പതിവുപോലെ അന്നും സിറ്റൗട്ടിന്റെ ചാരുപടിയിൽ, സുധീറിന്റെ വരവിനായി അഞ്ജന കാത്തിരുന്നു. കഴിഞ്ഞ പന്ത്രണ്ടു വർഷത്തോളമായി ചില കാത്തിരിപ്പുകളാണല്ലോ അവളുടെ ജീവിതത്തെ മുന്നോട്ടു നയിച്ചുകൊണ്ടിരിക്കുന്നത്. വൈകുന്നേരങ്ങളിൽ മകൻ അഭിഷേക് സ്‌കൂൾ വിട്ട് വരുന്നതും കാത്ത്... ഭർത്താവ് സുധീർ ജോലി കഴിഞ്ഞു വരുന്നതും കാത്ത്... സുധീറിനും അഭിഷേകിനുമൊപ്പം പുറത്ത് കറങ്ങാൻ പോകാൻ കഴിയുന്ന നല്ല നാളുകൾക്കായി കാത്ത്... അവളുടെ കാത്തിരിപ്പുകൾ തുടരുകയാണ്...

To advertise here,

ബന്ധങ്ങൾ, കടമകൾ, കടപ്പാടുകൾ...പ്രപഞ്ചത്തിലെ ജീവജാലങ്ങളിൽ ചില മനുഷ്യരുടെ മേൽ മാത്രമായി അടിച്ചേൽപ്പിക്കപ്പെട്ട അലിഖിത നിയമങ്ങൾ! പുറമെനിന്നും നോക്കുമ്പോൾ മനോഹരമെന്ന് തോന്നുന്ന കുടുംബബന്ധങ്ങൾ പലർക്കും സ്നേഹത്തിന്റെയും കടപ്പാടുകളുടെയും കാരിരുമ്പുവേലികളാൽ വലയം ചെയ്യപ്പെട്ട കാരാഗൃഹങ്ങളാണ്. ബന്ധങ്ങളാൽ വിലങ്ങുതീർത്ത തടവറയിൽനിന്നും ഒളിച്ചോടാൻ കഴിയാതെ, ആർക്കൊക്കെയോ വേണ്ടി ജീവിച്ച്, ആഗ്രഹങ്ങളൊടുങ്ങി മരിക്കാൻ വിധിക്കപ്പെട്ടവരാണ് സ്നേഹത്തടവുകാരിൽ പലരും.    

കർമ്മബന്ധങ്ങളെ കാത്തുസൂക്ഷിക്കാനായി കടമകളിൽ മുഴുകി,  കാലം കഴിച്ചുതീർക്കേണ്ടിവരുമെന്ന ചിന്ത, കഴുത്തിൽ ചുറ്റിയ കരിനാഗം പോലെ അഞ്ജനയെ ഭയപ്പെടുത്തിയിരുന്നു. കൊഴിഞ്ഞുപോയ നല്ല നാളുകളിൽ, വേദനയോടെ കുഴിച്ചുമൂടിയ ആഗ്രഹങ്ങൾ അവളുടെ മനസ്സിനെ അലോസരപ്പെടുത്തി.

ചാരുപടിയിലിരുന്ന് ചിന്തകളിൽ മുഴുകിയിരിക്കുകയായിരുന്ന അഞ്ജനയെ, അകത്തുനിന്നും ലക്ഷ്മിയേടത്തി ഉറക്കെ വിളിച്ചു: 'മോളേ ഒന്നിങ്ങോട്ട് വാ...'
അസ്വസ്ഥമാക്കിക്കൊണ്ടിരുന്ന ചിന്തകൾക്ക് അർദ്ധവിരാമമിട്ട് അഞ്ജന ലക്ഷ്മിയേടത്തിയുടെ അരികിലേക്ക് ഓടിയെത്തി:
''എന്തുപറ്റി അമ്മേ? എന്തിനാ വിളിച്ചത്?''
തന്റെ വലതു കൈകൊണ്ട് സ്വന്തം വയർ തടവി അവർ പറഞ്ഞു:
''അമ്മയ്ക്ക് വയറ്റീന്ന് പോയിട്ടുണ്ട് മോളേ.''
അഞ്ജന ലക്ഷ്മിയേടത്തിയെ ഉടുപ്പിച്ചിരുന്ന ഡയപ്പർ അഴിച്ചുമാറ്റി. അവരുടെ ശരീരത്തിന്റെ പിൻഭാഗം നനഞ്ഞ തുണികൊണ്ടും അതിനുശേഷം ഉണങ്ങിയ തുണികൊണ്ടും വൃത്തിയായി തുടച്ച് പുതിയ ഡയപ്പർ ധരിപ്പിച്ചു. 
അഴിച്ചുമാറ്റിയ ഡയപ്പർ പറമ്പിന്റെ മൂലയിൽ കൊണ്ടുപോയി മണ്ണെണ്ണയൊഴിച്ച് കത്തിച്ച ശേഷം തിരിച്ചുവന്ന് വാഷ്ബേസിനിൽ കൈ കഴുകുമ്പോൾ മുറ്റത്തുനിന്നും സുധീറിന്റെ ബൈക്കിന്റെ ശബ്ദം കേട്ടു. തുവർത്തുമുണ്ടിൽ കൈ തുടച്ച് അവൾ പുറത്തേക്കു വന്നു.
ബൈക്കിന്റെ ഹാൻഡിലിൽ തൂക്കിയിട്ടിരുന്ന പലഹാരത്തിന്റെ കവർ അഞ്ജനയുടെ കൈയിൽ കൊടുക്കുമ്പോൾ സുധീർ ചോദിച്ചു:
''എന്തുപറ്റി അഞ്ജൂ? ഇന്ന് പുറത്തു കണ്ടില്ല, അമ്മക്ക് എന്തെങ്കിലും...''
''ഒന്നുമില്ല സുധിയേട്ടാ, അമ്മയ്ക്ക് ഡയപ്പർ മാറ്റിക്കൊടുക്കുകയായിരുന്നു.''

രാത്രി എല്ലാവരും അത്താഴം കഴിച്ച പാത്രങ്ങൾ കഴുകിവെച്ച്, അടുക്കള വൃത്തിയാക്കിയ ശേഷം അഞ്ജന മുറിയിലേക്ക് വന്നപ്പോൾ സുധീർ ചിന്തയിൽ മുഴുകി കിടക്കുകയായിരുന്നു. 
സുധീറിനരികിലേക്ക് ചെല്ലാതെ, കൈയിലിരുന്ന ടൗവ്വൽ കൊണ്ട് മുഖം തുടച്ച് അവൾ കണ്ണാടിയിൽ നോക്കി. വെറുതെ തലമുടിയിലൂടെ വിരലോടിച്ചപ്പോൾ അവളുടെ കണ്ണുകൾ അറിയാതെ നിറയാൻ തുടങ്ങി.
''മുടിയിഴകളിൽ കൂടുതലെണ്ണം നരച്ചിരിക്കുന്നു!'' 
ആർക്കുവേണ്ടിയും കാത്തുനിൽക്കാതെ കടന്നുപോകുന്ന കാലപ്രവാഹത്തിന്റെ കുത്തൊഴുക്കിൽ, തന്റെ യൗവ്വനം അകാല വാർദ്ധക്യത്തിലേക്ക് വഴിമാറുന്നതായി അവൾ പേടിച്ചു. കടുത്ത മനോവേദനയോടെ കട്ടിലിന്റെ ഒരു കോണിൽ വന്നിരുന്ന് കൈയിലിരുന്ന തുണികൊണ്ട് അവൾ കണ്ണുകൾ അമർത്തി തുടച്ചു.
അഞ്ജന വിതുമ്പുന്ന ശബ്ദം കേട്ടപ്പോൾ സുധീർ ചോദിച്ചു: ''എന്തുപറ്റി അഞ്ജൂ, എന്തിനാ കരയുന്നത്?''

സുധീറിന്റെ ചോദ്യം കേട്ടപ്പോൾ അഞ്ജനയുടെ ഉള്ളിലുള്ള അമർഷം പതഞ്ഞുപൊങ്ങി. മനസ്സിനുള്ളിലൊരുപാടു നാളായി അടക്കിപ്പിടിച്ചിരുന്ന വിങ്ങലുകൾ, വേദനയുള്ള വാക്കുകളായി പുറത്തുവന്നു:
''സുധിയേട്ടന് ഒന്നും അറിയേണ്ട, രാവിലെ ഓഫീസിൽ പോയാൽ, സുഹൃത്തുക്കളോട് സംസാരിച്ചിരിക്കാം, വൈകുന്നേരം വീട്ടിലെത്തിയാൽ ഭക്ഷണം കഴിച്ച് സ്വസ്ഥമായി കിടന്നുറങ്ങാം. എന്റെ വിഷമമൊന്നും സുധിയേട്ടന് അറിയേണ്ടല്ലോ? എനിക്കു മടുത്തു സുധിയേട്ടാ. ഞാനെന്തിനാ ജീവിക്കുന്നത്, സുധിയേട്ടന്റെ അമ്മയെ നോക്കാനോ? നിങ്ങൾക്കൊക്കെ വെച്ചുവിളമ്പിത്തരാനോ? എനിക്കും എല്ലാരേയും പോലെ ജീവിക്കേണ്ടേ?''

സുധീർ എഴുന്നേറ്റ്, അഞ്ജനയുടെ അടുത്തു വന്നിരുന്ന് ചോദിച്ചു: ''ഞാനിപ്പോ എന്താ ചെയ്യേണ്ടത് അഞ്ജൂ?''
അഞ്ജന കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു: ''എനിക്ക് ഒരുപാട് ആഗ്രഹങ്ങളൊന്നുമില്ല സുധിയേട്ടാ, മോന്റെയും സുധിയേട്ടന്റെയും കൂടെ ആഴ്ചയിലൊരിക്കൽ പുറത്തുപോണം, അതുമതി.''
അഞ്ജനയുടെ വിഷമം കേട്ടപ്പോൾ മറുപടി പറയാൻ പറ്റാതെ സുധീർ കുറച്ചുനേരത്തേക്ക് നിശ്ശബ്ദനായി. ഒടുവിൽ അയാൾ പറഞ്ഞു: ''നമ്മളെന്താ ചെയ്യ്വാ അഞ്ജൂ, ഒരു ഭാഗം കുഴഞ്ഞുകിടക്കുന്ന അമ്മയെ ഒറ്റയ്ക്കാക്കി നമ്മൾ എങ്ങിനെയാ പുറത്തു പോകുന്നത്. കണ്ണുകാണാതെ തപ്പിപ്പിടിച്ച് എണീക്കാൻ നോക്കുമ്പോൾ താഴെ വീണ് അമ്മയ്ക്കെന്തെങ്കിലും പറ്റിയാലോ?''

കുറച്ചുനേരത്തേക്ക് മുറിയിലാകെ നിശ്ശബ്ദത തളം കെട്ടിനിന്നു. ഒടുവിൽ സുധീർ ഇത്രയുംകൂടി പറഞ്ഞൊപ്പിച്ചു: 
''ഞാൻ ശ്രമിക്കാഞ്ഞിട്ടല്ല അഞ്ജൂ. ഹോം നഴ്സിനെപ്പറ്റി അന്വേഷിച്ചിരുന്നു. പക്ഷേ, അവർക്ക് ഇരുപതിനായിരവും ഇരുപത്തിയയ്യായിരവുമൊക്കെ കൊടുക്കേണ്ടിവരും. ലോണുകളുടെ പിടുത്തം കഴിഞ്ഞാൽ അത്രയൊക്കെയേ ശമ്പളത്തിൽ ബാക്കി കാണൂ, അത് ഹോം നഴ്സിന് കൊടുത്താൽ പിന്നെ നമ്മളെങ്ങനെ ജീവിക്കും.''

തന്റെ ആഗ്രഹങ്ങൾക്ക് പൂർണ്ണവിരാമമിടുന്ന മറുപടി സുധീറിൽനിന്നുണ്ടായപ്പോൾ അഞ്ജന നിരാശയോടെ പറഞ്ഞു: 'സുധിയേട്ടൻ വിഷമിക്കേണ്ട, ഞാനിതൊക്കെ സുധിയേട്ടനോടല്ലാതെ ആരോടാ പറയ്വാ. എല്ലാം വിധിയെന്നു കരുതി ഞാനിങ്ങനെതന്നെ ജീവിച്ചുതീർത്തോളാം.'
പിന്നീടൊന്നും പറയാതെ സുധീർ തിരിഞ്ഞുകിടന്നു. അതു കണ്ടപ്പോൾ അഞ്ജനയ്ക്ക് ദേഷ്യംവന്നു: ''ഞാനെന്തെങ്കിലും വിഷമം പറഞ്ഞാൽ തിരിഞ്ഞു കിടക്കും, സുധിയേട്ടന്റെ സാമർത്ഥ്യമാണത്.''

സ്വാർത്ഥരാണ് ചില മനുഷ്യരെന്ന് അഞ്ജനയ്ക്ക് തോന്നി. സന്തോഷിപ്പിച്ചാൽ മാത്രം സ്നേഹിക്കുന്നവർ! താൻ അമ്മയെ ശുശ്രൂഷിക്കുന്നതുകൊണ്ടും വീട്ടിലെ കാര്യങ്ങൾ ഭംഗിയായി നോക്കുന്നതുകൊണ്ടും മാത്രമാണ് സുധിയേട്ടൻ പോലും തന്നെ ഇത്രയധികം സ്നേഹിച്ചിരുന്നതെന്നോർത്തപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. കാത്തുനിൽക്കാതെ കാലം അതിന്റെ പ്രയാണം തുടർന്നുകൊണ്ടേയിരുന്നു. ദിവസങ്ങൾ പിന്നെയും കടന്നുപോയി... 

ഒരു ദിവസം പതിവുപോലെ അഭി സ്‌കൂളിൽനിന്ന് വരുന്നതും കാത്തിരിക്കുകയായിരുന്നു അഞ്ജന. അപ്പോഴാണ്  അയൽവാസിയായ സൗമ്യ, വീട്ടിലേക്ക് കയറിവന്നത്. വന്നപാടെ അവൾ പറഞ്ഞു: ''അഞ്ജൂ, ഞങ്ങളൊന്ന് നാട്ടിൽ പോവ്വാണ്, രണ്ടുദിവസം കഴിഞ്ഞേ വരൂ. ടൈഗറിന് നീ ചോറു കൊടുക്കണം. ഇതാ വീടിന്റെ താക്കോൽ.''
താക്കോൽ കൈമാറുന്നതിനിടയിൽ സൗമ്യ പറഞ്ഞു: ''നിന്റെ കാര്യം ആലോചിക്കുമ്പോൾ വിഷമം തോന്നുകയാ അഞ്ജൂ, വീട്ടിൽനിന്നും പുറത്തിറങ്ങാതെ എത്ര കാലംന്ന് വെച്ചാ ഇങ്ങനെ ജീവിക്ക്വാ.''

താക്കോൽ വാങ്ങി ടിവി സ്റ്റാൻഡിൽ വെച്ചശേഷം അഞ്ജന മറുപടി പറഞ്ഞു: ''എല്ലാം വിധിയാണ് സൗമ്യേ. അഭിക്ക് പതിനഞ്ചു വയസ്സായി. അവന് ഓർമ്മവെച്ച ശേഷം ഞങ്ങൾ ഒന്നിച്ച് പുറത്തുപോയിട്ടില്ല. ഞങ്ങളുടെ കൂടെ സിനിമയ്ക്കും ബീച്ചിലുമൊക്കെ വരാൻ അവനും ആഗ്രഹമുണ്ട്. ഇപ്പോഴല്ലാതെ പിന്നെപ്പോഴാ ഞങ്ങൾ ഒന്നിച്ച് പുറത്തുപോവുക?''
സൗമ്യ അഞ്ജനയെ സമാധാനിപ്പിച്ചു: ''സാരമില്ല അഞ്ജൂ, നിനക്കും ഒരു നല്ല സമയം വരാതിരിക്കില്ല, നിനക്ക് പുറത്തു പോകണമെങ്കിൽ സുധീറേട്ടന്റെ ബന്ധുക്കളോടാരോടെങ്കിലും വരാൻ പറഞ്ഞൂടെ?''

സൗമ്യ പറഞ്ഞതു കേട്ടപ്പോൾ അഞ്ജനയ്ക്ക് ചിരി വന്നു. അവൾ പറഞ്ഞു: 'ബന്ധുക്കൾ... ആദ്യമൊക്കെ എല്ലാവരും വരുമായിരുന്നു. ഇപ്പോ ആർക്കും സമയമില്ലാതായി. എന്തിനധികം പറയുന്നു, സുധിയേട്ടന്റെ ചേച്ചി ബാംഗ്ലൂരിൽ കുടുംബമായി താമസിക്കുന്നുണ്ട്. വല്ലപ്പോഴുമൊരിക്കൽ വരും. നിക്കാനൊന്നും സമയണ്ടാവില്ല. വന്ന അന്നുതന്നെ അമ്മയുടെ കൈയിൽ പൈസയെന്തെങ്കിലും വച്ചുകൊടുത്തിട്ട് അവര് പോകും, അത്രയ്ക്ക് തെരക്കാണ് ചേച്ചിക്കും ഭർത്താവിനും. പക്ഷേ, ടൂറ് പോയതിന്റെയും പാർട്ടികൾക്ക് പങ്കെടുത്തതിന്റെയുമൊക്കെ ഫോട്ടോകൾ 'ഇൻസ്റ്റ'യിൽ  കാണാം. അതിലൊരു ദിവസമെങ്കിലും അമ്മയുടെ കൂടെ നിന്നിരുന്നെങ്കിൽ അമ്മയ്ക്കും സന്തോഷമാവും ഞങ്ങൾക്കൊരാശ്വാസമാവുകയും ചെയ്യുമായിരുന്നു.''

ഒരു ദീർഘനിശ്വാസത്തിനൊടുവിൽ അഞ്ജന തുടർന്നു: ''പിന്നൊരു കാര്യമുണ്ട്. വല്ലപ്പോഴുമൊക്കെ അമ്മയെ കാണാൻ ചേച്ചി വീഡിയോകോൾ ചെയ്യും. ചിലപ്പോഴൊന്നും ഞാൻ എടുക്കാറില്ല. എനിക്കാ കോൾ കാണുമ്പോൾ കലിയാണ്. എല്ലാവർക്കും അവരവരുടെ സന്തോഷങ്ങൾ മാത്രമേയുള്ളൂ സൗമ്യേ, ഞാനിവിട്യെങ്ങന്യാ ജീവിക്കുന്നതെന്ന് ആർക്കും അറിയണ്ട.''

അഞ്ജനയുടെയും സൗമ്യയുടെയും സംസാരം അകത്തു കിടക്കുന്ന ലക്ഷ്മിയേടത്തി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അഞ്ജന അവളുടെ വിഷമം പറഞ്ഞത് കേട്ടപ്പോൾ ലക്ഷ്മിയേടത്തി സ്വയം ശപിച്ചു. ശരീരം തളർന്ന്, കണ്ണുകൾക്ക് കാഴ്ചയില്ലാത്ത താൻ മറ്റുള്ളവർക്ക് ഭാരമാകുന്നതോർത്തപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു. തനിക്കോ മറ്റുള്ളവർക്കോ ഉപകാരമില്ലാത്ത ശരീരവും പേറി ജീവിക്കുന്നതിലും നല്ലത് എത്രയും പെട്ടെന്ന് മരിക്കുന്നതാണെന്ന് അവർക്ക് തോന്നി. അവർ ദൈവത്തോട് ഉള്ളുരുകി പ്രാർത്ഥിച്ചു: 'ഈശ്വരാ, ആർക്കും ഉപകാരമില്ലാത്ത എന്നെ എന്തിനിങ്ങനെ പരീക്ഷിക്കുന്നു. ഇനീം ആരേം ബുദ്ധിമുട്ടിക്കാതെ അങ്ങോട്ട് വിളിച്ചൂടെ.'

ഒടുവിൽ, മനസ്സിൽ എന്തോ തീരുമാനിച്ചുറപ്പിച്ചുകൊണ്ട് അവർ, സ്വാധീനമുള്ള തന്റെ വലത്തേ കൈകൊണ്ട് തൊട്ടടുത്ത മേശയുടെ മുകൾഭാഗത്ത്, മൂർച്ചയുള്ള എന്തിനെങ്കിലും വേണ്ടി തിരഞ്ഞു. പക്ഷേ, തിരച്ചിലിന്റെ വെപ്രാളത്തിൽ അവരുടെ കൈ തട്ടി വെള്ളം നിറച്ചുവെച്ച സ്റ്റീൽജഗ് താഴേക്കു മറിഞ്ഞുവീണു. 

സൗമ്യ യാത്ര പറഞ്ഞിറങ്ങിയ ശേഷം പതിവുപോലെ തന്റെ കാത്തിരിപ്പു തുടരുകയായിരുന്ന അഞ്ജന, എന്തോ നിലത്തുവീഴുന്ന ശബ്ദം കേട്ട് അകത്തേക്കോടി. അകത്തെത്തിയപ്പോൾ ലക്ഷ്മിയേടത്തിയുടെ കട്ടിലിനുതാഴെ, വെള്ളം നിറച്ചുവെച്ച സ്റ്റീൽ ജഗ് വീണുകിടക്കുന്നത് കണ്ട് അവൾ ചോദിച്ചു: ''എന്തുപറ്റി അമ്മേ, വെള്ളത്തിന്റെ പാത്രമെങ്ങിനെയാണ് നിലത്തുവീണത്.''
ലക്ഷ്മിയേടത്തി പരിഭ്രമിച്ചുകൊണ്ട് പറഞ്ഞു: ''ഞാൻ... ഞാൻ... വെള്ളം കുടിക്കാൻ വേണ്ടി തപ്പിയപ്പോൾ കൈ തട്ടി പാത്രം മറിഞ്ഞതാണ് മോളേ.''

നിലത്തുവീണ ജഗ് എടുത്തുവെച്ച്, പഴയ തുണികൊണ്ട് നിലം തുടച്ച ശേഷം അഞ്ജന പറഞ്ഞു: ''അമ്മയ്ക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചാ പോരേ, ഞാനെടുത്തുതരില്ലേ?'' പുതപ്പിന്റെ അറ്റം കൊണ്ട് മുഖം തുടച്ച ശേഷം ലക്ഷ്മിയേടത്തി പറഞ്ഞു: ''മോള് ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. എന്തെങ്കിലുമൊക്കെ ചെയ്താൽ മോക്ക് ഒരാക്കാവ്വല്ലോന്നു കരുതി. അമ്മ ദൈവത്തിനോട് ദെവസോം പ്രാർത്ഥിക്കുന്നുണ്ട്, ഈ ജീവിതൊന്ന് അവസാനിപ്പിച്ചുകിട്ടാൻ. പടച്ചോനും കണ്ണുകാണാതായാ എന്താ ചെയ്യ്വാ.''

താൻ സൗമ്യയോട് സംസാരിച്ചത് അമ്മ കേട്ടുവെന്ന് അഞ്ജനയ്ക്ക് ഉറപ്പായി. മേശപ്പുറത്തടുക്കിവെച്ചിരുന്ന സാധനങ്ങൾ സ്ഥാനംതെറ്റിക്കിടക്കുന്നത് കണ്ടപ്പോൾ, അമ്മ പരതിയത് വെള്ളത്തിനുവേണ്ടിയായിരിക്കില്ലെന്ന് അവൾക്കു തോന്നി. ചില നശിച്ച സമയങ്ങളിൽ താനും അമ്മയുടെ മരണം കൊതിച്ചിരുന്നുവല്ലോയെന്നോർത്തപ്പോൾ അഞ്ജനയുടെ കണ്ണുകൾ നിറഞ്ഞു. അവൾ ലക്ഷ്മിയേടത്തിയുടെ കൈകൾ മുറുകെ പിടിച്ചുകൊണ്ട് പറഞ്ഞു:
''അമ്മ വേണ്ടാത്തതൊന്നും ചിന്തിക്കണ്ട. എന്താവശ്യണ്ടെങ്കിലും എന്നെ വിളിച്ചാ മതി. എനിക്ക് ബുദ്ധിമുട്ടൊന്നുല്ല്യ. എനിക്കിവിടെ വേറെ പണ്യൊന്നും ഇല്ലല്ലോ.'' ലക്ഷ്മിയേടത്തിയുടെ മുഖത്തെ പരിഭ്രമംകണ്ട് പന്തികേടു തോന്നിയ അഞ്ജന, അന്നത്തെ കാത്തിരിപ്പുകൾക്ക് അവധി കൊടുത്ത് അവർക്കരികിലിരുന്നു.

അടുത്ത ദിവസം വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ, സുധീറിന്റെ മുഖത്ത് ഒരു നേരിയ പുഞ്ചിരി ഉണ്ടായിരുന്നു. പതിവുപോലെ ബൈക്കിൽനിന്നും കവർ എടുത്തുകൊടുക്കുമ്പോൾ അയാൾ പറഞ്ഞു: ''അഞ്ജൂ, നിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ഒരു ചെറിയ ശ്രമം ഞാൻ നടത്തി. ഞായറാഴ്ചകളിൽ അമ്മയെ നോക്കാൻ ഒരാളെ വേണമെന്ന് ഞാൻ പത്രത്തിൽ പരസ്യം കൊടുത്തു.'' 
സുധീറിന്റെ കൂടെ അകത്തേക്ക് നടക്കുമ്പോൾ അഞ്ജന പറഞ്ഞു: ''ഞായറാഴ്ച മാത്രമായിട്ട് ആരെങ്കിലും വരുമെന്ന് തോന്നുന്നില്ല സുധിയേട്ടാ.''

''നമുക്ക് കാത്തിരിക്കാം അഞ്ജൂ. തയ്യാറുള്ളവർക്ക് ഒരു ദിവസത്തേക്ക് ആയിരം രൂപ കൊടുക്കാമെന്ന് പരസ്യത്തിൽ കൊടുത്തിട്ടുണ്ട്. ആരെങ്കിലും വന്നാൽ നമ്മൾ രക്ഷപ്പെട്ടു. പിന്നൊരു കാര്യം, ഓഫീസ്ടൈമിൽ കോളുകൾ എടുക്കാൻ ബുദ്ധിമുട്ടായതുകൊണ്ട് നിന്റെ നമ്പറാണ് കൊടുത്തിരിക്കുന്നത്. ഫോൺ വന്നാൽ നീ അറ്റൻഡ് ചെയ്യണം.''

അടുത്ത രണ്ടു ദിവസങ്ങളിൽ അഞ്ജന, പ്രതീക്ഷയോടെ ഫോൺകോളിനായി കാത്തിരുന്നെങ്കിലും ആരും വിളിച്ചില്ല. മൂന്നാമത്തെ ദിവസം രാവിലെ അവളുടെ ഫോണിലേക്ക് പരിചയമില്ലാത്ത നമ്പറിൽനിന്ന് ഒരു കോൾ വന്നു. ഫോണെടുത്തപ്പോൾ മറുഭാഗത്തുനിന്നും യുവതിയുടേത് എന്നു തോന്നിക്കുന്ന ഒരു സ്ത്രീശബ്ദം: ''ഹലോ എന്റെ പേര് ദിവ്യ, നിങ്ങളുടെ അമ്മയെ നോക്കാൻ ആളെ വേണമെന്ന്, പത്രത്തിൽ പരസ്യം കണ്ട് വിളിക്കുകയാണ്. നിങ്ങൾ പറഞ്ഞ ജോലിക്ക് ഞാൻ തയ്യാറാണ്. നിങ്ങൾക്ക് വിരോധമില്ലെങ്കിൽ ഇന്ന് ഉച്ചയ്ക്കു ശേഷം ഞാൻ നിങ്ങളുടെ വീട്ടിലേക്ക് വരാം. ബാക്കി കാര്യങ്ങൾ നമുക്ക് അവിടെവെച്ച് സംസാരിക്കാം.''
 മറുവശത്തെ സ്ത്രീശബ്ദത്തിലെ ആത്മവിശ്വാസവും ദൃഢനിശ്ചയവും കേട്ട് അഞ്ജന ആദ്യമൊന്നു പകച്ചെങ്കിലും അവൾ ദിവ്യയ്ക്ക് വീട്ടിലേക്ക് വരാനുള്ള സമ്മതം കൊടുത്തു.

അന്നുച്ചയ്ക്കു ശേഷം അഞ്ജനയുടെ ആദ്യത്തെ കാത്തിരിപ്പ് ദിവ്യക്ക് വേണ്ടിയായിരുന്നു. ചാരുപടിയിൽ കുറച്ചുനേരം കാത്തിരുന്നപ്പോൾ, തന്നെക്കാൾ രണ്ടോ മൂന്നോ വയസ്സ് കുറവു തോന്നിക്കുന്ന ഒരു യുവതി ഗേറ്റുകടന്നു വരുന്നത് അഞ്ജന കണ്ടു. അവൾക്ക് ആളെ മനസ്സിലായി. ദിവ്യ സിറ്റൗട്ടിനടുത്തെിയപ്പോൾ അഞ്ജന അവളെ അകത്തേക്ക് ക്ഷണിച്ചു: ''ദിവ്യയല്ലേ, അകത്തേക്ക് വാ, നമുക്ക് അകത്തിരുന്ന് സംസാരിക്കാം.''

രണ്ടുപേരും ഡൈനിങ് ഹാളിൽ ഇരുന്ന് സംസാരിക്കാൻ തുടങ്ങുമ്പോൾ ലക്ഷ്മിയേടത്തി വിളിച്ചുചോദിച്ചു: ''ആരാ മോളേ വന്നത്?''
അഞ്ജന  ദിവ്യയെയും കൂട്ടി ലക്ഷ്മിയേടത്തിയുടെ മുറിയിലെത്തി അവളെ പരിചയപ്പെടുത്തി: ''അമ്മേ ഇത് ദിവ്യ. ഞായറാഴ്ചകളിൽ മാത്രം അമ്മയെ നോക്കാൻ ഒരാളെ വേണമെന്ന് സുധിയേട്ടൻ പരസ്യം കൊടുത്തിട്ട് വന്നതാണ്.''
ലക്ഷ്മിയേടത്തി, ശബ്ദം കേട്ട ഭാഗത്തേക്ക് കൈ നീട്ടിയപ്പോൾ, ദിവ്യ അവരുടെ കൈ തന്റെ രണ്ടു കൈകൾകൊണ്ടും കൂട്ടിപ്പിടിച്ച് പറഞ്ഞു: ''അമ്മേ, ഇനി എല്ലാ ഞായറാഴ്ചയും ഞാനുണ്ടാകും അമ്മയുടെ കൂടെ, അമ്മയുടെ മോളായി. അമ്മയ്ക്ക് എന്താവശ്യണ്ടെങ്കിലും സ്വന്തം മോളെപ്പോലെ എന്നോടു പറയാം.''

ദിവ്യയുടെ സംസാരം ലക്ഷ്മിയേടത്തിക്ക് വല്ലാതെ ഇഷ്ടമായി. അവളുടെ കൈയിൽ തലോടിക്കൊണ്ട് അവർ ചോദിച്ചു: ''മോളുടെ വീടെവിടെയാ? മോൾക്ക് ആരൊക്കെയുണ്ട്?''
ലക്ഷ്മിയേടത്തിയുടെ കൈകൾ മുറുകെ പിടിച്ചുകൊണ്ട് ദിവ്യ പറഞ്ഞു: ''ഞാനിവിടെ അടുത്തുതന്നെയാണ് അമ്മേ. വീട്ടിൽ ഭർത്താവും പത്തിൽ പഠിക്കുന്ന മോളുമുണ്ട്. അമ്മയെ അജയേട്ടന് നല്ല പരിചയമുണ്ട്. അമ്മയെ നോക്കാനാണെന്ന് പറഞ്ഞപ്പോൾ അജയേട്ടൻ എതിർത്തൊന്നും പറഞ്ഞില്ല.''

ദിവ്യ അവളുടെ കുടുംബത്തെപ്പറ്റി പറഞ്ഞപ്പോൾ അഞ്ജന ചോദിച്ചു: ''ദിവ്യയുടെ ഭർത്താവിന് എന്താ ജോലി.''

കുറച്ചു നേരത്തെ മൗനത്തിനു ശേഷം ദിവ്യ പറഞ്ഞു: ''ഇപ്പോൾ ജോലിക്കൊന്നും പോകുന്നില്ല ചേച്ചീ. രണ്ടുവർഷം മുമ്പ് മരത്തിൽനിന്നും വീണ് അരയ്ക്ക് താഴെ തളർന്നു കിടക്കുകയാണ്.''

കുറച്ചു നേരത്തേക്ക് ആരും ഒന്നും സംസാരിച്ചില്ല. നിശ്ശബ്ദതയ്ക്ക് വിരാമമിട്ട് അഞ്ജന ചോദിച്ചു: ''അപ്പോ ഞായറാഴ്ച നീ ഇവിടെ വന്നാൽ ഭർത്താവിനെ ആരാ നോക്കുന്നത്.''
ഒരു ചെറിയ പുഞ്ചിരിയോടെ ദിവ്യ പറഞ്ഞു: ''അതു പേടിക്കേണ്ട ചേച്ചീ, മോൾക്ക് ഞായറാഴ്ച ലീവല്ലേ അവളുടെ അച്ഛനെ അവൾ നോക്കിക്കൊള്ളും.''
സംശയം തീരാതെ അഞ്ജന പിന്നെയും ചോദിച്ചു: ''നിങ്ങൾക്കു രണ്ടുപേർക്കും ബന്ധുക്കളാരുമില്ലേ?''

കുറച്ചുനേരം ചിന്തിച്ച ശേഷം പഴയ കഥകൾ ഓർത്തെടുത്ത് ദിവ്യ പറഞ്ഞു: ''ഞങ്ങളുടേത് വീട്ടുകാർക്കിഷ്ടമില്ലാത്ത വിവാഹമായിരുന്നു ചേച്ചീ, അജയേട്ടൻ ഒരു കൂലിപ്പണിക്കാരനായിരുന്നു. ഞങ്ങളുടെ അടുത്ത വീട്ടിൽ മതിൽ കെട്ടാൻ വന്നപ്പോഴാണ് ഞാൻ അജയേട്ടനുമായി പരിചയത്തിലാവുന്നത്. അടുത്തുകഴിഞ്ഞപ്പോൾ രണ്ടുപേർക്കും പിരിയാൻ പറ്റാതായി. പക്ഷേ, കൂലിപ്പണിക്കാരനായതുകൊണ്ടും മദ്യപിക്കുന്നതുകൊണ്ടും എന്റെ വീട്ടുകാർക്ക് അജയേട്ടനെ തീരെ താല്പര്യമില്ലായിരുന്നു. ഒടുവിൽ വീട്ടുകാരെ ധിക്കരിച്ച് എനിക്ക് അജയേട്ടനൊപ്പം ഒളിച്ചോടേണ്ടി വന്നു. അതിന്റെ നാണക്കേടുമൂലം എന്റെ വീട്ടുകാരും ബന്ധുക്കളും എന്നെ വെറുത്തു. പിന്നീടാരും എന്നെ തിരക്കി വന്നിട്ടില്ല.''

ദിവ്യയെപ്പറ്റി കൂടുതലറിയാനുള്ള താൽപ്പര്യത്തിൽ അഞ്ജന ചോദിച്ചു: ''ഭർത്താവിന്റെ വീട്ടുകാരൊന്നും വരാറില്ലേ?'
ദിവ്യ പറഞ്ഞു: ''ഞാൻ താഴ്ന്ന ജാതിയിൽ പെട്ട ആളായതുകൊണ്ട് അജയേട്ടന്റെ വീട്ടുകാർക്കും കുടുംബക്കാർക്കും ഈ ബന്ധം ഇഷ്ടമല്ല ചേച്ചീ. ഏട്ടന്റെ അച്ഛനും അമ്മയും ആദ്യമൊക്കെ ആരുമറിയാതെ ഞങ്ങളെ കാണാൻ വരാറുണ്ടായിരുന്നു. അച്ഛൻ മരിച്ചതിനുശേഷം അജയേട്ടന്റെ ബന്ധുക്കൾ അമ്മയെ വിടാതായി. ഇപ്പോൾ ആരുടെയും സഹായമില്ലാതെയാണ് ഞങ്ങൾ മൂന്നുപേരും കഴിയുന്നത്.''

ദിവ്യയുടെ കഥ കേട്ടപ്പോൾ അഞ്ജനയുടെ മുഖം വല്ലാതായി. അവൾ വിഷമത്തോടെ പറഞ്ഞു: ''ഞാൻ വിചാരിച്ചു ഞാനാണ് ഏറ്റവും കൂടുതൽ ത്യാഗം ചെയ്യുന്നതെന്ന്. ദിവ്യയുടെ കഥ കേട്ടപ്പോൾ നീയനുഭവിക്കുന്നതിന്റെ നൂറിലൊന്ന് ബുദ്ധിമുട്ട് എനിക്കില്ലെന്ന് മനസ്സിലായി. ഒന്നുമില്ലെങ്കിലും എന്റെ കൂടെ എല്ലാറ്റിനും സുധിയേട്ടനുണ്ടല്ലോ?''

ദിവ്യ ചിരിച്ചുകൊണ്ട് പറഞ്ഞു: ''എന്തു ത്യാഗവും ബുദ്ധിമുട്ടും ചേച്ചീ, സ്വന്തമല്ലാത്ത ആർക്കൊക്കെയോ വേണ്ടി ജീവിച്ചു മരിച്ച ഒരുപാടാൾക്കാരുണ്ടായിരുന്നില്ലേ നമ്മുടെ നാട്ടിൽ, അതൊക്കെ നോക്കുമ്പോൾ നമ്മൾ ഏറ്റവും പ്രിയപ്പെട്ടവർക്കു വേണ്ടിയല്ലേ ജീവിക്കുന്നത്. അതിൽ സന്തോഷിക്കുകയല്ലേ വേണ്ടത്?''
ആത്മവിശ്വാസവും പക്വതയും കലർന്ന ദിവ്യയുടെ സംസാരം കേട്ടപ്പോൾ അഞ്ജനയ്ക്ക് അവളെ വല്ലാതെ ഇഷ്ടമായി. അവളുടെ വലിയ മനസ്സിനു മുന്നിൽ താൻ വല്ലാതെ ചെറുതാകുന്നതുപോലെ അഞ്ജനയ്ക്ക് തോന്നി. 

കുറച്ചുനേരത്തെ മൗനത്തിനുശേഷം ദിവ്യ പറഞ്ഞു: ''ചേച്ചിക്കറിയ്വോ, ആരോഗ്യമുള്ള സമയത്ത് അജയേട്ടൻ എന്നെ പൊന്നുപോലെയാ നോക്കിക്കൊണ്ടിരുന്നത്. ഞാനും മോളും നല്ല നിലയിൽ ജീവിക്കാൻ വേണ്ടി അജയേട്ടൻ കുടി നിർത്തി. കിട്ടുന്ന ജോലികൾക്കെല്ലാം പോയിത്തുടങ്ങി. അങ്ങനെയാണ് ഒരു മുൻപരിചയവുമില്ലാതെ മരം മുറിക്കുന്നവരുടെ കൂടെ പോയത്. അന്ന്  വീണതാണ് പിന്നെ എണീറ്റിട്ടില്ല. പക്ഷേ, എനിക്കുറപ്പാണ്, എന്റെ അജയേട്ടൻ പഴയപോലെ എണീറ്റു നടക്കും. അതിന് കുറച്ച് പൈസ ചെലവാകുമെന്ന് വൈദ്യർ പറഞ്ഞിട്ടുണ്ട്. അതിനുള്ള ഓട്ടത്തിലാണ് ഞാൻ. വീട്ടിൽ ഒരു തയ്യൽ മെഷീനുണ്ട്. വീടിനടുത്തുള്ളവർക്ക് ചുരിദാറും മാക്സിയും തയ്ച്ചുകൊടുത്താണ് ഞങ്ങൾ ജീവിക്കുന്നത്. അപ്പോഴാണ് പത്രത്തിലെ പരസ്യം കാണുന്നത്. അതു കണ്ടപ്പോൾ ഒരുപാട് സന്തോഷമായി ചേച്ചീ, മാസം നാലായിരം രൂപ കിട്ടുമല്ലോ?''

അഞ്ജനയോട് യാത്രപറഞ്ഞിറങ്ങുമ്പോൾ ദിവ്യ പറഞ്ഞു: ''ചേച്ചീ ഞാൻ ഞായറാഴ്ച രാവിലെ ഒമ്പതുമണിക്ക് മുമ്പു വരാം. പറ്റുമെങ്കിൽ ഇരുട്ടുന്നതിനു മുമ്പ് വീട്ടിൽ പോകാൻ സമ്മതിക്കണം.''
ദിവ്യ യാത്രപറഞ്ഞിറങ്ങിയപ്പോൾ അഞ്ജനയ്ക്ക് വല്ലാത്ത വിഷമം തോന്നി. കുറച്ചുസമയത്തെ ഇടപഴകലുകൾ കൊണ്ട്, ഒരായുസ്സിന്റെ ആത്മബന്ധം ദിവ്യയുമായിട്ടുണ്ടെന്ന് അഞ്ജനയ്ക്ക് തോന്നി. അവളുടെ സാന്നിദ്ധ്യം അഞ്ജനയുടെ മനസ്സിന്റെ വരണ്ട പ്രതലങ്ങളിൽ തെളിനീരായി പരന്നൊഴുകിയിരുന്നു. അവളവിടെ സ്നേഹത്തിന്റെയും ആത്മവിശ്വാസത്തിന്റെയും വിത്തുകൾ പാകിയിരുന്നു. തന്നെ അലട്ടിക്കൊണ്ടിരിക്കുന്ന അസ്വസ്ഥചിന്തകളുടെ മാറാപ്പുകൾ ഇറക്കിവെക്കാനൊരിടം കിട്ടിയ സന്തോഷത്തിൽ അഞ്ജന പതിവു ജോലികളിൽ മുഴുകി.

പിന്നീടുള്ള രണ്ടു ദിവസങ്ങൾ അവൾക്ക് മറ്റൊരു കാത്തിരിപ്പിന്റേതായിരുന്നു. നല്ലൊരു ഞായറാഴ്ചയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പ്... ഒടുവിൽ ഞായറാഴ്ച നേരം പുലർന്നു! പതിവിലും നേരത്തെ അഞ്ജന ഉറക്കമുണർന്നു. അന്നത്തെ പ്രഭാതത്തിന് പതിവിലേറെ സൗന്ദര്യമുള്ളതായി അവൾക്കു തോന്നി. വരാനുള്ള നല്ല നിമിഷങ്ങളെപ്പറ്റി ചിന്തിച്ചപ്പോൾ, അവളുടെ മനസ്സ് കൂടുതൽ ചെറുപ്പമായി. ഒരു കൗമാരക്കാരിയുടെ ചുറുചുറുക്കോടെ അവൾ വീട്ടുജോലികളിൽ മുഴുകി.
രാവിലെ ഒമ്പതുമണിക്ക് മുമ്പുതന്നെ ദിവ്യ ജോലിക്കെത്തി. വന്നയുടനെ അവൾ പോയത് ലക്ഷ്മിയേടത്തിയുടെ അടുത്തേക്കാണ്. അവർ തമ്മിലുള്ള സംസാരം കഴിഞ്ഞപ്പോൾ അഞ്ജന, ദിവ്യയെ അവളുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവളെ കട്ടിലിലിരുത്തിയശേഷം കണ്ണാടിയിൽ നോക്കിക്കൊണ്ട് പറഞ്ഞു: ''നിനക്ക് ആദ്യം ഞാൻ ഒരു ചെറിയ ജോലി തരാം. എന്റെ കുറച്ചു മുടിയിഴകൾ നരച്ചിട്ടുണ്ട്. അതൊന്ന് പിഴുതുതരണം.''
ദിവ്യ ചിരിച്ചുകൊണ്ട് പറഞ്ഞു: ''അതിന്റെ ആവശ്യമൊന്നുമില്ല ചേച്ചീ, ഞാൻ കഴിഞ്ഞ ദിവസം കണ്ടതിൽനിന്നും ചേച്ചിക്ക് ഒരുപാടു മാറ്റങ്ങൾ വന്നിട്ടുണ്ട്. മനസ്സിനു സന്തോഷം വന്നപ്പോൾ ചേച്ചിക്ക് മൂന്നാലു വയസ്സു കുറഞ്ഞപോലെ തോന്നുന്നു.''
അഞ്ജനയുടെ തലയിലെ നരച്ച മുടികൾ പറിച്ച ശേഷം ദിവ്യ പറഞ്ഞു: ''ഇപ്പോ ചേച്ചി ഒരുപാട് ചെറുപ്പമായി.''
അഞ്ജനയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. അവൾ ദിവ്യയെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു: ''ജീവിതത്തിൽ മടുപ്പു തോന്നിത്തുടങ്ങിയപ്പോഴാണ് ദിവ്യേ മാലാഖയെപ്പോലെ നീ കേറിവന്നത്. ഇപ്പോഴെനിക്ക് വല്ലാത്ത സന്തോഷം തോന്നുന്നു.''

ദിവ്യയെ അടുക്കളയിൽ കൊണ്ടുപോയി കാണിച്ച ശേഷം അഞ്ജന പറഞ്ഞു: ''ഞങ്ങൾ കുറച്ചുസമയം കഴിഞ്ഞ് പുറത്തേക്കിറങ്ങും. ആദ്യം എന്റെ വീട്ടിലേക്കാണ് പോവുന്നത്. ഇന്നത്തെ ഞങ്ങളുടെ ഉച്ചഭക്ഷണം അവിടെയാണ്. നിനക്കും അമ്മയ്ക്കും ഉള്ളതെല്ലാം അടുക്കളയിൽ എടുത്തുവച്ചിട്ടുണ്ട്. സ്വന്തം വീടുപോലെ പെരുമാറിക്കോ. നിനക്ക് വീട്ടിൽ പോവാറാവുമ്പോഴേക്കും ഞങ്ങൾ തിരിച്ചെത്തും.''

സുധീറിനും അഭിക്കുമൊപ്പം പുറത്തേക്കിറങ്ങുമ്പോൾ, താൻ സ്വപ്നലോകത്താണെന്ന് അഞ്ജനയ്ക്ക് തോന്നി. ഇരുമ്പഴികൾക്കുള്ളിൽ, ആകാശം നിഷേധിക്കപ്പെട്ട നിരാശയിൽ കഴിയുന്ന പക്ഷിയെ, കാലങ്ങൾക്കു ശേഷം തുറന്നുവിട്ടപ്പോൾ, സന്തോഷംകൊണ്ട് ചിറകടിച്ചകലുന്നതുപോലെ ശരീരം കുടഞ്ഞ് അഞ്ജന മുന്നോട്ടു നടന്നു. സന്തോഷം അടക്കാനാവാതെ അവൾ ദിവ്യയോട് കൈ വീശി യാത്രപറഞ്ഞുകൊണ്ടേയിരുന്നു.
കുറച്ചുദൂരം പോയി ഒരിക്കൽക്കൂടി തിരിഞ്ഞുനോക്കിയപ്പോൾ ദിവ്യ ചിരിച്ചുകൊണ്ട് ഉമ്മറപ്പടിയിൽത്തന്നെയുണ്ടായിരുന്നു. അപ്പോൾ അവളുടെ മുഖം സന്ധ്യാവേളയിൽ ഉമ്മറപ്പടിയിൽ കത്തിച്ചുവെക്കാറുള്ള നിലവിളക്കിന്റെ ദീപനാളം പോലെ തിളങ്ങുന്നതായി അഞ്ജനയ്ക്ക് തോന്നി.