നാട്ടുഭാഷയുടെ കരുത്തുള്ള എഴുത്തുശൈലിയും പുതുസങ്കേതങ്ങൾ സ്വാഭാവികമായി കൈകാര്യം ചെയ്യാനുള്ള മിടുക്കും വായനക്കാരന്റെ പൊതുബോധത്തെ ഉടച്ചു വാർക്കുന്ന ആശയങ്ങളും കഥയിൽ ഉൾപ്പെടുത്താനുള്ള അസാമാന്യ വൈദഗ്ധ്യമാണ് അമൽ പിരപ്പൻകോടിന്റെ കഥകളെ വ്യത്യസ്തമാക്കുന്നത്. ഭാഷയെ ആഢ്യപദങ്ങളിൽ നിന്ന് മോചിപ്പിക്കുകയും സാധാരണ മനുഷ്യന്റെ മാനസികാവസ്ഥയും ജീവിതാവസ്ഥയും യഥാതഥമായി ചിത്രീകരിക്കുകയും പ്രകൃതി ചൂഷണം, കച്ചവടവത്ക്കരണം, രാഷ്ട്രീയത്തിലെ അപചയം ഇതെല്ലാം സൂക്ഷ്മതയോടെ അവതരിപ്പിക്കുകയും ചെയ്യുന്ന കഥകളാണ് 'ഉരുവം ' എന്ന കഥാസമാഹാരത്തിലുള്ളത്.

ഉരുവത്തിലെ ' കുശലകുമാരി 'എന്ന കഥ കുശലകുമാരി എന്ന സ്ത്രീയെ കേന്ദ്രകഥാപാത്രമാക്കി രചിക്കപ്പെട്ടതാണ്. പാണ്ടൻ തെങ്ങിൽ ചാരി വെട്ടുപാറക്കല്ലിൽ ഒരു കാലെടുത്തുവെച്ച്, ചെവി മടക്കിൽ നിന്ന് ബീഡിയെടുത്ത് കത്തിച്ച് പുകയൂതി, ആറടി ഉയരം, ഉടയാത്ത ശരീരം കറുത്ത നിറം, തീ കണ്ണുകളും കള്ളി കൈലിയും കാവലിന് കന്യാവുകളും മാടനും മറുതയും ഒക്കെയുള്ള ഭൂലോകകേഡിയായാണ് വായനക്കാരന് മുന്നിൽ കുശലകുമാരി പ്രത്യക്ഷപ്പെടുന്നത്. കുശലകുമാരിയുടെ അമ്മ അവൾക്ക് പതിന്നാല് പതിനഞ്ച് വയസ്സായപ്പോൾ മരിച്ചു. അതോടെ മലക്കറികച്ചവടം നടത്തിയാണ് അവൾ ജീവിക്കുന്നത്. സിജോ എന്ന കഥാപാത്രത്തിന്റെ അമ്മയുടെ അടുത്ത സുഹൃത്തായിരുന്നു കുശലകുമാരി. സിജോയുടെയും ബഹന്നാൻ എന്ന പഞ്ചായത്ത് അംഗത്തിന്റെയും ഓർമ്മകളിലൂടെ കുശലകുമാരിയുടെ ഒരേകദേശരൂപം വായനക്കാരന് ലഭിക്കുന്നു. ബഹന്നാനും ചന്ത കോൺട്രാക്റ്ററായ നളിനനുമായി കൂട്ടുകച്ചവടവും രാഷ്ട്രീയ പ്രവർത്തനവും നടത്തി വന്നിരുന്ന സമയത്താണ് കുശലകുമാരിയുടെ അമ്മ മരിക്കുന്നതും ജീവിക്കാനായി അവൾ ചന്തക്കച്ചവടം തുടങ്ങുന്നതും.

ആദ്യമായി ചന്തയിൽ വന്ന അന്ന് തന്നെ ചന്തപ്പിരിവും തറവാടകയും കൊടുക്കില്ലെന്ന് പ്രഖ്യാപിച്ച് മീൻകാരികളുമായും തമിഴ്‌നാട്ടിൽ നിന്ന് ലോഡിറക്കാൻ വരുന്നവരുമായും വഴക്കും തെറിവിളിയും നടത്തി ആ 'കിളുന്ത് പെണ്ണ് 'എല്ലാവരുടെയും നോട്ടപ്പുള്ളിയായി മാറി. ധാരാളം കവല ചട്ടമ്പിമാർ ചുറ്റും കൂടിയിട്ടും അവളെ കിട്ടിയത് രണ്ടു കെട്ടി അഞ്ചാറ് പിള്ളേർ ഉള്ള പെണ്ണാളനായ വെറ്റിലക്കൊടി ഭാർഗ്ഗവനാണ്. രണ്ട് പെൺമക്കളായപ്പോൾ അയാൾ കളഞ്ഞിട്ട് പോയി. പക്ഷേ കുറച്ചു നാളിന് ശേഷം ഭാർഗ്ഗവൻ 'തലച്ചോറ് ചിതറി പാറക്കെട്ടിൽ ചത്തു കിടക്കുന്നു' എന്ന വാർത്തയാണ് പുറത്തുവന്നത്. അച്ഛന്റെ കാര്യം ചോദിക്കാൻ അയാളുടെ മകൻ ചെന്നെങ്കിലും അവൻ കുശലകുമാരിയുടെ അടിയേറ്റ് അത്യാഹിത വാർഡിലേക്ക് കൂപ്പുകുത്തി. കോടതിയിൽ വച്ച് കണ്ട ഗുമസ്തൻ മാത്തച്ചനാണ് അവളെ ജാമ്യത്തിൽ ഇറക്കാൻ സഹായിച്ചത്. പിന്നീട് അയാൾ കുശലകുമാരിയോടൊപ്പം താമസിക്കുകയും അതിലൊരു മകൻ ജനിക്കുകയും ചെയ്തു. അവളുടെ രണ്ടു പെൺ മക്കളും പത്തോ പതിമൂന്നോ വയസ്സായിരുന്നപ്പോൾ ഒരു ദിവസം നട്ടുച്ചയ്ക്ക് വീടിന് തീപിടിച്ച് മരണപ്പെട്ടു. കന്യകാത്ത്വം നഷ്ടപ്പെടാതെ ദുർമരണപ്പെട്ട ആത്മാവുകൾ ആയതുകൊണ്ട് രണ്ടും കന്യാവുകൾ ആയി കുശലകുമാരിക്ക് ഒപ്പം കൂടി. അവൾ അവരെ ആവാഹിച്ച് തന്നെ കാത്തു രക്ഷിക്കുന്ന ദേവതകൾ ആക്കി മാറ്റി. മറുതയുടെയും മാടന്റേയും തറകൾ കുശലകുമാരി വൃത്തിയാക്കി പൂജ ചെയ്യുന്നുമുണ്ട്.കൂടാതെ വെള്ളിയാഴ്ചകളിൽ വിളക്ക് വെച്ച് ആരാധനയും നടത്താറുണ്ട്. ആ കുന്നുവഴി ആര് പോയാലും മായക്കാഴ്ചകൾ കണ്ട് ചോര തുപ്പി മരിക്കുമെന്നാണ് വിശ്വാസം. അവളുടെ വാതകളും പേകളും കന്യാവുകളും വഴിപിണക്കികളും അലഞ്ഞു തിരിഞ്ഞു നടക്കുകയാണ്. ഇതൊക്കെ കണ്ട് പലർക്കും പേടിച്ച് പനി പിടിച്ചു. കൂടാതെ അവളെ ഉപദ്രവിക്കുന്നവർക്ക് കന്യാക്കളും ശാശ്കളും പണി കൊടുക്കുന്ന വല്ലാത്തൊരു അവസ്ഥയിൽ കാര്യങ്ങൾ ചെന്നെത്തി. അറവലക്കുന്നിലെ പൊട്ടക്കിണറ്റിൽ വീണ് മാത്തച്ചനും മരിച്ചതോടെ എല്ലാവരും കുശലകുമാരിക്കെതിരായി.

കച്ചവടത്തിനായി ചന്തയിൽ ഒരിടത്തും കുശലകുമാരിയെ ഇരുത്താൻ നാട്ടുകാർ അനുവദിക്കാതെയായി മാത്രമല്ല പരാതിയുമായി എല്ലാവരും പഞ്ചായത്തിൽ പോയി. ബഹന്നാനും നളിനൻ മുതലാളിയും കുശലകുമാരിയെ ദ്രോഹിക്കാൻ ഇതൊരു മികച്ച അവസരമാണെന്ന് മനസ്സിലാക്കി മുതലെടുക്കാൻ ശ്രമിച്ചു. നളിനൻ മുതലാളിയുടെ അച്ഛൻ പണ്ട് കുശലകുമാരിയുടെ വീടിരിക്കുന്ന കുന്നിൽ കുറെ കരിമ്പാറ ചുളുവിലയ്ക്ക് വാങ്ങിയിട്ടിട്ടുണ്ട്. മദ്യപാനികളായ ഒരു കൂട്ടം ആൾക്കാർ അവളെ കൂട്ടമായി ആക്രമിക്കാൻ കുന്നിലെത്തി. കുശലകുമാരിയുടെ പറമ്പ് അടുക്കുംതോറും അലർച്ചകളും നിലവിളികളും കേട്ടതോടെ മദ്യം തലയ്ക്കുപിടിച്ച കേഡികൾ അവളുടെ അതീന്ദ്രിയ കഥകൾ ആലോചിച്ചു പേടിച്ചു.അവർ മുറ്റത്ത് എത്തിയപ്പോഴേക്കും പെട്ടെന്ന് ഒരു തെങ്ങിൻ ചുവട്ടിൽ നിന്ന് വിളക്കുകൾ ഉയർന്നുപൊങ്ങി ആടിയും ഉലഞ്ഞും ഒരു വശത്തേക്ക് നീങ്ങാൻ തുടങ്ങി. മറ്റൊരു തെങ്ങിനടുത്ത് നിന്ന് പത്ത് പതിനഞ്ച് വിളക്കുകൾ അങ്ങോട്ടുമിങ്ങോട്ടും ആടിയാടി നീങ്ങി പല തരത്തിലുള്ള അലർച്ചയും ബഹളവും അടുത്തെത്തിയയോടെ വിരണ്ട കേഡികൾ പാറക്കെട്ടിൽ തട്ടി വീണു.

കുശലകുമാരിയുടെ മകൻ ഒമ്പത് എന്ന് വിളിക്കുന്ന ബൈജുവിന്റെ അടിയിൽ ബഹന്നാൻ ആശുപത്രിയിലാകുന്നു. പോലീസ് കേസ് ആയാൽ നാണക്കേട് ആകും എന്ന് കരുതി കേസ് ഒത്തുതീർപ്പ് ആക്കുന്നു. ആർക്കും വേണ്ടാത്ത കുറെ മനുഷ്യർ തെരുവിലായ പിച്ചക്കാരികൾ, മാനസികപ്രശ്‌നങ്ങൾ ഉള്ളവർ, ഹിജഡകൾ ഒക്കെ കുശലകുമാരിയോടൊപ്പമാണ് താമസിക്കുന്നത്. ഇവരിൽ പലരും രാത്രിയിൽ ഉറങ്ങാറില്ല. ഇവരുടെ കൂക്കി വിളിയും ബഹളവും വിളക്കു കൊളുത്തി നടന്നുള്ള ഭയപ്പെടുത്തലുമെല്ലാം ഭീതിദമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും അത് കുശലകുമാരി നേരിടുന്ന ധാരാളം പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായിക്കുകയും ചെയ്തു.

സിജോയുടെ അച്ഛൻ വാസു വീട് മാറി കുശലകുമാരിയുടെ വീട്ടിൽ കയറിയതിന്റെ പേരിൽ സിജോയുടെ അമ്മയും കുശലകുമാരിയുമായി വഴക്കായി. അവർ ആത്മഹത്യ ചെയ്യുന്നു. ഭാര്യയുടെ മരണത്തിന്റെ കാരണം ചോദിക്കാൻ ചെന്ന വാസുവിനെ കുശലകുമാരി ഓടിച്ചു വിട്ടതോടെ അയാളെ കാണാതാകുന്നു. അതോടെ സിജോയുടെ വൈരാഗ്യം ഇരട്ടിച്ചു. കിണറ്റിൽ വീണ് ചത്ത മാത്തച്ചന്റെ ആദ്യ ഭാര്യയെ കാശ് കൊടുത്ത് ചന്തയിൽ ചെന്ന് കൃശലകുമാരിയുമായി വഴക്കുണ്ടാക്കുണ്ടാക്കാൻ പ്രേരിപ്പിക്കുന്നു. പ്രകോപിതയായ കുശലകുമാരി അയാളെ താൻ കൊന്നതാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു. കൂടാതെ തന്റെ ആദ്യഭർത്താവിനെയും താൻ കൊന്നതാണെന്ന് ദേഷ്യത്തിൽ പറയുന്നു.ബഹന്നാനിൽ നിന്ന് കാശ് വാങ്ങുന്ന പോലീസുകാർ ഇത് കേട്ട് അവളെ ജയിലിലാക്കുന്നു. അവൾ പോയതോടെ ബഹന്നാനും നളിനനും ചേർന്ന് അവളുടെ വീടിനു ചുറ്റുമുള്ള കുന്നിടിച്ച് നിരത്തുന്നതുമായി ബന്ധപ്പെട്ട് പല പദ്ധതികളും തയ്യാറാക്കുന്നു.

ഒടുവിൽ ഏതെങ്കിലും വിധത്തിൽ കുശലകുമാരിയുടെ മകനായ ബൈജുവിനെ ഒതുക്കാനായി ആണിനെയും പെണ്ണിനെയും ഇഷ്ടമല്ലാത്ത ഷൈജുവിനെ ഏർപ്പാടാക്കുകയും സിജോ അവനെ കുശലകുമാരിയുടെ വീട്ടിലെത്തിക്കുകയും ചെയ്യുന്നു. അവൻ കുശലകുമാരിയുടെ വീട്ടിലെത്തിയപ്പോഴാണ് സിജോയുടെ അച്ഛൻ ഉപദ്രവിച്ചത് കാരണമാണ് ഷൈജു ഇങ്ങനെയായിപ്പോയതെന്നും അക്കാര്യം കുശലകുമാരി സിജോയുടെ അമ്മയോട് പറഞ്ഞതുകൊണ്ടാണ് അവർ ആത്മഹത്യ ചെയ്തതെന്നും സിജോ മനസ്സിലാക്കുന്നു. ഷൈജുവിനെക്കൊണ്ട് ബൈജുവിനെ വിവാഹം കഴിപ്പിക്കാനും ഒപ്പം തന്നെ ബൈജുവിനെ ആൾക്കാരെ വിട്ട് പേടിപ്പിച്ച് അവിടെ നിന്ന് ഓടിക്കാനുമുള്ള പദ്ധതികൾ ബഹന്നാനും നളിനനും ചേർന്ന് ആസൂത്രണം ചെയ്യുന്നു. ബൈജു നാട്ടിലുള്ള ഹിജഡകളെയും സമൂഹത്തിൽ നിന്ന് നിഷ്‌ക്കാസിതരായ അന്ധർ, ബധിരർ ഇവരെയെല്ലാം തന്നോടൊപ്പം താമസിപ്പി്ക്കുന്നു. ഇലക്ഷനിൽ ബഹന്നാൻ ജയിക്കുന്നതോടെ നളിനന് പുതിയ പല കോൺട്രാക്റ്റുകളും കിട്ടുന്നു. കുശലകുമാരി ജയിലിൽ നിന്ന് വരുന്നതുവരെ കാര്യങ്ങൾ ഈ രീതിയിലാണ് മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്നത്. ജയിലിൽ നിന്നിറങ്ങി ഉടൻ തന്നെ സാക്ഷി പറഞ്ഞ മാത്തച്ചന്റെ ഭാര്യയെ കുശലകുമാരി ക്രൂരമായി മർദ്ദിക്കുന്നു.

ആവശ്യത്തിനുള്ള കാശ് നേടിക്കഴിഞ്ഞാൽ ബൈജുവിനെ ഓപ്പറേഷൻ ചെയ്ത് പെണ്ണാക്കി മാറ്റുമെന്നും പിന്നെ അവിടെയുള്ള ഓരോരുത്തരുടേയും താൽപ്പര്യത്തിനനുസരിച്ച് ദൂരെ ഒരിടം കണ്ടെത്തി കുന്നിലുള്ള സകലരേയും അവിടേക്ക് കൊണ്ട് പോകുമെന്നും എല്ലാവർക്കും വീട്, ജോലി ഇതെല്ലാം നൽകും എന്നുമൊക്കെയുള്ള തങ്ങളുടെ സ്വപ്നങ്ങൾ ഷൈജു സിജോയോട് വെളിപ്പെടുത്തുന്നു. മാത്രമല്ല കുശല കുമാരി തന്റെ പുരയിടം അനാഥാലയത്തിനായി എഴുതി വച്ചിരിക്കുകയാണ്. ഇതിനിടയിൽ ബഹന്നാനും നളിനനും ചേർന്ന് കുന്നിടിച്ച് നിരത്താനും പലതരം അഴിമതികൾ നടത്താനുമായി വിദേശികളുമായി ധാരണയുണ്ടാക്കുന്നു. എന്നാൽ അതിനിടയിൽ ബഹന്നാനും നളിനനും പലരീതിയിൽ തട്ടിയെടുത്ത പൈസയെല്ലാം ചില പദ്ധതികളിലൂടെ ബൈജുവിന്റെയും ഷൈജുവിന്റെയും കയ്യിലെത്തുന്നു. റേഷൻ സഞ്ചിയിൽ പൈസയുമായി മരങ്ങളുടെ മുകളിൽ കയറിയിരുന്ന് പൈസയെല്ലാം അവർ പാവപ്പെട്ടവർക്ക് വിതരണം ചെയ്യുന്നതോടെയാണ് കഥ അവസാനിക്കുന്നത്.

ഒരു പുരുഷാധിപത്യ സമൂഹം കൽപ്പിക്കുന്ന നടപ്പു രീതികളിൽ നിന്നും മാറി സഞ്ചരിച്ചവളാണ് കുശല കുമാരി. ഒരു പുരുഷന് സമൂഹം ചാർത്തിക്കൊടുത്തിരിക്കുന്ന നിശ്ചയദാർഢ്യം, ആത്മവിശ്വാസം, ശാരീരികമായി പോലും ആധിപത്യം പുലർത്താനുള്ള കഴിവ് ഇതെല്ലാം കുശല കുമാരിക്കുണ്ട്. ജൂഡിത്ത് ബട്ട്‌ലറുടെ 'ജെന്റർ ട്രബിൾ' എന്ന പുസ്തകത്തിൽ പറയുന്നത് പോലെ സോഷ്യൽ കണ്ടീഷനിംഗിന്റെ ഭാഗമായി അതല്ലെങ്കിൽ നിലനിൽക്കാൻ കഴിയില്ല എന്ന അവസ്ഥ വന്നപ്പോൾ പുരുഷന് തുല്യമായ മന:ശാസ്ത്രപരമായ പ്രതിരോധ ശേഷി (Gender Performativity)കുശല കുമാരി ഉണ്ടാക്കിയെടുക്കുന്നതാണ്. പുരുഷ പ്രത്യേകതകൾ എന്ന് അവരോധിക്കപ്പെടുന്ന സ്വഭാവസവിശേഷതകളെല്ലാം സ്വയം പ്രതിരോധത്തിനായി സ്ത്രീകൾക്കും ഉണ്ടാക്കിയെടുക്കാൻ കഴിയുന്നതാണെന്നും അത് പുരുഷന്റെ മാത്രം കുത്തകയല്ലെന്നും കുശലകുമാരി തന്റെ ജീവിതത്തിലൂടെ കാണിച്ചുതരുന്നു. ജഡ്ജിയോട് വരെ 'ആരാടാ നീ ? 'എന്ന് ചോദിക്കുന്ന കുശലകുമാരി ഭയമെന്ന വികാരം ഇല്ലാത്തവളാണ്. ജെൻഡർ എന്നത് പ്രകടനം മാത്രമാണെന്നും അത് സ്വാഭാവികമായി ലഭിക്കുന്ന പ്രത്യേകതയല്ല എന്നുമുള്ള ചിന്തയിലേക്ക് ഈ കഥാപാത്രം വായനക്കാരനെ നയിക്കുന്നു. ഒരു സോഷ്യൽ സറ്റയറിന്റെ പ്രത്യേകതകൾ വഹിക്കുന്ന ഈ കഥയിൽ രാഷ്ട്രീയത്തിലെ അപചയം, ജൻഡർ പ്രശ്‌നങ്ങൾ, പീഡോഫീലിയ (കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് ) ഇതെല്ലാം സൂക്ഷ്മമായി അവതരിപ്പിക്കുന്നു .അരിസ്റ്റോട്ടിൽ 'പൊയറ്റിക്‌സി 'ൽ പറയുന്നത് പോലെ കലയുടെ പ്രധാന ലക്ഷ്യം വികാരങ്ങളുടെ ശുദ്ധികരണമാണെന്ന് ഓർമ്മപ്പെടുത്തുന്ന വിധത്തിൽ മനുഷ്യനെ കൂടുതൽ ശുദ്ധീകരിക്കാൻ ഈ കഥകൾ ശ്രമിക്കുന്നു.

കുശല കുമാരി എന്ന കഥാപാത്രം പെൺകരുത്തിന്റെ പ്രതീകമാണ്. തന്റെ ബുദ്ധിയിലൂടെയും കരുത്തിലൂടെയും വൻ മുതലാളിമാരെപ്പോലും തറ പറ്റിക്കുന്ന കുശലകുമാരി പെൺപീഡന പരമ്പരകൾ സജീവമായിരിക്കുന്ന ഈ കാലഘട്ടത്തിലും പെണ്ണിന് അതിജീവനം സാധ്യമാണെന്ന് ഓർമ്മിപ്പിക്കുന്നു. കുന്നിടിച്ച് നിരത്തുന്നതിനുള്ള 'ബഹന്നാന്റെയും നളിനന്റേയും പദ്ധതികൾ പ്രകൃതിയോടും സ്ത്രീയോടുമുള്ള ചൂഷണത്തിലെ സമാനതകൾ ചൂണ്ടിക്കാണിക്കാട്ടുകയും ഇക്കോഫെമിനിസ്റ്റ് വായനക്കുള്ള സാധ്യതകൾ തുറക്കുകയും ചെയ്യുന്നു. രാഷ്ട്രീയക്കാരും ഭരണവർഗ്ഗവും സാധാരണക്കാരെ അവഗണിക്കുമ്പോൾ തന്റെ പരിമിതമായ സാഹചര്യങ്ങളിൽ നിന്ന് അവരെ ചേർത്ത് പിടിക്കുന്ന കുശലകുമാരി കാലഹരണപ്പെട്ടു പോയ മാനുഷികതയെ ഓർമ്മിപ്പിക്കുന്നു.

പ്രകൃതിയുടേയും LGBTQ വ്യക്തികളുടേയും മുന്നേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന ക്യുവർ ഇക്കോളജിയും ട്രാൻസ് ജെൻഡർ പ്രശ്‌നങ്ങളും പ്രകൃതിബന്ധവും സൂചിപ്പിക്കുന്ന ട്രാൻസ് ഇക്കോളജിയും ട്രാൻസ് ഇൻക്ലൂസീവ് ഇക്കോ ഫെമിനിസവുമെല്ലാം പ്രകൃതിയും സ്ത്രീയും ഭിന്നലിംഗക്കാരുമെല്ലാം ചൂഷണം ചെയ്യാനുള്ളതാണെന്ന പുരുഷാധിപത്യ ക്യാപിറ്റലിസ്റ്റ് ചിന്താഗതികളെ നിരാകരിക്കുകയും ഇവർക്കും ശക്തമായി ജീവിക്കാനും പ്രതിരോധിക്കാനും സാധ്യമാണെന്നും വ്യക്തമാക്കുന്നു. പുരുഷാധിപത്യ നിയമങ്ങൾക്കും രീതികൾക്കും വഴങ്ങാതെ സ്വന്തം ജീവിതത്തെ സ്വയം നിർവചിക്കുന്ന കഥാപാത്രമായ കുശലകുമാരിയെ തളയ്ക്കാൻ ആദ്യവസാനം ആർക്കും കഴിയുന്നില്ല . എല്ലാ ആധിപത്യരീതികളേയും നിരാകരികരിക്കുകയും സ്ത്രീയെ അബലയായി നിലനിർത്താൻ ശ്രമിക്കുന്ന ഒരു സമൂഹത്തിൽ അധികാരകേന്ദ്രങ്ങളെ പോലും ഭയപ്പെടുത്തി നിർത്താൻ പെണ്ണിന് കഴിയുമെന്ന് കാണിച്ചു തരുകയും ചെയ്യുന്ന കുശലകുമാരി പെൺകരുത്തിന്റെ പ്രതീകമാണ്.

(ജി.ജി.എച്ച്.എസ്.എസ് വണ്ടൂരിലെ ഇംഗ്ലീഷ് അധ്യാപികയാണ് ലേഖിക)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi