ലിദ്ദര്‍ നദി പ്രശാന്തമായൊഴുകുന്ന കശ്മീര്‍ താഴ്‌വര. അതിരുകളില്‍ നിത്യസാക്ഷികളായ മഞ്ഞണിഞ്ഞ പര്‍വതനിരകള്‍. സഞ്ചാരികളുടെ പറുദീസ, പഹല്‍ഗാം രാജ്യത്തിന്റെ കണ്ണുനീര്‍ത്തുള്ളിയായി മാറുകയായിരുന്നു. പ്രശാന്തിയുടെ താഴ്‌വരയില്‍ ചോരത്തുള്ളികള്‍ ചിതറിയ ഏപ്രില്‍ 22. മതതീവ്രവാദികളുടെ തോക്കിന്‍മുനയില്‍ അവസാനിച്ച 26 ജീവിതങ്ങള്‍. മതത്തിന്റെ മതിലുകള്‍ക്കപ്പുറം മാനവികത വിറങ്ങലിച്ചുനിന്നു.
മരിച്ചവര്‍ക്കായുള്ള അഞ്ജലികള്‍. മതം പറഞ്ഞുള്ള പോര്‍വിളികള്‍. സോഷ്യല്‍മീഡിയ അനുശോചനത്തിന്റെയും ആഹ്വാനങ്ങളുടെയും അരങ്ങായി മാറുകയായിരുന്നു. പഹല്‍ഗാം താഴ്‌വരയില്‍ ഉല്ലാസത്തിന്റെ നിമിഷങ്ങളില്‍ ഉറ്റവരെ നഷ്ടപ്പെട്ട നിസ്സഹായരുടെ വേദനകള്‍ അവിടെ നാം കണ്ടു. വിവാഹത്തിന്റെ ആറാം ദിവസം പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരത്തിനരികില്‍ കണ്ണീരൊഴുക്കാന്‍ പോലുമാകാതെ തലതാഴ്ത്തിയിരുന്ന ഹിമാന്‍ഷി രാജ്യത്തിന്റെ വേദനയുടെ ചിത്രമായി. ഇങ്ങ് തെക്കനതിരില്‍ മലയാളികളും ആ വേദന പങ്കിട്ടു. കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ മലയാളിയുമുണ്ടായിരുന്നു. കൊച്ചി സ്വദേശിയായ എന്‍.രാമചന്ദ്രന്‍. ഭാര്യയ്ക്കും മകള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം കാശ്മീരിലേക്ക് നടത്തിയ അവധിക്കാല യാത്ര മരണത്തിലേക്കാണ് അദ്ദേഹത്തെ നയിച്ചത്. നാലാംദിവസം ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തിനരികില്‍ നിന്ന് അദ്ദേഹത്തിന്റെ ഭാര്യയും മകളും ഉറക്കെച്ചൊല്ലി 'ഭാരത് മാതാ കീ ജയ്.' തിങ്ങിനിറഞ്ഞ ജനക്കൂട്ടം ഉറക്കെയുരുവിട്ടു 'അമര്‍ രഹേ'. മലയാളികളുടെ മനസ്സില്‍ മരണമില്ലാത്തൊരു ഓര്‍മയായി ആ മുഖം പതിയുകയായിരുന്നു.
ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ സംഘര്‍ഷത്തിന്റെ, നയതന്ത്ര വൈരത്തിന്റെ ഊഷ്മാവുയര്‍ത്തിയ സംഭവമായിമാറി പഹല്‍ഗാമിലെ കൂട്ടക്കുരുതി. പാകിസ്താന്‍ പതിറ്റാണ്ടുകളായി ഭീകര സംഘടനകളെ പിന്തുണയ്ക്കുകയും പരിശീലിപ്പിക്കുകയും അവര്‍ക്ക് പണം നല്‍കുകയും ചെയ്യുന്നുണ്ടെന്ന പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ കുറ്റസമ്മതം പിന്നാലേ വന്നു. പഹല്‍ഗാമില്‍ ആക്രമണം നടത്തിയവരെ സ്വാതന്ത്ര്യസമര സേനാനികളെന്ന് പാകിസ്താന്‍ ഉപപ്രധാനമന്ത്രി ഇഷാദ് ഖാദര്‍ വിശേഷിപ്പിക്കുകയുമുണ്ടായി. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതടക്കം കനമേറിയ പല നടപടികളും ഇരു രാജ്യങ്ങളും സ്വീകരിച്ചു.
രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ, നയതന്ത്രനിലപാടുകളെ അടിമുടിയുലച്ച ഈ സംഭവത്തെ കേരളത്തിലെ ചില സോഷ്യല്‍മീഡിയ പ്രബുദ്ധര്‍ നേരിട്ടവിധം അമ്പരിപ്പിക്കുന്നതാണ്. മുന്‍വിധികളുടെ സൂക്ഷ്മദര്‍ശിനികള്‍ മലയാളിയുടെ മരണത്തിലേക്ക് തിരിച്ചുവച്ച് അവര്‍ കമന്റുകളുടെ മഴപെയ്യിച്ചു. ഇന്ത്യന്‍ മനസ്സാക്ഷിയെ നടുക്കിയ ദാരുണസംഭവത്തിന്റെ ഇരകളില്‍ ഒരാളായ മലയാളിയുടെ മകളായിരുന്നു പ്രബുദ്ധരും എല്ലാം തികഞ്ഞവരുമായ ഇക്കൂട്ടരുടെ ഇത്തവണത്തെ ഇര.
കണ്‍മുന്നില്‍ അച്ഛന്‍ വെടിയേറ്റു പിടഞ്ഞുമരിക്കുന്നത് കണ്ടുനിന്ന, അച്ഛന്റെ മരണം അമ്മയെ അറിയിക്കാതെ ദുരന്തമുഖത്ത് പതറാതെനിന്ന, തീരെച്ചെറിയ രണ്ട് കുഞ്ഞുങ്ങളേയും കൊണ്ട് മരണത്തില്‍ നിന്ന് പലായനം ചെയ്ത ധീരയാണവര്‍. ആ ധൈര്യമോ അവരുടെ മനസ്സുറപ്പോ തിരിച്ചറിയാനുള്ള ശേഷി ഈ സ്ഥിരം വിമര്‍ശകര്‍ക്ക് ഇല്ലാതെപോയി. വിചിത്രമായൊരു മാപിനിയുപയോഗിച്ച് അവരുടെ ദുഖത്തിന്റെ തോതളക്കുന്ന തിരക്കിലായിരുന്നു സോഷ്യല്‍മീഡിയാ ജീവികള്‍. അച്ഛന്റെ മൃതദേഹത്തെ അനുഗമിച്ച് നാട്ടിലെത്തി മാധ്യമപ്രവര്‍ത്തര്‍ക്കുമുന്നില്‍ ഒട്ടും ഇടറാതെ അവര്‍ ആ സംഭവത്തെ വിവരിച്ചു. കടന്നുപോയ ദുരന്തത്തിന്റെ ആഴവും ആ നിമിഷങ്ങളില്‍ കശ്മീരിലെ സാധാരണക്കാരില്‍ നിന്ന് അവരറിഞ്ഞ കരുതലിന്റെ തണലും ആ വാക്കുകൡ സ്പഷ്ടമായിരുന്നു. പകയുടെയോ, വെറുപ്പിന്റെയെ അടയാളം ലവലേശം കലരാത്ത ശബ്ദമായിരുന്നു അത്. പക്ഷേ, വിമര്‍ശനം ജന്മാവകാശമാക്കിയ എന്തിലും ഇരുട്ടിന്റെ അടയാളങ്ങള്‍ മാത്രം കണ്ടെത്തുന്ന മേല്‍പറഞ്ഞ മഹത്തുക്കള്‍ക്ക് അതുകൊണ്ടൊന്നും തൃപ്തിയായില്ല. അവരുടെ സംസാരത്തില്‍ കരച്ചിലിന്റെ അടയാളങ്ങളൊന്നും ഇല്ല എന്നതായിരുന്നു ഈ ക്ഷിപ്രകോപികളെ ചൊടിപ്പിച്ചത്. രാജ്യം നേരിട്ട വലിയ ദുരന്തമോ, ഭൂമി വിട്ടുപോയ 26 മനുഷ്യരോ അവരുടെ ചിന്തയുടെ പരിസരത്തുപോലും ഉണ്ടായില്ല. ദുഖമാപിനി കൈയിലേന്തി അവര്‍ അളവെടുപ്പ് തുടരുകയായിരുന്നു. ദിവസമൊന്നു കഴിഞ്ഞപ്പോള്‍ പക്ഷേ, കഥ മാറി. ഇപ്പോള്‍ കരഞ്ഞു എന്നതായി കുറ്റം. അച്ഛന്റെ മരണാനന്തര ചടങ്ങുകള്‍ക്കിടെ കണ്ണീരണിഞ്ഞ മകളെ നോക്കി അവര്‍ പരസ്പരം പറഞ്ഞു: ഇത്രയും കരയേണ്ട കാര്യമുണ്ടോ?
സങ്കടങ്ങളുടെ ആദ്യത്തെയും അവസാനത്തെയും അടയാളമായി കണ്ണീരിനെ കാണുന്നവര്‍ക്ക്, കണ്ണീര് കണ്ടാല്‍ മാത്രം സങ്കടങ്ങള്‍ക്ക് കുടപിടിക്കുന്നവര്‍ക്ക്, കണ്ണീരില്‍ കറ ചികയുന്നവര്‍ക്ക്, കഠിനവേദന മനസ്സിനേല്പിക്കുന്ന ആഘാതങ്ങളെപ്പറ്റി എന്തറിയാം. ജീവിതം, ഇതില്പരം ഇനിയൊന്നുമില്ല എന്നമട്ടില്‍ താങ്ങാനാകാത്തൊരു ദുരന്തത്തെ നിര്‍ബന്ധപൂര്‍വം കൈയില്‍ വച്ചുതരുമ്പോള്‍ കണ്ണീര് പിന്‍വാങ്ങും. അദൃശ്യനദിപോലെ സങ്കടങ്ങള്‍ മനസ്സിന്റെ അറിയാത്ത കോണില്‍ പതിയിരിക്കും. പിന്നെയൊരു നിമിഷത്തില്‍ അണമുറിയും. കടലിന്റെ വന്യമായ നിശ്ശബ്ദത പ്രക്ഷുബ്ധമായ തിരയിളക്കങ്ങള്‍ക്ക് മുന്നോടിയാകുമ്പോലെ.
അതിജീവിക്കാതെ തരമില്ലെന്നാകുന്ന മനുഷ്യരുടെ സങ്കടങ്ങളെ അളക്കാന്‍ മുനയൊടിഞ്ഞ പൊതുബോധവുമായിറങ്ങുന്ന സുരക്ഷിതരായ സര്‍ഗുണസമ്പന്നര്‍ക്ക് ഇന്നാട്ടില്‍ കുറവില്ല. കണ്‍മുന്നില്‍ മരണത്തെ കണ്ട് മടങ്ങിവന്നവരുടെ, ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെ പാതിവഴിയില്‍ നഷ്ടപ്പെട്ടവരുടെ, മരണം ഉറഞ്ഞാടിയ ജീവിതത്തിന്റെ ഉടമകളായവരുടെ വേദനകളെ അറിയാനോ പങ്കിടാനോ കെല്പില്ലാത്തവര്‍ ചുരുങ്ങിയ പക്ഷം അവരുടെ മുഴക്കോലെങ്കിലും താഴെവെക്കുക. അന്യന്റെ സങ്കടത്തെ അതേപടി ഉള്‍ക്കൊള്ളാന്‍ എല്ലാവര്‍ക്കും കഴിയണമെന്നില്ല. അക്കൂട്ടരോട് ഒരു ചോദ്യം മാത്രം കരഞ്ഞതോ കരയാതിരുന്നതോ ഒരു പുരുഷനായിരുന്നെങ്കില്‍ നിങ്ങളീ സങ്കടമാപിനി പുറത്തെടുക്കുമായിരുന്നോ. സഹിക്കാനാകാത്ത നഷ്ടങ്ങളെ, മറവിക്ക് ശമിപ്പിക്കാനാവാത്ത വേദനകളെ, തകര്‍ക്കാനാഞ്ഞെത്തുന്ന ദുരന്തങ്ങളെ കരയാതെ മറികടക്കാനുള്ള കെല്പും പെണ്ണിനുണ്ട്. നിസ്സംഗതയ്ക്കും അര്‍ഥമുണ്ടെന്നോര്‍ക്കുക. അത് ചെറുത്തുനില്‍പ്പിന്റെ ഏറ്റവും മാരകവും ഉഗ്രശേഷിയുള്ളതുമായ രൂപമാണെന്നുമോര്‍ക്കുക.
Content Highlights: social media comments on pahalgam attack survivor
Published: 26 Apr 2025, 04:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented