ന മാറ്റങ്ങള്‍.
- ആശയവിനിമയം നടത്താനുള്ള ബുദ്ധിമുട്ടുകള്‍.
മാനസിക ലക്ഷണങ്ങള്‍
- ഹാലുസിനേഷനുകള്‍ (Hallucinations).
- വ്യക്തിത്വ മാറ്റങ്ങള്‍.
- വിഷാദം.
- ഉത്കണ്ഠ.
- പ്രക്ഷോഭം (Agitation).
- സാഹചര്യത്തിന് അനുയോജ്യമല്ലാത്ത പെരുമാറ്റം.
ഡിമെന്‍ഷ്യ എങ്ങനെ ഉണ്ടാകുന്നു?
തലച്ചോറിലെ നാഡീകോശങ്ങള്‍ക്ക് ഉണ്ടാകുന്ന കേടുപാടുകള്‍ മൂലം തലച്ചോറിന്റെ പല ഭാഗങ്ങളിലേക്കും ആശയവിനിമയം സാധ്യമാകാതെ വരുകയും, കലകള്‍ക്ക് കൃത്യമായി പോഷണവും ഓക്‌സിജനും കിട്ടാതെ കലകള്‍ മരണമടയുകയും ചെയ്യുന്നു. ഈ അവസ്ഥയാണ് ഡിമെന്‍ഷ്യക്ക് കാരണമാകുന്നത്.
തലച്ചോറിന്റെ ഏത് ഭാഗത്താണോ ക്ഷതം ഏല്‍ക്കുന്നത്, അതിനെ ആശ്രയിച്ചായിരിക്കും ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. ചില ഡിമെന്‍ഷ്യകള്‍ പഴയപടിയാക്കാന്‍ കഴിയില്ല, കാലക്രമേണ വഷളാകും. മറ്റ് ഡിമെന്‍ഷ്യകള്‍ തലച്ചോറിനെ ബാധിക്കുന്ന മറ്റ് മെഡിക്കല്‍ അവസ്ഥകള്‍ മൂലമാണ്. മറ്റൊരു കൂട്ടം ആരോഗ്യപ്രശ്‌നങ്ങള്‍ ഡിമെന്‍ഷ്യ പോലുള്ള ലക്ഷണങ്ങള്‍ക്ക് കാരണമാകും. ഈ അവസ്ഥകളില്‍ പലതും ചികിത്സിക്കാവുന്നവയാണ്.
ഡിമെന്‍ഷ്യ ആരെയാണ് ബാധിക്കുന്നത്?
ഇത് പ്രധാനമായും പ്രായമായവരിലാണ് വികസിക്കുന്നത്. 65 വയസ്സിനു മുകളിലുള്ള എല്ലാ ആളുകളിലും ഏകദേശം 5% മുതല്‍ 8% വരെ പേര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഡിമെന്‍ഷ്യയുണ്ട്. ആ പ്രായത്തിന് മുകളിലുള്ളവരില്‍ ഓരോ അഞ്ച് വര്‍ഷത്തിലും ഈ സംഖ്യ ഇരട്ടിയാകുന്നു. 85 വയസ്സും അതില്‍ കൂടുതലുമുള്ള ആളുകളില്‍ പകുതിയോളം പേര്‍ക്കും ഡിമെന്‍ഷ്യ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു.
വിവിധ തരം ഡിമെന്‍ഷ്യ
ഡിമെന്‍ഷ്യയെ പ്രധാനമായും മൂന്ന് ഗ്രൂപ്പുകളായി തിരിക്കാം:
- പ്രാഥമിക ഡിമെന്‍ഷ്യ (Primary Dementia). ഉദാഹരണം: അല്‍ഷിമേഴ്സ് രോഗം മൂലമുണ്ടാകുന്ന ഡിമെന്‍ഷ്യ. ഇത് ഭേദമാക്കാന്‍ കഴിയാത്ത ഡിമെന്‍ഷ്യ ആണ്.
- ദ്വിതീയ ഡിമെന്‍ഷ്യ (Secondary Dementia): മറ്റൊരു രോഗമോ അവസ്ഥയോ മൂലമുണ്ടാകുന്ന ഡിമെന്‍ഷ്യ. ഇത് ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കില്ല, എങ്കിലും മരുന്നുകള്‍ ഉപയോഗിച്ച് നിയന്ത്രിച്ചു നിര്‍ത്താം.
- മറ്റ് കാരണങ്ങളാല്‍ ഉണ്ടാകുന്ന റിവേഴ്സിബിള്‍ (ചികിത്സിച്ചു മാറ്റാന്‍ കഴിയുന്ന) ഡിമെന്‍ഷ്യ.
- വിറ്റാമിന്റെ കുറവ് മൂലം ഉണ്ടാകുന്ന ഓര്‍മ്മപ്പിശക്.
- ബ്രെയിന്‍ ട്യൂമറുകള്‍ മൂലം ഉണ്ടാകുന്ന താത്കാലിക ഡിമെന്‍ഷ്യ.
- രോഗപ്രതിരോധം കുറയുന്നത് മൂലവും, വൈറല്‍ ഇന്‍ഫെക്ഷന്‍ മൂലം ഉണ്ടാകുന്ന ഡിമെന്‍ഷ്യകള്‍.
- ചില രോഗങ്ങളുടെ മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ മൂലം ഉണ്ടാകുന്ന ഡിമെന്‍ഷ്യ.
ഡിമെന്‍ഷ്യയെ നേരിടാന്‍
ഡിമെന്‍ഷ്യ തടയാന്‍ കൃത്യമായ മാര്‍ഗമില്ല, എങ്കിലും ആയുര്‍വേദത്തിലൂടെ ഡിമെന്‍ഷ്യ ഉണ്ടാകുന്നത് എങ്ങനെ തടയാമെന്നും, ഉണ്ടായാല്‍ ചിട്ടയോടെ എങ്ങനെ നേരിടാമെന്നും നോക്കാം.
ജീവിതശൈലീ മാറ്റങ്ങള്‍:
- ശാരീരിക പ്രവര്‍ത്തനങ്ങളും സാമൂഹിക ഇടപെടലുകളും ഡിമെന്‍ഷ്യയുടെ ആരംഭം വൈകിപ്പിക്കുകയും അതിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുകയും ചെയ്യും.
- ആഴ്ചയില്‍ 150 മിനിറ്റ് വ്യായാമം ലക്ഷ്യമിടുന്നു.
- നിത്യേനയുള്ള യോഗയും മെഡിറ്റേഷനും ഒരു പരിധി വരെ മനസ്സിനെയും ശരീരത്തെയും സജീവമായി നിലനിര്‍ത്താന്‍ സഹായിക്കും.
- പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ മാറ്റുക.
- ചിട്ടയായ ഭക്ഷണക്രമം ശീലമാക്കുക: ലളിതമായ ഭക്ഷണങ്ങള്‍, ഇലക്കറികള്‍, നാരുകള്‍ ചേര്‍ന്ന ആഹാരങ്ങള്‍ ശീലമാക്കുക.
- സുഖമായി കൃത്യസമയത്ത് ഉറങ്ങുക. ഉറങ്ങുന്ന സമയത്ത് ഫോണ്‍ പോലെയുള്ള ഉപകരണങ്ങള്‍ ഒരുപാടുനേരം ഉപയോഗിക്കാതിരിക്കുക. (ഉറങ്ങുന്നതിന് തൊട്ടുമുമ്പ്, ലേശം സ്‌ട്രെച്ചിംഗ് വ്യായാമങ്ങള്‍ ആകാം).
- വിറ്റാമിനുകളുടെ കുറവ് പരിഹരിക്കുക.
- മനസ്സിനെ ഏകാഗ്രമാക്കുന്ന പ്രവര്‍ത്തികളില്‍ പങ്കുചേരുക: ചെറിയ പസില്‍ ഗെയിമുകള്‍, പുസ്തക വായന, വേര്‍ഡ് ഗെയിമുകള്‍, അക്ഷര ശ്ലോകങ്ങള്‍ എല്ലാം ശീലമാക്കാം.
ആയുര്‍വേദ മാര്‍ഗ്ഗങ്ങള്‍:
- അശ്വഗന്ധം: ശരീരത്തെ പുനരുജ്ജീവിപ്പിക്കാനും (Rejuvenate), ഓര്‍മശക്തി നിലനിര്‍ത്താനും സ്‌ട്രെസ്സ് കുറയ്ക്കാനും ഉറക്കക്കുറവ് പരിഹരിക്കാനും ഉത്തമമാണ്.
- മേധ്യാ രസായനങ്ങള്‍ (ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നവ): ബ്രഹ്‌മി, ശംഖുപുഷ്പം, നെല്ലിക്ക, മുത്തിള്‍, ഇരട്ടിമധുരം, ചിറ്റമൃത് എന്നിവയെല്ലാം ഡിമെന്‍ഷ്യയ്ക്ക് ഉപയോഗപ്രദമാണ്.
- ആയുര്‍വേദ ചികിത്സാ രീതികളായ അഭ്യംഗം, ശിരോധാര, ശിരോവസ്തി, നസ്യകര്‍മ്മം എന്നിവയെല്ലാം ഫലപ്രദമാണ്.
- എണ്ണ തേച്ചുള്ള കുളി, പ്രാണായാമം, ധ്യാനം എന്നിവ ശീലമാക്കുക.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Learn about dementia symptoms, causes, and different types. Discover how lifestyle changes and Ayurveda can help manage and potentially prevent dementia. Get informed today!
Published: 08 Nov 2025, 03:40 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented