
സർഗം
ഒരുപിടി നല്ല സിനിമകളുടെ ഭാഗമായിട്ടുള്ള നടനാണ് വിനീത്. ആരണ്യകത്തിലെ വിനീതിനെക്കുറിച്ചെഴുതാമെന്നാണ് ഞാനാദ്യം കരുതിയത്. എന്നാല്‍, യേശുദാസിന്റെ പാട്ടിലൂടെ വിനീത് മനസ്സിലേക്ക് വഴിവെട്ടി കയറിക്കൂടിയ ഒരു സിനിമയുണ്ട്, സര്‍ഗം. സര്‍ഗത്തിലെ ഹരിദാസ് എന്ന ഹരി. ഹരിയും തങ്കമണിയും (രംഭ) അവരുടെ സംഗീതവും ഒരിക്കലും മറക്കാനാവില്ല.
പഠിക്കാന്‍ വിട്ടപ്പോള്‍ മര്യാദക്ക് പഠിക്കാതെ കുട്ടന് തമ്പുരാനൊപ്പം നടന്നു സമയം പാഴാക്കുന്ന ഹരിയെ ഭാഗവതരായ അച്ഛന് (നെടുമുടി വേണു) എപ്പോഴും ശകാരിക്കും. ഒരിക്കല്‍ പശുവിന് പുല്ലും വെള്ളവും കൊടുക്കാനുള്ള ജോലി അച്ഛന് ഹരിയെ ഏല്‍പ്പിക്കുന്നു. ഈ സമയത്താണ് തങ്കമണിയും മറ്റ് കുട്ടികളും അച്ഛന് ഭാഗവതരുടെ അടുത്ത് പാട്ട് പഠിക്കാനെത്തുന്നത്.
വീണ മീട്ടിക്കൊണ്ട് ‘ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും കേളികളാടി വനമാലി...’ എന്ന് തങ്കമണി ചെറുചിരിയോടെ പാടുന്നു. അതുകേട്ട് ശുണ്ഠി പിടിച്ച് ഹരിയും. പിന്നീട് നവരാത്രിക്ക് അമ്പലനടയില്‍ വച്ചാണ് ഹരി അതിമനോഹരമായി പാടുന്നത് എല്ലാവരും കേള്‍ക്കുന്നത്. അവന്റെ ഉള്ളിലെ ഗായകനെ കാണാതെ പോയതില്‍ അച്ഛന് വിഷമിക്കുന്നു. പിന്നീട് സംഗീതം പഠിപ്പിക്കുന്നു.
ഇതിനിടയിലെപ്പോഴോ ആണ് തങ്കമണിയും ഹരിയും തമ്മിലടുപ്പത്തിലാകുന്നത്. ഹരിയുടെ പാട്ടിലെ വരികള്‍ പോലെ നിന്നെയും എന്നെയും ഒന്നിച്ചിണക്കി നിരുപമനാദത്തിന്‍ ലോലതന്തു... എന്നത് അര്‍ഥവത്താകുന്നുണ്ട് അവരുടെ പ്രണയത്തില്‍. സംഗീതമായിരുന്നു അവരെ തമ്മിലടുപ്പിച്ചത്. സുന്ദരനായ, നന്നേ ചെറുപ്പക്കാരനായ വിനീത്. കാമുകിയുടെ കൈ പിടിച്ച് ഓടിവരുന്ന ഹരി, ഗംഗാപ്രവാഹമായ് കാണുന്നവരുടെ കരളിലേക്ക് പടരുന്നു.
ഒടുവില്‍ കുട്ടന് തമ്പുരാനുമായി തങ്കമണിയുടെ വിവാഹം തീരുമാനിക്കുന്നു. അമ്മയെപ്പോലെ കരുതുന്ന തമ്പുരാട്ടിയുടെ ആവശ്യപ്രകാരം അവളെ മറന്ന് ആ നാടുവിട്ട് ഹരി എങ്ങോട്ടോ പോകുന്നു.
വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചെത്തിയപ്പോള്‍ അയാളെ കാത്തിരുന്നത് ദുരന്തവാര്‍ത്തകള്‍ മാത്രമായിരുന്നു. അക്കൂട്ടത്തില്‍ കുട്ടന്‍തമ്പുരാന്റെ മരണവും ഒരു വശം തളര്‍ന്ന തങ്കമണിയുമുണ്ടായിരുന്നു.
അസുഖം ബാധിച്ച് ദിനങ്ങള്‍ എണ്ണി ജീവിക്കുന്ന തമ്പുരാട്ടിക്കായി രാഗസുധാരസ പാടുന്ന ഹരി. ആ പാട്ടുണര്ത്തുന്നത് തങ്കമണിയേയാണ്. ഹരിയുടെ സംഗീതത്തിന്റെ മാസ്മരികത നിശ്ചലമായ അവളുടെ കൈവിരലുകളെ ചലിപ്പിക്കുന്നു, ശബ്ദമടഞ്ഞുപോയ സ്വനപേടകത്തില്നിന്ന് ശബ്ദത്തെ പുറത്തെടുക്കുന്നു. തന്നെ തിരിച്ചറിയാനാവാതെ നിശ്ചലയായിരിക്കുന്ന തങ്കമണിയുടെ മുഖം കൈയിലെടുത്ത് ഹരി ചോദിക്കുന്നുണ്ട്: തങ്കമണീ, എന്തെങ്കിലുമൊന്ന് എന്നോട് പറയൂ. എന്നെ ഓര്‍ക്കുന്നു എന്നെങ്കിലും. വല്ലാത്തൊരു പിടച്ചിലാണ് അതു കേള്‍ക്കുമ്പോള്‍. സംഗീതം ശ്രുതിമീട്ടിയ അവരുടെ അനുരാഗദിനങ്ങള് എത്ര മനോഹരമായിരുന്നു.
സിനിമ തീരുമ്പോള്‍ ഹരിയുടെ പാട്ട് കേട്ട നിര്‍വൃതിയോടെ തമ്പുരാട്ടി മരിക്കുന്നു. തങ്കമണി വീണ്ടും ജീവിതത്തിലേക്ക് പിച്ച വയ്ക്കുന്നു. ഒരു പക്ഷേ, തങ്കമണിയുടെ മനസ്സ് പാടുന്നുണ്ടാകും: ഗായകാ നിന് സ്വരമെന്‍ ചേതനയും സ്വന്തമാക്കി…
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Relive the magic of Sargam, a poignant tale of love and music featuring Vineeth and Rambha.
Published: 16 Aug 2025, 05:06 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented