ഒരേ സമയം ഒരുപാട് ജോലികള്‍ ചെയ്യുന്ന ഫാക്ടറിയാണ് നമ്മുടെ മസ്തിഷ്‌കം. ഭാഷ, ഓര്‍മ, യുക്തിചിന്ത, സര്‍ഗാത്മകത, ഭാവന തുടങ്ങി ഒട്ടേറെ കാര്യങ്ങളാണ് ആ ഫാക്ടറിയില്‍ ഓരോ നിമിഷവും നടക്കുന്നത്. സ്വാഭാവികമായും കുറേ പ്രവര്‍ത്തിച്ചുകഴിയുമ്പോള്‍ തേയ്മാനം സംഭവിക്കും. വേണ്ടപ്പെട്ടവരുടെ പേരുകള്‍ മറന്നുപോകും, കണക്കുകൂട്ടലുകള്‍ പിഴയ്ക്കും. ഡിമെന്‍ഷ്യ എന്ന രോഗാവസ്ഥ ഇവിടെ തുടങ്ങുന്നു.

To advertise here,

ഓര്‍മയുമായിമാത്രം ബന്ധപ്പെട്ട പ്രശ്‌നമല്ല ഡിമെന്‍ഷ്യ. ഓര്‍മക്കുറവ് മൂലമുള്ള പ്രയാസങ്ങള്‍ ദൈനംദിനജീവിതത്തെ ബാധിക്കുന്ന അവസ്ഥയാണ് ഇത്.

കാരണങ്ങള്‍
പ്രായാധിക്യം മൂലം തലച്ചോറിലെ നാഡീകോശങ്ങള്‍ നശിക്കുന്നതാണ് പ്രധാന കാരണം. അടിക്കടി തലച്ചോറിലുണ്ടാകുന്ന ക്ഷതങ്ങള്‍, അണുബാധകള്‍, അമിതമായ ലഹരിഉപയോഗം എന്നിവയെല്ലാം ഡിമെന്‍ഷ്യയ്ക്ക് കാരണമാണ്.

ജീവിതശൈലി രോഗങ്ങളായ പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍, ഡിസ്‌ലിപിഡിമിയ, അനിയന്ത്രിതമായ കൊളസ്‌ട്രോള്‍ എന്നിവയുള്ളവരില്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയാം. ഇതും ഡിമെന്‍ഷ്യയിലേക്ക് (വാസ്‌കുലര്‍ ഡിമെന്‍ഷ്യ) നയിച്ചേക്കാം. തൈറോയ്ഡ് പോലുള്ള ഹോര്‍മോണുകളുടെ അഭാവവും ഇതിന് ഇടയാക്കുന്നു.

ലക്ഷണങ്ങള്‍
സ്ഥിരമായി ഉപയോഗിക്കുന്ന വസ്തുക്കള്‍, ആളുകളുടെ പേരുകള്‍ എന്നിവ മറക്കുന്നു. വാക്കുകള്‍ മറക്കുന്നു, പകരം വാക്കുകള്‍ കിട്ടാതെവരുന്നു. രണ്ടാം ഘട്ടത്തിലെത്തുമ്പോള്‍ ജോലിയെയും നിത്യജീവിതത്തെയും ബാധിക്കുന്ന തരത്തില്‍ രോഗം തീവ്രമാകുന്നു.

ദിശാബോധം നഷ്ടമാവുക, ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ സാധിക്കാതിരിക്കുക, വീട്ടിനകത്താണെങ്കില്‍ ഒരു മുറിയില്‍ നിന്ന് മറ്റൊന്നിലേക്ക് പോകാനുള്ള വഴി മറക്കുക എന്നിവയെല്ലാം ഉണ്ടാകാം. അമിതമായ ബഹളം, ഉള്‍വലിയല്‍, മതിഭ്രമം എന്നിവയാണ് മൂന്നാംഘട്ടം.

മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ ആറുമാസമെങ്കിലും നീണ്ടുനിന്നാല്‍ ഡിമെന്‍ഷ്യ സംശയിക്കാം. രക്തപരിശോധന, ബ്രെയിന്‍ ഇമേജിങ് എന്നിവയിലൂടെ തലച്ചോറിലെ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ കഴിയും.

ഓര്‍മകൂട്ടാം, നിലനിര്‍ത്താം
ആരോഗ്യകരമായ ജീവിതശൈലി, പോഷകപ്രദമായ ആഹാരരീതി, ചിട്ടയായ വ്യായാമം എന്നിവയിലൂടെ ഓര്‍മയുടെ കോശങ്ങള്‍ മുരടിക്കുന്നത് തടയാം.

  • ദിവസം എഴുമണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രമിക്കുക.
  • പുതിയ ഭാഷ പഠിക്കാന്‍ ശ്രമിക്കാം.
  • ചെസ് കളിക്കുന്നതും പദപ്രശ്‌നങ്ങള്‍ പൂരിപ്പിക്കുന്നതും നല്ലതാണ്.
  • ഏതെങ്കിലും ഒരുവാക്ക് ഓര്‍ക്കുക. അതില്‍ തുടങ്ങുന്ന വാക്കുകള്‍ എഴുതാന്‍ ശ്രമിക്കുക.
  • വലതുകൈകൊണ്ട് എഴുതുന്നവര്‍ അല്പനേരം ഇടതുകൈകൊണ്ട് എഴുതിനോക്കൂ.
  • ആരോഗ്യകരമായ ആഹാരക്രമം ശീലിക്കാം. ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ മത്തി, ചൂര, അയല എന്നിവ മധ്യവയസ്സ് പിന്നിട്ടവരില്‍ ഓര്‍മനിലനിര്‍ത്താന്‍ സഹായിക്കും.
  • മഞ്ഞള്‍പ്പൊടിയിലെ കുര്‍കുമിന്‍, ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ കാരറ്റ്, ഇലക്കറികള്‍, ഡാര്‍ക് ചോക്ലേറ്റ് എന്നിവയും മികച്ചതാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi