
ധാര്‍വാഡ് എന്ന ദേശത്തെക്കുറിച്ച് ആദ്യമായറിഞ്ഞത് ഗിരീഷ് കര്‍ണാഡിന്റെ ആത്മകഥയായ 'ദിസ് ലൈഫ് അറ്റ് പ്ലേ: മെമ്മറീസ്' വായിച്ചപ്പോഴാണ്. താന്‍ പഠിച്ചുവളര്‍ന്ന നാടിനെക്കുറിച്ച് അതിലൊരിടത്ത് കര്‍ണാഡെഴുതി: '(ഈ)നഗരത്തിലെ ജനസംഖ്യയെ രണ്ടായിത്തിരിക്കാമെന്ന് ഒരു പറച്ചിലുണ്ട്; കവികളും വിമര്‍ശകരും. മറ്റൊരു പറച്ചില്‍ ഇങ്ങനെയാണ്: ഇവിടെ ഏതെങ്കിലും ഒരു മൂലയില്‍നിന്ന് ഒരു കല്ലെടുത്തെറിഞ്ഞാല്‍, അത് ചെന്നുവീഴുക ഏതെങ്കിലും കവിയുടെ തലയിലായിരിക്കും. ഇതിനോട് പ്രാദേശികകവി ചെന്നവീര കനാവി ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: ആ കല്ലെറിഞ്ഞയാളും ഒരു കവിയായിരിക്കും.'
അശിക്ഷിതമായ കാതുകളിലൂടെ ഹിന്ദുസ്ഥാനിസംഗീതം കേള്‍ക്കുകയും അതിലെ മഹാഗുരുക്കന്മാരെക്കുറിച്ച് വായിക്കുകയും ചെയ്തപ്പോള്‍, ഈ ദേശത്തെപ്പറ്റിയുള്ള കൗതുകം വര്‍ധിച്ചു. പണ്ഡിറ്റ് മല്ലികാര്‍ജുന്‍ മന്‍സൂര്‍, വിദുഷി ഗംഗുബായി ഹംഗല്‍, പണ്ഡിറ്റ് ബസവരാജ് രാജ്ഗുരു, പണ്ഡിറ്റ് കുമാര്‍ ഗന്ധര്‍വ, പണ്ഡിറ്റ് ഭീംസെന്‍ ജോഷി, വെങ്കിടേഷ് കുമാര്‍, പരമേശ്വര്‍ ഹെഗ്ഡേ... അങ്ങനെ, എത്രയെത്ര പേര്‍ ധാര്‍വാഡിനും ചുറ്റുവട്ടത്തുമായി ജനിച്ച്, ജീവിച്ച്, പാടി നമ്മെ മോഹിപ്പിച്ചു! വാക്കുകളും സ്വരങ്ങളും വിളയുന്ന ഈ ദേശം കൗതുകം നിറച്ച് കാണാമറയത്തിരുന്ന് വിളിച്ചുകൊണ്ടേയിരുന്നു. അങ്ങനെയാണ് ഒരു നാള്‍ യാത്ര പുറപ്പെട്ടത്-ബെംഗളൂരുവില്‍നിന്ന്.
ഉച്ചയ്ക്ക് പുറപ്പെട്ട ട്രെയിന്‍ ഉത്തര-പശ്ചിമ കര്‍ണാടകയുടെ ഉരുകിത്തിളയ്ക്കുന്ന മണ്ണിലൂടെയാണ് കിതച്ചുകുതിക്കുന്നത്. ചെറുചെറു നഗരങ്ങള്‍, ഉഷ്ണിച്ചുണങ്ങിയ അങ്ങാടികള്‍, കാറ്റുപോലും നിലച്ച് ഏകാഗ്രമായിനില്‍ക്കുന്ന കവുങ്ങിന്‍തോപ്പുകള്‍, പച്ചവയല്‍പ്പാടങ്ങള്‍, വിശാലതകളില്‍ പൊള്ളിപ്പഴുത്ത് നില്‍ക്കുന്ന കരിങ്കല്‍പ്പാറക്കുന്നുകള്‍, മേഞ്ഞുനടക്കുന്ന കാലിക്കൂട്ടങ്ങള്‍, എവിടെയൊക്കെയോ അനന്തമായ ഏകാന്തത.
മണിക്കൂറുകളിലൂടെ ട്രെയിന്‍ പുകഞ്ഞുപാഞ്ഞു. സന്ധ്യയില്‍ ദീപങ്ങളുമായി ദാവണഗെരെ നഗരം തെളിഞ്ഞു; അവിടെ വര്‍ഷങ്ങള്‍ക്കുമുന്‍പ് തീപ്പെട്ടിക്കമ്പനി നടത്തിയിരുന്ന ഇരിങ്ങാലക്കുടക്കാരന്‍ ഇന്നസെന്റിനെ ഓര്‍ത്തു. എത്രയെത്ര ദാവണഗെരെ ജീവിതകഥകള്‍ അദ്ദേഹം പറഞ്ഞിരിക്കുന്നു! അതിലൊന്നിലെ 'മൈലപ്പ' എന്ന കഥാപാത്രത്തെ ഇപ്പോഴും മറക്കാന്‍ സാധിക്കുന്നില്ല (ദാവണഗെരെ സ്റ്റേഷനില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ ഇന്നസെന്റിനെ വിളിച്ചു. ഫോണ്‍ സ്വിച്ചോഫായിരുന്നു. പിറ്റേന്ന് വിളിച്ച് ചോദിച്ചു: ''എത്ര ദൂരെയാണ് ഈ ദാവണഗെരെ! ഇക്കാലത്തുപോലും കേരളത്തില്‍നിന്ന് എത്താന്‍ എന്തുമാത്രം ബുദ്ധിമുട്ടാണ്! അന്ന് എങ്ങനെയാണ് ചേട്ടന്‍ ഇവിടെയെത്തിയത്?''
Also Read

''ഞാന്‍ ബാംഗ്ലൂരില്‍ച്ചെന്ന് ബസ്സിലോ ട്രെയിനിലോ പോവും.'' ആ മറുപടിയില്‍ നിറയെ കിതപ്പായിരുന്നു. ഡോക്ടറുടെ മുന്നിലിരിക്കുകയാണെന്നും പറഞ്ഞു. അതായിരുന്നു ഇന്നസെന്റുമായുള്ള എന്റെ അവസാനസംഭാഷണം).
ഹുബ്ബള്ളി നഗരം കടന്ന് ധാര്‍വാഡിലെത്തിയപ്പോഴേക്കും രാത്രിയില്‍ നന്നായി തണുപ്പ് കലര്‍ന്നിരുന്നു. നഗരം ഉറങ്ങിത്തുടങ്ങിയിരിക്കുന്നു. താമസിക്കുന്ന ഹോട്ടലില്‍ ഭക്ഷണം വിളമ്പിയ പയ്യനോട് പേര് ചോദിച്ചപ്പോള്‍ പറഞ്ഞത്, മല്ലികാര്‍ജുന്‍ എന്നായിരുന്നു. പിറ്റേന്ന് രാവിലെ മുറിയുടെ ജാലകത്തിന് താഴെ ലോട്ടറി വില്‍ക്കുന്നയാളിന്റെ ചെറുകോളാമ്പിയിലൂടെ പ്രവഹിച്ചിരുന്നത് മല്ലികാര്‍ജുന്‍ മന്‍സൂറിന്റെ ദൈവികസ്വരം.
കര്‍ണാഡെഴുതിയത് മറ്റൊരുതരത്തില്‍ ഈ ചെറുനഗരത്തില്‍ ശരിയാവുന്നു: ''മന്‍സൂര്‍ ഒരു ഗ്രാമത്തിന്റെ പേരാണ്. അതിവിടെനിന്ന് അല്പം ദൂരെയാണ്. അവിടെ ജനിച്ചതുകൊണ്ടാണ് മല്ലികാര്‍ജുന്‍ മന്‍സൂര്‍ എന്ന പേര് ലഭിച്ചത്. അദ്ദേഹം താമസിച്ചിരുന്നത് ദാ, ആ ചെമ്മണ്‍വഴി ചെന്നെത്തുന്ന സ്ഥലത്താണ്.''
റോഡിനപ്പുറത്തെ തുറസ്സിലേക്കും അതിന് നടുവിലൂടെ നീളുന്ന മണ്‍വഴിയിലേക്കും ചൂണ്ടിപ്പറഞ്ഞുതന്നത് ഒരു ഓട്ടോ ഡ്രൈവറാണ്. ഇത്തരം ചെറിയ ചെറിയ കാര്യങ്ങളിലൂടെയാവും ഓരോ ദേശവും അതിന്റെ സംസ്‌കാരം വെളിപ്പെടുത്തുക.
കൊല്‍ക്കത്തയിലെ റിക്ഷാവലിക്കാരന്‍ വരെ ടാഗോറിന്റെ വീട്ടിലേക്ക് വഴികാണിക്കും; ചിലപ്പോള്‍, ഏതെങ്കിലും രബീന്ദ്രസംഗീതം മൂളുകയും ചെയ്യും. അവിടത്തെ ഒരു ബാറിലെ സ്വകാര്യമുറികളുടെയെല്ലാം പേരുകള്‍ ടാഗോറിന്റെ കവിതകളുടെതായിരുന്നു. കോളേജ് സ്ട്രീറ്റിലെ കോഫിഹൗസില്‍ പോയിരുന്ന് ചെവിയോര്‍ത്താല്‍, സംസ്‌കാരത്തിന്റെ നാദരൂപങ്ങള്‍ വന്ന് പൊതിയും. ഒരു സാധാരണ ഓട്ടോറിക്ഷക്കാരനിലൂടെയായിരുന്നു ധാര്‍വാഡ് അതിന്റെ സാംസ്‌കാരികസ്വത്വം എനിക്ക് മുന്നില്‍ വെളിവാക്കിയത്.

വൃത്തിയും കുലീനത്വവുമുള്ള ഒരു ചെറുവീടിന് മുന്നിലാണ് ആ മണ്‍വഴി ചെന്നുചേര്‍ന്നത്. വീടിന്റെ പാതിചാരിയ മുന്‍വാതില്‍പ്പഴുതിലൂടെ മല്ലികാര്‍ജുന്റെ മധുരസ്വരം ഒഴുകിവരുന്നു. ധാര്‍വാഡിന്റെ തണുത്ത പ്രഭാതത്തില്‍ അത് പ്രകൃതിയുടെ നാദംപോലെ തോന്നിച്ചു. കന്നഡരീതിയില്‍ വസ്ത്രധാരണംചെയ്ത ഒരു സ്ത്രീ വാതില്‍ തുറന്നു. കടക്കുന്ന മുറിയില്‍ ചില്ലിട്ടുവെച്ചിരിക്കുന്നു, കാലം മുറുക്കിക്കെട്ടിയതുപോലെ ഒരു ദീര്‍ഘതംബുരു. മല്ലികാര്‍ജുന്റെ സംഗീതയാത്രയുടെ സഹസഞ്ചാരി. എത്രയെത്ര വേദികള്‍, രാഗങ്ങള്‍, ഭാവങ്ങള്‍! സംഗീതജ്ഞരുടെ ബോധിവൃക്ഷമാണ് തംബുരുവെന്ന് മല്ലികാര്‍ജുന്‍ പറഞ്ഞത് ഓര്‍ത്തുപോയി. ചുവരില്‍ കാലം ചിത്രങ്ങളായി. കച്ചേരികള്‍, സഹഗായകരുമൊത്തുള്ള നക്ഷത്രസമാഗമങ്ങള്‍, പദ്മഭൂഷണും പദ്മവിഭൂഷണുമടക്കമുള്ള ആദരവുകളുടെ ഏറ്റുവാങ്ങലുകള്‍, കുടുംബരംഗങ്ങള്‍... എല്ലാറ്റിനും കേന്ദ്രസ്ഥനായി അനാര്‍ഭാട ആകാരമുള്ള മല്ലികാര്‍ജുന്‍ മന്‍സൂര്‍.

കുറച്ച് കഴിഞ്ഞപ്പോള്‍ തൊട്ടടുത്ത വീട്ടില്‍നിന്ന് സുഭഗയായ ഒരു സ്ത്രീയും അവരുടെ മകളും വന്നു. മല്ലികാര്‍ജുന്റെ മകള്‍ അക്കമഹാദേവിയും കൊച്ചുമകള്‍ ഗംഗയുമായിരുന്നു. നെറ്റിയില്‍ നീട്ടിവരച്ച ഭസ്മംപൂശിയ ഗംഗയെക്കണ്ടാല്‍, ഏതോ അഗ്രഹാരത്തില്‍ കണ്ടുമറന്ന തെളിച്ചമുള്ള സൗന്ദര്യത്തെ ഓര്‍മ്മവരും.
''രാജ്യത്തിന്റെ അറിയപ്പെടാത്ത കോണുകളില്‍നിന്ന് ആരൊക്കെയോ ഇപ്പോഴും അച്ഛന്റെ കാല്‍പ്പാടുകള്‍ തേടിവരും. അച്ഛന്റെ സ്വരത്തില്‍ മുഗ്ധരായവര്‍. അവരുമായി സംസാരിച്ചിരിക്കുമ്പോള്‍, എത്രമാത്രം ഭാഗ്യംചെയ്തവരാണ് ഞങ്ങളെന്ന് കൂടുതല്‍ ആഴത്തില്‍ മനസ്സിലാവുന്നു.''അച്ഛനെക്കുറിച്ചുള്ള പല രാഗങ്ങളിലും ഭാവങ്ങളിലുമുള്ള ഓര്‍മ്മകളാണ് അക്കമഹാദേവിയില്‍ നിറയെ.
''ഞങ്ങള്‍ എട്ട് മക്കളായിരുന്നു-ലക്ഷ്മി, രാജശേഖര്‍, നീലമ്മ, കസ്തൂരി, ഉമ, അന്നപൂര്‍ണ, അക്കമഹാദേവി, ഗിരിജ. അച്ഛന് പാടാന്‍മാത്രമേ അറിയുമായിരുന്നുള്ളൂ. അമ്മ ഗംഗമ്മയാണ് വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. മനുസ്മൃതിയില്‍ പറയുന്നതുപോലെ, അമ്മ ശരിക്കും അച്ഛന്റെ ലോകയാത്രാസഹായിനി തന്നെയായിരുന്നു. നിങ്ങള്‍ പാടിയാല്‍ മതി, ബാക്കിയൊക്കെ ഞാന്‍ നോക്കിക്കൊള്ളാമെന്ന് പറഞ്ഞ്, അമ്മ അച്ഛനെ സര്‍വതന്ത്രസ്വതന്ത്രനാക്കി.
പുലര്‍ച്ചെ നാലുമണിക്കുണര്‍ന്ന് തുടങ്ങുന്ന അച്ഛന്റെ റിയാസ് (സാധകം) പകലുകളിലേക്ക് പടര്‍ന്നുനിറയും. അച്ഛന്‍ പാടുന്ന പ്രഭാതരാഗങ്ങള്‍ കേട്ടുകിടക്കുന്ന ഞങ്ങള്‍ മക്കള്‍, മിക്ക ദിവസവും വൈകിയാണ് സ്‌കൂളിലെത്തുക. ഇളംതണുപ്പില്‍ നമ്മെ മയക്കിക്കിടത്താനുള്ള കഴിവുണ്ടായിരുന്നു ആ സ്വരത്തിന്. കച്ചേരിയില്ലാത്ത സമയങ്ങളില്‍ അച്ഛന്‍ തനി വീട്ടുമനുഷ്യനും നാട്ടുമനുഷ്യനുമായി ഇവിടെത്തന്നെയുണ്ടാവും. ബീഡി പുകച്ചുകൊണ്ട്, ഈ വേലിക്കമ്പില്‍ പിടിച്ച് അയല്‍വാസികളുമായി സംസാരിച്ചങ്ങനെ നില്‍ക്കും. താന്‍ ലോകമറിയുന്ന ഗായകനാണെന്ന് ഒരിക്കലും അച്ഛന്‍ നടിച്ചിരുന്നില്ല,'' ഈണമുള്ള ശബ്ദത്തില്‍ അക്കമഹാദേവി പറഞ്ഞുകൊണ്ടേയിരുന്നു.

പ്രശസ്ത പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന ഡോം മൊറേയ്സും നടിയായിരുന്ന ലീലാ നായിഡുവുമൊത്ത് മല്ലികാര്‍ജുനും ഭാര്യയും നില്‍ക്കുന്ന ഒരു ഫോട്ടോ ചുവരില്‍ കണ്ടു.
''ഇവരെന്തിനാണ് വന്നത്?'', ഞാന്‍ ചോദിച്ചു.
''നിങ്ങളെപ്പോലെ അച്ഛന്റെ സ്വരത്തില്‍ മയങ്ങിവന്നതാണ്. അവര്‍ക്ക് ഇംഗ്ലീഷുമാത്രമേ അറിയുമായിരുന്നുള്ളൂ. അച്ഛന് ഇംഗ്ലീഷറിയുകയുമില്ല. സംഗീതത്തിന് ഭാഷയില്ലാത്തതുകൊണ്ട്, പ്രശ്‌നമൊന്നുമുണ്ടായില്ല.''
അച്ഛന്റെ കച്ചേരികള്‍ക്ക് രാജ്യമെങ്ങും കൂട്ടുപോയിട്ടുണ്ട് അക്കമഹാദേവി. തന്റെ മക്കളില്‍ ഭക്തിഗീതങ്ങള്‍ ഏറ്റവും നന്നായിപ്പാടുക അക്കമഹാദേവിയാണെന്ന് മല്ലികാര്‍ജുന്‍ ആത്മകഥയായ 'രസയാത്ര'യില്‍ പറയുന്നുണ്ട്. അച്ഛനൊപ്പം തിരുവനന്തപുരത്ത് വന്ന് പാടിയ ഓര്‍മ്മ ഇപ്പോഴും മകളില്‍നിന്ന് മാഞ്ഞിട്ടില്ല.
പാടിക്കൊണ്ടേയിരിക്കുക. പ്രശസ്തിയും പാരിതോഷികങ്ങളും വന്നാലും നന്ന്, വന്നില്ലെങ്കിലും നന്ന് എന്ന ഉത്തമപ്രതിഭാഭാവമായിരുന്നു തന്റെ അച്ഛന് എപ്പോഴും എന്നോര്‍മ്മിക്കുന്നു അക്കമഹാദേവി: ''പദ്മശ്രീ കിട്ടിയ വിവരം ലാന്‍ഡ് ഫോണിലൂടെ ആരോ വിളിച്ച് അച്ഛനെ അറിയിച്ചു. അച്ഛനത് അമ്മയോട് പറഞ്ഞു. അച്ഛന്റെ ആത്മീയഗുരുവായ അത്താണി ശിവയോഗിയുടെ പ്രതിമയ്ക്ക് മുന്നില്‍ നമസ്‌കരിച്ചു. ഞങ്ങള്‍ മക്കളോ അയല്‍ക്കാരോ ഒന്നുമറിഞ്ഞില്ല. പിറ്റേന്ന് സ്‌കൂള്‍ അസംബ്ലിയില്‍ പ്രധാനാധ്യാപകന്‍ പറഞ്ഞപ്പോഴാണ് ഞങ്ങള്‍ ഇക്കാര്യമറിഞ്ഞത്. പദ്മഭൂഷണും പദ്മവിഭൂഷണും കിട്ടിയപ്പോഴും അച്ഛന്‍ നിസ്സംഗനായിരുന്നു. സംഗീതത്തില്‍മാത്രമായിരുന്നു അച്ഛന്റെ ശ്രദ്ധ. മറ്റൊന്നും അദ്ദേഹത്തിന് വലിയ കാര്യങ്ങളായി തോന്നിയിരുന്നില്ല.''
അത്രയും പറഞ്ഞ് അക്കമഹാദേവി ഒരു കന്നഡ വചനകീര്‍ത്തനം പാടി. ആ സ്വരത്തിലെവിടെയോ മഹാനായ പിതാവിന്റെ ശ്വാസനിശ്വാസങ്ങള്‍ കലര്‍ന്നിരുന്നു; അദൃശ്യമായ അനുഗ്രഹംപോലെ.
കൊച്ചുമകള്‍ ഗംഗ വിവാഹംചെയ്തിരിക്കുന്നത് ധാര്‍വാഡില്‍ ജനിച്ചുവളര്‍ന്ന കോട്ടയംകാരനെയാണ്; മഞ്ജുനാഥ് ആര്‍. പിള്ളൈ. മുത്തച്ഛന്റെ മടിയിലിരുന്ന് കീര്‍ത്തനങ്ങള്‍ പാടിയിരുന്ന തെളിഞ്ഞ ഓര്‍മകള്‍ ഗംഗയിലും മായാതെയുണ്ട്. വീട്ടുമുറ്റത്ത് മല്ലികാര്‍ജുന്റെയും ഭാര്യ ഗംഗമ്മയുടെയും സ്മാരകകുടീരങ്ങളുണ്ട്. അവയ്ക്ക് മുന്നില്‍ കണ്ണടച്ചുനില്‍ക്കുമ്പോള്‍, അകത്ത് ദേശ് രാഗത്തില്‍ മല്ലികാര്‍ജുന്‍ പാടിക്കൊണ്ടേയിരുന്നു.

അന്ന് വൈകുന്നേരം ഹല്‍ഗേരി തടാകതീരത്തുകൂടെ തണുത്ത കാറ്റേറ്റുനടക്കുമ്പോള്‍, പല രാഗങ്ങള്‍ മൂളി തനിച്ച് ഇതേ വഴിയിലൂടെ നടന്നിരുന്ന മല്ലികാര്‍ജുനെ ഓര്‍ത്തു. ആ രാഗങ്ങള്‍ കേട്ട് തടാകം തരംഗിതമായിരിക്കാം. സന്ധ്യ കൂടുതല്‍ സുന്ദരിയായിരിക്കാം. ''പാടുമ്പോള്‍ ഞാന്‍ വെള്ളത്തിലെ മീനിനെപ്പോലെ സുരക്ഷിതനാവുന്നു'' എന്ന് മല്ലികാര്‍ജുന്‍ പറയുന്നത് കേട്ട്, ഈ തടാകത്തിലെ മത്സ്യങ്ങള്‍ മന്ദസ്മിതംകൊണ്ടിരിക്കാം.അങ്ങനെ, ധാര്‍വാഡിന്റെ കാറ്റിലും ജലത്തിലും മരത്തിലും പൂക്കളിലും മഞ്ഞിലും ഇപ്പോഴും മല്ലികാര്‍ജുന്‍ പാടിക്കൊണ്ടേയിരിക്കുന്നു, ഏതേതൊക്കെയോ രാഗങ്ങളില്‍.
Content Highlights: travel memories of Sreekanth kottakkal
Published: 02 Aug 2023, 10:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented